മലയാളത്തിൽ പരാജയപ്പെട്ട ദുലാൽസെൻ

ദുലാൽസെൻ എന്ന ഉത്തരേന്ത്യൻ സംഗീതജ്ഞനാണ് ‘പ്രപഞ്ചം’ എന്ന സിനിമയുടെ സംഗീതസംവിധായകൻ. ദുലാൽസെൻ നൽകിയ ഈണങ്ങൾക്കനുസരിച്ച് പി. ഭാസ്കരൻ എഴുതിയ പാട്ടുകളെക്കുറിച്ചാണ്​ ഇൗ ലക്കം.ഭേദപ്പെട്ട പല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടും സംവിധായകൻ എന്ന നിലയിൽ മുൻനിരയിൽ എത്താൻ കഴിയാതെ പോയ ജെ.ഡി. തോട്ടാൻ തന്റെ പരിശ്രമങ്ങൾ അവസാനിപ്പിക്കാതെ സധൈര്യം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ‘വിവാഹസമ്മാനം’ എന്ന ചിത്രവും ഒരു മോശം സിനിമയായിരുന്നില്ല. അരുണാ പ്രൊഡക്ഷൻസിന്റെ പേരിൽ അരുണാചലം നിർമിച്ച ‘വിവാഹസമ്മാന’ത്തിൽ പ്രേംനസീർ, ഷീല, കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി...

ദുലാൽസെൻ എന്ന ഉത്തരേന്ത്യൻ സംഗീതജ്ഞനാണ് ‘പ്രപഞ്ചം’ എന്ന സിനിമയുടെ സംഗീതസംവിധായകൻ. ദുലാൽസെൻ നൽകിയ ഈണങ്ങൾക്കനുസരിച്ച് പി. ഭാസ്കരൻ എഴുതിയ പാട്ടുകളെക്കുറിച്ചാണ്​ ഇൗ ലക്കം.

ഭേദപ്പെട്ട പല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടും സംവിധായകൻ എന്ന നിലയിൽ മുൻനിരയിൽ എത്താൻ കഴിയാതെ പോയ ജെ.ഡി. തോട്ടാൻ തന്റെ പരിശ്രമങ്ങൾ അവസാനിപ്പിക്കാതെ സധൈര്യം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ‘വിവാഹസമ്മാനം’ എന്ന ചിത്രവും ഒരു മോശം സിനിമയായിരുന്നില്ല. അരുണാ പ്രൊഡക്ഷൻസിന്റെ പേരിൽ അരുണാചലം നിർമിച്ച ‘വിവാഹസമ്മാന’ത്തിൽ പ്രേംനസീർ, ഷീല, കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ, റാണിചന്ദ്ര, മീന തുടങ്ങിയവർ അഭിനയിച്ചു.

‘ഇലത്താളവും നിലവിളക്കും’ എന്ന നോവലിലൂടെ പ്രശസ്‌തി നേടിയ എസ്.കെ. മാരാർ എഴുതിയ ‘ശരപ്പൊളിമാല’ എന്ന നോവലിനെ അടിസ്ഥാനമാക്കി എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും തയാറാക്കി. വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ ഈണം പകർന്നു. എ.എം. രാജ, യേശുദാസ്, മാധുരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. (വയലാർ-ദേവരാജൻ ടീമിനെ മലയാള സിനിമയിൽ അവതരിപ്പിച്ച സംവിധായകനാണ് ജെ.ഡി. തോട്ടാൻ എന്ന കാര്യം ഓർമിക്കുക -ചിത്രം: ‘ചതുരംഗം’)

 

‘‘കാലം ശരത്കാലം...’’ എന്നു തുടങ്ങുന്ന ഗാനം എ.എം. രാജയും സംഘവും ആലപിച്ചു. ദേവരാജന്റെ സംഗീതത്തിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന എ.എം. രാജ ഒരു ഇടവേളക്കുശേഷമാണ് വീണ്ടും അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പാടിയത്. ‘‘ലാലാലാ...’’ എന്ന നീണ്ട ഹമ്മിങ്ങിലാണ് ഗാനം ആരംഭിക്കുന്നത്.

‘‘കാനനച്ചോലകൾ പൂകൊണ്ടു നിറയുന്ന കാലം/ശരത്കാലം കാമുകർക്കനുകൂലം’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനത്തിലെ തുടർന്നുള്ള വരികളും ആകർഷകംതന്നെ. ‘‘താരിനെ, തളിരിനെ/ തളയിട്ട വള്ളികളെ/മാറിമാറി പുൽകിവരും /തണുത്ത കാറ്റേ -നിന്നെ/പൂമ്പൊടിയിലിറുക്കുവാൻ/പൂമണത്തിൽ പൊതിയുവാൻ/ ഭൂമിദേവിക്കിപ്പൊഴും മോഹം /കാമുകരേ യുവകാമുകരേ -ഇതു/കാമദേവനുണരുന്ന യാമം.’’

യേശുദാസ് മൂന്നു ഗാനങ്ങൾ പാടി. ആദ്യഗാനം ‘‘വെളുത്ത വാവിനേക്കാൾ വെളുത്ത നിറം...’’ എന്നാണു തുടങ്ങുന്നത്.

‘‘വെളുത്ത വാവിനേക്കാൾ വെളുത്ത നിറം/ വിടർന്ന പൂവിനേക്കാൾ വിടർന്ന മുഖം /വെളഞ്ഞൂർകാവിലെ കിളിമകളേക്കാൾ /കിലുങ്ങുന്ന മധുരസ്വരം -അവൾക്ക് /കിലുങ്ങുന്ന മധുരസ്വരം.’’

വയലാറിന്റെ പതിവ് ശൈലിയിൽനിന്ന് തെല്ലു വ്യത്യസ്തമാണ് ഈ ഗാനമെന്നു തോന്നുന്നു. പാട്ടിന്റെ ആദ്യചരണംകൂടി ശ്രദ്ധിക്കുക.

‘‘കുളിച്ചു കുറിയിട്ടു കൂന്തലുമഴിച്ചിട്ടു /കുവലയമിഴിയവൾ വന്നു /എനിക്കൊരു തുളസിത്തുമ്പു തന്നു /അവളുടെ മുഖശ്രീകമലത്തിൽ കണ്ടു ഞാൻ /അനുരാഗത്തിൻ സിന്ദൂരം.’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘വീണെടം വിഷ്ണുലോകം...’’ എന്നു തുടങ്ങുന്നു. ‘‘വീണെടം വിഷ്ണുലോകം/ഞാനെന്റെ ശവം ചുമന്നു പോണെടം /പ്രേതലോകം/വീണെടം വിഷ്ണുലോകം.’’ ജീവിതത്തിൽ പാടേ നിരാശനായ ഒരു കഥാപാത്രത്തിന്റെ മനസ്സാണ് വയലാർ ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. വരികൾ ഇങ്ങനെ തുടരുന്നു:

‘‘മായ മായ.../ഈയുടുപ്പെനിക്കുതന്നതു മായ /എടുത്തുകൊള്ളൂ ഊരിയെടുത്തുകൊള്ളൂ/ നിഴലേ...നിഴലേ../ മിണ്ടാതെ കൂടെവരും നിഴലേ /നിന്നെയേത് ചാരായക്കടയിൽ വെച്ചിന്നു ഞാൻ കണ്ടുമുട്ടി /ചിരി വരും നിന്റെയീ അഭിനയം കാണുമ്പോൾ/ചിരിവരും...ഹ...ഹ...ഹ.’’

മദ്യപിക്കാത്ത യേശുദാസ് ഒരു തികഞ്ഞ മദ്യപാനിയുടെ ഭാവത്തിലാണ് ഈ പാട്ടു പാടിയിട്ടുള്ളത്. ‘‘മോഹഭംഗങ്ങൾ -എങ്ങും സ്നേഹഭംഗങ്ങൾ’’ എന്നു തുടങ്ങുന്നു യേശുദാസ് പാടിയ മൂന്നാമത്തെ പാട്ട്.

 

‘‘മോഹഭംഗങ്ങൾ -എങ്ങും /സ്നേഹഭംഗങ്ങൾ/ ഈ യുഗത്തിലെ മനുഷ്യനു ചുറ്റും/ ഇരുണ്ട പൊയ്‌മുഖങ്ങൾ!/ഇതുവരെ കാണാത്ത ദൈവം നൽകിയ /തിരുമുഖഛായയുമായ് /വെളിച്ചത്തിൽനിന്നും ഇരുൾക്കാട്ടിലേക്കൊരു /വിടവാങ്ങലല്ലോ ജീവിതം.../ ദുഷ്ടനെ പനപോലെ വളർത്തുന്നു വിധി/ ദുഃഖിതനെ നാടുകടത്തുന്നു...’’

പി. മാധുരി പാടിയ ഒരു ഗാനവും ‘വിവാഹസമ്മാനം’ എന്ന തോട്ടാൻചിത്രത്തിൽ ഉണ്ടായിരുന്നു. ‘‘അമ്പരത്തീ ചെമ്പരത്തീ /ചെമ്പൂക്കാവിലെ രാജാത്തീ /പാദം മുതൽ കൂന്തൽ വരെ /ആരിത്ര പൂ നിന്നെ ചൂടിച്ചൂ...’’ എന്ന പല്ലവിയിൽ തുടങ്ങുന്ന ഗാനം. പാട്ട് ഇങ്ങനെ തുടരുന്നു:

‘‘തൃപ്പൂണിത്തുറയിലെ അത്തച്ചമയം /തൃക്കൺ പാർത്തു വന്ന കാറ്റേ -ഇളംകാറ്റേ/ചിത്രക്കളത്തിൽ പൂക്കളത്തിൽ നിന്റെ/ ചിരി കണ്ടുമയങ്ങിയ പൊൻവെയിലോ..?’’

‘ശരപ്പൊളിമാല’ എന്ന നോവലിന്റെ ചലച്ചിത്രരൂപമായ ‘വിവാഹസമ്മാനം’ ഒരു വലിയ ഹിറ്റ് ആയില്ല. സാമ്പത്തികമായി പരാജയപ്പെട്ടതുമില്ല. എങ്കിലും, 1971ൽ മലയാളത്തിൽ പുറത്തുവന്ന ഭേദപ്പെട്ട സിനിമകളിൽ അത് തീർച്ചയായും ഉൾപ്പെടുന്നു.

‘മൂടൽമഞ്ഞ്’, ‘നാഴികക്കല്ല്’ എന്നീ സിനിമകൾക്കുശേഷം സുദിൻ മേനോൻ സംവിധാനംചെയ്ത സിനിമയാണ് ‘പ്രപഞ്ചം’. പ്രശസ്ത താരങ്ങളെ ഒഴിവാക്കി ചെലവ് കുറച്ചു നിർമിച്ച ഈ സിനിമയുടെ നിർമാതാവ്‌ രാംദാസ് മേനോൻ ആണ്. സംവിധായകനായ സുദിൻ മേനോൻതന്നെ തിരക്കഥയും സംഭാഷണവും രചിച്ചു. സുദേവ്, സുനിത, സുമേഷ്, സി.ആർ. ലക്ഷ്മി, കെ.പി.എൻ. നമ്പ്യാർ, ടി.കെ. ജനാർദനൻ തുടങ്ങിയവർ അഭിനേതാക്കളായി. ദുലാൽസെൻ എന്ന ഉത്തരേന്ത്യൻ സംഗീതജ്ഞൻ ആണ് ‘പ്രപഞ്ചം’ എന്ന സിനിമയുടെ സംഗീതസംവിധായകൻ.

1959ൽ പുറത്തുവന്ന ‘ബ്ലാക്ക് പ്രിൻസ്’ എന്ന ഹിന്ദി ചിത്രത്തിന്റെ സംഗീതസംവിധായകൻ ദുലാൽസെൻ ആയിരുന്നു. ഈ ചിത്രത്തിൽ മുഹമ്മദ് റഫിയും സുമൻ കല്യാൺപുർ എന്ന ഗായികയും വേറെ വേറെ പാടിയ ‘‘നിഗാഹേന് ന ഫേരോ ചലേ ജായേംഗേ ഹം’’ എന്ന പാട്ട് ഹിറ്റായിരുന്നു. 1969ൽ പുറത്തുവന്ന ‘പുനർജന്മ’ എന്ന തെലുഗു സിനിമയിലെ സംഗീതവും ദുലാൽ സെന്നിന്റേതായിരുന്നു.

ദുലാൽസെൻ നൽകിയ ഈണങ്ങൾക്കനുസരിച്ച് പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് യേശുദാസ്, ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി എന്നിവരാണ് ശബ്ദംനൽകിയത്. യേശുദാസ് പാടിയ ‘‘കണ്ണുകൾ നീരണിഞ്ഞതെന്തിനോ..?’’ എന്നു തുടങ്ങുന്ന ഗാനത്തിലെ വരികൾ ഇങ്ങനെ: ‘‘കണ്ണിണകൾ നീരണിഞ്ഞതെന്തിനോ/ മന്ദഹാസം ചുണ്ടിലേന്തിയ ഗായകാ/ സ്മരണതൻ മരുഭൂവിലിന്നീ രാത്രിയിൽ/ കരയുവാനായ് വന്നുചേർന്ന കാമുകാ/കവിൾ നനഞ്ഞു കണ്ഠമിടറി പാടും നിൻ/ കദനഗാനമാർക്കുവേണ്ടി തീർത്തു...’’ യേശുദാസ് തന്നെ പാടിയ ‘‘മൊട്ടുവിരിഞ്ഞില്ല സഖീ നിൻ കടക്കണ്ണിൽ/ മൊട്ടുവിരിഞ്ഞില്ല../ നാണമോ കോപമോ രാഗമോ/ മൊട്ടു വിരിഞ്ഞില്ല...’’ നാണമോ എന്ന ചോദ്യത്തിനും കോപമോ എന്ന ചോദ്യത്തിനും രാഗമോ എന്ന ചോദ്യത്തിനും ‘അല്ല’ എന്ന അർഥത്തിൽ ‘ഊഹും’ എന്നു സ്ത്രീശബ്ദം വരുന്നുണ്ട്.

തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘പുഷ്പിതമായ് പൂമേനി മെല്ലെ/ യൗവനത്തിൻ സ്വപ്നവർണമലർമാലയാലേ/ ചുണ്ടുകളിൽ പനിനീർപ്പൂ/ കവിളിണയിൽ കൈതപ്പൂ/ കണ്ണിണയിൽ കലഹം മാത്രം.../ ഈ മധുപനായ് മണിയറ നീ തുറക്കുമോ/ മനോഹരീ തുറക്കുമോ..?’’

പി. ജയചന്ദ്രൻ പാടിയ ‘‘ഇന്ദുലേഖ ഇന്നു രാത്രി വന്നണഞ്ഞു/ പൊൻവിളക്കുമായ്/ എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ/ മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ?.. / ആകാശ പുഷ്പവേദിയിൽ ആനന്ദനൃത്തമാടുവാൻ/ കാർമുകിൽമാല നൂപുരം/ കാലടിയിൽ ചാർത്തി വന്നുവോ.../എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ.../മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ..?’’

എൽ.ആർ. ഈശ്വരി പാടിയ രണ്ടു പാട്ടുകൾ ചിത്രത്തിലുണ്ടായിരുന്നു. ‘‘ജീവസഖീ നീ പോയി വരൂ/ പ്രാണസഖീ നീ പോയ് വരൂ ഭാവി മുന്നിൽ പൂ വിരിച്ചു/ പ്രാണസഖീ നീ പോയ് വരൂ’’ എന്നാണ് ആദ്യ ഗാനത്തിന്റെ പല്ലവി. പാട്ട് ഇങ്ങനെ തുടരുന്നു:

‘‘കനകരഥവുമായ് പ്രണയവീഥിയിൽ/ കാത്തുനിൽപൂ കാമുകൻ/പ്രാണസഖീ നീ പോയ് വരൂ/ സ്മരണയുടെ അലയാഴി തന്നിൽ/ മുങ്ങിയൊരെൻ കണ്ണുകൾ/ നിന്റെ മുന്നിൽ കാഴ്ച വെപ്പൂ/ രണ്ടു തുള്ളി കണ്ണുനീർ.../പ്രാണസഖീ നീ പോയ് വരൂ...’’ എൽ.ആർ. ഈശ്വരി പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു.

 

‘‘നീ കണ്ടുവോ മനോഹരീ/ കവിത കവിളിലെഴുതി നിറയെ മധുരയൗവനം/ നീ കണ്ടുവോ മനോഹരി.../ സുന്ദരാഭിലാഷ കോടികൾ/ മന്മഥന്റെ നാട്ടുകാരികൾ -ഓ.../സുറുമയെഴുതി നിന്റെ കൺകളിൽ/ അമൃതലഹരി വീശി നിന്റെയധര മലരുകൾ... നീ കണ്ടുവോ മനോഹരീ..?’’

‘മൂടൽമഞ്ഞ്’ എന്ന ആദ്യ ചിത്രത്തിൽ പി. ഭാസ്കരൻ-ഉഷാഖന്ന കൂട്ടുകെട്ടിലൂടെയും ‘നാഴികക്കല്ല്’ എന്ന രണ്ടാമത്തെ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി-കാനുഘോഷ് കൂട്ടുകെട്ട് വഴിയും ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ച സുദിൻ മേനോന് തന്റെ മൂന്നാമത്തെ സിനിമയിൽ ദുലാൽസെൻ എന്ന ഉത്തരേന്ത്യൻ സംഗീതജ്ഞനിൽനിന്ന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ട്യൂൺ അനുസരിച്ച് പാട്ടെഴുതുന്നതിൽ മന്നനായ ഭാസ്കരൻ മാസ്റ്റർപോലും ദുലാൽസെന്നിന്റെ ഈണങ്ങളുടെ മുന്നിൽ നിസ്സഹായനാകുന്ന കാഴ്ച അദ്ദേഹത്തിന്റെ വരികളിൽ പ്രകടമായിരുന്നു. 1971 ഒക്ടോബർ 22ന് തിയറ്ററുകളിലെത്തിയ ‘പ്രപഞ്ചം’ ദയനീയ പരാജയമായി. ‘പ്രപഞ്ച’ത്തിലെ ഗാനങ്ങൾപോലും ആരും ഓർക്കുന്നില്ല.

‘നിലയ്ക്കാത്ത ചലനങ്ങൾ’ എന്ന സിനിമ സംവിധാനംചെയ്ത കെ. സുകുമാരൻ നായരുടെ രണ്ടാമത്തെ ചിത്രമായ ‘പുത്തൻവീട്’ സോമ ഫിലിംസാണ് നിർമിച്ചത്. ‘ഉദ്യോഗസ്ഥ’, ‘മിടുമിടുക്കി’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചന നിർവഹിച്ച കെ.ജി. സേതുനാഥ് ആണ് ‘പുത്തൻവീട്’ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. പ്രേംനസീർ, ഷീല, അടൂർ ഭാസി, കൊട്ടാരക്കര ശ്രീധരൻ നായർ, ടി.എസ്. മുത്തയ്യ, എസ്.പി. പിള്ള, അടൂർ ഭവാനി, വീരൻ, ബഹദൂർ, ടി.ആർ. ഓമന തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു. വയലാറിന്റെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. യേശുദാസ്, കമുകറ പുരുഷോത്തമൻ, എം.ജി. രാധാകൃഷ്ണൻ, എസ്. ജാനകി, പി. സുശീലാദേവി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

‘‘നീലവയലിനു പൂത്തിരുനാള്...’’ എന്നു തുടങ്ങുന്ന യുഗ്മഗാനം യേശുദാസും പി. സുശീലാദേവിയും ചേർന്ന് ആലപിച്ചു.

‘‘നീലവയലിനു പൂത്തിരുനാൾ ഇന്ന്/ നിറയും പുത്തരിനാള്/ പുത്തൻ കലപ്പ കൊണ്ടുഴുതിട്ട മണ്ണിൽ/ പുതുമണം പരക്കും നാള്’’ എന്ന ലളിതമായ പല്ലവി. തുടർന്ന് നാടൻപാട്ടിന്റെ ശൈലിയിൽ വയലാറിന്റെ മുദ്രയുള്ള വരികൾ:

‘‘ആലീ മാലീ മാനം/ മാനത്തശ്വതിമുത്തു കൊണ്ടമ്മാനം/ ആ മുത്തുവാരാൻ കൂടെ പോരണതാരോ... ആരോ /കാലിൽ ചന്ദന മെതിയടിയിട്ടൊരു /കന്നിനിലാപെണ്ണ്... കന്നിനിലാപെണ്ണ്...’’

എസ്. ജാനകി പാടിയ ‘‘കയ്യിൽ മല്ലീശരമില്ലാത്തൊരു/ കാമദേവൻ/ കാർകുഴലിൽ മയിൽ‌പീലി ചൂടാത്തൊരു / കായാമ്പൂവർണൻ -അങ്ങെന്റെ കായാമ്പൂവർണൻ’’ എന്ന ഗാനവും നന്നായിരുന്നു.

കമുകറ പുരുഷോത്തമനും എസ്. ജാനകിയും ചേർന്നു പാടുന്നത് ‘‘കാറ്റിൽ ചുഴലിക്കാറ്റിൽ/ കാലം സ്വപ്‌നങ്ങൾകൊണ്ടു നിർമിച്ചത്/ കടലാസുകൊട്ടാരമായിരുന്നു...’’ എന്നു തുടങ്ങുന്ന ശോകഗാനമാണ്.

‘‘ചന്ദ്രകിരണങ്ങൾ തറയിൽ വിരിച്ചു/ സന്ധ്യകൾ ചുമരിന്നു ചായമിട്ടു / അപ്സരസ്സേ നീ വരുമെന്നോർത്തു ഞാൻ/ അങ്കണമാകെ അലങ്കരിച്ചു/ വന്നില്ല സഖി വന്നില്ല -എന്റെ/ അന്തപ്പുരത്തിലിരുന്നില്ല’’ എന്നിങ്ങനെ തുടരുന്ന ഗാനം വികാരതീവ്രമാണ്.

‘‘എല്ലാ പൂക്കളും ചിരിക്കട്ടെ/ എല്ലാ പുഴകളും പാടട്ടെ/ എന്റെ ദുഃഖവും ഞാനും കൂടിയീ/ ഏകാന്തതയിലിരുന്നോട്ടെ...’’ എന്ന പാട്ട് എം.ജി. രാധാകൃഷ്ണനാണ് പാടിയത്. തുടർന്നുള്ള വരികളും ശ്രദ്ധിക്കാം:

‘‘പാമ്പിനു മാളവും പക്ഷിക്കു മാനവും/ പ്രകൃതി കൊടുക്കുമീ നാട്ടിൽ/ വിധിയുടെ വാടകവീട്ടിൽ കഴിയും/ വിഷാദമല്ലോ ഞാൻ -നിത്യ/ വിഷാദമല്ലോ ഞാൻ...’’ ‘പുത്തൻവീട്’ എന്ന സിനിമയിലെ നാലു പാട്ടുകളും മോശമായിരുന്നില്ല.

1971 ഒക്ടോബർ 29ന്​ റിലീസ് ചെയ്ത ഈ സിനിമ ശരാശരി വിജയം നേടി.

(തുടരും)

Tags:    
News Summary - weekly sangeethayathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.