ഗ്യാനേഷ് കുമാർ രാജിവെച്ചേ തീരൂ
രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തന്നെ കൂട്ടുനിന്നു എന്ന് സംശയലേശമന്യേ വെളിപ്പെടുത്തുന്നതാണ് സമീപകാല സംഭവങ്ങൾ. വോട്ടർ പട്ടികയിലെ പേരുകൾ വ്യാപകമായി വലിയതോതിൽ വെട്ടി നീക്കിയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ തന്നെ ചൂട്ടുപിടിച്ചത് എന്ന് വ്യക്തമായി..
സെപ്റ്റംബർ 23ന് ദി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം, തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കും ഉത്തരവുകൾക്കും എതിരെ ഔദ്യോഗികമായി എതിർപ്പുകൾ ഉന്നയിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞു. വോട്ടർ രജിസ്ട്രേഷൻ, പേരുകൾ ഇല്ലാതാക്കൽ, പുനഃസ്ഥാപിക്കൽ, ഫോം 6 ലെ മാറ്റങ്ങൾ, ഇലക്ടറൽ റോൾ ഡാറ്റ കൈകാര്യം ചെയ്യൽ എന്നിവ എതിർപ്പുകളിൽ ഉൾപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടതോടെ ഈ വിവാദം ഒരു രാഷ്ട്രീയ പൊട്ടിത്തെറിയായി മാറിയിട്ടുണ്ട്. സി.ജെ.പി വലിയ സമരവും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇപ്പോൾ ഏതാനും തിരുത്തൽ പ്രഖ്യാപിച്ച് തടിയൂരാനുള്ള സന്നദ്ധത തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിട്ടുണ്ട്. നിയമപരവും ധാർമികവുമായ പ്രത്യാഘാതങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണിത്. മുഖ്യ കമീഷണർ മറ്റു രണ്ടു കമീഷണർമാരുടെ അറിവുപോലുമില്ലാതെ പൗരന്മാരിൽ ആർക്കൊക്കെ വോട്ടവകാശം നൽകണമെന്നുവരെ തീരുമാനിച്ചുവെന്നതാണ് കുറ്റം. വോട്ടർമാരെ ചേർക്കാനുള്ള ഫോം 6 മുഖ്യ കമീഷണർ നിയമവിരുദ്ധമായി സ്വന്തം നിലക്ക് മാറ്റി എന്ന ഒറ്റ കാരണം മതി ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ. എസ്.ഐ.ആർ എന്ന പേരിൽ 10 കോടിയിലധികം വോട്ടർമാരെയാണ് പട്ടികയിൽനിന്ന് നീക്കിയത്.
ഇതിലെ ശരിതെറ്റുകൾ പരിശോധിക്കാവുന്ന കടലാസ് രേഖകൾ ഇല്ല. വോട്ടർ പട്ടികയിൽ പേര് വെട്ടാനും ചേർക്കാനുമുള്ള അധികാരം പ്രാദേശികതല ഓഫിസർമാരിൽനിന്ന് പിടിച്ചെടുത്ത് ഡൽഹിയിലെ ഐ.ടി വിഭാഗത്തിന് കീഴിലാക്കി; അതും മറ്റാരുമറിയാതെ. മറ്റു കമീഷണർമാരറിയാതെ വോട്ടർ പട്ടിക പുതുക്കിക്കൊണ്ടിരുന്നു. പുതുതലമുറയിലെ വോട്ടർമാരെ ചേർക്കുന്നത് നീട്ടിവെക്കുകയും ചെയ്തു. പശ്ചിമബംഗാളിൽ മാത്രം 27 ലക്ഷം വോട്ടർമാരാണ് സോഫ്റ്റ്വെയർ കളിയിലൂടെ പട്ടികക്ക് പുറത്തായത്. ദശലക്ഷക്കണക്കിന് പരാതികൾ തീർപ്പാക്കാതെ വെച്ചിട്ടുമുണ്ട്. കോടതി നിയോഗിച്ച ജുഡീഷ്യൽ ഓഫിസർമാർ 33 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിലനിർത്താൻ പറഞ്ഞിട്ടും അതിനെതിരെ കമീഷൻ സമർപ്പിച്ച ലക്ഷക്കണക്കിന് അപ്പീലുകളുമുണ്ട്.
കോടിക്കണക്കിന് പൗരന്മാരെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ നടത്തി എന്നത് തന്നെ രാജ്യദ്രോഹകുറ്റമായി പരിഗണിക്കേണ്ടതാണ്. കമീഷൻ നിയമനത്തിലെ ഏകപക്ഷീയതതന്നെ ആദ്യമേ തിരുത്തണം. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാറിന്റെ പൂർണനിയന്ത്രണം ചോദ്യം ചെയ്തും സ്വതന്ത്ര സംവിധാനം ആവശ്യപ്പെട്ടും വന്ന പൊതു താൽപര്യ ഹരജിയിൽ 2023 മാർച്ചിൽ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ചീഫ് ഇലക്ഷൻ കമീഷണർ സംവിധാനം സുതാര്യവും സ്വതന്ത്രവുമാകാൻ പുതിയ നിയമനിർമാണത്തിന് ഉത്തരവിട്ടു.
അതുവരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക് കമീഷണറെ നിശ്ചയിക്കാമെന്നും ഉത്തരവ് കൃത്യപ്പെടുത്തി. എന്നാൽ ഈ വിധിയുടെ അന്തസ്സത്തയെ പൂർണമായി നിരാകരിച്ചും പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കിയും ചീഫ് ജസ്റ്റിസിനെ ഈ തെരഞ്ഞെടുപ്പ് സമിതിയിൽ നിന്ന് ഒഴിവാക്കി 2023 ഡിസംബറിൽ മോദി സർക്കാർ പാർലമെന്റിൽ നിയമം പാസാക്കിയെടുത്തു. 2024 ജനുവരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തെരഞ്ഞെടുപ്പ് സമിതി അംഗമായി നിർദേശിക്കുകയും ചെയ്തു. ആ സമിതി നിശ്ചയിച്ച ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാണ് ഗ്യാനേഷ് കുമാർ. അപ്പോൾ തന്നെ ചിത്രം വ്യക്തം. ഇപ്പോൾ വേണ്ടത് ഗ്യാനേഷ് കുമാറിന്റെ രാജിയാണ്. അത് ജനം പിടിച്ചു മേടിച്ചേ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.