ചൈനയുടെ തടവിലുള്ള മുസ്ലിം പണ്ഡിതന് മനുഷ്യാവകാശ പുരസ്കാരം

ബെയ്ജിങ്: ചൈനയില്‍ തടവില്‍ കഴിയുന്ന മുസ്ലിം പണ്ഡിതനും സാമ്പത്തിക ശാസ്ത്രത്തിലെ പ്രഫസറുമായ ഇല്‍ഹാം തോഹ്തിക്ക് മനുഷ്യാവകാശ പുരസ്കാരം. ഒരുപറ്റം മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്ന് നല്‍കുന്ന വാര്‍ഷിക പുരസ്കാരം തോഹ്തിയുടെ തടവ് അന്തര്‍ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതാണ്.
ആംനസ്റ്റി ഇന്‍റര്‍നാഷനല്‍, ഹ്യൂമന്‍റൈറ്റ് വാച്ച് എന്നിവയടക്കം എട്ടു മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്നാണ് ‘മാര്‍ട്ടിന്‍ എന്നല്‍സ് അവാര്‍ഡ്’ എന്ന പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്.  സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ഇന്ന് പുരസ്കാര സമര്‍പ്പണച്ചടങ്ങ് നടക്കും. ചൈനയിലെ ഉയ്ഗൂര്‍ വംശജനും 46കാരനുമായ തോഹ്തി ബെയ്ജിങ്ങിലെ മിന്‍സു സര്‍വകലാശാലയിലെ അധ്യാപകനാണ്.
പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജ്യങ്ങിലെ ഉയ്ഗൂര്‍ വംശജരോട് ചൈന പുലര്‍ത്തുന്ന വിവേചനത്തിനെതിരെ ഇദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റിലായ തോഹ്തിയെ രണ്ടു ദിവസത്തെ വിചാരണക്കൊടുവില്‍ 2014 സെപ്റ്റംബറില്‍ രാജ്യത്ത് ഛിദ്രതയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം തോഹ്തി നിഷേധിച്ചിട്ടുണ്ട്.
ഉയ്ഗൂര്‍ വംശജര്‍ നേരിടുന്ന സാമ്പത്തികവും സാമൂഹികവും അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ ‘ഉയ്ഗൂര്‍ബിസ്’ എന്ന വെബ്സൈറ്റിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിടെയാണ് തോഹ്തിയെ തടവിലടച്ചത്. തോഹ്തിയുടെ ഏഴു ശിഷ്യന്മാരെയും തടവിലിട്ടിട്ടുണ്ട്. സിന്‍ജ്യങ്ങിനെ ചൈനയില്‍നിന്നും വേര്‍പെടുത്താന്‍ തോഹ്തിക്കൊപ്പം ചേര്‍ന്ന് ‘ക്രിമിനല്‍ ഗാങ്’ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.