സൈനിക വിന്യാസം: തുര്‍ക്കിക്ക് മുന്നറിയിപ്പുമായി ഇറാഖ്


ബഗ്ദാദ്: ഇറാഖില്‍ തുര്‍ക്കി സൈനികവിന്യാസം തുടരാന്‍ തീരുമാനിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ മുന്നറിയിപ്പ്. തുര്‍ക്കി സൈനികരെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടില്ളെന്നും അവരുടെ സാന്നിധ്യം അധിനിവേശമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒന്നിലേറെ തവണ അതിര്‍ത്തിയില്‍ വിന്യസിച്ച സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിട്ടും തുര്‍ക്കിയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ളെന്നും തുര്‍ക്കിയുടെ ആധിപത്യം പ്രാദേശിക യുദ്ധമായി പരിണമിക്കുമെന്നും ഭയക്കുന്നു’ -അബാദി പറഞ്ഞു. സിറിയയിലെ ആഭ്യന്തരയുദ്ധവും ഐ.എസിന്‍െറ ആവിര്‍ഭാവവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

തീവ്രവാദ സംഘങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഒരുവര്‍ഷത്തേക്കുകൂടി ഇറാഖില്‍ സൈനികരെ വിന്യസിക്കാന്‍ തുര്‍ക്കി പാര്‍ലമെന്‍റ് കഴിഞ്ഞയാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു അബാദിയുടെ മുന്നറിയിപ്പ്. വടക്കന്‍ ഇറാഖിലെ മസൂദിനടുത്ത് 2000ത്തോളം സൈനികരെയാണ് തുര്‍ക്കി വിന്യസിച്ചത്. കുര്‍ദ് വിമതര്‍ക്കും ഐ.എസിനുമെതിരെയാണ് തുര്‍ക്കിയുടെ ആക്രമണം. തുര്‍ക്കിയുമായി സൈനിക ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസൂദിലെ സൈനികവിന്യാസം ഇറാഖി സൈനികരെ സഹായിക്കാനാണെന്നാണ് തുര്‍ക്കിയുടെ വാദം. 2014ല്‍ ഐ.എസ് ഇറാഖിനഗരം പിടിച്ചെടുത്തതോടെ സൈനിക സഹായം അനിവാര്യമായെന്നും തുര്‍ക്കി ഉപപ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തുല്‍മസ് പറഞ്ഞു. നീക്കം പ്രകോപനപരമാണെന്ന് തുര്‍ക്കി അംബാഡസറെ വിളിച്ചുവരുത്തി ഇറാഖി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.