വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ലോകകിരീടം നേടി. വനിത ക്രിക്കറ്റും മാറുകയാണോ? ഇന്ത്യൻ വിജയത്തെ വിശകലനംചെയ്യുകയാണ് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ്കൂടിയായ ലേഖകൻ.മിതാലി രാജും ജൂലന്‍ ഗോസ്വാമിയും നിറഞ്ഞാടിയ കാലത്ത് കൈവിട്ട ലോകകിരീടം ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും കൈപ്പിടിയിലാക്കി. ആ വിജയാഹ്ലാദത്തിൽ ജൂലനെയും മിതാലിയെയും അഞ്ജും ചോപ്രയെയുമൊക്കെ കൂടെക്കൂട്ടിയപ്പോൾ അവർ ഒരുക്കിയ അടിത്തറയിൽനിന്നാണ് തങ്ങൾ ലോകം കീഴടക്കിയതെന്ന് നന്ദിപൂർവം ഓർമപ്പെടുത്തുകയായിരുന്നു. 2025 നവംബർ രണ്ട് ഞായറാഴ്ച ഇന്ത്യൻ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട മറ്റൊരു ദിനമായി മാറി. ചരിത്രത്തില്‍...
വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ലോകകിരീടം നേടി. വനിത ക്രിക്കറ്റും മാറുകയാണോ? ഇന്ത്യൻ വിജയത്തെ വിശകലനംചെയ്യുകയാണ് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ്കൂടിയായ ലേഖകൻ.
മിതാലി രാജും ജൂലന്‍ ഗോസ്വാമിയും നിറഞ്ഞാടിയ കാലത്ത് കൈവിട്ട ലോകകിരീടം ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും കൈപ്പിടിയിലാക്കി. ആ വിജയാഹ്ലാദത്തിൽ ജൂലനെയും മിതാലിയെയും അഞ്ജും ചോപ്രയെയുമൊക്കെ കൂടെക്കൂട്ടിയപ്പോൾ അവർ ഒരുക്കിയ അടിത്തറയിൽനിന്നാണ് തങ്ങൾ ലോകം കീഴടക്കിയതെന്ന് നന്ദിപൂർവം ഓർമപ്പെടുത്തുകയായിരുന്നു. 2025 നവംബർ രണ്ട് ഞായറാഴ്ച ഇന്ത്യൻ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട മറ്റൊരു ദിനമായി മാറി. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് വനിത ഏകദിന ക്രിക്കറ്റ് ലോക കപ്പ്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു പരാജയപ്പെടുത്തി. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ ഏഴിന് 298. ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 ഓള്‍ ഔട്ട്.
ലോക കായികരംഗത്ത് ഇന്ത്യയുടെ തലവര മാറ്റിയത് ഏതാനും ലോക കിരീടങ്ങളാണ്. 1975ൽ അജിത്പാൽ സിങ്ങിന്റെ നേതൃത്വത്തിൽ നേടിയ ഹോക്കി ലോക കപ്പ്. 1983ൽ കപിൽദേവിന്റെ ടീം കൈപ്പിടിയിലാക്കിയ ക്രിക്കറ്റ് ലോക കപ്പ്. പിന്നെ, 2000ത്തിൽ വിശ്വനാഥൻ ആനന്ദ് നേടിയ ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്. ഇപ്പോൾ വനിത ക്രിക്കറ്റ് ലോക കപ്പും അതിനൊപ്പം എണ്ണപ്പെട്ടു.
2005ൽ ദക്ഷിണാഫ്രിക്കയിൽ കലാശക്കളിയിൽ ഇന്ത്യ 98 റൺസിനാണ് ആസ്ട്രേലിയയോട് പരാജയപ്പെട്ടതെങ്കിൽ 2017ൽ ഫൈനലിൽ ഇംഗ്ലണ്ടിനോട് പൊരുതി തോൽക്കുകയായിരുന്നു. ഒമ്പത് റൺസിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഏഴു വിക്കറ്റിന് 228 റൺസ് നേടിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 48.4 ഓവറിൽ 219ന് ഓൾഔട്ടായി. പൂനം റൗട്ടിനു (86) പുറമെ പൊരുതിനിന്നത് ഹർമൻപ്രീതും (51). ഡർബിയിലെ ആ സങ്കടം ഹർമൻപ്രീത് നവി മുംബൈയിൽ തീർത്തു.
വിജയമൊരുക്കാൻ തുണച്ചത് സ്മൃതിയും (45 റൺസ്), ഷെഫാലി വർമയും (87 റൺസും രണ്ടു വിക്കറ്റും) ദീപ്തി ശർമയും (58 റൺസും അഞ്ചു വിക്കറ്റും) റിച്ചാ ഘോഷും (34 റൺസ്) ഒക്കെ. പിന്നെ, ന്യൂസിലൻഡിനെ തോൽപിച്ച് സെമി ബെർത്ത് ഉറപ്പിക്കാൻ സെഞ്ച്വറിയോടെ തുണച്ച പ്രതികാ റാവലും സെമിയിൽ ആസ്ട്രേലിയയെ തോൽപിക്കാൻ സെഞ്ച്വറിയുമായി തിളങ്ങിയ ജമീമ റോഡ്രിഗ്സും (127 നോട്ടൗട്ട്) പരിശീലകൻ അമോൽ മജുംദാറും. കളിക്കാരനായി എന്നും അവഗണന നേരിട്ട മജുംദാർ ഒടുവിൽ കോച്ചായി ചരിത്രമെഴുതി.
മഴമൂലം രണ്ടു മണിക്കൂര്‍ വൈകിത്തുടങ്ങിയെങ്കിലും ഓവർ ഒന്നും കുറക്കാഞ്ഞ ഫൈനലിൽ ടോസ് ജയിച്ച ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാര്‍ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഉപനായിക സ്മൃതി മന്ഥാന ശ്രദ്ധയോടെ തുടങ്ങിയപ്പോൾ നേരിട്ട ആദ്യ പന്ത് പോയന്റിലൂടെ ബൗണ്ടറി കടത്തി ഷെഫാലി വര്‍മ മറുവശത്ത് ആക്രമിച്ചുതന്നെ തുടങ്ങി. 17.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ സ്‌കോര്‍ 100 കടന്നപ്പോള്‍ (102) അടിത്തറ ഒരുങ്ങുകയായിരുന്നു. മികച്ച ഫാസ്റ്റ് ബൗളറുടെ അസാന്നിധ്യം ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യയെ അലട്ടി. ഫൈനലിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഷെഫാലി വര്‍മയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഷെഫാലി ഫൈനലിലെ മികച്ച കളിക്കാരിയായെങ്കില്‍ ദീപ്തി ടൂര്‍ണമെന്റിലെ മികച്ച താരമായി. (ടൂർണമെന്റിൽ ആകെ 215 റൺസ് നേടിയ ദീപ്തി 22 വിക്കറ്റും വീഴ്ത്തി.) മറുവശത്ത് ഓപണര്‍കൂടിയായ ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാര്‍ട് സെഞ്ച്വറിയുമായി (101) ഒറ്റക്കു പൊരുതി.
ആസ്‌ട്രേലിയയും ഇംഗ്ലണ്ടും ഇല്ലാത്ത ആദ്യ ഫൈനലില്‍. ഇവര്‍ അല്ലാതെ മറ്റൊരു രാജ്യം 25 വര്‍ഷത്തിനുശേഷം ലോക ചാമ്പ്യന്‍മാരായി. 2000ത്തില്‍ ന്യൂസിലന്‍ഡ് ലോകകപ്പ് നേടിയിരുന്നു. 1978ല്‍ സ്വന്തം നാട്ടില്‍ വനിത ലോകകപ്പില്‍ അരങ്ങേറിയ ഇന്ത്യ 1973ലും 88ലും കളിച്ചില്ല. ദക്ഷിണാഫ്രിക്ക മൂന്നുതവണ സെമിയില്‍ കടന്നിരുന്നെങ്കിലും ഫൈനല്‍ ആദ്യമായിരുന്നു.
ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ലീഗ് റൗണ്ടില്‍ പരാജയപ്പെട്ട ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പിച്ചാണ് സെമിയില്‍ എത്തിയത്. സെമിയില്‍ ആസ്‌ട്രേലിയക്കെതിരെ നേടിയ വിജയമാകട്ടെ ചരിത്രമായി. ജമീമ റോഡ്രിഗസിന്റെയും ഹര്‍മന്‍പ്രീതിന്റെയും മികവിൽ ആസ്‌ട്രേലിയയുടെ 338 എന്ന സ്‌കോര്‍ മറികടന്നാണ് ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചത്. വനിത ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വിജയിച്ച ഏറ്റവും വലിയ റണ്‍ ചേസ് ആയിരുന്നു അത് (48.3 ഓവറില്‍ അഞ്ചിന് 341).
1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം ക്യാപ്റ്റൻ കപിൽദേവ് ഏറ്റുവാങ്ങുന്നു
ഭാഗ്യവുമായെത്തിയ ഷെഫാലി
ന്യൂസിലന്‍ഡിനെതിരെ സ്മൃതി മന്ഥാനക്ക് (109) ഒപ്പം സെഞ്ച്വറി (122) നേടിയ ഓപണര്‍ പ്രതിക റാവല്‍ പരിക്കേറ്റു പിന്‍വാങ്ങിയപ്പോള്‍ പകരം അവസരം കൈവന്ന ഷെഫാലി വര്‍മ ഒടുവില്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയശിൽപിയായി. ഷെഫാലിയെ ടീമില്‍ എടുക്കാതിരുന്നത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഒരു വർഷത്തിലേറെ ഷെഫാലി ടീമിൽ ഇല്ലായിരുന്നു. 2022നു ശേഷം ഏകദിന ക്രിക്കറ്റിൽ ആദ്യമാണ് ഷെഫാലി അർധ സെഞ്ച്വറി നേടിയത്. 2023ൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ വനിതകളുടെ അണ്ടർ 19 ട്വന്റി 20 ലോക കപ്പ് ജയിച്ചപ്പോൾ നായികയായിരുന്നു ഷെഫാലി. ഓഫ് സ്പിന്നർ കൂടിയായ ഷെഫാലിക്ക് ബൗളർ ആയി വലിയ നേട്ടമില്ലായിരുന്നു. പക്ഷേ, ഇക്കുറി സുനി ലൂസിനെയും മരിസാനെ കാപ്പിനെയും പുറത്താക്കി ഷെഫാലി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. 21ാം വയസ്സിൽ ഫൈനലിലെ സൂപ്പർ താരം.
298 റണ്‍സ് ഫൈനലില്‍ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയ സ്‌കോര്‍ അല്ലായിരുന്നു. മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ സൂചന കണ്ടെങ്കിലും ടാസ്മിന്‍ ബ്രിറ്റ്‌സ് 23 റണ്‍സിന് റണ്‍ ഔട്ടായത് ആശ്വാസമായി. 40 ഓവറില്‍ ആറിന് 211ല്‍ ദക്ഷിണാഫ്രിക്ക എത്തിയപ്പോള്‍ ഇന്ത്യ പരിഭ്രമിച്ചു. മികച്ച ഫീല്‍ഡിങ്ങിനിടക്ക് ക്യാച്ചുകള്‍ കൈവിട്ടത് ആ പരിഭ്രമത്തിന്റെ ഫലമായിരുന്നു. നെഞ്ചില്‍ കൈെവച്ച് ഇടക്കിടെ പ്രാർഥിച്ച ഹര്‍മന്‍പ്രീതും സെഞ്ച്വറി നേടിയിട്ടും പരാജയഭീതിമൂലം ആഘോഷിക്കാന്‍ കഴിയാതെപോയ ലോറയും ഫൈനലിന്റെ സമ്മര്‍ദത്തിന്റെ നേര്‍ക്കാഴ്ചകളായി. അഞ്ചിന് 209ൽനിന്നാണ് ദക്ഷിണാഫ്രിക്ക 246ന് ഓൾഔട്ടായത്.
വനിതകൾക്ക് തുല്യ അംഗീകാരം
2023ലെ പുരുഷന്മാരുടെ ഏകദിന ലോകകപ്പില്‍ സമ്മാനത്തുക നാല് ദശലക്ഷം ഡോളര്‍ ആയിരുന്നെങ്കില്‍ വനിതകള്‍ക്ക് അത് 4.48 ദശലക്ഷം ഡോളര്‍ ആണ്. ചാമ്പ്യന്മാര്‍ക്ക് 39.77 കോടി രൂപയും റണ്ണേഴ്‌സ് അപ്പിന് 20 കോടി രൂപയും ലഭിച്ചു. ബി.സി.സി.ഐ 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 1983ലും 2011ലും ഏകദിന ലോകകപ്പും 2007ലും 2024ലും ട്വന്റി 20 ലോകകപ്പും ജയിച്ച ഇന്ത്യയുടെ പുരുഷ ടീമിനൊപ്പം ഇനി വനിതകള്‍ക്കും സ്ഥാനം.
ഇന്ത്യ അണ്ടർ 19 വനിതകളുടെ ട്വന്റി 20 ലോക കപ്പ് രണ്ടു തവണ നേടിയിട്ടുണ്ട്. 2023ൽ ഇംഗ്ലണ്ടിനെ തോൽപിച്ച് നേടിയ കിരീടം 2025ൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് നിലനിർത്തി. സീനിയർ വനിതകളുടെ ട്വന്റി 20 ലോകകപ്പിൽ ആകട്ടെ 2020ൽ മെൽബണിൽ ഇന്ത്യ റണ്ണേഴ്സ് അപ് ആയി. ഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയോട് 85 റൺസിന് തോറ്റു. ആസ്ട്രേലിയ 20 ഓവറിൽ നാലിന് 184 റൺസ് എടുത്തു. ഇന്ത്യ 19.1 ഓവറിൽ 99ന് ഓൾഔട്ട്.
ഇല്ലാതെപോയ മലയാളി സാന്നിധ്യം
വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ ഇക്കുറി മലയാളി സാന്നിധ്യമില്ലായിരുന്നു. മിന്നു മണി ട്രാവലിങ് റിവർവ് ആയിരുന്നു. പക്ഷേ, ഇന്ത്യ വനിത ലോക കപ്പിൽ അരങ്ങേറിയ വർഷം നായികയായി നിശ്ചയിച്ചത് മലയാളിയെയാണ്. വിമാനം വൈകിയതിനാൽ മത്സരം തുടങ്ങുംമുമ്പ് എത്താനായില്ല. മറ്റൊരാൾ നായികയാവുകയും ചെയ്തു. സൂസൻ ഇട്ടിച്ചെറിയക്കാണ് 1978ൽ നായികസ്ഥാനം നഷ്ടമായത്. വനിതാ ലോകകപ്പ് ക്രിക്കറ്റ് തുടങ്ങിയ 1973ൽ ഇന്ത്യ മത്സരിച്ചില്ല. ഇംഗ്ലണ്ടിലാണ് മത്സരങ്ങൾ നടന്നത്. രണ്ടാം ലോകകപ്പ് 1978ൽ ഇന്ത്യയിൽ നടന്നപ്പോൾ ആതിഥേയരും പങ്കെടുത്തു.
1978 ജനുവരി ഒന്നിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ട് ആയിരുന്നു എതിരാളികൾ. മത്സരത്തലേന്നാന്ന് ക്യാപ്റ്റനെ നിശ്ചയിച്ചത്. തമിഴ്നാടിന്റെ മലയാളി താരം സൂസൻ ഇട്ടിച്ചെറിയയെ നായികയായി തിരഞ്ഞെടുത്തു. തിരുവല്ലക്കടുത്ത് നിരണം സ്വദേശിനിയാണ് സൂസൻ. പുണെയിൽ ആസ്ട്രേലിയക്കെതിരെ നടന്ന സന്നാഹ ഏകദിന മത്സരത്തിൽ പ്രസിഡന്റ്സ് ഇലവന്റെ നായികയായിരുന്ന സൂസൻ മത്സരം കഴിഞ്ഞ് മുംബൈയിൽ എത്തിയപ്പോഴാണ് തന്നെ ഇന്ത്യൻ നായികയാക്കിയെന്ന സന്തോഷവാർത്ത അറിഞ്ഞത്. ജനുവരി ഒന്നിനു പുലർച്ചെ കൊൽക്കത്തയിൽ എത്താനായിരുന്നു നിർദേശം. മറ്റു മൂന്നു താരങ്ങളും സൂസന് ഒപ്പമുണ്ടായിരുന്നു. ഇവരുടെ വിമാനം നാഗ്പൂരിൽ എത്തിയപ്പോൾ കനത്ത മൂടൽ മഞ്ഞ്. വിമാനം ലാൻഡ് ചെയ്യാൻ വൈകി. ഒടുവിൽ കൊൽക്കത്തയിൽ എത്തിയപ്പോൾ കളി ഏതാണ്ട് തുടങ്ങി. സൂസനു പകരം ഡയാന എഡുൾജി ഇന്ത്യൻ നായികയായി. ടീമിൽ എന്തായാലും സൂസനു സ്ഥാനം കിട്ടി. അതിനു മുമ്പേ വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റിൽ സൂസൻ അരങ്ങേറിയിരുന്നു.
രാജ്യാന്തര വനിത ക്രിക്കറ്റ് കൗൺസിലിന്റെ കീഴിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യയിലെ വനിത ക്രിക്കറ്റ് നിയന്ത്രിച്ചിരുന്ന കാലമായിരുന്നു അത്. വനിത ക്രിക്കറ്റിന് രഞ്ജി ട്രോഫിയുടെ പരിഗണനപോലും കിട്ടാതിരുന്ന കാലം. പുതിയ തലമുറ ഒരുപക്ഷേ, സൂസൻ ഇട്ടിച്ചെറിയ എന്ന ക്രിക്കറ്റ് കളിക്കാരിയെ അറിയില്ലായിരിക്കും. അവർ മനസ്സിലാക്കാനായി പറയട്ടെ. രാജ്യാന്തര സ്ക്വാഷ് താരം ദീപിക പള്ളിക്കലിന്റെ അമ്മയാണ് സൂസൻ. ടെസ്റ്റ് ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന്റെ ഭാര്യാ മാതാവ് എന്നും വിശേഷിപ്പിക്കാം. അന്ന് ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമിൽ കേരളത്തിൽ ജനിച്ച മറ്റൊരു കളിക്കാരി കൂടിയുണ്ടായിരുന്നു. തമിഴ്നാടിന്റെ സുധാ ഷാ. സുധ ജനിച്ചത് കണ്ണൂരിലാണ്. സുധയുടെ പിതാവ് പക്ഷേ, തമിഴ്നാട്ടുകാരനാണ്. മാതാവ് മലയാളിയും. സുധയും ഒരിക്കൽ മാത്രമാണ് ലോക കപ്പിൽ കളിച്ചത്. അവർ പിന്നീട് ഇന്ത്യൻ നായികയും ഇന്ത്യൻ ടീമിന്റെ പരിശീലകയുമായി. 2005ൽ ഇന്ത്യ ഫൈനലിൽ എത്തിയ ലോകകപ്പിൽ സുധയായിരുന്നു പരിശീലക. 2000, 2009 ലോകകപ്പുകളിലും സുധാ ഷാ പരിശീലകയായുണ്ടായിരുന്നു. സൂസനും സുധയും ഇപ്പോൾ ചെന്നൈയിലുണ്ട്.
സ്മൃതി മന്ഥാന,പ്രതിക റാവല്‍,ഹര്‍മന്‍പ്രീത് കൗർ,ഷെഫാലി വര്‍മ
കാലം മാറി
2005ൽ ദക്ഷിണാഫ്രിക്കയിലും മിതാലിയായിരുന്നു നായിക. ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യൻ വനിതാ ടീമിനെ ആരും ശ്രദ്ധിച്ചില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോൾ സ്പോൺസർമാരായ സഹാറ കളിക്കാർക്ക് സമ്മാനിച്ചത് 9000 രൂപയുടെ വീതം ചെക്ക്. അതിന് രണ്ടു വർഷം മുമ്പ് പുരുഷ ടീം റണ്ണേഴ്സ് അപ് ആയപ്പോൾ പുണെയിൽ സഹാറയുടെ ആംബി വാലായിൽ ആഡംബര അപ്പാർട്മെന്റുകൾ സമ്മാനിച്ചു. വിവിധ സ്ഥാപനങ്ങൾ നൽകിയ ചെക്കുകൾ വേറെ. 2017ൽ ആകട്ടെ വനിത ലോക കപ്പിലെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേഷണംചെയ്തു. ഐ.സി.സിയുടെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ എത്തിയത് 10 കോടി പേർ.
വനിത ക്രിക്കറ്റ് ബി.സി.സി.ഐയുടെ കീഴിൽ വരും മുമ്പ് ക്രിക്കറ്റിൽ സജീവമായവരാണ് മിതാലിയും ജൂലനും. കാലം മാറി. ഇക്കുറി വനിത ടീമിന്റെ വിജയം ആഘോഷിക്കാൻ രാജ്യം ഉണർന്നിരുന്നു. 2017ലെ ലോകകപ്പിൽ ഹർമൻപ്രീത് സെമിയിൽ ആസ്ട്രേലിയക്കെതിരെ 115 പന്തിൽ നേടിയ 171 റൺസ് കണ്ട് ആവേശഭരിതയായ അസമിലെ പതിനഞ്ചുകാരി ഉമാ ഛേത്രി ഇക്കുറി ഇന്ത്യൻ ടീമിന്റെ സ്റ്റാൻഡ് ബൈ ആയിരുന്നു. മധ്യപ്രദേശിലെ ക്രാന്തി ഗൗഡും ആന്ധ്രയിൽനിന്നുള്ള ശ്രീചരണിയും ഇത്തവണ ടീമിൽ ഉണ്ടായിരുന്നു. 2017ൽ ഇന്ത്യ ഫൈനൽ കളിച്ചപ്പോൾ ആവേശഭരിതരായ ഇവർക്കൊക്കെ വർഷങ്ങൾ ബാക്കി. ഹർമൻപ്രീതിന്റെ ടീമിന്റെ വിജയമാകട്ടെ തലമുറകളെ പ്രചോദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.