മിസ്സിയും തെമ്മാടി വേലപ്പനും

വി. ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ പാട്ടുകൾ എഴുതിയത് സ്ഥിരം നാടകവേദിയിലെ ഗാനരചയിതാവായ പാപ്പനംകോട് ലക്ഷ്മണനും തിരക്കഥാകൃത്തായ ചേരി വിശ്വനാഥനുമാണ്. ലക്ഷ്മണൻ അഞ്ചു ഗാനങ്ങളും ചേരി ഒരു ഗാനവും എഴുതി -സംഗീതയാത്ര തുടരുന്നു സ്ഥിരം നാടകവേദിയുടെയും ‘തനിനിറം’ ദിനപത്രത്തിന്റെയും സ്ഥാപകനായ കലാനിലയം കൃഷ്ണൻ നായർ കലാനിലയം പിക്‌ചേഴ്‌സിന്റെ പേരിൽ നിർമിച്ച സിനിമയാണ് ‘നീലസാരി’. എം. കൃഷ്ണൻ നായർ ചിത്രം സംവിധാനം ചെയ്തു. ‘തനിനിറം’ പത്രത്തിന്റെ പ്രധാന പത്രാധിപരായിരുന്ന ചേരി വിശ്വനാഥൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. എം.ജി. സോമൻ, രവികുമാർ, സുമിത്ര, അടൂർ ഭാസി, സുകുമാരി, അടൂർ ഭവാനി, അടൂർ...

വി. ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ പാട്ടുകൾ എഴുതിയത് സ്ഥിരം നാടകവേദിയിലെ ഗാനരചയിതാവായ പാപ്പനംകോട് ലക്ഷ്മണനും തിരക്കഥാകൃത്തായ ചേരി വിശ്വനാഥനുമാണ്. ലക്ഷ്മണൻ അഞ്ചു ഗാനങ്ങളും ചേരി ഒരു ഗാനവും എഴുതി -സംഗീതയാത്ര തുടരുന്നു

സ്ഥിരം നാടകവേദിയുടെയും ‘തനിനിറം’ ദിനപത്രത്തിന്റെയും സ്ഥാപകനായ കലാനിലയം കൃഷ്ണൻ നായർ കലാനിലയം പിക്‌ചേഴ്‌സിന്റെ പേരിൽ നിർമിച്ച സിനിമയാണ് ‘നീലസാരി’. എം. കൃഷ്ണൻ നായർ ചിത്രം സംവിധാനം ചെയ്തു. ‘തനിനിറം’ പത്രത്തിന്റെ പ്രധാന പത്രാധിപരായിരുന്ന ചേരി വിശ്വനാഥൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. എം.ജി. സോമൻ, രവികുമാർ, സുമിത്ര, അടൂർ ഭാസി, സുകുമാരി, അടൂർ ഭവാനി, അടൂർ പങ്കജം, ജോസ് പ്രകാശ്, ശ്രീലത, പൂജപ്പുര രവി, വാമനപുരം രവി, ഓമന തുടങ്ങിയവർ അഭിനയിച്ചു.

വി. ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ പാട്ടുകൾ എഴുതിയത് സ്ഥിരം നാടകവേദിയിലെ ഗാനരചയിതാവായ പാപ്പനംകോട് ലക്ഷ്മണനും തിരക്കഥാകൃത്തായ ചേരി വിശ്വനാഥനുമാണ്. ലക്ഷ്മണൻ അഞ്ചു ഗാനങ്ങളും ചേരി ഒരു ഗാനവും എഴുതി. ജയചന്ദ്രൻ പാടിയ ‘‘ആരെടാ വലിയവൻ..?’’ എന്ന് തുടങ്ങുന്ന പാട്ടാണ് ചേരി വിശ്വനാഥൻ എഴുതിയത്.

‘‘ആരെടാ വലിയവൻ ഭൂമിയിൽ/ ആരെടാ വലിയവൻ.../ പ്രപഞ്ച ശക്തികളോരോന്നും തങ്ങളിൽ/ പ്രതിദിനവും ശക്തിമത്സരം/ മേലോട്ടൊഴുകുന്ന നദിക്കുണ്ടസൂയ/ മാലോകരെല്ലാം അതിൽ മുങ്ങിക്കുളിക്കുന്നു.../ തൊഴിലാളി പറയുന്നു അവനേ വലിയവൻ/ മുതലാളി പറയുന്നു അവൻ താൻ വലിയവൻ/ നേതാക്കൾ പറയുന്നു അവരേ വലിയവർ/ ദൈവത്തിൻ വിശ്വാസം ഞാനെടാ വലിയവൻ...’’

പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ അഞ്ചു ഗാനങ്ങൾ ഇനി പറയുന്നവയാണ്.

‘‘കാശ്മീര സന്ധ്യകളേ കൊണ്ടുപോരൂ... എന്റെ/ ഗ്രാമസുന്ദരിക്കൊരു നീലസാരി/ കസ്തൂരിത്തെന്നലേ നീ തരുമോ നിന്റെ/ പത്മരാഗത്തൊങ്ങലുള്ള പാദസരം’’ എന്ന ഗാനം യേശുദാസ് പാടി. ഇതാണ് ചിത്രത്തിലെ പ്രധാന ഗാനമെന്നു പറയാം. യേശുദാസ് പാടിയ മറ്റൊരു ഗാനം ഇങ്ങനെ തുടങ്ങുന്നു:

‘‘എൻ പ്രിയമുരളിയിൽ ഒരു സ്വപ്നഗീതമായ്/ എന്തിനു വീണ്ടും ഉണരുന്നു നീ/ നന്മകൾ നേരാൻ മാത്രമല്ലാതെയീ/ ജന്മത്തിലൊന്നും കഴിയില്ലല്ലോ...’’

ആദ്യചരണം തുടങ്ങുന്നതിങ്ങനെ: ‘‘കണ്ണാടിമാളിക പണിഞ്ഞതു നമ്മൾ/ കണ്ണുനീർക്കടൽക്കരെയായിരുന്നു.’’

ചിത്രത്തിനുവേണ്ടി യേശുദാസ് പാടിയ മൂന്നാമത്തെ ഗാനം ‘‘തപസ്വിനീ ഉണരൂ...’’ എന്ന് തുടങ്ങുന്നതാണ്.

‘‘തപസ്വിനീ ഉണരൂ... പ്രേമ തപസ്വിനീ ഉണരൂ/ ശിശിര തുഷാര വർഷങ്ങളേൽക്കേ/ ശിലയിൽ വിടരും വെൺതാമരയായ്/ തപസ്വിനീ ഉണരൂ... പ്രേമ തപസ്വിനീ ഉണരൂ...’’

ഈ ഗാനം തുടങ്ങുന്നതിനു മുമ്പ് ഒരു സംസ്കൃത ശ്ലോകം വരുന്നുണ്ട്. ഗാനത്തിന്റെ ഭാഗമല്ലാത്തതിനാൽ അതിവിടെ ഉദ്ധരിക്കുന്നില്ല.

‘‘പ്രിയദർശിനീ നിൻ തിരുനാളല്ലേ/ തിരുമധുരം പകരുന്ന പതിനേഴല്ലേ/ മധുരയൗവനത്തിൻ വരവേൽപല്ലേ/ ഒരു ചുടുചുംബനം സമ്മാനം’’ എന്നു തുടങ്ങുന്ന ഗാനം എസ്. ജാനകിയാണ് പാടിയത്.

ശ്രീകാന്തും അമ്പിളിയും ചേർന്ന് ആലപിച്ച പ്രണയഗാനമാണ് ചിത്രത്തിലെ അവശേഷിക്കുന്ന പാട്ട്.

‘‘പാർവണ ശശികല ഉദിച്ചതോ/ പ്രാണേശ്വരീ നീ ചിരിച്ചതോ/ പ്രണയോന്മാദിനി പുഷ്പിണി യാമിനി/ പനിനീർ പൂമഴ ചൊരിഞ്ഞതോ..?’’ എന്നിങ്ങനെ ഗാനം തുടങ്ങുന്നു. കൃതഹസ്തനായ എം. കൃഷ്ണൻ നായർ സംവിധാനംചെയ്തിട്ടും ‘നീലസാരി’ എന്ന ചിത്രം വിജയിച്ചില്ല. 1976 നവംബർ അഞ്ചാം തീയതിയാണ് ‘നീലസാരി’ റിലീസ് ചെയ്തത്.

മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ. ജോസഫ് നിർമിച്ച ‘മിസ്സി’ എന്ന ചിത്രത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അതുവരെ നിർമാണ പങ്കാളി എന്ന നിലയിലും സ്വതന്ത്ര നിർമാതാവ് എന്ന നിലയിലും ജോസഫ് നിർമിച്ച എല്ലാ സിനിമകളുടെയും സംവിധായകൻ കെ.എസ്. സേതുമാധവൻ ആയിരുന്നു (യക്ഷി, അടിമകൾ, അരനാഴികനേരം, വാഴ് വേമായം, ചട്ടക്കാരി തുടങ്ങിയ സിനിമകൾ ഓർക്കുക.)

 

‘മിസ്സി’ എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായ തോപ്പിൽ ഭാസി തന്നെ സംവിധായകനായി. പമ്മന്റെ കഥയായിരുന്നു ‘മിസ്സി’ എന്ന ചിത്രത്തിന് അവലംബം. ലക്ഷ്മി, വിധുബാല, കെ.പി. ഉമ്മർ, സുധീർ, എം.ജി. സോമൻ, മോഹൻ ശർമ, ശങ്കരാടി, ജനാർദനൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദേവരാജൻ സംഗീതസംവിധായകനായ ഈ ചിത്രത്തിൽ നാല് ഗാനരചയിതാക്കൾ ഉണ്ടായിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രണ്ടു ഗാനങ്ങൾ എഴുതി. ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ, മധു ആലപ്പുഴ എന്നിവർ ഓരോ ഗാനം വീതവും.

മധു ആലപ്പുഴ രചിച്ച ഗാനമാണ് യേശുദാസ് ആലപിച്ചത്. ആ പാട്ട് ഇങ്ങനെ ആരംഭിക്കുന്നു.

‘‘അനുരാഗം/ അനുരാഗം/ അന്തർലീനമാം അനുഭൂതികൾ തൻ/ ആശ്ലേഷ മധുരവികാരം.’’

വരികൾ ഇങ്ങനെ തുടരുന്നു: ‘‘ആദിയുഷസ്സായ് അഴകായ് വിരിയും/ അത്ഭുത സൗന്ദര്യം/ പ്രകൃതിയെ നിത്യയുവതിയാക്കും/ ഭൂമിയെ നിത്യഹരിതയാക്കും/ അനുരക്ത ഹൃദയത്തിൻ അംഗരാഗം.’’

മങ്കൊമ്പ് എഴുതിയ രണ്ടു ഗാനങ്ങൾ യഥാക്രമം ജയചന്ദ്രനും പി. സുശീലയും പാടി. ജയചന്ദ്രൻ പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ഗംഗാപ്രവാഹത്തിൻ നഭസ്സിൽ/ ഗന്ധർവസംഗീത നഭസ്സിൽ/ സൗരപഥത്തിൻ കിരീടത്തിൽനിന്നും/ ചന്ദ്രപ്പളുങ്കൊന്നു പതിച്ചു... ചുറ്റും സ്വർണപ്രസരം പറന്നു’’ എന്നു പല്ലവി.

‘‘വിരുന്നിനൊരുങ്ങി മിഴിപ്പൂ വിടർത്തി/ പൊൻപളുങ്കെന്നെ നോക്കി ചിരിച്ചു’’ എന്നിങ്ങനെ ആദ്യചരണം ആരംഭിക്കുന്നു.

പി. സുശീല പാടിയ ഗാനം ‘‘കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ...’’ എന്ന് തുടങ്ങുന്നു.

‘‘കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ/ കുളിച്ചു തൊഴാൻ വന്ന വാർമുകിലേ.../ ഇളവെയിൽ കാഞ്ഞുകാഞ്ഞു നടക്കും നിനക്കിപ്പോൾ/ ഇളമാനിനെപ്പോലെ ചെറുപ്പം...’’

മാധുരി പാടിയ രണ്ടു ഗാനങ്ങളിൽ ഒന്ന് ബിച്ചു തിരുമലയും മറ്റൊന്ന് ഭരണിക്കാവ് ശിവകുമാറും രചിച്ചു. ഭരണിക്കാവിന്റെ ഗാനമിങ്ങനെ തുടങ്ങുന്നു: ‘‘ഹരിവംശാഷ്ടമി വിളക്കൊളിയിൽ/ ഹരിനാമകീർത്തനക്കുളിർമഴയിൽ/ ഗുരുവായൂരമ്പല ശ്രീകോവിലിൽ/ മുരളികയൂതുന്ന ഭഗവാനെ... നിന്റെ തിരുമിഴിയടിയന് കണി കാണണം... നിത്യം/ തിരുമൊഴിയടിയനു തുണയാകണം.’’

ബിച്ചു തിരുമല എഴുതിയ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ഉറങ്ങൂ ഒന്നുറങ്ങൂ/ സ്മരണകൾ വിരിക്കുന്ന തൽപങ്ങളിൽ/ വീണുറങ്ങൂ... ഒന്നുറങ്ങൂ...’’

അഞ്ചു പാട്ടുകളിൽ പി. സുശീല പാടിയ ‘‘കുങ്കുമസന്ധ്യാക്ഷേത്രക്കുളങ്ങരെ’’ എന്ന ഗാനമാണ് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത്.

1976 നവംബർ 12ന് റിലീസ് ആയ ‘മിസ്സി’ എന്ന ചിത്രം തരക്കേടില്ലാത്ത കലക്ഷൻ നേടി. ഭേദപ്പെട്ട ചിത്രം എന്ന അഭിപ്രായവും നേടി.

ഹരിഹരൻ സംവിധാനംചെയ്ത ആക്ഷൻ ചിത്രമാണ് ‘തെമ്മാടി വേലപ്പൻ’. ബാനർ: ചന്തമണി ഫിലിംസ്. നിർമാതാവ് ജി.പി. ബാലൻ. പ്രേംനസീർ നായകനായ സിനിമയിലെ മറ്റു നടീനടന്മാർ മധു, ജയഭാരതി, കെ.പി.എ.സി ലളിത, സുധീർ, ജോസ് പ്രകാശ്, കനകദുർഗ, നെല്ലിക്കോട് ഭാസ്കരൻ, ബഹദൂർ, പി.കെ. എബ്രഹാം തുടങ്ങിയവരാണ്. എസ്.എൽ പുരം സദാനന്ദൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങളും എം.എസ്. വിശ്വനാഥന്റെ സംഗീതവും. ചിത്രത്തിൽ നാല് ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസും സംഘവും പാടിയ ‘‘ധർമസമരം ജയിച്ചു’’ എന്ന പാട്ടിന്റെ പല്ലവിയിങ്ങനെ.

 

‘‘ധർമസമരം ജയിച്ചു -കാലം/ പൊന്നുഷസ്സന്ധ്യയെ സ്വീകരിച്ചു/ നന്മയുടെയാ ജന്മവൈരികളെയെതിർത്ത്/ നമ്മളൊരു ചരിത്രം സൃഷ്ടിച്ചു... ഇവിടെ/ നമ്മളൊരു വിപ്ലവം സൃഷ്ടിച്ചു...’’

നായികയെ കളിയാക്കി നായകൻ പാടുന്ന പാട്ടും യേശുദാസ് പാടി. ഈ പാട്ടിലും കോറസ് ഉണ്ട്.

 

‘‘ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി/ ത്രിശൂലമില്ലാത്ത ഭദ്രകാളീ/ ആണുങ്ങളില്ലാത്ത രാജ്യത്തെ/ അല്ലിറാണീ പോലത്ത രാജാത്തി’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം.

‘‘മുടിചൂടാമന്നന്റെ പ്രിയസന്തതി/ മൂളിയലങ്കാരിയുടെ വക്രബുദ്ധി’’ എന്ന് തുടരുന്നു.

യേശുദാസ് ശബ്ദം നൽകിയ മൂന്നാമത്തെ ഗാനമിതാണ്: ‘‘ഇന്ദ്രധനുസ്സു കൊണ്ടിലക്കുറിയണിയും/ ഇന്ദീവരദളനയനേ/ ഹേമാംഗലാവണ്യമൊഴുക്കും നിനക്കെന്റെ/ പ്രേമോപഹാരങ്ങൾ... യൗവന രാഗോപഹാരങ്ങൾ...’’

ചിത്രത്തിലെ നാലാമത്തെ ഗാനം പി. സുശീല ആലപിച്ചു. ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘വയനാടൻ കാവിലെ കിളിമകളേ/ വളർമാവിൻ തയ്യിലെ കളമൊഴിയേ/ വേലയ്ക്കും വിളക്കിനും പോകും വഴിക്കെന്റെ/ വേളിച്ചെറുക്കനെ കാണാറുണ്ടോ...’’

ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘പുളകം മുളയ്ക്കുന്ന കരളിലവൻ വന്നു/ പുടവ തരുന്ന മുഹൂർത്തനാളിൽ/ മഞ്ഞുപെയ്യുന്ന യാമങ്ങൾ തോറും/ ഗന്ധർവരാഗത്തേൻ നെഞ്ചിൽ/ മാലതീലതയായ് പടരും ഞാൻ.’’

1976 നവംബർ 12ന് റിലീസായ ‘തെമ്മാടി വേലപ്പൻ’ എന്ന സിനിമ സാമ്പത്തിക വിജയം നേടി.

ഡോ. തോമസ് മാത്യു നിർമിച്ച് എൻ.എൻ. പിഷാരടി സംവിധാനം ചെയ്ത ‘മുത്ത്’ എന്ന സിനിമയിൽ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. പ്രതാപ്‌ സിങ് (പ്രദീപ് സിങ്) സംഗീതസംവിധായകനായി. ‘മുൾക്കിരീടം’ എന്ന സിനിമയിൽ എസ്. ജാനകി പാടിയ ‘‘കുളികഴിഞ്ഞു കോടി മാറ്റിയ ശിശിരകാല ചന്ദ്രികേ’’ എന്ന പാട്ടിലൂടെ (രചന: പി. ഭാസ്കരൻ) ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് പ്രതാപ്‌ സിങ്.

‘മുത്തി’ലെ ആറു പാട്ടുകൾ കെ.എസ്. നമ്പൂതിരിയും ഒരു പാട്ട് കെ. നാരായണപിള്ളയും എഴുതി. രാധ പി. വിശ്വനാഥ് എന്ന ഗായികയാണ് മൂന്നു ഗാനങ്ങൾ പാടിയത്. യേശുദാസ് രണ്ടു ഗാനങ്ങൾ ആലപിച്ചു.

ആദ്യത്തെ പാട്ട് ഇങ്ങനെ തുടങ്ങുന്നു: ‘‘വിമൂകശോക സ്മൃതികളുണർത്തി/ വീണ്ടും പൗർണമി വന്നു.../ വിഷാദവീചികൾ മാത്രം വിരിയും/ വിപഞ്ചികേ നീ പാടൂ.’’

ആദ്യചരണം ഇങ്ങനെ ആരംഭിക്കുന്നു: ‘‘നിഴലിൻ പിറകേ നടന്നു/ കാലിടറിവീണു പിരിഞ്ഞു നാം/ നിനക്കു നന്മകൾ നേരുന്നു ഞാൻ/ നിറഞ്ഞ ഹൃദയവുമായി...’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനവും ശ്രദ്ധേയമാണ്. പല്ലവിയിങ്ങനെ:

‘‘ഭൂഗോളം ഒരു ശ്‌മശാനം... ഈ ഭൂഗോളം ഒരു ശ്‌മശാനം/ വഞ്ചനയല്ലോ ജീവിതമിവിടെ/ നന്മകൾ എന്നും കുരിശേറുന്നു.’’

ജയചന്ദ്രൻ പാടിയ ഗാനമിതാണ്: ‘‘കണ്ണുനീരിൻ കടലിലേക്കാരുമാരുമറിയാതെ/ വിണ്ണിൽനിന്നൊരു സ്വപ്നബിന്ദു അടർന്നുവീണു... കാത്തുകാത്തു കിടന്നൊരാ ചിപ്പിയാ ബിന്ദുവിനെ/ ഏറ്റുവാങ്ങി തൻ കരളിൽ ഒളിച്ചു​െവച്ചു...’’

 

ഗാനത്തിലെ വരികൾ തുടരുന്നു: ‘‘സർഗവേദന കൊണ്ടതിനെ പൊതിഞ്ഞു... പിന്നെ സ്വപ്നബിന്ദു ഒരു മുത്തായ്‌ നിറം പകർന്നു.’’

കെ. സതി എന്ന പുതിയ ഗായിക ആലപിച്ച ഗാനമാണിനി. ‘‘ആകാശ താഴ്വരക്കാട്ടിൽ/ ആയിരം കാന്താരി പൂത്തു/ ഈ നിലാവിൻ മടിയിൽ/ നിഴൽ വീണുറങ്ങും രാവിൽ/ തെക്കുവടക്കു കറങ്ങാനെത്തിയ/ തെമ്മാടിക്കാറ്റേ...’’

രാധാ പി. വിശ്വനാഥ് ശബ്ദം നൽകിയ മൂന്നു ഗാനങ്ങളാണ് ഇനിയുള്ളത്. ‘‘ജീവിതം പ്രണയമധുരം/ ഹൃദയചഷകം നിറയെയമൃതം/ ഈ നാളിൻ ലഹരി നുകരാൻ/ നീ വരൂ വരൂ... നീ വരൂ വരൂ’’ എന്നു തുടങ്ങുന്നു ഒരു ഗാനം.

കെ. നാരായണപിള്ള എന്ന കവി രചിച്ച ഒരു പ്രാർഥന ഗാനവും ‘മുത്തി’ൽ ഉണ്ട്.

‘‘നിത്യചൈതന്യ നായകാ/ കർത്താവേ ശ്രീയേശുനാഥാ/ സത്യത്തിൻ ദീപം കൊളുത്തൂ പാരിൽ/ മർത്ത്യർക്കു ശാന്തി നൽകൂ...’’

യേശുദാസ് പാടിയ ‘‘വിമൂകശോകസ്മൃതികളുണർത്തി വീണ്ടും പൗർണമി വന്നു’’ എന്ന ഗാനം രാധാ പി. വിശ്വനാഥ് എന്ന ഗായികയും പാടിയിട്ടുണ്ട്. വരികളിൽ മാറ്റമില്ല. 1976 നവംബർ 19ന് തിയറ്ററിലെത്തിയ ‘മുത്ത്’ വിജയം നേടിയില്ല.

(തുടരും)

Tags:    
News Summary - malayalam film songs history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.