സ്വന്തമെന്ന പദത്തിനെന്തർഥം?

‘മധുരം തിരുമധുരം’, ‘മോഹിനിയാട്ടം’, ‘മാനസവീണ’ എന്നീ സിനിമകളിലെ പാട്ടുകളുടെ വിശേഷങ്ങളാണ് ഇത്തവണ. സംഗീതയാത്ര തുടരുന്നു.ഒരു ഇടവേളക്കുശേഷം ഡോ. ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘മധുരം തിരുമധുരം’. മധുസന്ധ്യാ ഫിലിംസിന്റെ പേരിൽ അമ്മിണി മാധവനാണ് ചിത്രം നിർമിച്ചത്. എം.ജി. സോമൻ, രാഘവൻ, വിൻസെന്റ്, ജയൻ, ഉണ്ണിമേരി, തിക്കുറിശ്ശി, കെ.പി.എ.സി ലളിത, ബഹദൂർ, കുതിരവട്ടം പപ്പു, മാള അരവിന്ദൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു. എ.ടി. ഉമ്മർ സംഗീതസംവിധായകനായ ഈ സിനിമക്ക് വേണ്ടി ഡോ. ബാലകൃഷ്ണൻ മൂന്നു പാട്ടുകളും രവി വള്ളത്തോൾ, മൂപ്പത്തു രാമചന്ദ്രൻ എന്നിവർ ഓരോ ഗാനവും എഴുതി. ഡോ. ബാലകൃഷ്ണൻ എഴുതിയ...

‘മധുരം തിരുമധുരം’, ‘മോഹിനിയാട്ടം’, ‘മാനസവീണ’ എന്നീ സിനിമകളിലെ പാട്ടുകളുടെ വിശേഷങ്ങളാണ് ഇത്തവണ. സംഗീതയാത്ര തുടരുന്നു.

ഒരു ഇടവേളക്കുശേഷം ഡോ. ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘മധുരം തിരുമധുരം’. മധുസന്ധ്യാ ഫിലിംസിന്റെ പേരിൽ അമ്മിണി മാധവനാണ് ചിത്രം നിർമിച്ചത്. എം.ജി. സോമൻ, രാഘവൻ, വിൻസെന്റ്, ജയൻ, ഉണ്ണിമേരി, തിക്കുറിശ്ശി, കെ.പി.എ.സി ലളിത, ബഹദൂർ, കുതിരവട്ടം പപ്പു, മാള അരവിന്ദൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.

എ.ടി. ഉമ്മർ സംഗീതസംവിധായകനായ ഈ സിനിമക്ക് വേണ്ടി ഡോ. ബാലകൃഷ്ണൻ മൂന്നു പാട്ടുകളും രവി വള്ളത്തോൾ, മൂപ്പത്തു രാമചന്ദ്രൻ എന്നിവർ ഓരോ ഗാനവും എഴുതി. ഡോ. ബാലകൃഷ്ണൻ എഴുതിയ ‘‘കാശായ കാശെല്ലാം പൊൻകാശ്’’ എന്നു തുടങ്ങുന്ന പാട്ട് ജയചന്ദ്രനും കെ.പി.എ.സി ലളിതയും ചേർന്നാണ് പാടിയത്.

‘‘കാശായ കാശെല്ലാം പൊൻകാശ്/ കാശ് തരുന്നത് ജഗദീശൻ/ കാശിന്റെ മീതേ പരുന്തും പറക്കില്ല/ കാശാശയില്ലാത്ത മാളോരില്ല.’’

ഈ വരികൾ കഴിയുമ്പോൾ വരുന്നത് കെ.പി.എ.സി ലളിത പറയുന്ന വാക്കുകളാണ്.

‘‘ഉം. എല്ലാ പിശുക്കന്മാരും പറയണതാ... ഇങ്ങളും പറയണത്. ഏത്?’’

തുടർന്ന് കെ.പി.എ.സി ലളിത പാടുന്നു: ‘‘പെറ്റുവീണ കുരുന്നിന്റെ കയ്യില്/ പടച്ചോൻ കൊടുത്തയച്ചോ കായ്‌/ പൂതിയല്ലേ നായരേ കായുണ്ടാക്കാൻ/ നായരേ... ഓ.../ ഭൂമീന്നു പോകുമ്പോ കൊണ്ടുപോവോ/ ഏയ് നായരേ നില്ല്/ നിങ്ങള് ഭൂമീന്നു പോകുമ്പോ കൊണ്ടുപോവോ...’’

ജയചന്ദ്രന്റെ ശബ്ദത്തിൽ ഇതിനുള്ള മറുപടി: ‘‘ഭൂമീന്നു പോവുമ്പോ കൊണ്ടുപോവൂല്ല -പക്ഷേ/ ഭൂമിയിൽ ജീവിക്കാൻ കാശുവേണ്ടേ..?’’

ഡോ. ബാലകൃഷ്ണൻ തന്നെ രചിച്ച മറ്റൊരു ഗാനം യേശുദാസ് പാടി. കൂടെ മനോഹരി എന്ന ഗായികയും.

‘‘നടുവൊടിഞ്ഞൊരു മുല്ലാക്ക/ മാനത്തെ മുല്ലാക്ക/ ആരാ... പഞ്ചമിച്ചന്ദ്രൻ.../ വടിയും കുത്തി കടവത്തേക്കു/ തത്തി തത്തി നടക്കുമ്പോൾ/ ‘‘കടവേതാ...’’ ‘‘അറിയില്ല.’’ ‘‘പടിഞ്ഞാറേ കടൽ.’’

ഈ ഗാനത്തിലും പാട്ടും ഗദ്യവും ഇടകലർന്നു വരുന്നു.

അടുത്ത പാട്ട്. യേശുദാസും പട്ടം സദനും ചേർന്നാണ് പാടിയിരിക്കുന്നത്.

‘‘ഓ മൈ ലവ് മൈ ലവ് ഐ ഡ്രീം/ ഡ്രീം ഓഫ് യു ഡാർലിങ്/ ഡാൺ ആൻഡ് സൺ സെറ്റ്/

ഫീൽ മൈ ഹാർട്ട് വിത്ത് ഹാപ്പിനെസ്/ ഓ മൈ ലവ് മൈ ലവ് ഐ ഡ്രീം/ ഡ്രീം ഓഫ് യു ഡാർലിങ്... ഡാർലിങ്...’’

ഇത്രയും യേശുദാസിന്റെ ശബ്ദത്തിൽ. തുടർന്ന് പട്ടം സദൻ പാടുന്ന വരികൾ ഇങ്ങനെ:

‘‘ഡാർലിങ്/ ലവ് ഡ്രീം ഡാർലിങ്/ ചക്ക മാങ്ങ തേങ്ങ/ ഇംഗ്ലീഷ് ഭാഷയിൽ പ്രേമം വന്നാൽ/

ലവ് ഡ്രീം ഡാർലിങ് ചക്ക മാങ്ങ തേങ്ങ/ മുട്ട് തട്ട്... വിളി... ശ് വൺ ടു ത്രീ ഫോർ.’’

പിൽക്കാലത്ത് നടനായി മാറിയ രവി വള്ളത്തോൾ ഒരു പാട്ടു മാത്രം എഴുതിക്കൊണ്ട് ഗാനരചയിതാവായി സിനിമാരംഗത്ത് പ്രവേശിച്ചു. (മലയാള സിനിമയിലെ ആദ്യകാല തിരക്കഥാകൃത്തും പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ ടി.എൻ. ഗോപിനാഥൻ നായരുടെ മകനാണ് രവി വള്ളത്തോൾ.) ‘‘താഴ്വരയിൽ മഞ്ഞു പെയ്തു...’’ എന്നാരംഭിക്കുന്ന ഈ ഗാനം പാടിയത് എസ്. ജാനകിയും കൊച്ചിൻ ഇബ്രാഹിമും ചേർന്നാണ്.

‘‘താഴ്വരയിൽ മഞ്ഞു പെയ്തു/ താരുകൾ ഉടയാട അഴിച്ചുവെച്ചു/ ശരറാന്തൽ വിളക്കിന്റെ തിരി നീട്ടി ഇനിയും/ ആരെയെൻ രാധിക കാത്തിരിപ്പൂ...’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘ശരറാന്തൽ തിരിയുടെ നർത്തനം കാൺകെ/ ശലഭമായ് മാനസം തുള്ളിയാടി/ നാഥന്റെ ഹൃദയത്തുടിപ്പിന്റെ താളത്തിൽ/ ആടാൻ കൊതിച്ചു ഞാൻ രാധയായ് മാറി.’’

മൂപ്പത്തു രാമചന്ദ്രൻ എഴുതിയ ‘‘വേദന വിളിച്ചോതി വരും നിന്റെ കാമുകൻ...’’ എന്ന പാട്ടിനു ശബ്ദം നൽകിയത് എസ്. ജാനകിയാണ്.

‘‘വേദന വിളിച്ചോതി വരും നിന്റ കാമുകൻ/ ചേതന തിരിച്ചോതി... വരില്ലവൻ വീണ്ടും.../ മനസ്സിലെ മോഹത്തിൻ കളിക്കൂട്ടുകാരൻ/ കളിക്കൂട്ടുകാരൻ.’’

ആദ്യചരണം ഇങ്ങനെ: ‘‘മാനസസൂത്രത്തിൻ സങ്കൽപ പുഷ്പങ്ങളാൽ/ പേശലമൊരു മാല്യം കൊരുത്തു ഞാൻ/ ഇന്നലെ ജീവിത മലർമാല്യം കൊരുത്തു/ ഇന്നു കൊഴിഞ്ഞു വാടിക്കരിഞ്ഞു/ കരളിന്റെ പേടകം പൊട്ടിത്തകർന്നു...’’

1976 ഒക്ടോബർ ഒന്നിന് പ്രദർശനം തുടങ്ങിയ ‘മധുരം തിരുമധുരം’ എന്ന ചിത്രം ഒരു വിജയമായില്ല. ഗാനങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

ശ്രീ ലക്ഷ്മീ ഗണേഷ് പിക്ചേഴ്സിനുവേണ്ടി ബാബു നന്ദൻകോട് സംവിധാനംചെയ്ത ‘മാനസവീണ’ എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. മധു, ജയഭാരതി, രാഘവൻ, വിൻസെന്റ്, അടൂർ ഭാസി, ഉണ്ണിമേരി, ബഹദൂർ, കുതിരവട്ടം പപ്പു, ടി.ആർ. ഓമന, പ്രമീള തുടങ്ങിയവർ അഭിനയിച്ചു. തമിഴ് നാടകവേദിയിൽ പ്രവർത്തിക്കുന്ന എം.എൽ. ശ്രീകാന്ത് ആണ് ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഈണം പകർന്നത്. ചിത്രത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു.

യേശുദാസ്, പി. സുശീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി എന്നിവരോടൊപ്പം സംഗീതസംവിധായകനായ ശ്രീകാന്തും പിന്നണിയിൽ പാടി.

യേശുദാസ് ആലപിച്ച ആദ്യഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മായയാം മാരീചൻ മുൻപേ/ മനസ്സെന്ന ശ്രീരാമൻ പിൻപേ/ മോഹമാം മൈഥിലീദേവി തൻ മുന്നിൽ/ ദാഹാർത്തനായ് വരും വിധിയെന്ന രാവണൻ.’’

ആദ്യചരണം ഇങ്ങനെ: ‘‘ഓടിത്തളരുന്ന മനസ്സിന്റെ ബാണം/ ഒരിക്കലുമേൽക്കാതെയോടുന്നു മായ.../ വനവീഥികളെ കൈവെടിയുന്നു/ മാനത്തു മറയുന്നു വിരഹിണി സീത.’’

 

ശ്രീകുമാരൻ തമ്പി,രവി വള്ളത്തോൾ

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘നിലാവോ നിന്റെ പുഞ്ചിരിയോ...’’ എന്ന് ആരംഭിക്കുന്നു.

‘‘നിലാവോ നിന്റെ പുഞ്ചിരിയോ/ നിറച്ചു കവിതയെൻ കരളിൽ/ കിനാവോ നിന്റെ തേന്മൊഴിയോ/ നിറച്ചു ബാഷ്പമെൻ മിഴിയിൽ?’’

ഗാനം തുടരുന്നു: ‘‘നിശാപുഷ്പമോ നിൻ മിഴിയിതളോ/ നിദ്രയിൽ അരികിൽ കാവലിരുന്നു/

എന്റെ തപസ്സോ നിന്റെ വയസ്സോ/ എനിക്കീ മോഹത്തിൻ തേൻകൂടു തന്നു..?’’

എസ്. ജാനകി ആലപിച്ച ഗാനമാണ് അടുത്തത്.

‘‘തുളസീവിവാഹനാളിൽ/ തുംഗമാം ആകാശപ്പടവിൽ/ വൃശ്ചികദ്വാദശി വിളക്കു വെച്ചു/

വെറുതേ ഞാൻ അതു കണ്ടു വേദനിച്ചു...’’

ആദ്യചരണത്തിലെ വരികൾ: ‘‘മഹാവിഷ്ണുവായ് നീ നിന്നു/

തുളസിച്ചെടിയായ് ഞാൻ നിന്നു... ഭാവന തൻ പൊന്നമ്പലത്തിൽ/ ഭാഗ്യദീപങ്ങൾ എരിഞ്ഞണഞ്ഞു...’’

‘‘സ്വപ്നം തരുന്നതും നീ...’’ എന്നാരംഭിക്കുന്ന ഗാനം പി. സുശീല ആലപിച്ചു.

‘‘സ്വപ്‌നം തരുന്നതും നീ/ ദുഃഖം തരുന്നതും നീ.../ നിൻ ദാനപുഷ്പങ്ങൾ കയ്യേറ്റു വാങ്ങും/

പൊൻപൂത്തളികകൾ ഹൃദയങ്ങൾ/ പാടുന്ന മാനവഹൃദയങ്ങൾ...’’

പി. സുശീലയും എം.എൽ. ശ്രീകാന്തും ചേർന്നു പാടിയ ഗാനം ഇതാണ്.

‘‘ഉറക്കം മിഴികളിൽ ഊഞ്ഞാലാടുന്നു/ ഉള്ളിൽ സ്വപ്‌നം കതിർമഴ ചൊരിയുന്നു.../ പാടൂ പാടൂ പനിനീർക്കാറ്റേ/ പാരിജാതം ഉറങ്ങുന്നു...’’

‘മാനസവീണ’ക്കു വേണ്ടി എൽ.ആർ. ഈശ്വരി പാടിയ ഗാനം അവർ സാധാരണ പാടുന്ന പാട്ടുകളിൽനിന്നു വ്യത്യസ്തമായിരുന്നു.

‘‘സന്താനഗോപാലം പാടിയുറക്കാം/ സാരോപദേശങ്ങൾ ചൊല്ലിയുറക്കാം/ സുന്ദരസ്വപ്നത്തിൻ തൂവൽതലോടലിൽ/ ചെന്താമരേ നീയുറങ്ങ്... എന്റെ പൂന്തിങ്കളേ നീയുറങ്ങ്...’’

1976 ഒക്ടോബർ 15ന് പുറത്തുവന്ന ‘മാനസവീണ’ എന്ന സിനിമക്ക് ശരാശരി വിജയം നേടാനേ കഴിഞ്ഞുള്ളൂ.

രാഗമാലിക നിർമിച്ച ‘മോഹിനിയാട്ടം’ എന്ന സിനിമ, വനിതാവിമോചനം വിഷയമാക്കി നിർമിക്കപ്പെട്ടതാണ്. മൂന്നു പുരുഷന്മാരാൽ ബലാത്സംഗം ചെയ്യപ്പെട്ട മൂന്നു സ്ത്രീകൾ ജീവിതത്തെ എങ്ങനെ നേരിട്ടു എന്നാണ് ഈ ചിത്രം പറയുന്നത്.

കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി സിനിമ സംവിധാനംചെയ്തത് ശ്രീകുമാരൻ തമ്പിയാണ്. ലക്ഷ്മി, വിധുബാല, കനകദുർഗ, അടൂർ ഭാസി, എം.ജി. സോമൻ, കെ.പി. ഉമ്മർ, ജഗതി ശ്രീകുമാർ, മല്ലിക, ടി.ആർ. ഓമന, ടി.പി. മാധവൻ, മാസ്റ്റർ ശേഖർ തുടങ്ങിയവർ അഭിനയിച്ചു.

ഹാസ്യനടൻ, സ്വഭാവനടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായ മണിയൻപിള്ള രാജു ‘മോഹിനിയാട്ടം’ എന്ന സിനിമയിലൂടെയാണ് അഭിനേതാവായത്. അക്കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത് സുധീർകുമാർ എന്ന പേരിലാണ്. സംവിധായകരായ പി.എൻ. മേനോനും ബാബു നന്തൻകോടും ഈ ചിത്രത്തിൽ അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെട്ടു. ‘മോഹിനിയാട്ട’ത്തിന്റെ സംഗീതസംവിധായകൻ ജി. ദേവരാജൻ ആയിരുന്നു. ചിത്രത്തിനുവേണ്ടി നാല് ഗാനങ്ങൾ റെക്കോഡ്‌ ചെയ്യപ്പെട്ടെങ്കിലും ഒരു ഗാനം ഉപയോഗിച്ചില്ല.

യേശുദാസ് ആലപിച്ച ‘‘സ്വന്തമെന്ന പദത്തിനെന്തർഥം..?’’, ജയചന്ദ്രൻ പാടിയ ‘‘ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടൻവള്ളം’’, അന്ന് നവാഗതനായിരുന്ന മണ്ണൂർ രാജകുമാരനുണ്ണി പാടിയ ‘ഗീത ഗോവിന്ദ’ത്തിലെ ‘‘രാധികാ കൃഷ്ണാ രാധികാ തവ വിരഹേ കേശവാ...’’ എന്നീ ഹിറ്റ്ഗാനങ്ങൾ ‘മോഹിനിയാട്ട’ത്തിൽ ഉള്ളതാണ്.

‘‘സ്വന്തമെന്ന പദത്തിനെന്തർഥം?/ ബന്ധമെന്ന പദത്തിനെന്തർഥം..?/ ബന്ധങ്ങൾ സ്വപ്‌നങ്ങൾ ജലരേഖകൾ...’’ എന്ന പല്ലവിയും ‘‘ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടൻവള്ളം/ ആലോലമണിത്തിരയിൽ നടനമാടി/ ആറ്റുവക്കിൽ ഉലഞ്ഞാടും കരിനീലമുളകളിൽ/ കാറ്റുവന്നു തട്ടിയോണപ്പാട്ടൊന്നു പാടി’’ എന്ന പല്ലവിയും വളരെ പ്രശസ്തമാണ്.

‘‘സ്വന്തമെന്ന പദത്തിനെന്തർഥം..?’’ എന്ന ഗാനത്തിന്റെ ആദ്യചരണം ഇങ്ങനെ: ‘‘പുണർന്നാലുടനെ പുറന്തള്ളും തീരവും/ തിരയുടെ സ്വന്തമെന്നോ.../ മാറോടമർത്തുമ്പോൾ പിടഞ്ഞോടും മേഘങ്ങൾ/ മാനത്തിൻ സ്വന്തമെന്നോ.../ പൂവിനു വണ്ടു സ്വന്തമോ/ കാടിനു കാറ്റു സ്വന്തമോ/ എനിക്കു നീ സ്വന്തമോ... ഓമനേ/ നിനക്കു ഞാൻ സ്വന്തമോ..?’’

‘‘ആറന്മുള ഭഗവാന്റെ...’’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആദ്യചരണം ഇനി പറയുന്നു: ‘‘ചിത്രവർണപട്ടുടുത്തെൻ/ ചിത്രലേഖ പാറിവന്നു/ ഉത്രട്ടാതി ഓണവെയിലിൽ കുളിച്ചു നിന്നു/ കണ്മണി തൻ കടമിഴിത്തോണിയിലെ കന്യകളാം കനവുകൾ ഇരയിമ്മൻകുമ്മികൾ പാടി.’’

മാധുരി പാടിയ ‘‘കണ്ണീരു കണ്ടാൽ ചിരിക്കുമെടീ...’’ എന്നു തുടങ്ങുന്ന പാട്ടാണ് ഒഴിവാക്കപ്പെട്ടത്. എന്നാൽ ഇതിന്റെ ഗ്രാമഫോൺ ഡിസ്‌ക് പുറത്തിറങ്ങിയിട്ടുണ്ട്.

 

മണിയൻപിള്ള രാജു,കെ.പി.എ.സി ലളിത

‘‘കണ്ണീരു കണ്ടാൽ ചിരിക്കുമെടീ... ഞാൻ/ കണ്ണീരു കണ്ടാൽ ചിരിക്കുമെടീ... എന്റെ കണ്ണുകൾ കള്ളിമുൾപ്പൂക്കളെടീ/ കരളിൽ വേനലും വസന്തമെടീ...’’ എന്നിങ്ങനെ പല്ലവി.

1976 ഒക്ടോബർ 22ന് തിയറ്ററുകളിൽ എത്തിയ ‘മോഹിനിയാട്ടം’ എന്ന സിനിമ അനവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. സാമ്പത്തികമായും ചിത്രം രക്ഷപ്പെട്ടു എന്നു പറയാം.

ശ്രീ മഹേശ്വരി ആർട്സിന്റെ പേരിൽ പുറത്തിറങ്ങിയ ‘പിക്‌പോക്കറ്റ്’ എന്ന ആക്ഷൻ ചിത്രം ശശികുമാറാണ് സംവിധാനം ചെയ്‌തത്‌. പ്രേംനസീർ, ജയൻ, വിധുബാല, എം.ജി. സോമൻ, അടൂർ ഭാസി, കനകദുർഗ, മീന, ശ്രീലത തുടങ്ങിയവർ വേഷമിട്ടു. പാപ്പനംകോട് ലക്ഷ്മണൻ കഥയും തിരക്കഥയും സംഭാഷണവും പാട്ടുകളും എഴുതി. എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു. ജയചന്ദ്രനും സംഘവും പാടിയ ‘‘പളനിമലക്കോവിലിലെ പാൽക്കാവടി...’’ എന്നാരംഭിക്കുന്ന പാട്ട് ഹിറ്റ്‌ലിസ്റ്റിൽ പെട്ടു.

‘‘പളനിമലക്കോവിലിലെ പാൽക്കാവടി/ ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി/ വേൽമുരുകാ ഹരോഹര/ ശ്രീമുരുകാ ഹരോഹര/ ആറുമുഖ ഹരോഹര/ ആദിരൂപ ഹരോഹര’’ എന്നിങ്ങനെ തുടങ്ങന്ന ഗാനം മേളക്കൊഴുപ്പുള്ളതാണ്.

യേശുദാസ് ‘പിക്‌പോക്കറ്റി’നുവേണ്ടി രണ്ടു പാട്ടുകൾ പാടി. ആദ്യഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കണ്മുനയിൽ പുഷ്പശരം.../ നിന്റെ കവിളിണയിൽ പത്മദളം/ മതിമുഖി നീയെൻ അരികത്തിരുന്നാൽ/ മനസ്സാകെ സ്വപ്നത്തിൻ സപ്‌തസ്വരം.’’

യേശുദാസ് ശബ്ദം നൽകിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനമിതാണ്: ‘‘മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ/ ഇരവും പകലും കണ്ണീർ ചൊരിയും/ തെരുവു മൃഗങ്ങളാകാനോ...’’

ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘പിറന്ന നാടെവിടെ... നമ്മൾ/ വളർന്ന വീടെവിടെ... അജ്ഞാത നാടകമറിയാതാടുന്ന/ കറുത്ത വേഷങ്ങളേ.’’

ജയചന്ദ്രനും വാണിജയറാമും ചേർന്നു പാടിയ പ്രണയഗാനമാണിനി.

‘‘സ്വപ്നഹാരമണിഞ്ഞെത്തും മദനചന്ദ്രികയോ/ പുഷ്പശയ്യകളൊരുക്കുന്ന പ്രണയദേവതയോ...’’ എന്ന് പുരുഷശബ്ദം. അപ്പോൾ സ്ത്രീസ്വരത്തിലുള്ള മറുപടി - ‘‘പ്രേമയമുനാതീരത്തെ പ്രിയമാനസനോ/ രാഗമാധുരി ചൊരിയുന്നതാദ്യയാമിനിയിൽ...’’

ജയചന്ദ്രനും പട്ടം സദനും ചേർന്നു പാടിയ ഹാസ്യഗാനമാണ് ആറാമത്തേത്. അത് ഇങ്ങനെ തുടങ്ങുന്നു:

‘‘അരേ ഭായ് ആയിയെ ആയിയെ/ ബഹുത്ത് ആയിയെ/ ജൽദി ആയിയെ/ ഭൂമിക്കു ബർമവെയ്ക്കും പൊന്നളിയന്മാരേ/ ഇത് ഭൂലോരംഭയുടെ സൈക്കിൾറിക്ഷാ യജ്ഞം/ യജ്ഞം യജ്ഞം യജ്ഞം...’’

1976 ഒക്ടോബർ 29ന് റിലീസ് ചെയ്‌ത ‘പിക്‌പോക്കറ്റ്’ സാമ്പത്തിക വിജയം നേടിയ വിനോദ ചിത്രമാണ്.

(തുടരും)

Tags:    
News Summary - Malayalam film songs history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.