ആലിംഗനം, അഭിനന്ദനം, പാരിജാതം, കാമധേനു എന്നീ സിനിമകളുടെ പിന്നണി ഗാനങ്ങളെക്കുറിച്ചാണ് ഇത്തവണ എഴുത്ത്.
1976 നവംബർ 20ന് ‘കാടാറു മാസം’ എന്ന പേരിൽ ഒരു സിനിമ പുറത്തുവന്നതായി കാണുന്നു. അങ്ങനെയൊരു സിനിമ ഈ ലേഖകന് കാണാൻ കഴിഞ്ഞിട്ടില്ല. ഡോ. ബാലകൃഷ്ണൻ സംവിധാനംചെയ്‌ത ഈ ചിത്രത്തിന് സൈലം ആലുവ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾക്ക് ബി.എ. ചിദംബരനാഥ് ഈണം പകർന്നു. പാട്ടുപുസ്തകമില്ല. ഗ്രാമഫോൺ റെക്കോഡുകളില്ല. മങ്കൊമ്പിനുപോലും ചിത്രത്തിനായി എഴുതിയ പാട്ടുകൾ ഓർമയില്ല. (മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്ത്യയാത്ര പറയുന്നതിനു മുമ്പ് ഈ ചിത്രത്തെപ്പറ്റിയും ഇതിലെ പാട്ടുകളെപ്പറ്റിയും അദ്ദേഹത്തോട് ഈ ലേഖകൻ അന്വേഷിക്കുകയുണ്ടായി.) വിൻസെന്റ് ആയിരുന്നു ചിത്രത്തിലെ നായകൻ എന്നാണറിവ്. ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സിനിമ.
ഐ.വി. ശശി സംവിധാനംചെയ്‌ത ‘ആലിംഗനം’ എം.പി. രാമചന്ദ്രൻ (മുരളി മൂവീസ്) നിർമിച്ചതാണ്. ആലപ്പി ഷെരീഫ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയ ചിത്രത്തിൽ കെ.പി. ഉമ്മർ, രാഘവൻ, വിൻസെന്റ്, രാഗിണി, ശ്രീദേവി, റാണിചന്ദ്ര, കുതിരവട്ടം പപ്പു, പ്രതാപചന്ദ്രൻ, മീന തുടങ്ങിയവർ അഭിനേതാക്കളായി. ബിച്ചു തിരുമലയുടെ ഗാനരചനയും എ.ടി. ഉമ്മറിന്റെ സംഗീതസംവിധാനവും. യേശുദാസും എസ്. ജാനകിയും ഗാനങ്ങൾ ആലപിച്ചു. എസ്. ജാനകി പാടിയ ‘‘തുഷാരബിന്ദുക്കളേ’’ എന്നു തുടങ്ങുന്ന ഗാനം ഒട്ടൊക്കെ പ്രശസ്തമാണ്.
‘‘തുഷാരബിന്ദുക്കളേ... നിങ്ങൾ/ എന്തിനു വെറുതേ ചെമ്പനീരലരിൽ/ വിഷാദഭാവങ്ങൾ അരുളി... തുഷാരബിന്ദുക്കളേ...’’
ആദ്യ ചരണമിതാണ്: ‘‘ഇന്നലെ രാത്രിയിൽ ഈ വനവീഥിയിൽ/ വിരിഞ്ഞുനിന്നൊരു മലരേ/ മണിമാരനു നീ നൽകിയതെന്തേ/ മണമോ മനമോ പൂന്തേനോ..?’’
ചിത്രത്തിലെ മറ്റു മൂന്നു ഗാനങ്ങൾ യേശുദാസ് പാടി.
‘‘ചന്ദനഗന്ധികൾ വിരിയും തീരം/ ചാരുമുഖീ നിൻ വിഹാരരംഗം/ അതിലെ കുളിരിൻ കുമ്പിളിൽനിന്നും/ ആയിരം ശലഭങ്ങൾ/ ഒരായിരം ശലഭങ്ങൾ...’’ എന്നു തുടങ്ങുന്നു ഒരു ഗാനം.
‘‘ഹേ ഹേ ഹേ ഹേമന്തം തൊഴുതുണരും പുലരികൾ/ ഹൈമവതിക്കുളിരണിയും സന്ധ്യകൾ/ ഹൃദയസഖീ നിന്റെയിളം കവിളുകൾ ...അതിൽ ഇന്ദുമതിപ്പൂ വിരിയും പൊയ്‌കകൾ/ നുണക്കുഴിപ്പൊയ്‌കകൾ...’’ എന്നാരംഭിക്കുന്നു യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം. അദ്ദേഹം ആലപിച്ച മൂന്നാമത്തെ പാട്ടിന്റെ പല്ലവിയിങ്ങനെ: ‘‘നിമിഷദലങ്ങൾ നിർവൃതികൊള്ളും/ നിരുപമ ലഹരിവിശേഷം/ പ്രകൃതിയും മനുഷ്യനും പരസ്‌പരം മറക്കും/ നിതാന്ത മാസ്‌മരഭാവം/ ആലിംഗനം... ആലിംഗനം... ആലിംഗനം.’’
ആദ്യചരണത്തിലെ വരികൾകൂടി ഉദ്ധരിക്കുന്നു: ‘‘അകലെയകലെയാ ചക്രവാളങ്ങളിൽ/ ആകാശം ഭൂമിയെ പുണരുമ്പോൾ/ അവളുടെ മിഴിയിൽ അവന്റെ ചൊടിയിൽ/ അസുലഭലഹരികൾ നുരയുന്നു...’’
ഐ.വി. ശശി സംവിധാനം നിർവഹിച്ച ആദ്യകാല സിനിമകളിലൂടെയാണ് ബിച്ചു തിരുമല-എ.ടി. ഉമ്മർ കൂട്ടുകെട്ട് മുന്നോട്ടുവന്നത്.
1976 നവംബർ 26ന് തിയറ്ററുകളിലെത്തിയ ‘ആലിംഗനം’ സാമാന്യവിജയം നേടി. ഐ.വി. ശശിയുടെ മുൻ ചിത്രങ്ങളെപ്പോലെ ‘ആലിംഗന’വും ചെലവ് കുറച്ചു നിർമിച്ച സിനിമയായിരുന്നു.
‘ആലിംഗന’ത്തെ തുടർന്ന് തിയറ്ററുകളിലെത്തിയതും ഒരു ഐ.വി. ശശി ചിത്രമായിരുന്നു എ. രഘുനാഥ് (സഞ്ജയ് പ്രൊഡക്ഷൻസ്) നിർമിച്ച ‘അഭിനന്ദനം’. എം.ജി. സോമൻ, ജയഭാരതി, ശ്രീദേവി, വിൻസെന്റ്, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, ആലുമ്മൂടൻ, ജനാർദനൻ, ശ്രീലത, മീന, പ്രേമ, ഉഷാറാണി തുടങ്ങിയവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആലപ്പി ഷെരീഫ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ഈണം പകർന്നത് കണ്ണൂർ രാജൻ. യേശുദാസ്, എസ്. ജാനകി, എൻ. ലതിക എന്നിവർ പിന്നണിയിൽ പാടി. ‘‘എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്നസുഗന്ധമേ..?’’ എന്ന് തുടങ്ങുന്ന പ്രശസ്തഗാനം ‘അഭിനന്ദന’ത്തിൽ ഉള്ളതാണ്. യേശുദാസാണ് ഈ ഗാനത്തിന് ശബ്ദം നൽകിയത്. തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ വിദ്യാർഥിയായിരുന്ന കാലത്ത് ശ്രീകുമാരൻ തമ്പി രചിച്ച് ‘കേരളശബ്ദം’ വാരികയിൽ പ്രസിദ്ധീകരിച്ച കവിതയിലെ ആദ്യ ഭാഗമാണ് ഗാനമായി മാറിയത്.
‘‘എന്തിനെന്നെ വിളിച്ചു നീ വീണ്ടും/ എന്റെ സ്വപ്നസുഗന്ധമേ...’’ എന്ന് പല്ലവി. വരികൾ ഇങ്ങനെ തുടരുന്നു: ‘‘ഈ വസന്ത ഹൃദന്തവേദിയിൽ/ ഞാനുറങ്ങിക്കിടക്കവേ/ ഈണമാകെയും ചോർന്നുപോയൊരെൻ/ വേണുവും വീണുറങ്ങവേ/ രാഗവേദന വിങ്ങുമെൻ കൊച്ചു/ പ്രാണതന്തു പിടയവേ/ എന്തിനെന്നെ വിളിച്ചു നീ വീണ്ടും..?/ ഏഴു മാമലയേഴുസാഗര-സീമകൾ കടന്നീവഴി/ എങ്ങുപോകണമെന്നറിയാതെ/ വന്ന തെന്നലിലൂടവേ/ പാതിനിദ്രയിൽ പാതിരാക്കിളി/ പാടിയ പാട്ടിലൂടവേ/ എന്തിനെന്നെ വിളിച്ചു നീ വീണ്ടും...’’
യേശുദാസ് പാടിയ രണ്ടാമത്തെ പാട്ടിന്റെ പല്ലവിയിങ്ങനെ: ‘‘ചന്ദ്രനും താരകളും കിളിത്തട്ടു കളിക്കും/ സുന്ദരനീലാംബരം... സുന്ദരനീലാംബരം/ കരയിലും കടലിലും കാമുകമനസ്സിലും/ കളിവിളക്കെത്തിക്കും പൊന്നമ്പലം.’’
ആദ്യ ചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘ഈ മീനപഞ്ചമിവിളക്കിന്റെ മുന്നിലെൻ/ ഈണങ്ങളെ ഞാനുറക്കാനോ... പുളകങ്ങളായ് രക്തം കുളിരുന്ന കരളിലെ/ പൂമൊട്ടുകൾ നുള്ളിയെറിയാനോ..?’’
എസ്. ജാനകി ആലപിച്ച ഗാനം ‘‘പത്തു പൈസയ്ക്കൊരു പാട്ടുപെട്ടി’’ എന്നാണ് ആരംഭിക്കുന്നത്. കളിപ്പാട്ടമായ വീണ വിൽക്കുന്ന യുവതി പാടുന്ന ഗാനമാണിത്.
‘‘പത്തു പൈസയ്ക്കൊരു പാട്ടുപെട്ടി/ തൊട്ടാൽ തുളുമ്പുന്ന വീണക്കുട്ടി/ മനസ്സ് കനിഞ്ഞൊന്നു വാങ്ങിക്കണേ... ഇത് വയറിലെ വീണ തൻ വിളിയാണേ...’’
അന്ന് പുതിയ ഗായികയായിരുന്ന എൻ. ലതികയോടൊപ്പം യേശുദാസ് ആലപിച്ച യുഗ്മഗാനമാണ് ഇനി. ഈ ഗാനവും പ്രശസ്തമാണ്.
‘‘പുഷ്പതൽപ്പത്തിൽ നീ വീണുറങ്ങി/ സ്വപ്നമായ് നിദ്രയിൽ ഞാൻ തിളങ്ങി/ വീണയായോമനേ നീയൊരുങ്ങി/ ഗാനമായ് നിന്നുള്ളിൽ ഞാനുറങ്ങി.’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘വാസരസങ്കൽപലോകത്തു കണ്മണി/ വാടാമലർ പൂക്കും വാടിയായി/ വർണങ്ങൾ ചിന്തി നിൻ മേനിയിലാടാൻ ഞാൻ/ വാസന തൂവും വസന്തമായി/ ആരോരുമാരോരുമറിയാതെ...’’
ഈ ഗാനത്തിലെ പല്ലവി എൻ. ലതിക പ്രത്യേകം പാടിയിട്ടുണ്ട്.
1976 ഡിസംബർ രണ്ടിന് പുറത്തുവന്ന ‘അഭിനന്ദനം’ എന്ന ഐ.വി. ശശി ചിത്രവും പരാജയപ്പെട്ടില്ല. ഐ.വി. ശശി സംവിധാനംചെയ്‌ത ‘ആലിംഗനം’ തിയറ്ററുകളിൽ രണ്ടാംവാരം ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അടുത്ത സിനിമയായ ‘അഭിനന്ദനം’ തിയറ്ററുകളിൽ എത്തിയത്.
‘സേതുബന്ധനം’, ‘പ്രവാഹം’, ‘സിന്ധു’ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച സൂര്യാ പിക്ചേഴ്സിന്റെ ഭാഗമായ സൂര്യാ ക്രിയേഷൻസിന്റെ ‘പാരിജാതം’ മൻസൂർ എന്ന തൂലികാനാമത്തിൽ ബേബിയാണ് (ലിസ ബേബി) സംവിധാനംചെയ്തത്. മുൻപറഞ്ഞ ചിത്രങ്ങളിൽ സംവിധായകനായ ശശികുമാറിന്റെ പ്രധാന സഹായിയായി പ്രവർത്തിച്ച ബേബിക്ക് നിർമാതാവ് കയറ്റം നൽകുകയായിരുന്നു. എസ്.എൽ. പുരം സദാനന്ദൻ രചന നിർവഹിച്ച ‘പാരിജാത’ത്തിൽ പ്രേംനസീർ, വിധുബാല, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ജോസ് പ്രകാശ്, ആലുമ്മൂടൻ, മീന, ശ്രീലത തുടങ്ങിയവർ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി-അർജുനൻ ടീം ഗാനങ്ങളൊരുക്കി. ‘‘ഉദയദീപിക കണ്ടുതൊഴുന്നു’’ എന്ന് തുടങ്ങുന്ന പാട്ട് യേശുദാസ് പാടി.
‘‘ഉദയദീപിക കണ്ടുതൊഴുന്നു/ ഉഷഃകാല മേഘങ്ങൾ/ പൂർവദിങ്മുഖ പൊൻതൃക്കോവിലിൽ/ പുഷ്‌പാഭിഷേകം തുടങ്ങുന്നു’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘അഷ്ടമംഗല്യത്തിൻ അകമ്പടിയില്ല/ അറുപതു തിരി വിളക്കില്ല/ കതിർമണ്ഡപമില്ല തകിൽമേളമില്ല/ കല്യാണം, നമുക്ക് കല്യാണം/ ഉദയം സാക്ഷി ഈ ഉദ്യാനം സാക്ഷി/ സാക്ഷി സാക്ഷി സാക്ഷി.’’ യേശുദാസ് ആലപിച്ച രണ്ടാമത്തെ പാട്ട് ‘‘തൊട്ടാൽ പൊട്ടും രസക്കുടുക്കേ...’’ എന്നാരംഭിക്കുന്നു.
‘‘തൊട്ടാൽപൊട്ടും രസക്കുടുക്കേ... നീ/ കിട്ടാനില്ലാത്ത പാരിജാതം/ കെട്ടിപ്പിടിച്ചാൽ പൊട്ടിവിടരും/ വിട്ടാലും തൂമണം പിന്നാലെ പോരും.’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘ചിലങ്ക കെട്ടിയ നിൻ നാവിൽ/ കുലുങ്ങിവീഴും താളപ്പൂ/ മധുരക്കിങ്ങിണി നിൻ നാവിൽ... അതിൽ മയങ്ങിടുന്നു സംഗീതം.’’ തുടർന്ന് സ്വരങ്ങൾ വരുന്നു...
ജയചന്ദ്രനും വാണിജയറാമും ചേർന്നു പാടിയ ഗാനമാണ് അടുത്തത്. ‘‘ചുണ്ടിൽ വിരിഞ്ഞത് പുഞ്ചിരിപ്പൂവോ/ ചുംബനലഹരിയിൽ പൂക്കും നിലാവോ/ കണ്ണിൽ തെളിഞ്ഞത് കനവിൻ പൂത്തിരിയോ/ കരളിന്റെ കരളിലെ ദാഹപ്പൂന്തിരയോ..?’’ എന്ന് ഗാനം തുടങ്ങുന്നു.
ജോളി എബ്രഹാം, സി.ഒ. ആന്റോ, വിനയൻ എന്നിവർ ചേർന്നു പാടിയ ഹാസ്യഗാനം ഇങ്ങനെ തുടങ്ങുന്നു. മദ്യപിച്ചു പാടുന്ന പാട്ടാണിത്.
‘‘ഡും ഡും ഡും ഡും/ മാനം പൊട്ടിവീണു ഭൂലോകം കുലുങ്ങി/ ആകാശത്തിന് തൂണുകൊടുക്കാൻ ആരുമില്ലേ.../ അയ്യോ അയ്യോ... അയ്യോ ആരുമില്ലേ.../ ആഹാ മാനം പൊട്ടിവീണു.../ സോഡാ ഫാന്റ, കൊക്കോകോള/ ഇന്ന് രൊക്കം നാളെ കടം/ മൈ ഡിയർ ഫാദർ സോഡാസെല്ലർ... സോഡാക്കുപ്പി വരുന്നേ...ഓടിക്കോ...’’
‘പാരിജാതം’ എന്ന സിനിമ വേണ്ടത്ര വിജയിച്ചില്ല. 1976 ഡിസംബർ രണ്ടിന് ചിത്രം പുറത്തുവന്നു.
എച്ച്.ആർ ഫിലിംസിന്റെ ബാനറിൽ ഹസനും റഷീദും ചേർന്നു നിർമിച്ച സിനിമയാണ് ‘കാമധേനു’. ശശികുമാർ സംവിധാനംചെയ്‌ത ചിത്രത്തിൽ പ്രേംനസീർ, ജയൻ, ജയഭാരതി, ശ്രീവിദ്യ, അടൂർ ഭാസി, ശങ്കരാടി, എൻ. ഗോവിന്ദൻ കുട്ടി, പി.കെ. എബ്രഹാം, കുതിരവട്ടം പപ്പു, മണവാളൻ ജോസഫ്, സുരാസു, മീന, പട്ടം സദൻ തുടങ്ങിയവർ അഭിനയിച്ചു.
കഥയും തിരക്കഥയും സംഭാഷണവും പാപ്പനംകോട് ലക്ഷ്മണൻ എഴുതി.
യൂസഫലി കേച്ചേരിയുടെ വരികൾ, ശങ്കർ-ഗണേഷിന്റെ സംഗീതം. യേശുദാസ്, പി. സുശീല, ജയചന്ദ്രൻ, വാണിജയറാം എന്നിവരുടെ ആലാപനം. ചിത്രത്തിൽ നാല് പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘പൊന്നാര്യൻ കതിരിട്ട് കസവിട്ടു നിൽക്കുന്ന/ ഭൂമിക്കു പ്രായം പതിനാറ്/ ഭൂമീദേവിക്ക് പ്രായം പതിനാറ്/ ചുടുവേർപ്പിൻ മുത്തുകൾ/ നെടുവീർപ്പായ് മാറ്റുന്ന/ ഭൂമിക്കു പ്രായം പതിനാറ്.’’
‘‘ജിംഗര ജിംഗാ ഓഹോ/ ജിംഗര ജിംഗാ...’’ എന്നിങ്ങനെ കോറസ്.
‘‘മണ്ണിന്റെ മക്കൾക്കു മണ്ണു കിട്ടി/ ഒരുപിടി മണ്ണു കിട്ടി/ മാടത്തിന് മക്കൾക്ക് പൊന്നു കിട്ടി/ തമ്പുരാൻ കനിഞ്ഞപ്പം അടിയങ്ങൾ ഞങ്ങൾക്ക്/ തങ്കക്കിനാവിന്റെ മുത്തുകിട്ടി.’’
ജയചന്ദ്രൻ ശബ്ദം നൽകിയ ഗാനം ‘‘മലർവെണ്ണിലാവോ’’ എന്നാരംഭിക്കുന്നു. ‘‘മലർവെണ്ണിലാവോ/ മധുരക്കിനാവോ/ മധുമാസരാവോ... നീയാരോ...’’ എന്ന് പല്ലവി. ഗാനം ഇങ്ങനെ തുടരുന്നു: ‘‘തുടിക്കുന്ന കണ്ണിൽ പിടയ്ക്കുന്ന മീനോ/ തുടുക്കുന്ന ചുണ്ടിൽ വഴിയുന്ന തേനോ...’’
‘കാമധേനു’ എന്ന ചിത്രത്തിനുവേണ്ടി പി. സുശീല ആലപിച്ച ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘അങ്ങാടി ചുറ്റിവരും കാറ്റേ, കുളിർകാറ്റേ... നിന്നെ അത്തറിൽ കുളിപ്പിച്ചതാരാണ്/ ആമ്പലാണോ ചെന്താമരയാണോ/ താമരപ്പൂപോലുള്ളൊരു മാരനാണോ.../ മണിമാരനാണോ..?’’
ജയചന്ദ്രനും വാണിജയറാമും ചേർന്നു പാടിയ ‘‘കണ്ണുനീരിനും റ്റാറ്റാ... ചുടുകണ്ണുനീരിനും റ്റാറ്റാ...’’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘‘കണ്ണുനീരിനും റ്റാറ്റാ... ചുടു/ കണ്ണുനീരിനും റ്റാറ്റാ/ ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം/ ചിരിയുടെയമിട്ടിനു തിരികൊളുത്താം.’’
ആദ്യചരണം ഇങ്ങനെ: ‘‘കരഞ്ഞാലും മരിക്കും ചിരിച്ചാലും മരിക്കും/ എന്നാൽ പിന്നെ ചിരിച്ചൂടേ.../ ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം/ ചിരിയുടെയമിട്ടിനു തിരികൊളുത്താം.’’
യൂസഫലിയും ശങ്കർ ഗണേഷും ചേർന്നൊരുക്കിയ ‘കാമധേനു’ വിലെ പാട്ടുകൾ പ്രേക്ഷകർ ഇഷ്ടപ്പെട്ടു.
1976 ഡിസംബർ മൂന്നിനാണ് ‘കാമധേനു’വിന്റെ പ്രദർശനം തുടങ്ങിയത്. ചിത്രം സാമ്പത്തിക വിജയം നേടി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.