പാകിസ്താന്‍െറ ആണവ ഭീഷണി ചെറുക്കാന്‍ ഇന്ത്യയുടെ സഹായം തേടുമെന്ന് ട്രംപ്

ന്യൂയോര്‍ക്: പാകിസ്താന്‍ ഉയര്‍ത്തുന്ന ആണവായുധ ഭീഷണി ചെറുക്കാന്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുടെ സഹായം തേടുമെന്ന് യു.എസ് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോട് ഇരട്ടത്താപ്പ് നയം പിന്തുടരുന്ന  പാകിസ്താന്‍പോലുള്ള രാജ്യങ്ങളോട് ട്രംപ് യു.എസ്. പ്രസിഡന്‍റായാല്‍ എങ്ങനെയായിരിക്കും നിലപാടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചിടങ്ങളില്‍ നടന്ന പ്രൈമറികള്‍ ജയിച്ച് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാനുള്ള നാമനിര്‍ദേശത്തിന് അവകാശം ശക്തമാക്കിയതിനുശേഷം ഇന്ത്യാന പൊലിസില്‍ നടന്ന പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന്‍െറ ആണവായുധമാണ് യഥാര്‍ഥ പ്രശ്നമെന്നും അത്തരം ഒമ്പത് രാജ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക പാകിസ്താന് പലവിധ സഹായങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരിച്ചിങ്ങോട്ട് ഒന്നും ലഭിച്ചിട്ടില്ല. അവരുടെ പ്രവൃത്തികള്‍ പലപ്പോഴും അമേരിക്കയെ ദോഷകരമായി ബാധിച്ചു. എന്നാല്‍, പാകിസ്താനുമായി താരതമ്യേന നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അത് നിലനിര്‍ത്താനാകുമെന്നാണ്  പ്രതീക്ഷയെന്നും പാകിസ്താന് നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയാല്‍ അത് വളരെ വലിയ ബാധ്യതകളുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
ഉദ്ദേശിച്ച നേട്ടങ്ങള്‍ ലഭിക്കാതെ പാകിസ്താന് നല്‍കിവരുന്ന സഹായത്തിന്‍െറ യുക്തിയെ ചോദ്യം ചെയ്ത് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍  രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്‍െറ പ്രതികരണം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്താന് 742.2 മില്യന്‍ ഡോളറിന്‍െറ (ഏകദേശം 5000 കോടി രൂപ) സഹായം പാകിസ്താന് കൈമാറാനുള്ള അനുമതി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് യു.എസ് കോണ്‍ഗ്രസിനോട് തേടിയിരുന്നു. ഇതില്‍ 270 മില്യന്‍ ഡോളര്‍ സൈനിക സഹായമാണ്. തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടികള്‍ക്കുള്ള സൈനിക സഹായമാണ് പാകിസ്താന് നല്‍കേണ്ടതെന്നും ഇന്ത്യക്കെതിരെ യുദ്ധംചെയ്യാനുള്ള സഹായമല്ല നല്‍കേണ്ടതെന്നും കോണ്‍ഗ്രസ് അംഗം ബ്രാഡ് ഷേര്‍മാന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.