ശ്രീകുമാരൻ തമ്പിയും പി. സുശീലയും

‘കാക്കത്തമ്പുരാട്ടി’ –ഗുരുവും ശിഷ്യനും ഒരുമിക്കുന്നു -67

നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച് സംവിധാനംചെയ്ത ചിത്രമാണ് ‘സ്വപ്‌നങ്ങൾ’. എസ്.എൽ. പുരം സദാനന്ദൻ കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിൽ മധു നായകനും വിൻസന്റ് ഉപനായകനും ആയിരുന്നു. നായികാപ്രാധാന്യമുള്ള മൂന്നു സ്ത്രീ കഥാപാത്രങ്ങളെ ഗീതാഞ്ജലി, ശാന്തി, ശ്രീവിദ്യ എന്നിവർ അവതരിപ്പിച്ചു. എസ്.പി. പിള്ള, ഫിലിപ്പ്, ഡി.കെ. ചെല്ലപ്പൻ, കനകശ്രീ, സുലോചന തുടങ്ങിയവരും അഭിനേതാക്കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു, വയലാർ എഴുതിയ പാട്ടുകൾക്ക് ദേവരാജൻ സംഗീതം നൽകി. യേശുദാസ്, പി. ലീല, പി. സുശീല, മാധുരി, രേണുക എന്നിവരാണ് പിന്നണി ഗായകർ. ‘‘പിച്ചളപ്പാൽക്കുടം കൊണ്ടുനടക്കും/ വൃശ്ചിക പഞ്ചമിപ്പെണ്ണേ/ നിന്റെ ഗോകുലം ഞാൻ കണ്ടു/ നിന്റെ കണ്ണനെ ഞാൻ കണ്ടു...’’ എന്നു തുടങ്ങുന്ന പാട്ട് യേശുദാസ് പാടി. യേശുദാസ് മാധുരിയോ​െടാപ്പം പാടിയ യുഗ്മഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘മദിരാക്ഷീ നിൻ മൃദുലാധരങ്ങൾ/ മദനന്റെ മധുപാത്രങ്ങൾ/ പ്രിയനു പകർന്നു പകർന്നു കൊടുക്കും/ പ്രണയവികാര ചഷകങ്ങൾ.’’ ഈ ഗാനം ഇങ്ങനെ തുടരുന്നു: ‘‘മോഹപുഷ്പങ്ങൾ വിടരുമ്പോൾ -നിന്റെ/ മൗനം വാചാലമാകുമ്പോൾ/ ഞാൻ നിന്നിലലിയുന്നു -നീയെന്നിലലിയുന്നു/ നമ്മുടെ ഗാനങ്ങൾ ഒന്നാകുന്നു/ ഈ നിമിഷം -ഈ നിമിഷം/ ഈ ജന്മം നമ്മൾ മറക്കുമോ...’’

Full View

കുട്ടിക്കു വേണ്ടി രേണുക എന്ന ഗായിക പാടിയത് ഒരു കുട്ടിക്കളിപ്പാട്ടുതന്നെ. വയലാർ പൊടിപ്പും തൊങ്ങലും വെച്ച് മനോഹരഗാനമാക്കിയ ഒരു നാടൻചൊല്ല്... ‘‘അക്കുത്തിക്കുത്താനവരമ്പേ-/ ലാലും കൊമ്പേൽ ഊഞ്ഞാല്/ ഊഞ്ഞാലാടും തത്തമ്മേ/ ഉണ്ണാൻ വന്നാട്ടെ.’’ ഇതിലെ ആദ്യത്തെ വരി കുട്ടികളുടെ ഒരു കളിപ്പാട്ടിൽനിന്നെടുത്തതാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വിവിധരീതികളിലാണ് കുട്ടികൾ ഈ കളിപ്പാട്ടു പാടുന്നത്. ഈ ലേഖകന്റെ ജന്മസ്ഥലം അടങ്ങുന്ന ഓണാട്ടുകരയിൽ ഈ വരികൾ ‘‘അക്കുത്തിക്കുത്താനവരമ്പേൽ കല്ലേക്കുത്ത് കരിങ്കുത്ത്’’ എന്നാണു പാടുന്നത്. ഏതായാലും ഈ കുട്ടിപ്പാട്ട് വയലാർ തന്റെ പ്രതിഭാവിലാസത്താൽ ഉജ്ജ്വലമാക്കിയിട്ടുണ്ട്. ‘‘കാൽ കഴുകാൻ പനിനീര്/ കൈക്കുമ്പിളിലിളനീര്/ പന്തലിലിരിക്കാൻ പവിഴപ്പലക/ പകർന്നുണ്ണാൻ പൊൻതളിക.’’

മലയാള സിനിമയിൽ കുട്ടികൾക്കുവേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയിട്ടുള്ള രേണുകയെപ്പറ്റി മുമ്പുതന്നെ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് ഓർമ. പ്രശസ്ത ഗായികയായ അനുരാധാ ശ്രീറാം രേണുകയുടെ മകളാണ്. (ആവർത്തനമാണെങ്കിൽ സദയം ക്ഷമിക്കുക.)

അനുരാധാ ശ്രീറാമും രേണുകയും

‘സ്വപ്‌നങ്ങൾ’ എന്ന സിനിമക്കു വേണ്ടി പി. സുശീല രണ്ടു പാട്ടുകൾ പാടി. ‘‘കളിമൺകുടിലിലിരുന്നു ഞാൻ പ്രേമ-/ കവിതകൾ പാടുകയായിരുന്നു/ കവിതാവാഹിനി ഹൃദയം മുഴുവൻ/ കല്ലോലസുന്ദരമായിരുന്നു/ ഏതോ ജന്മത്തിൽ എവിടെവെച്ചോ കണ്ടു/ വേർപിരിഞ്ഞവരെ പോലെ/ ഒഴുകും രാഗത്തിൻ ഗദ്ഗദം കേട്ടു നീ/ ഒരുനാൾ എന്നെ തിരിച്ചറിഞ്ഞു -വന്നു/ തിരിച്ചറിഞ്ഞു’’ എന്ന പാട്ട് ഒരു കാവ്യശകലംപോലെ തോന്നിച്ചു. പി. സുശീല പാടിയ രണ്ടാമത്തെ പാട്ട് ‘‘പൂജ... പൂജ...’’ എന്നു തുടങ്ങുന്നു. ‘‘പൂജ പൂജ/ ഭൂമിയും മാനവും/ പൂ കൊണ്ടു മൂടുന്ന/ പൂജ -സൗന്ദര്യ പൂജ/ വർണപുഷ്‌പാംബരം അരയ്ക്കു ചുറ്റിയ/ വെളിച്ചമേ -വരൂ വെളിച്ചമേ/ തങ്കവളയിട്ട കൈകൾകൊണ്ടു നീ/ തൊടുന്നതെല്ലാം പൊന്ന്/ പൊന്ന് പൊന്ന് പൊന്ന്...’’

പി. ലീലയും ലതാരാജുവും ചേർന്നും പി. ലീലയും രേണുകയും ചേർന്നും പാടിയത് ഒരേഗാനം തന്നെ. ആദ്യത്തേത് സന്തോഷത്തിലും രണ്ടാമത്തേത് സങ്കടത്തിലും പാടുന്നു. രണ്ടും ഒരേ പ്രാർഥനാഗാനമാണ്. ‘‘തിരുമയിൽപ്പീലി നെറുകയിൽ കുത്തി​/ ചുരുൾമുടിക്കെട്ടിൽ തുളസിപ്പൂ ചൂടി/ അരയിൽ മഞ്ഞപ്പട്ടാട തുകിൽ ചുറ്റി/ വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ’’ എന്നിങ്ങനെ പല്ലവി. സങ്കടത്തിൽ പാടുമ്പോൾ വരികൾ മാറുന്നില്ല. പക്ഷേ, ഒരു ചരണം ഒഴിവാക്കിയിട്ടുണ്ട്. ‘‘ഉറങ്ങിയാലും സ്വപ്‌നങ്ങൾ...’’ എന്നു തുടങ്ങുന്ന ഗാനം മാധുരി പാടിയിരിക്കുന്നു. ‘‘ഉറങ്ങിയാലും സ്വപ്‌നങ്ങൾ/ ഉണർന്നാലും സ്വപ്‌നങ്ങൾ/ ഉടലോടെ സ്വർഗത്തിലേ -/ക്കവയുടെ ചിറകിൽ ഞാനുയരും’’ എന്നിങ്ങനെയാണ് പല്ലവി. ‘സ്വപ്‌നങ്ങൾ’ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതിയ പാട്ടുകൾ തെല്ലും മോശമായിരുന്നില്ല. എന്നാൽ, എന്തുകൊണ്ടോ പാട്ടുകൾക്ക് അർഹിക്കുന്ന പ്രശസ്തി ലഭിച്ചില്ല. ദേവരാജൻ മാസ്റ്ററുടെ ഈണങ്ങളിലെ അപൂർവമായ മാജിക് അപ്രത്യക്ഷമായതാവുമോ കാരണം? അറിയില്ല. ‘സ്വപ്‌നങ്ങൾ’ എന്ന സിനിമയും ഒരു നല്ല വിജയമായില്ല. 1970 ഒക്ടോബർ രണ്ടാം തീയതിയാണ് ‘സ്വപ്‌നങ്ങൾ’ എന്ന ചിത്രം റിലീസ് ചെയ്തത്.

ശ്രീകുമാരൻ തമ്പിയുടെ പ്രഥമ നോവലായ ‘കാക്കത്തമ്പുരാട്ടി’ സ്വപ്നാ പിക്ച്ചേഴ്സ് ചലച്ചിത്രമാക്കിയതും ഇതേ കാലഘട്ടത്തിലാണ്. കൗമാരത്തിൽ കൊച്ചുകൊച്ചു പാട്ടുകൾ എഴുതിത്തുടങ്ങിയ കാലഘട്ടം മുതലേ ഗാനരചനയിൽ ഈ ലേഖകൻ ഗുരുവായി കണ്ടിരുന്നത് പി. ഭാസ്കരൻ മാസ്റ്ററെയാണ്. പ്രകൃതിയുടെ കാവ്യനീതി വെളിപ്പെട്ട അനുഭവമായിരുന്നു അത്. കുന്നംകുളം സ്വദേശികളായ പി.സി. ഇട്ടൂപ്പും സി.ജെ. ബേബിയും ചേർന്നാണ് സ്വപ്നാ പിക്ച്ചേഴ്സ് ആരംഭിച്ചത്. പി. ഭാസ്കരൻ സംവിധാനം ചെയ്‌ത ചിത്രത്തിന് ശ്രീകുമാരൻ തമ്പിതന്നെയാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. ഒരു യുവകവി എഴുതിയ നോവൽ സിനിമയാക്കാൻ അനുഭവസമ്പന്നനായ ഒരു പ്രശസ്ത കവി മുന്നോട്ടുവന്നത് മലയാള സിനിമാരംഗത്ത് അന്ന് വാർത്തയായിരുന്നു. പി. ഭാസ്കരൻ എന്ന കവിയുടെ മഹാമനസ്കതക്ക് ദൃഷ്ടാന്തമായി ഇതിനെ കാണാവുന്നതാണ്. രഘുനാഥ് എന്ന തൂലികാനാമത്തിൽ കെ. രാഘവൻ സംഗീതസംവിധായകനായി പ്രവർത്തിച്ച ‘കാക്കത്തമ്പുരാട്ടി’യിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. രണ്ടു പാട്ടുകൾ സംവിധായകനായ പി. ഭാസ്കരനും മൂന്നു പാട്ടുകൾ തിരക്കഥാകൃത്തായ ശ്രീകുമാരൻ തമ്പിയും എഴുതി.

പ്രേം നസീർ, മധു, ശാരദ, കൊട്ടാരക്കര ശ്രീധരൻ നായർ, പി.ജെ. ആന്റണി, ജി.കെ. പിള്ള അടൂർ ഭവാനി, അടൂർ ഭാസി, ശങ്കരാടി, ജയഭാരതി, ശ്രീലത, ഖദീജ, പോൾ വെങ്ങോല തുടങ്ങിയവർ അഭിനയിച്ചു. എസ്. ജാനകി പാടിയ ‘‘ഉത്രട്ടാതിയിൽ ഉച്ച തിരിഞ്ഞപ്പോൾ/ വട്ടക്കായലിൽ വള്ളംകളി/ പുല്ലാനിവരമ്പത്ത് കളികാണാൻ -എന്റെ/ കല്യാണച്ചെറുക്കനും ഞാനും പോയ്’’ എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് പി. ഭാസ്കരനാണ്. ഗാനം ഇങ്ങനെ തുടരുന്നു:

‘‘അഞ്ജനക്കണ്ണിന്റെ തിളക്കം കണ്ടപ്പോൾ/ അങ്ങേതിൽ പെണ്ണുങ്ങൾ കളിയാക്കി/ കണ്ണാടിക്കവിളിലെ തിളക്കം കണ്ടപ്പോൾ / കിന്നാരം പറഞ്ഞവർ ചിരിതൂകി.’’ യേശുദാസ് പാടിയ ‘‘കണ്ണുനീരിൻ പെരിയാറ്റിൽ’’ എന്ന് തുടങ്ങുന്ന ഗാനവും പി. ഭാസ്കരൻ എഴുതി. ‘‘കണ്ണുനീരിൻ പെരിയാറ്റിൽ/ മലവെള്ളം പൊങ്ങി/ പൂങ്കിനാവിൻ കളിവള്ളം മുങ്ങി/ നീന്തി നീന്തി നീ ചെന്നതക്കരെ/ നീരൊഴുക്കിൽ ഞാനടിഞ്ഞിതിക്കരെ /കാറ്റലറും കടലിരമ്പും കർക്കിടകത്തിൽ/ എന്റെ കാക്കത്തമ്പുരാട്ടിയെന്നെ വേർപിരിഞ്ഞു...’’

‘‘അമ്പലപ്പുഴ വേല കണ്ടൂ ഞാൻ, /വെള്ളിലക്കിങ്ങിണി താഴ്വരയിൽ,/പഞ്ചവർണ പൈങ്കിളികൾ ഭജനപാടിയ രാവിൽ’’ എന്നിങ്ങനെ തുടങ്ങുന്ന മൂന്നു പാട്ടുകൾ ശ്രീകുമാരൻ തമ്പി എഴുതി. ‘‘അമ്പലപ്പുഴ വേല കണ്ടൂ ഞാൻ /തമ്പുരാട്ടീ നിന്റെ നടയിൽ /തങ്കവിഗ്രഹദേഹവടിവിൽ/ അമ്പലപ്പുഴ വേല കണ്ടൂ ഞാൻ’’ എന്ന ഗാനവും യേശുദാസ് ആണ് പാടിയത്. പാട്ടിലെ തുടർന്നുള്ള വരികൾ: ‘‘ആശകൾ കൈകൂപ്പി നിൽക്കും/ ആ മനോഹര നീലമിഴിയിൽ /ആയിരം തൃക്കാർത്തിക കണ്ടു -പൂമാരി കണ്ടു /കളഭാഭിഷേകം കണ്ടു -കവിളിൽ /കളഭാഭിഷേകം കണ്ടു.’’

ജയചന്ദ്രൻ പാടിയ നൃത്തഗാനം ഇങ്ങനെ: ‘‘വെള്ളിലക്കിങ്ങിണി താഴ്വരയിൽ/ വെള്ളാമ്പൽ പൊയ്കതൻ കൽപ്പടവിൽ/ തുള്ളിതുള്ളിയാടി വന്നൊരു / ചെമ്മരിയാട്ടിൻകുട്ടി.../ചോര മണത്തു മണത്തൊരു ചെന്നായ്/ നീരാട്ടുകടവിൽ വന്നു/ അക്കരെ നിൽക്കും ആട്ടിൻകുട്ടിയെ/ ഇക്കരെ നിന്നു കൊതിച്ചു...’’

ലളിതമായ ഭാഷയിൽ ‘ആട്ടിൻകുട്ടിയും ചെന്നായും’ എന്ന കുട്ടിക്കഥയാണ് ഈ പാട്ടിലൂടെ പറയുന്നത്. യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ ‘‘പഞ്ചവർണ പൈങ്കിളികൾ/ ഭജനപാടിയ രാവിൽ/ പാട്ടു കേട്ടു കാട്ടുപൂവിനു/ കരളു നൊന്ത രാവിൽ/ പറയി തന്നുയിർ പറയൻ പാടിയ /പാട്ടിൻ രാഗമായ്‌ മാറി/ പാല പൂത്ത പുഴക്കടവിൽ /മാല ചാർത്തി നിന്നു -അവർ/ മാല ചാർത്തി നിന്നു...’’ എന്നിങ്ങനെ ഗ്രാമീണയുവതി പാടുമ്പോൾ തോണിക്കാരൻ പാടുന്ന പാട്ട് അതിൽ വന്നു ലയിക്കുന്നു. ‘‘മലവെള്ളമിരമ്പി മറിഞ്ഞു/ മഴവില്ലിൻ തോണി ചരിഞ്ഞു/ മാടത്ത പൈങ്കിളി പെണ്ണിൻ/ മണിമാളിക വീണുതകർന്നു/ ഇണയെവിടെ -കിളിയേ/ ഇണയെവിടെ...’’ സ്ത്രീശബ്ദം എസ്. ജാനകിയുടേതും പുരുഷശബ്ദം യേശുദാസിന്റേതും ആയിരുന്നു.

1970 ഒക്ടോബർ ഒമ്പതിനാണ്​ ‘കാക്കത്തമ്പുരാട്ടി’ തിയറ്ററുകളിൽ എത്തിയത്. ചിത്രം വിജയമായിരുന്നു. പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. പി. ഭാസ്കരനും ശ്രീകുമാരൻ തമ്പിയും ഒരുമിച്ച പ്രഥമ ചിത്രമായിരുന്നു ‘കാക്കത്തമ്പുരാട്ടി’. ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും സംഭാഷണവും എഴുതിയ രണ്ടാമത്തെ സിനിമയും. പിന്നീട് എട്ടോളം ചിത്രങ്ങളിൽ അവർ ഒരുമിച്ചു പ്രവർത്തിച്ചു.



പ്രശസ്ത സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം ശ്രീകുമാർ പ്രൊഡക്ഷൻസിന്റെ പേരിൽ മെറിലാൻഡിൽ നിർമിച്ച സിനിമയാണ് ‘മധുവിധു’. എൻ. ശങ്കരൻ നായർ ഈ ചിത്രം സംവിധാനംചെയ്തു. സംവിധായകനായ ബാബു നന്ദൻകോട് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. മുട്ടത്തു വർക്കി സംഭാഷണം രചിച്ചു. വിൻസന്റ്, ഗീതാഞ്ജലി, ശാന്തി, ജയഭാരതി, ജോസ് പ്രകാശ്, എസ്.പി. പിള്ള, ആലുമ്മൂടൻ, നെല്ലിക്കോട് ഭാസ്കരൻ, ആറന്മുള പൊന്നമ്മ, പങ്കജവല്ലി തുടങ്ങിയവർ അഭിനയിച്ചു. ‘ബാലമുരളി’ എന്ന തൂലികാനാമത്തിൽ ഒ.എൻ.വി എഴുതിയ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകി. യേശുദാസ്, എസ്. ജാനകി, എൽ.ആർ. ഈശ്വരി എന്നിവർ പാട്ടുകൾ പാടി. രണ്ടു പാട്ടുകൾ യേശുദാസും രണ്ടു പാട്ടുകൾ എസ്. ജാനകിയും പാടിയപ്പോൾ ഒരു പാട്ട് എൽ.ആർ. ഈശ്വരി പാടി.

‘‘ഒരു മധുരസ്വപ്നമല്ല മദിരോത്സവമല്ല/ മധുപാനലീലയല്ല ജീവിതം/ ഒരു നീണ്ട യാത്ര ഒരു തീർഥയാത്ര/ സുഖദുഃഖങ്ങൾ തൻ ഘോഷയാത്ര..!’’ എന്നാരംഭിക്കുന്ന ഗാനം യേശുദാസ് പാടി. അദ്ദേഹം പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു.

Full View

‘‘രാവു മായും നിലാവു മായും/ മഞ്ഞും മലരും മായും/ രാഗിണി നിന്നുടെ സ്വപ്‌നങ്ങൾ മാത്രം/ മായാതെ മന്ദഹസിക്കും...’’ ഗാനത്തിന്റെ തുടർന്നുള്ള വരികൾ: ‘‘നീലനീലരാവുകൾ നിവർത്ത മെത്തയിൽ/ ഒരു പൂവുപോലെ വീണുറങ്ങും രാഗസ്വപ്നമേ/ നിന്നെ ഞാനുണർത്തുകില്ല -ഇനി/നിന്നെ ഞാനുണർത്തുകില്ല/ രാവു മായും നിലാവു മായും...’’ എസ്. ജാനകി പാടിയ ആദ്യ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ആതിരക്കുളിരുള്ള രാവിലിന്നൊരു/ പാതിരാമലർക്കിളി പറന്നു വരും/ താമരക്കുമ്പിളിലെ തേൻ നുകരും -എന്റെ/ താമരക്കുമ്പിളിലെ തേൻ നുകരും.’’

ജാനകി പാടിയ രണ്ടാമത്തെ ഗാനം ‘‘യമുനാതീര വിഹാരീ...’’ എന്ന് ആരംഭിക്കുന്നു. ‘മധുവിധു’ എന്ന സിനിമയിലെ ഗാനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഈ ഗാനമാണ്. ‘‘യമുനാ... യമുനാ തീരവിഹാരീ... യമുനാതീരവിഹാരീ -നിന്നുടെ/ പ്രിയദർശിനിയാം രാധിക ഞാൻ/ യമുനാതീരവിഹാരീ എവിടെയൊളിച്ചു കളിപ്പൂ നീ -എൻ വിജനകുടീരം കാണ്മീലേ...? യമുനാതീരവിഹാരീ...

കുയിലുകൾ മധുരം പാടുമ്പോൾ /കുഴലൊച്ചയിതെന്നോർക്കും ഞാൻ/ മയിലുകൾ പീലിവിടർത്തുമ്പോളെൻ/ മരതകവർണനെയോർക്കും ഞാൻ/ യമുനാതീരവിഹാരീ...’’

ഒരു മാദകനൃത്തത്തിനുവേണ്ടി എൽ.ആർ. ഈശ്വരി പാടിയതാണ്‌ ‘മധുവിധു’വിലെ അഞ്ചാമത്തെ ഗാനം. ‘‘ഉത്സവം മദിരോത്സവം/ ഈ ജീവിതമൊരു മദിരോത്സവം/ ഉത്സവം മദിരോത്സവം.../ മലർമാസ സുന്ദരരാവുകളിൽ/ മധുപാനലീലാലഹരികളിൽ/ ഒരു ഗാനമായ് ഞാനൊഴുകുന്നു -നിൻ/ സിരകളിൽ ഞാൻ അലിയുന്നു...’’

കമേഴ്‌സ്യൽ സിനിമകൾക്കുവേണ്ടി ഗാനങ്ങൾ എഴുതാൻ തീരുമാനിച്ചു കഴിഞ്ഞാൽ എത്ര വലിയ കവിക്കും ഇതുപോലെയുള്ള ഗാനങ്ങൾ എഴുതേണ്ടി വരും.

(തുടരും)

Tags:    
News Summary - sreekumaran thampi song sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.