കാബൂൾ: ഗുരുദ്വാരക്കു നേരെ ഐ.എസ് ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ അഫ്ഗാൻ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കാബൂളിലെത്തി സിഖ്സമൂഹത്തെ കണ്ടു പിന്തുണയറിയിച്ചു. ആക്രമണത്തിൽ തകർന്ന ഗുരുദ്വാര പുഃനർനിർമിക്കാമെന്നും താലിബാൻ സംഘം ഉറപ്പുനൽകി. കർതെ പർവാനിലെ ഗുരുദ്വാരക്കു നേരെ നടന്ന ആക്രമണത്തിൽ സിഖുകാരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തെ അപലപിച്ച ഇന്ത്യ കഴിഞ്ഞ ദിവസം അഫ്ഗാനിലെ 111 സിഖ്,ഹിന്ദു മതവിശ്വാസികൾക്ക് ഇ-വിസ അനുവദിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രവാചക നിന്ദക്കുള്ള പ്രതികാരമായാണ് ഗുരുദ്വാരക്കു നേരെ ആക്രമണം നടത്തിയതെന്നായിരുന്നു ഐ.എസിന്റെ വാദം. ആഭ്യന്തരമന്ത്രാലയ സുരക്ഷ മേധാവി മൗലവി സെയ്നുല്ല ആബറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിഖുകാർക്ക് പിന്തുണയുമായി കാബൂളിലെത്തിയത്.
മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം അഫ്ഗാനിയും പരിക്കേറ്റവർക്ക് 50,000 അഫ്ഗാനിയും നഷ്ടപരിഹാരമായി താലിബാൻസംഘം പ്രഖ്യാപിച്ചതായി ഗുരുദ്വാര പ്രസിഡന്റ് ഗുർനാം സിങ് പറഞ്ഞു. ഗുരുദ്വാര അറ്റകുറ്റപ്പണി നടത്താൻ ഒന്നരലക്ഷം അഫ്ഗാനിയും അനുവദിച്ചു. മേഖലയിൽ ശുചീകരണം നടത്താൻ തൊഴിലാളികളെ ഏർപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ഹിന്ദു,സിഖ് വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുമെന്നും സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.