ഡ്രോൺ
വാഷിങ്ടൺ: യുദ്ധതന്ത്രങ്ങളിൽ ചരിത്രപരമായ മാറ്റത്തിനൊരുങ്ങി അമേരിക്കൻ പ്രതിരോധ വകുപ്പ് (പെന്റഗൺ). പരമ്പരാഗതമായ ആയുധ നിർമാണ രീതികൾ ഉപേക്ഷിച്ച്, സ്റ്റാർട്ടപ്പുകളെയും ഡ്രോൺ റേസിങ് വിദഗ്ധരെയും ടെക് സംരംഭകരെയും ഉൾപ്പെടുത്തിക്കൊണ്ട് കൂറ്റൻ ഡ്രോൺ സേനയെ ഒരുക്കാനാണ് പെന്റഗണിന്റെ തീരുമാനം. ആയിരക്കണക്കിന് ചെലവ് കുറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ച് ശത്രുക്കളെ വലയുക എന്നതാണ് ഈ പുതിയ പരീക്ഷണത്തിന്റെ ലക്ഷ്യം.
യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമാണ് ഇത്തരമൊരു മാറ്റത്തിന് അമേരിക്കയെ പ്രേരിപ്പിച്ചത്. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ടാങ്കുകളെയും കവചിത വാഹനങ്ങളെയും ആയിരം ഡോളർ വിലയുള്ള ഡ്രോണുകൾ ഉപയോഗിച്ച് തകർക്കാൻ കഴിയുമെന്ന് യുദ്ധക്കളം തെളിയിച്ചു. ഏറ്റവും മികച്ച പോർവിമാനങ്ങൾ നിർമിക്കുന്നതിനേക്കാൾ, വലിയ തോതിൽ ഡ്രോണുകളെ വിന്യസിക്കാനുള്ള രാജ്യത്തിന്റെ ശേഷിയാണ് വരുംകാല യുദ്ധങ്ങളിൽ നിർണ്ണായകമാവുകയെന്ന് സൈനിക വിദഗ്ധർ വിലയിരുത്തുന്നു.
ഡ്രോൺ നിർമാണം വേഗത്തിലാക്കാൻ പെന്റഗൺ 'ഡ്രോൺ ഡോമിനൻസ്' (Drone Dominance) എന്ന പേരിൽ 18 മാസത്തെ പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിനായി 1.1 ബില്യൺ ഡോളർ കരാറുകളാണ് നൽകുന്നത്. ട്രംപ് ഭരണകൂടം അടുത്ത വർഷത്തെ പ്രതിരോധ ബജറ്റിൽ 54.6 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപമാണ് ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി വകയിരുത്തിയിരിക്കുന്നത്. 3,00,000 ഡ്രോണുകൾ നിർമിക്കുകയാണ് ലക്ഷ്യം.
മുൻകാലങ്ങളിൽ ആയുധ നിർമാണത്തിന് വൻകിട കമ്പനികളെ മാത്രമായിരുന്നു അമേരിക്ക ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഗാരേജുകളിൽ തുടങ്ങിയ സ്റ്റാർട്ടപ്പുകൾക്കും ഡ്രോൺ റേസിങ് വിദഗ്ധർക്കും ഈ പുതിയ പദ്ധതിയിൽ വലിയ പങ്കുണ്ട്. മുൻ ഡ്രോൺ റേസിങ് ചാമ്പ്യൻ സോറെൻ മൺറോ-ആൻഡേഴ്സൺ സ്ഥാപിച്ച 'നെറോസ്' (Neros), യുക്രെയ്ൻ യുദ്ധത്തിൽ സാങ്കേതികവിദ്യ പരീക്ഷിച്ച 'സ്കൈകട്ടർ' (Skycutter) തുടങ്ങിയ കമ്പനികൾ ഇതിൽ പങ്കാളികളാണ്.
ഏകദേശം 5,000 ഡോളർ മാത്രം വിലയുള്ള ഈ ഡ്രോണുകൾ എറിഞ്ഞുകളയാവുന്നവയാണ്. ഇവ സുരക്ഷിതമായി തിരിച്ചെത്തേണ്ടതില്ല. പകരം ശത്രുക്കളെ തകർക്കാൻ എത്രയെണ്ണം വേണമെങ്കിലും നഷ്ടപ്പെടുത്താം എന്ന രീതിയിലാണ് രൂപകൽപ്പന. ഡ്രോൺ റേസിങ്ങിൽ ഉപയോഗിക്കുന്ന അതേ വേഗതയും കൃത്യതയും ഇവക്കുണ്ട്. കെട്ടിടങ്ങൾക്കുള്ളിലൂടെയും കിടങ്ങുകളിലൂടെയും പറന്ന് കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ഈ ഡ്രോണുകൾക്ക് കഴിയും. അത്യാധുനിക പോർവിമാനങ്ങൾക്ക് പകരം ഇത്തരം ചെലവ് കുറഞ്ഞ ഡ്രോണുകൾ വൻതോതിൽ ഉപയോഗിക്കുന്നത് ഭാവിയിലെ യുദ്ധങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പെന്റഗൺ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.