നേപ്പാൾ മുൻ ​പ്രധാനമന്ത്രി സുശീൽ കൊയ്​രാള അന്തരിച്ചു

കാഠ്മണ്ഡു: ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്ന നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍കുമാര്‍ കൊയ്രാള അന്തരിച്ചു. 79 വയസ്സായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റും അടുത്തിടെ നിലവില്‍വന്ന പുതിയ ഭരണഘടനയുടെ ശില്‍പിയുമായിരുന്ന കൊയ്രാള ന്യുമോണിയ ബാധയെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ വസതിയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അന്തരിച്ചത്.
 1954ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1960ല്‍ രാജഭരണം നിലവില്‍ വന്നതോടെ നീണ്ട 16 വര്‍ഷം ഇന്ത്യയില്‍ രാഷ്ട്രീയ അഭയത്തിലായിരുന്നു. 1973ല്‍ വിമാനം റാഞ്ചിയ കേസില്‍ ശിക്ഷിക്കപ്പെട്ട് മൂന്നുവര്‍ഷം ഇന്ത്യന്‍ ജയിലുകളില്‍ കഴിഞ്ഞു. ബന്ധുവായ ഗിരിജ പ്രസാദ് കൊയ്രാളയുടെ പിന്‍ഗാമിയായി 2014 ഫെബ്രുവരി മുതല്‍ 2015 ഒക്ടോബര്‍വരെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. 9,000 പേരുടെ മരണത്തിനിടയാക്കി നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍പെട്ടവരുടെ പുനരധിവാസത്തിലും ദുരിതാശ്വാസത്തിലും കൊയ്രാള സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.
ഇന്ത്യയുമായി എന്നും അടുത്ത സൗഹൃദം പാലിച്ച അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നടന്ന സംഭാഷണങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളിലെ ഇന്ത്യന്‍ വംശജരായ മാധേശികള്‍ മാസങ്ങളായി നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. അഞ്ചു മാസത്തിലേറെ നീണ്ട മാധേശി ഉപരോധം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
നേപ്പാളിനെ രാജഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് വഴിനടത്തിയ പുതിയ ഭരണഘടനയുടെ പ്രധാന വക്താക്കളിലൊരാളായിരുന്നു. ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരമൊരുക്കി ദശരഥ് സ്റ്റേഡിയത്തില്‍ പ്രദര്‍ശനത്തിനു വെച്ച കൊയ്രാളയുടെ മൃതദേഹം ഇന്ന് പൂര്‍ണ ബഹുമതികളോടെ സംസ്കരിക്കും. ചടങ്ങുകളില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന്‍െറ സാന്നിധ്യവുമുണ്ടാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.