തോക്ക് നിയന്ത്രണ ബില്ലുകള്‍ യു.എസ് സെനറ്റ് തള്ളി

വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്ക് വില്‍പന നിയന്ത്രണം ശക്തമാക്കാനുള്ള ബില്ലുകള്‍ സെനറ്റ് തള്ളി. തീവ്രവാദ ബന്ധമുള്ളവര്‍ക്ക് ആയുധങ്ങള്‍  വില്‍ക്കുന്നതിലടക്കം നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ബില്ലുകളാണ് പരാജയപ്പെട്ടത്. 49 പേര്‍ കൊല്ലപ്പെട്ട ഒര്‍ലാന്‍ഡോ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ തോക്ക് വില്‍പന നിയന്ത്രിക്കണമെന്ന മുറവിളികളുയരുന്നതിനിടെയാണ് നാല് ബില്ലുകള്‍ സെനറ്റിന്‍െറ മുമ്പിലത്തെിയത്. എന്നാല്‍, റിപ്പബ്ളിക്കല്‍ പാര്‍ട്ടി അംഗങ്ങള്‍ കൊണ്ടുവന്ന ബില്‍ ഡെമോക്രാറ്റുകളും ഡെമോക്രാറ്റുകള്‍ കൊണ്ടുവന്നത് റിപ്പബ്ളിക്കല്‍ അംഗങ്ങളും പിന്തുണച്ചില്ല. ഭാവിയില്‍ ആക്രമണങ്ങള്‍ എങ്ങനെ ചെറുക്കാമെന്ന കാര്യത്തിലെ ചര്‍ച്ചയില്‍ അംഗങ്ങള്‍ക്കിടയില്‍ വാഗ്വാദവും അരങ്ങേറി.

തീവ്രവാദ ബന്ധമുള്ളവര്‍ ആയുധങ്ങള്‍ കൈക്കലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പരിശോധന ശക്തമാക്കുകയാണ് വേണ്ടതെന്ന് ഡെമോക്രാറ്റുകള്‍  പറഞ്ഞു. എന്നാല്‍, ഇസ്ലാമിക തീവ്രവാദമാണ് ഒര്‍ലാന്‍ഡോ അടക്കമുള്ള ആക്രമണങ്ങള്‍ക്ക് കാരണമെന്നും ഇതിനെ തുടച്ചു നീക്കുകയാണ് പ്രധാനമെന്നും റിപ്പബ്ളിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ ചര്‍ച്ചക്കിടയില്‍ ഉന്നയിച്ചു. ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന ബില്‍ ജനങ്ങള്‍ക്ക് ആയുധം കൈവശം വെക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് റിപ്പബ്ളിക്കന്‍ അംഗങ്ങളും നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ അംഗങ്ങളും ചര്‍ച്ചയില്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് അഭിപ്രായപ്പെട്ടു. അതേസമയം, റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ അവതരിപ്പിച്ച ബില്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് പറഞ്ഞ് ഡെമോക്രാറ്റുകളും പിന്തുണച്ചില്ല.
ഒര്‍ലാന്‍ഡോ സംഭവത്തിലെ പ്രതിയായ ഉമര്‍ മതീന് തോക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് തോക്ക് നിയന്ത്രണത്തിനായുള്ള ആവശ്യം ശക്തമാക്കിയത്. തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ 2013 മുതല്‍ എഫ്.ബി.ഐ നിരീക്ഷണത്തിലുള്ള മതീന് തോക്ക് ലഭിച്ചത് ശക്തമായ നിയമത്തിന്‍െറ അഭാവത്തിലാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംവാദങ്ങളിലും വിഷയം ചര്‍ച്ചയായിരുന്നു.

അമേരിക്കയില്‍ തോക്ക് വില്‍പനക്കാര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ഫെഡറല്‍ സര്‍ക്കാറുകളാണ്. മാനസിക പ്രശ്നമുള്ളവര്‍ക്കും വന്‍ കുറ്റകൃത്യങ്ങളില്‍ പെട്ടവരുമൊഴികെയുള്ളവര്‍ക്ക് തോക്ക് വില്‍പന നടത്തുകയും ചെയ്യാം. ഇക്കാരണത്താല്‍ സാധാരണ ആളുകള്‍ക്കുപോലും തോക്ക് ലഭ്യമാകുന്ന അവസ്ഥ നിലവിലുണ്ട്. ആളുകള്‍ക്ക് വില്‍പനശാലകളില്‍നിന്നും ഓണ്‍ലൈനായും തോക്ക് വാങ്ങാന്‍ കഴിയും. ഇക്കാരണത്താല്‍ സമീപ കാലത്ത് തോക്കുപയോഗിച്ചുള്ള നിരവധി അക്രമസംഭവങ്ങള്‍ രാജ്യത്തുണ്ടായി. ഇതാണ് തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.