യമനില്‍ യു.എ.ഇ സൈനിക ദൗത്യം അവസാനിപ്പിച്ചു

സന്‍ആ: യമനില്‍ യു.എ.ഇ സൈന്യത്തിന്‍െറ ദൗത്യം അവസാനിപ്പിച്ചതായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. ‘യുദ്ധം കഴിഞ്ഞു’ എന്നാണ് യു.എ.ഇ  സൈനിക പിന്‍മാറ്റത്തെ വിശേഷിപ്പിച്ചത്. അതേസമയം, തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി രാജ്യത്ത് എമിറേറ്റി ട്രൂപ്പിന്‍െറ സാന്നിധ്യം തുടര്‍ന്നും ഉണ്ടായിരിക്കുമെന്നും യു.എ.ഇ അറിയിച്ചു. ബുധനാഴ്ചയും എമിറേറ്റി ട്രൂപ് ഏദനിലെ പ്രസിഡന്‍റിന്‍െറ വസതിയിലും വിമാനത്താവളത്തിലും സംരക്ഷണം തുടര്‍ന്നതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സൗദി നേതൃത്വം നല്‍കുന്ന സഖ്യത്തിലെ ഏറ്റവും സജീവമായ അംഗമാണ് യു.എ.ഇ.  യമന്‍ ഭരണകൂടത്തിന് പിന്തുണ നല്‍കി ഹൂതി വിമതരുമായി ഒരു വര്‍ഷത്തിലധികമായി തലസ്ഥാനമായ സന്‍ആയിലും യമന്‍െറ വടക്കന്‍ ഭാഗങ്ങളിലും യുദ്ധത്തിലേര്‍പ്പെട്ടു വരികയായിരുന്നു സഖ്യസേന.മേഖലയിലെ ഏറ്റവും മികച്ച ആയുധ സന്നാഹമുള്ള രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി യമനില്‍ സേനക്ക് കനത്ത ആള്‍നാശമാണ് സംഭവിച്ചത്.

ഈ  ആഴ്ച നടന്ന രണ്ട് വ്യത്യസ്ത കോപ്ടര്‍ അപകടങ്ങളില്‍മാത്രം നാലു പൈലറ്റുമാരെ നഷ്ടമായി. 2015 മാര്‍ച്ചില്‍ സൈനിക നടപടി തുടങ്ങിയതു മുതല്‍ 80 സൈനികരെയാണ് യു.എ.ഇക്ക് നഷ്ടമായതെന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ പറയുന്നു. ഇതില്‍ നല്ളൊരു ശതമാനവും കൊല്ലപ്പെട്ടത് വിമത സേനയുടെ മിസൈല്‍ ആക്രമണത്തിലാണ്. അതേസമയം, എത്ര എമിറേറ്റി സൈനികര്‍ യമനില്‍ ഉണ്ടെന്ന കണക്കുകള്‍ യു.എ.ഇ പുറത്തുവിട്ടിട്ടില്ല. 2014ന്‍െറ അവസാനത്തില്‍ ഹൂതി വിമത സേന തലസ്ഥാനമായ സന്‍ആ പിടിച്ചടക്കി യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പുറത്താക്കിയതു മുതല്‍ എമിറേറ്റി സേന ഏദനില്‍ താവളമടിച്ചു കാവലില്‍ ഏര്‍പ്പെട്ടു വരികയാണ്. ഇപ്പോള്‍ ഏദനിലെ കൊട്ടാരത്തില്‍ ഇരുന്നാണ് മന്‍സൂര്‍ ഹാദി ഭരണം നിര്‍വഹിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.