ഗസ്സയിൽ ആശ്വാസമായെത്തിയ ഡോക്ടർ ആദം ഹമാവിക്ക് യു.എസ് ജനപ്രതിനിധിസഭയിലേക്ക് ജയം
വാഷിങ്ടൺ: യുദ്ധമേഖലകളിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകിയും ഇസ്രായേലിന്റെ സൈനിക നടപടികൾക്കെതിരെ നിലപാടെടുത്തും ശ്രദ്ധ നേടിയ ഡോക്ടർ ആദം ഹമാവിക്ക് യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മിന്നും വിജയം. ന്യൂജഴ്സിയിലെ 12ാം കോൺഗ്രഷനൽ മണ്ഡലത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഹമാവി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഗ്രെഗ് മെലെയെ പരാജയപ്പെടുത്തിയാണ് ജയിച്ചത്. ഇതോടെ ന്യൂജഴ്സിയിൽനിന്ന് യു.എസ് ജനപ്രതിനിധിസഭയിലെത്തുന്ന ആദ്യ മുസ്ലിം അംഗമായി അദ്ദേഹം മാറി. 80 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 70.8 ശതമാനം വോട്ടാണ് ഹമാവി നേടിയത്.
57കാരനായ ഹമാവി മുൻ യു.എസ് ആർമി കോംബാറ്റ് സർജനാണ്. പ്ലാസ്റ്റിക് സർജനായി പ്രവർത്തിക്കുന്ന അദ്ദേഹം ഇസ്രായേൽ യുദ്ധത്തിനിടെ ഗസ്സയിൽ സന്നദ്ധസേവനം നടത്തിയതിലൂടെ ശ്രദ്ധ നേടിയിരുന്നു. 2024ലും 2025ലും ഫലസ്തീൻ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുകയും ലോകാരോഗ്യ സംഘടന ഏകോപിപ്പിക്കുകയും ചെയ്ത മെഡിക്കൽ ദൗത്യങ്ങളുടെ ഭാഗമായി ഗസ്സയിൽ സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ സിറിയ, ലബനാൻ, സുഡാൻ, ജോർഡൻ, തുർക്കിയ, ബോസ്നിയ,കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും സന്നദ്ധസേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എട്ടുവർഷം യു.എസ് സൈന്യത്തിൽ സർജനായി സേവനമനുഷ്ഠിച്ച ഹമാവി ഇറാഖ് യുദ്ധകാലത്ത് ബഗ്ദാദിലെ കോംബാറ്റ് സപ്പോർട്ട് ആശുപത്രിയിൽ ഒമ്പത് മാസം പ്രവർത്തിച്ചിരുന്നു. യുദ്ധത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യു.എസ് സെനറ്റര്‍ ടാമി ഡക്ക്വര്‍ത്തിന്റെ ജീവന് രക്ഷിച്ചത് ഹമാവിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ്. ഈജിപ്തിൽനിന്ന് കുടുംബത്തോടൊപ്പം കുട്ടിക്കാലത്ത് അമേരിക്കയിലെത്തിയ അദ്ദേഹം ന്യൂജഴ്സിയിലാണ് വളർന്നത്. റട്ഗേഴ്സ് സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദവും പിന്നീട് എം.ബി.എയും നേടി. സൈനിക സേവനത്തിനുശേഷം പ്രിൻസ്റ്റണിൽ സ്വകാര്യ പ്ലാസ്റ്റിക് സർജറി ക്ലിനിക് ആരംഭിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുരോഗമന പക്ഷത്തുള്ള നേതാവാണ് ഹമാവി. ഇസ്രായേലിനുള്ള യു.എസ് സൈനിക സഹായം അവസാനിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, സാധാരണക്കാരുടെ കടബാധ്യതകൾ കുറക്കുക, തൊഴിലാളി കുടുംബങ്ങൾക്ക് ജീവിതച്ചെലവിന്റെ ഭാരം ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഹമാവി ഉയർത്തിക്കാട്ടിയിരുന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്ക ആയുധങ്ങളും സൈനിക സഹായവും നൽകുന്നതിനെ ഹമാവി ശക്തമായി വിമർശിച്ചിട്ടുണ്ട്. പ്രതിരോധ വ്യവസായ ലോബികളുടെയും യുദ്ധാനുകൂല ശക്തികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനാണ് അമേരിക്കൻ ഭരണകൂടം ശ്രമിക്കുന്നതെന്നും ഹമാവി ചൂണ്ടിക്കാട്ടിയിരുന്നു.
കോൺഗ്രസിലെത്തുന്ന രണ്ടാമത്തെ ഈജിപ്ഷ്യൻ അമേരിക്കക്കാരനാണ് ഹമാവി. 2024ൽ ബോബ് മെനെൻഡസ് രാജിവെച്ചതിനെത്തുടർന്ന് സെനറ്റിലേക്ക് നിയമിതനായ ഡെമോക്രാറ്റ് ജോർജ് ഹെൽമിയാണ് ഈജിപ്ഷ്യൻ വംശജനായ ആദ്യ കോൺഗ്രസ് അംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.