തുര്‍ക്കിയില്‍ 84 അക്കാദമിക വിദഗ്ധര്‍ക്ക് അറസ്റ്റ് വാറന്‍റ്

അങ്കാറ: കഴിഞ്ഞ മാസം നടന്ന പട്ടാള അട്ടിമറിശ്രമത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ 84 അക്കാദമിക വിദഗ്ധര്‍ക്ക് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. അട്ടിമറിയുടെ ബുദ്ധികേന്ദ്രമായി കരുതപ്പെടുന്ന അമേരിക്കയില്‍ കഴിയുന്ന പണ്ഡിതന്‍ ഫത്ഹുല്ല ഗുലന്‍െറ അനുയായികളാണ് ഇവര്‍.
വാറന്‍റിനെ തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 29 അക്കാദമീഷ്യരെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. അനാടോളിയയിലെ സെല്‍ജൂക് സര്‍വകലാശാലയിലെ അധ്യാപകരാണ് അറസ്റ്റിലാവരില്‍ മിക്കവരും. സര്‍വകലാശാല മുന്‍ റെക്ടര്‍ക്കെതിരെയും വാറന്‍റുണ്ട്.

ജൂലൈ 15ലെ അട്ടിമറിക്ക് ശേഷം പ്രസിഡന്‍റ് ഉര്‍ദുഗാന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിനാളുകളെ പിടികൂടിയിട്ടുണ്ട്. അട്ടിമറിയുമായി ബന്ധമില്ളെന്ന് തെളിഞ്ഞവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നില്ല. സൈനിക, ജുഡീഷ്യല്‍ സംവിധാനങ്ങളിലെ പ്രമുഖരെയടക്കം പിടികൂടിയത് വിവിധ മേഖലകളില്‍നിന്ന് വിമര്‍ശവും ക്ഷണിച്ചുവരുത്തുകയുണ്ടായി. എന്നാല്‍, അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പിടികൂടാനാണ് സര്‍ക്കാര്‍ ഉദ്ദേശ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, അട്ടിമറിശ്രമം നടന്ന ദിവസം ഗ്രീസിലേക്ക് രക്ഷപ്പെട്ട എട്ട് സേനാംഗങ്ങളെ വിട്ടുനല്‍കണമെന്ന് കഴിഞ്ഞ ദിവസവും തുര്‍ക്കി ആവശ്യപ്പെട്ടു.
നേരത്തെ വാക്കാലാണ് ഈ ആവശ്യമുന്നയിച്ചതെങ്കില്‍ ഇപ്രാവശ്യം ഒൗദ്യോഗികമായാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുര്‍ക്കിയുടെ ആവശ്യം നീതിന്യായ വകുപ്പിന്‍െറ പരിഗണയിലാണെന്ന് ഗ്രീസ് പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.