സൗദി-ഇറാന്‍ നയതന്ത്രം: അനുനയ ശ്രമവുമായി ലോകരാഷ്ട്രങ്ങള്‍

വാഷിങ്ടണ്‍: സൗദി-ഇറാന്‍ നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം. പശ്ചിമേഷ്യയിലെ പ്രധാന ശക്തികളായ ഇറാനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത് മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന വിലയിരുത്തലാണ് ലോക രാഷ്ട്രങ്ങള്‍ക്കുള്ളത്. 
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതിന്‍െറ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരു രാജ്യങ്ങളും നേരിട്ടുള്ള ചര്‍ച്ചക്ക് തയാറാകണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവിച്ചു. ഇരുകൂട്ടരും സമവായത്തിന് തയറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. 
സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളില്‍ സൗദിക്കും ഇറാനും ഭിന്ന നിലപാടാണുള്ളത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മിനിമം സഹകരണത്തിലൂടെയും വിശ്വാസത്തിലെടുത്തും  പ്രശ്നപരിഹാരത്തിനായിരുന്നു അമേരിക്കയുടെ ശ്രമം. യു.എന്‍ പിന്തുണയോടെയുള്ള ഈ നീക്കത്തിനിടെയാണ് സൗദി ശിയാ നേതാവുള്‍പ്പെടെയുള്ളവര്‍ക്ക്   വധശിക്ഷ നടപ്പാക്കുകയും ഇതിനു പ്രതികരണമെന്നോണം ഇറാന്‍ സൗദി എംബസിക്കുനേരെ ആക്രമണം നടത്തുകയും ചെയ്തത്. പുതിയ സംഭവങ്ങള്‍ സിറിയ, യമന്‍ സംഘര്‍ഷങ്ങളെ കൂടുതല്‍ വഷളാക്കുമെന്ന് റോയല്‍ യുനൈറ്റഡ് സര്‍വിസ് പോലുള്ള അമേരിക്കന്‍ ബുദ്ധിജീവി സംഘടനകള്‍ അഭിപ്രായപ്പെടുന്നു. 
സിറിയ, ആണവ കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ച റഷ്യ, സൗദി എംബസി അക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ചത് ശ്രദ്ധേയമാണ്. എംബസി ആക്രമണമാണ് വിഷയം ഇത്രയും വഷളാക്കിയതെന്ന അഭിപ്രായമാണ് റഷ്യക്കുള്ളത്.  ജര്‍മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളും സമവായംതന്നെയാണ് പരിഹാര ഫോര്‍മുലയായി നിര്‍ദേശിച്ചിരിക്കുന്നത്. സിറിയ, യമന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ സൗദിയും ഇറാനും നയതന്ത്ര ബന്ധം ശക്തമാക്കുന്നതോടെ സാധ്യമാകുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് സ്റ്റിഫാന്‍ സീബെര്‍ട്ട് പറഞ്ഞു. 
സൗദിയുമായുള്ള സുരക്ഷാ കരാര്‍ വിവാദമായ സാഹചര്യത്തില്‍ ബ്രിട്ടന്‍, വിഷയത്തിലുള്ള നിലപാട് ഏറെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചത്. വിഷയത്തെ നേരിട്ട് പരാമര്‍ശിക്കാതെ ഏത് സാഹചര്യത്തിലും വധശിക്ഷ ഒഴിവാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അതേസമയം, സൗദിയുമായുള്ള ബന്ധം തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറഞ്ഞു. 
പശ്ചിമേഷ്യയിലെ പുതിയ സംഭവങ്ങള്‍  മേഖലയില്‍ സുന്നി-ശിയാ സംഘര്‍ഷം കൂടുതല്‍ ശക്തമാകാനും കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. തിങ്കളാഴ്ച, ശിയാ ഭൂരിപക്ഷ മേഖലയായ ബഗ്ദാദിലെ മൂന്ന് സുന്നി പള്ളികള്‍ക്കുനേരെയുണ്ടായ ബോംബാക്രമണം ഇതിനെ സാധൂകരിക്കുന്നുണ്ട്. കൂടാതെ, സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന പൂര്‍ണമായും വിഷയത്തില്‍ സൗദി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഒരുപക്ഷേ, പശ്ചിമേഷ്യ പുതിയൊരു യുദ്ധത്തിലേക്ക് നീങ്ങുമെന്നും നിരീക്ഷിക്കപ്പെടുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.