കാബൂളില്‍ താലിബാന്‍ ആക്രമണം; 30 മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാന നഗരത്തില്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്ന തിരക്കുപിടിച്ച സ്ഥലത്ത് താലിബാന്‍ നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ 30 പേaര്‍ മരിച്ചു. 327 പേര്‍ക്ക് പരിക്കേറ്റു. വി.ഐ.പികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കാവലിന് ഒരുക്കിയ സുരക്ഷാ ചെക്പോസ്റ്റിനു സമീപമാണ് രാവിലെ ഒമ്പതു മണിയോടെ വന്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തിനു പിന്നാലെ ശക്തമായ വെടിവെപ്പും നടന്നതായി കാബൂള്‍ പൊലീസ് മേധാവി അബ്ദുര്‍റഹ്മാന്‍ റഹീമി അറിയിച്ചു. 

കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സിവിലിയന്മാരാണ്. സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും ഇരകളിലുണ്ട്. സ്ഫോടനം നടത്തിയ ശേഷം തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇടിച്ചുകയറുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്ന് സംശയമുണ്ട്. അക്രമികളില്‍ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. കൂടുതല്‍ പേരുണ്ടായിരുന്നതായാണ് സംശയം. ആക്രമണം തിരക്കുപിടിച്ച സമയത്തായതിനാല്‍ മരണസംഖ്യ വര്‍ധിക്കുമെന്നാണ് സൂചന. സമീപത്തെ കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. കിലോമീറ്ററുകള്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്കു വരെ സ്ഫോടനത്തില്‍ കേടുപാടുകള്‍ പറ്റി. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിനു ശേഷം രാജ്യത്തെ പ്രധാന രഹസ്യാന്വേഷണ വിഭാഗമായ ദേശീയ സുരക്ഷാ ആസ്ഥാനത്ത് ഇരച്ചുകയറിയതായി പഷ്തു ഭാഷയിലുള്ള താലിബാന്‍ വെബ്സൈറ്റില്‍ അവകാശപ്പെട്ടു. സ്ഫോടനത്തിന് അടുത്തായിരുന്ന പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ല. 
പാശ്ചാത്യ പിന്തുണയോടെയുള്ള സര്‍ക്കാറിനെതിരെ ‘വസന്തകാല ദൗത്യം’ ആരംഭിക്കുന്നതായി കഴിഞ്ഞ ആഴ്ച താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെയായി കൂടുതല്‍ ശക്തിയാര്‍ജിച്ച താലിബാന്‍ അഫ്ഗാനിസ്താന്‍െറ കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നതിന്‍െറ സൂചനയാണ് കാബൂള്‍ സ്ഫോടനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.