മാധേശി പ്രക്ഷോഭം വിജയം; നേപ്പാള്‍ ഭരണഘടന ഭേദഗതി ചെയ്യും

കാഠ്മണ്ഡു: നേപ്പാളില്‍ മാസങ്ങളായി സമരമുഖത്തുള്ള മാധേശി വംശജരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനം. ആനുപാതിക പ്രാതിനിധ്യം, മണ്ഡല നിര്‍ണയം എന്നീ സുപ്രധാന വിഷയങ്ങളില്‍ ഭേദഗതി വരുത്താനാണ് അടിയന്തര മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. നിര്‍ദിഷ്ട പ്രവിശ്യാ വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ സംവിധാനം ആവിഷ്കരിക്കാനും ഞായറാഴ്ച ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.
നേപ്പാളില്‍ അര്‍ഹമായ രാഷ്ട്രീയ പരിഗണന ആവശ്യപ്പെട്ട് നാലു മാസത്തിലേറെയായി മാധേശി വംശജര്‍ പ്രക്ഷോഭം നടത്തിവരുകയാണ്. മൂന്നുമാസം മുമ്പ് പ്രാബല്യത്തില്‍വന്ന പുതിയ ഭരണഘടന പ്രകാരം ഏഴു പ്രവിശ്യകളായി തിരിച്ചതും അവര്‍ അംഗീകരിച്ചിരുന്നില്ല. മാധേശികളെ ദുര്‍ബലപ്പെടുത്തി തറായി മേഖലയെ ഒന്നിലേറെ പ്രവിശ്യകളിലാക്കിയാണ് വിഭജനമെന്നായിരുന്നു ആക്ഷേപം. പ്രതിഷേധത്തിന്‍െറ ഭാഗമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ മാധേശികള്‍ ഉപരോധമേര്‍പ്പെടുത്തിയതോടെ ഏറെയായി രാജ്യം കടുത്ത പ്രതിസന്ധിയിലാണ്്. അവശ്യവസ്തുക്കള്‍പോലും ലഭിക്കാത്തത് സാധാരണക്കാരന്‍െറ ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വഴങ്ങുന്നത്.
സമരം ചെയ്യുന്ന കക്ഷികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് പാര്‍ലമെന്‍റ് ഉള്‍പ്പെടെ സഭകളില്‍ ആനുപാതിക പ്രാതിനിധ്യം നല്‍കാന്‍ തീരുമാനമായതായി യോഗത്തിനുശേഷം വ്യവസായ മന്ത്രി സോം പ്രസാദ് പാണ്ഡെ പറഞ്ഞു. ആഗസ്റ്റ് മുതല്‍ സമരത്തിലുള്ള മാധേശികള്‍ നേപ്പാള്‍ ജനസംഖ്യയില്‍ 52 ശതമാനത്തോളം വരും. തറായി മേഖലയാണ് ഇവരുടെ ശക്തികേന്ദ്രം. നേരത്തേ നിലവില്‍വന്ന ഭരണഘടന പ്രകാരം പ്രസിഡന്‍റ്, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സൈനിക മേധാവികള്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രധാനപ്പെട്ട അധികാരങ്ങളെല്ലാം നേപ്പാളി വംശജര്‍ക്കായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, അതിര്‍ത്തിയില്‍ താമസിക്കുന്ന മാധേശി വംശജര്‍ ഇന്ത്യയില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ശേഷം നേപ്പാളി പൗരത്വം എടുത്തവരാണ്. ഇവരെ ബോധപൂര്‍വം അവഗണിച്ചെന്നായിരുന്നു ആക്ഷേപം.
ഇതിനെതിരെ നടന്ന കലാപങ്ങളില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
പുതിയ തീരുമാനത്തെ ഇന്ത്യ സ്വാഗതംചെയ്തു. നേപ്പാളിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായകമാകുന്ന പുതിയ സംഭവവികാസങ്ങളെ സര്‍ക്കാര്‍ സ്വാഗതംചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, അതിര്‍ത്തിയിലെ ചരക്കുനീക്കവും സുഗമമാകുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.