സമാന്തര സംഗീതപ്രവാഹിനികൾ

പ്രതിഭാധനരായ ഒരുകൂട്ടം സംഗീതജ്ഞരും ഗാനരചയിതാക്കളും നിലവാരമേറിയ ഗാനങ്ങൾ തുടർച്ചയായി മലയാള ചലച്ചിത്രവേദിക്കു സമ്മാനിച്ചുകൊണ്ടിരുന്ന കാലത്തെ കുറിച്ച് എഴുതുന്നു. ചില കോമഡി ഗാനങ്ങളും അതിൽ ഹിറ്റുകളായി മാറി.സംഗീതത്തിന് പ്രാധാന്യം നൽകി നിർമിച്ച 'പാലാട്ട്കോമൻ' എന്ന ഉദയാ ചിത്രം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് സാമ്പത്തികപ്രശ്നങ്ങളാൽ നിർമാണം വൈകിപ്പോയ 'കാൽപ്പാടുകൾ' എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. ശ്രീനാരായണഗുരുവിന്റെ ജീവിതം ആധാരമാക്കി ആർ. നമ്പിയത്ത് നിർമിച്ച് കെ.എസ്.ആന്റണി സംവിധാനംചെയ്ത ഈ ചിത്രത്തിൽ ''അറ്റൻഷൻ പെണ്ണേ അറ്റൻഷൻ അറ്റൻഷൻ ആയി നീ വന്നില്ലെങ്കിൽ /അറ്റാക്ക് ചെയ്യും ഞാൻ കയ്യാൽ...

പ്രതിഭാധനരായ ഒരുകൂട്ടം സംഗീതജ്ഞരും ഗാനരചയിതാക്കളും നിലവാരമേറിയ ഗാനങ്ങൾ തുടർച്ചയായി മലയാള ചലച്ചിത്രവേദിക്കു സമ്മാനിച്ചുകൊണ്ടിരുന്ന കാലത്തെ കുറിച്ച് എഴുതുന്നു. ചില കോമഡി ഗാനങ്ങളും അതിൽ ഹിറ്റുകളായി മാറി.

സംഗീതത്തിന് പ്രാധാന്യം നൽകി നിർമിച്ച 'പാലാട്ട്കോമൻ' എന്ന ഉദയാ ചിത്രം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് സാമ്പത്തികപ്രശ്നങ്ങളാൽ നിർമാണം വൈകിപ്പോയ 'കാൽപ്പാടുകൾ' എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. ശ്രീനാരായണഗുരുവിന്റെ ജീവിതം ആധാരമാക്കി ആർ. നമ്പിയത്ത് നിർമിച്ച് കെ.എസ്.ആന്റണി സംവിധാനംചെയ്ത ഈ ചിത്രത്തിൽ ''അറ്റൻഷൻ പെണ്ണേ അറ്റൻഷൻ അറ്റൻഷൻ ആയി നീ വന്നില്ലെങ്കിൽ /അറ്റാക്ക് ചെയ്യും ഞാൻ കയ്യാൽ നിന്നെ...'' എന്ന ഹാസ്യഗാനം മാത്രമാണ് പി. ഭാസ്കരൻ രചിച്ചത്. പുതിയ ഗായകനായ യേശുദാസ് പാടിയ ശ്രീനാരായണഗുരുവിന്റെ ''ജാതിഭേദം മതദ്വേഷം'' എന്നാരംഭിക്കുന്ന ശ്ലോകമൊഴികെ ബാക്കിയുള്ള എല്ലാ ഗാനങ്ങളും രചിച്ചത് നിർമാതാവായ ആർ. നമ്പിയത്ത് ആണ്. എം.ബി. ശ്രീനിവാസൻ സംഗീതസംവിധാനം നിർവഹിച്ചു. യേശുദാസിനെ മാത്രമല്ല, കമല കൈലാസനാഥൻ എന്ന പുതിയ ഗായികയെയും ഈ ചിത്രത്തിൽ സംവിധായകൻ കെ.എസ്. ആന്റണി അവതരിപ്പിക്കുകയുണ്ടായി. രഞ്ജിത്തിന്റെ 'തിരക്കഥ' എന്ന സിനിമയിലും മറ്റു ചില ചിത്രങ്ങളിലും നായികയായി അഭിനയിച്ച പ്രിയാമണിയുടെ അമ്മയുടെ അമ്മയാണ് കമല കൈലാസനാഥൻ. യേശുദാസിന് സിനിമയിൽ കിട്ടിയ അംഗീകാരം ആ ഗായികക്ക് ലഭിച്ചില്ല.

ആർ. നമ്പിയത്ത് എഴുതിയ ''തേവാഴിത്തമ്പുരാൻ...'' എന്നാരംഭിക്കുന്ന ഗാനം കെ.പി. ഉദയഭാനുവും ശാന്ത പി. നായരും ചേർന്നു പാടി. ''കരുണാസാഗര...'' എന്നുതുടങ്ങുന്ന പ്രാർഥനാഗാനമാണ് ഉദയഭാനുവിനോടൊപ്പം കമല കൈലാസനാഥൻ പാടിയത്. ''ഒരു ജാതി ഒരു മതം ഒരു ദൈവം...'' എന്ന ഗാനം ഉദയഭാനുവും ''മാളികമുറ്റത്തെ...'' എന്ന് ആരംഭിക്കുന്ന ഗാനം പി. ലീലയും പാടി. യേശുദാസ് ആദ്യം പാടാനിരുന്നത് ''അറ്റൻഷൻ പെണ്ണേ...'' എന്ന കോമഡിഗാനമാണ്. അന്ന് ജലദോഷവും പനിയുംമൂലം അദ്ദേഹത്തിന് പാടാൻ കഴിഞ്ഞില്ല. അത് കാലത്തിന്റെ തീരുമാനമായിരുന്നു. നാരായണഗുരുവിന്റെ വരികൾ പാടി ഐശ്വര്യമുള്ള തുടക്കമാകട്ടെ എന്ന് കാലം തീരുമാനിച്ചു. അങ്ങനെയാണ് ''ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും'' എന്ന് തുടങ്ങുന്ന വരികൾ ആദ്യം പാടി റെക്കോഡ് ചെയ്യാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായത്. പിന്നീട് ശാന്ത പി. നായരുമായി ചേർന്ന്, പി. ഭാസ്കരൻ എഴുതി എം.ബി. ശ്രീനിവാസൻ ഈണംപകർന്ന, ''അറ്റൻഷൻ പെണ്ണേ...'' എന്ന ഗാനം പാടി. അന്ന് ശാന്ത പി. നായർ പ്രശസ്ത ഗായികയായിരുന്നു. അവരുമായി ചേർന്നു പാടുമ്പോൾ യേശുദാസ് ഭയന്നിരുന്നു എന്നും താനാണ് ഇരുപത്തൊന്നുകാരനായ ആ യുവഗായകന് ധൈര്യം നൽകിയതെന്നും ശാന്ത പി. നായർ പിന്നീട് പറഞ്ഞിട്ടുണ്ട്.

നീലാ പ്രൊഡക്ഷൻസിന്റെ 'ശ്രീരാമപട്ടാഭിഷേകം' എന്ന പുരാണചിത്രത്തിൽ ശ്രീരാമനായി പ്രേംനസീറും ലക്ഷ്മണനായി പ്രേംനവാസും അഭിനയിച്ചു. വാസന്തി എന്ന തെലുങ്കുനടി സീതയായി. ഇതിലെ ഗാനങ്ങളുടെ കൂട്ടത്തിൽ 'ലക്ഷ്മണോപദേശം'പോലെ 'അധ്യാത്മ രാമായണ'ത്തിലെ എഴുത്തച്ഛന്റെ വരികളും ഉണ്ടായിരുന്നു. പതിവുപോലെ തിരുനയിനാർകുറിച്ചി-ബ്രദർ ലക്ഷ്മൺ ടീം തന്നെ ഇതര ഗാനങ്ങളൊരുക്കി. കമുകറ പുരുഷോത്തമൻ പാടിയ ''വത്സ, സൗമിത്രേ, കുമാര, നീ കേൾക്കണം...'' എന്ന് തുടങ്ങുന്ന ലക്ഷ്മണോപദേശം തന്നെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കമുകറ പുരുഷോത്തമൻ, പി.ബി. ശ്രീനിവാസ്, പി. സുശീല, എസ്. ജാനകി എ.പി. കോമള എന്നിവരോടൊപ്പം വൈദേഹി എന്ന ഗായികയും 'ശ്രീരാമപട്ടാഭിഷേകം' എന്ന സിനിമയിൽ പാടി. പി. സുശീല പാടിയ

ചൊല്ലൂ സഖീ ചൊല്ലൂ സഖീ /കാരണം ചൊല്ലൂ സഖീ... /ചൊല്ലുവാനാവാത്തൊരുല്ലാസമാർന്നുള്ളം/ തുള്ളിക്കളിക്കുന്നതെന്തേ..? യേശുദാസ്, കമുകറ, പി. സുശീല, എ.പി. കോമള എന്നീ ഗായകരും സംഘവും ചേർന്ന് പാടിയ നാട് വാഴുവാൻ പട്ടം കെട്ടും/ നമ്മുടെ രാമനു നാളെ/ നാടു നീളവേ ഉത്സവാഘോഷം / നൽകും തിരുനാള്.../ നമുക്ക് നൽകും തിരുനാള്... എന്ന സംഘഗാനവും പി.ബി. ശ്രീനിവാസും കൂട്ടരും പാടിയ ''പോവുന്നിതാ നിൻ രാമൻ വനാന്തേ / കേഴുകയെൻ നാടേ അയോധ്യേ / കേഴുകയെൻ നാടേ...'', കമുകറ പുരുഷോത്തമനും പി. സുശീലയും സംഘവും പാടിയ പൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ടു -വേഗം/ മന്ദാരമുറ്റമെല്ലാം മംഗളമാക്കി... തുടങ്ങിയവയായിരുന്നു 'ശ്രീരാമപട്ടാഭിഷേക'ത്തിലെ പ്രധാന ഗാനങ്ങൾ.

ചിത്രത്തിൽ ആകെ പതിനാലു ഗാനങ്ങൾ ഉണ്ടായിരുന്നു. പി. സുബ്രഹ്മണ്യത്തിന്റെ മേൽനോട്ടത്തിൽ പ്രശസ്ത ഛായാഗ്രാഹകനായ ജി.കെ. രാമു ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.1962 സെപ്റ്റംബർ ഒമ്പതാം തീയതി (തിരുവോണത്തോടനുബന്ധിച്ച്) 'ശ്രീരാമപട്ടാഭിഷേകം' റിലീസ് ചെയ്തു.

 ശ്രീരാമനായി പ്രേംനസീറും ലക്ഷ്മണനായി പ്രേംനവാസും (ചിത്രം: ശ്രീരാമപട്ടാഭിഷേകം)

വയലാർ രാമവർമയും എം.ബി. ശ്രീനിവാസനും ഒരുമിച്ച ആദ്യചിത്രമാണ് 'കണ്ണും കരളും'. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ഈ ചിത്രത്തിൽ ബാലനടനായി മാസ്റ്റർ കമൽഹാസനും ബാലനടിയായി ബേബി വിനോദിനിയും അഭിനയിച്ചു. 'കുളത്തൂർ കണ്ണമ്മ' എന്ന തമിഴ് സിനിമയിൽ ബാലനടനായി രംഗപ്രവേശം ചെയ്ത കമൽഹാസൻ എന്ന കുട്ടി ഒരു അതിശയബാലൻ തന്നെയായിരുന്നു. ബേബി വിനോദിനിയാകട്ടെ പ്രശസ്ത നർത്തകദമ്പതികളായ ഗുരു ഗോപിനാഥിന്റെയും തങ്കമണിയുടെയും ഇളയമകളും. സത്യനും അംബികയും ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച 'കണ്ണും കരളും' എന്ന സിനിമയിൽ അവരുടെ മക്കളായിട്ടാണ് ഈ കുട്ടികൾ അഭിനയിച്ചത്. തമിഴ് നിർമാതാവായ എ.കെ. ബാലസുബ്രഹ്മണ്യം ശരവണഭവ പിക്ചേഴ്സിന്റെ പേരിൽ നിർമിച്ച ഈ ചിത്രത്തിന്റെ രണ്ടു പ്രധാന ആകർഷണങ്ങൾ ഈ കുട്ടികളുടെ അഭിനയവും നല്ല ഗാനങ്ങളും ആയിരുന്നു. കളിമണ്ണ് മെനഞ്ഞു മെനഞ്ഞൊരു / കലമാനിനെയുണ്ടാക്കി മകരനിലാവിൻ /മാനത്തെ വളർത്തമ്മ... എന്ന ഗാനം പി. ലീല രണ്ടുവട്ടം പാടിയിട്ടുണ്ട്. ഒന്ന് സന്തോഷത്തോടെയും മറ്റൊന്ന് തീവ്ര ദുഃഖത്തോടെയും. അതിമനോഹരമായ ഈ ഈണം എം.ബി. ശ്രീനിവാസന്റെ മാസ്റ്റർപീസുകളിൽ ഒന്നാണ്. വയലാറിന്റെ വരികളും അനന്യസുന്ദരം തന്നെയെന്നു പറയണം. പി. ലീല തന്നെ പാടിയ കദളീവനത്തിൻ കളിത്തോഴനായ / കാറ്റേ നീയും ഉറങ്ങിയോ..? / കഥകൾ ചൊല്ലി വിളിക്കാറുള്ള നീ/ കഥയറിയാതെ ഉറങ്ങിയോ... / കതകും ചാരി ഉറങ്ങിയോ..? എന്ന ഗാനവും ശ്രോതാക്കളുടെ ഹൃദയങ്ങൾ കീഴടക്കി. ശാന്ത പി. നായരുടെ മകൾ ലത (ഇപ്പോൾ ലത രാജു) പാടിയ ''താതയ്യം കാട്ടില് തക്കാളിക്കാട്ടില് /തത്തമ്മ പണ്ടൊരു വീടു െവച്ചു.../ കല്ലല്ല മണ്ണല്ല മരമല്ല/ കൽക്കണ്ടം കൊണ്ടൊരു വീടു െവച്ചു'' എന്ന കുട്ടിപ്പാട്ടും അന്നും ഇന്നും സുന്ദരം. യേശുദാസും രേണുകയും ചേർന്നു പാടിയ ''ആരെ കാണാൻ അലയുന്നു...'' എന്ന ഗാനവും യേശുദാസും പി. ലീലയും ചേർന്നു പാടിയ ''തിരുമൊഴിയാളേ...'' എന്ന ഗാനവും പി. ലീല പാടിയ ''വളർന്നു വളർന്നു വളർന്നു നീയൊരു വസന്തമാകണം/ പഠിച്ചു പഠിച്ചു നീയൊരു മിടുക്കനാകണം'' എന്ന ഗാനവും മെഹബൂബ് പാടിയ ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ / എന്റെ വണ്ടേ...നീ/ ചാണകമുരുട്ടുന്നതും ഞമ്മളു കണ്ടേ /അയ്യയ്യേ ഞമ്മളു കണ്ടേ... എന്ന തമാശപ്പാട്ടും 'കണ്ണും കരളും' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. മലയാള സിനിമയിലെ അനുഗൃഹീത നടിയായ ഷീല മലയാളത്തിൽ ആദ്യമായി അഭിനയിച്ച 'ഭാഗ്യജാതകം' എന്ന ചിത്രത്തിന്റെ സംവിധായകനും ഗാനരചയിതാവും പി. ഭാസ്കരൻ ആയിരുന്നു. മാത്രമല്ല അദ്ദേഹം ആ സിനിമയുടെ നിർമാണത്തിൽ പങ്കാളിയുമായിരുന്നു. 'ഭാഗ്യജാതക'ത്തിൽ എം.എസ്. ബാബുരാജ് ചിട്ടപ്പെടുത്തിയ പി. ഭാസ്കരന്റെ എട്ടു രചനകൾ ഉണ്ടായിരുന്നു. ഈ ചിത്രത്തിലെ മിക്കവാറും എല്ലാ പാട്ടുകളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശ്രദ്ധേയങ്ങളായി എന്നുതന്നെ പറയാം. യേശുദാസും പി. ലീലയും ചേർന്നു പാടിയ ''ആദ്യത്തെ കണ്മണി ആണായിരിക്കണം /ആരുമേ കണ്ടാൽ കൊതിക്കണം--അവൻ /അച്ഛനെപോലെയിരിക്കണം'' എന്നു നായിക പാടുമ്പോൾ ''ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം/അമ്മയെപ്പോലെ ചിരിക്കണം... മുഖം അമ്പിളി പോലെയിരിക്കണം'' എന്നു നായകൻ പാടുന്നു. ഇത് വളരെ വലിയ ഹിറ്റ് ആയി മാറി.

Full View

പി. ലീല പാടിയ ''നോൽക്കാത്ത നോയമ്പ് ഞാൻ/നോറ്റതാർക്കു വേണ്ടി'', യേശുദാസ് പാടിയ ''പറയാൻ വയ്യല്ലോ...ജനനീ /പാടാൻ വയ്യല്ലോ...'' ജനങ്ങളുടെ ഇഷ്ടഗാനങ്ങളായി. ജിക്കി പാടിയതാണ് താഴെ കൊടുക്കുന്ന ദ്രുതതാള ഗാനം. ''മാനോടൊത്തു വളർന്നില്ല /മാമുനി തന്നുടെ മകളല്ല /താമരയല്ലി കണ്ണാൽനിന്നെ / താലോലിച്ചോട്ടെ -ഞാനൊന്നു/താലോലിച്ചോട്ടെ...'' 'ഭാഗ്യജാതകം' എന്ന സിനിമയിൽ മെഹബൂബ് മൂന്നു പാട്ടുകൾ പാടി. മെഹബൂബ്, ശാന്ത എന്ന ഗായികയോടൊപ്പം പാടിയ ''കണ്ണുകളിൽ കവിത...'' എന്നാരംഭിക്കുന്ന പാട്ടും തനിച്ചു പാടിയ ''അനുരാഗകോടതിയിൽ...'', ''എൻ പെണ്ണിനൽപ്പം പ്രേമം...'' എന്നിവയും നിലവാരമുള്ള ഹാസ്യഗാനങ്ങൾ ആയിരുന്നു. ഈ വരികൾ ശ്രദ്ധിക്കുക: അനുരാഗകോടതിയിൽ/വ്യവഹാരക്കേസാണ് /അതിനായി ഞാനയച്ച/ വക്കീൽ നോട്ടീസാണ്/ കരളിനകത്തെ ഭൂമിയെല്ലാം/കയ്യേറിക്കളഞ്ഞില്ലേ/സിവിലായും ക്രിമിനലായും /വ്യവഹാരക്കേസാണ് / കാര്യം കളിയായ്മാറ്റണ്ടാ കാണാത്ത മട്ടിൽ മാറണ്ടാ/കണ്ട കരക്കാർ സാക്ഷിവരും/കല്യാണത്തിനു വിധിയാകും / അപ്പീലിന് പോകാൻ തയ്യാർ /അന്യായക്കേസാണ്... യേശുദാസും പരമശിവവും ചേർന്നു പാടിയ അത്ര ശ്രദ്ധേയമാകാതെപോയ ഒരു പാട്ടും 'ഭാഗ്യജാതക'ത്തിൽ ഉണ്ടായിരുന്നു. പൊതുവെ ഗൗരവവേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സത്യൻ ഹാസ്യരസപ്രധാനമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രം എന്ന പ്രത്യേകതയും 'ഭാഗ്യജാതക'ത്തിനുണ്ട്. ഒരു സാഹിത്യകാരൻകൂടിയായ പി.ബി. ഉണ്ണി സംവിധാനംചെയ്ത 'സ്വർഗ്ഗരാജ്യം' എന്ന സിനിമ നിർമിച്ചത് നൃത്തസംവിധായകയായിരുന്ന കെ. സരസ ആണ്. നോർബർട്ട് പാവനയാണ് കഥയും സംഭാഷണവും എഴുതിയത്. പി. ഭാസ്കരൻ എഴുതി എം.ബി. ശ്രീനിവാസൻ ഈണം പകർന്ന എട്ടു ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. പി.ബി. ശ്രീനിവാസ്, എസ്. ജാനകി, ശാന്ത പി. നായർ, ഉദയഭാനു എന്നിവരെ കൂടാതെ പുതിയ ഗായകനായ കെ.ആർ. ബാലകൃഷ്ണനും പാടി. എന്നിട്ടും ഒരു ഹിറ്റ് ഗാനം പോലും സമ്മാനിക്കാൻ ഈ സിനിമക്കു കഴിയാതെപോയി. കെ.ആർ. ബാലകൃഷ്ണനും ശാന്ത പി. നായരും ചേർന്നു പാടിയത് ''ഒരു നദീതീരത്തിൽ / ഒരു കുന്നിന്നോരത്തിൽ /ഒരുമിച്ചു നമുക്കൊരു /വീടുകെട്ടാം'' എന്ന ഗാനമാണ്.


''തിങ്കളേ...പൂന്തിങ്കളേ/ വെളുവെളുങ്ങനെ/വെളുവെളുങ്ങനെ മിന്നിടേണം വെള്ളത്തമ്പാളം...'' ശാന്ത പി. നായർ പാടി. പി.ബി. ശ്രീനിവാസ് പാടിയ കരളിന്റെ കരളിലെ/യമുന തൻ കരയിലായ് /കാണുകെൻ പ്രേമകുടീരം എന്ന ഗാനവും എസ്. ജാനകി പാടിയ ''എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കൾ /എല്ലാമടിഞ്ഞു കൂരിരുളിൽ'' എന്ന ഗാനവുമായിരുന്നു താരതമ്യേന ഭേദപ്പെട്ടവ. 'സ്വർഗ്ഗരാജ്യം ' എന്ന സിനിമയും പരാജയമായിരുന്നു. 1962ൽ അവസാനമായി വന്ന രണ്ടു ചിത്രങ്ങൾ ജയ് മാരുതിയുടെ 'വിയർപ്പിന്റെ വില'യും ഉദയായുടെ 'ഭാര്യ'യുമായിരുന്നു. ഈ രണ്ടു സിനിമകൾക്കും സംഭാഷണം എഴുതിയത് പൊൻകുന്നം വർക്കിയാണ്. ജയ് മാരുതി കഥാവിഭാഗം ചർച്ച ചെയ്തു തയാറാക്കിയ കഥയാണ് 'വിയർപ്പിന്റെ വില'. എം. കൃഷ്ണൻ നായർ ചിത്രം സംവിധാനം ചെയ്തു. 'ഭാര്യ'യാകട്ടെ കാനം ഇ.ജെ എഴുതിയ നോവൽ അവലംബമാക്കി നിർമിച്ച ചിത്രമാണ്. 'വിയർപ്പിന്റെ വില'യിൽ അഭയദേവ് ഒരിക്കൽകൂടി ഒരു തിരിച്ചുവരവ് നടത്തി. അഭയദേവ് എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി. പി. ലീലയും രേണുകയും ചേർന്നു പാടിയ കമനീയ കേരളമേ...എൻ മാനസ/കോവിലിൽ നീ എന്നും വിളങ്ങണമേ കമനീയ കേരളമേ.../ ഉടലാർന്ന നാൾ തുടങ്ങി /പാലും ചോറും തന്നു മടിയിൽ വച്ചെന്നെ എന്നും താരാട്ടിയ/ കമനീയകേരളമേ...എന്ന ഗാനം മികച്ചതായി. യേശുദാസും പി. ലീലയും ചേർന്നു പാടിയ കൊച്ചുകുരുവീ വാ വാ / കൊച്ചുകുരുവീ വാ... /തന്നനം പാടി നിന്നെയും തേടി / മാരൻ വന്നതറിഞ്ഞില്ലേ / വർണക്കിളിയെ വാ വാ/വർണക്കിളിയെ വാ/പൂമണമേന്തി തൂമധു ചിന്തി / വസന്തം വന്നതറിഞ്ഞില്ലേ... എന്ന യുഗ്മഗാനവും ശ്രദ്ധിക്കപ്പെട്ടു.

Full View

'ഭാര്യ' എന്ന ഉദയാ ചിത്രത്തിലൂടെയാണ് വയലാർ-ദേവരാജൻ കൂട്ടുകെട്ട് മലയാളികളെ മുഴുവൻ പിടിച്ചിരുത്തിയത്. 'ഭാര്യ'യിലെ വൈവിധ്യമുള്ള ഗാനങ്ങൾ ആ സിനിമയുടെ ബോക്സോഫിസ് വിജയത്തെ ഒട്ടൊന്നുമല്ല സഹായിച്ചത്. എ.എം. രാജയും പി. സുശീലയും ചേർന്നു പാടിയ ''പെരിയാറേ...പെരിയാറേ... പർവതനിരയുടെ പനിനീരേ...'' എന്ന ഗാനം മാത്രമല്ല, ആ സിനിമയിൽ പുരുഷശബ്ദത്തിലും സ്ത്രീശബ്ദത്തിലും ഉള്ള എല്ലാ പാട്ടുകളും ഗാനാസ്വാദകരുടെ ഇഷ്ടഗാനങ്ങളായി മാറി. യേശുദാസും പി. ലീലയും രേണുകയും ചേർന്നു പാടിയ

''പഞ്ചാരപാലുമിട്ടായി -പുഞ്ചിരി/ പഞ്ചാര പാലുമിട്ടായി / ആർക്കു തരും ആർക്കു തരും'' എന്ന പാട്ടിലെ വാക്കുകൾക്കും സംഗീതത്തിനും വാത്സല്യത്തിന്റെ സൗന്ദര്യമുണ്ട്. ''ഓമനക്കയ്യിൽ ഒലീവിലക്കൊമ്പുമായ് / ഓശാനപ്പെരുനാള് വന്നു'' എന്ന ഗാനവും

മുൾക്കിരീടമിതെന്തിനു നൽകീ /സ്വർഗസ്ഥനായ പിതാവേ... എന്ന ഗാനവും പി. സുശീലയാണ് പാടിയത്. ദേവരാജൻ മാസ്റ്ററുടെ ഈണത്തിന് ഏറ്റവും അനുയോജ്യമായ സ്ത്രീശബ്ദം പി. സുശീലയുടേതാണെന്നതിന് ഈ ഗാനങ്ങൾ മികച്ച ഉദാഹരണങ്ങളാണ്. ആ കാലത്ത് അദ്ദേഹവും അത് മനസ്സിലാക്കിയിരുന്നു. എസ്. ജാനകി പാടിയ കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടിമാളിക തീർത്തു ഞാൻ /മുറ്റം നിറയെ മുറ്റം നിറയെ മുന്തിരിവള്ളി പടർത്തി ഞാൻ... എന്ന ഗാനവും എ.എം. രാജയും ജിക്കിയും ചേർന്നു പാടിയ ''മനസ്സമ്മതം തന്നാട്ടെ...'' എന്ന ഗാനവും ''ലഹരി ലഹരി ലഹരി ലാസ്യലഹരി...'' എന്ന ഗാനവും ദ്രുതതാളത്തിലുള്ളവയാണ്. യേശുദാസ് പാടിയ ''ദയാപരനായ കർത്താവേ... ഈ ആത്മാവിനു കൂട്ടായിരിക്കണമേ...'' എന്ന ഗാനവും യേശുദാസും പി. സുശീലയും ചേർന്നു പാടിയ ''ആദം ആദം...ആ കനി തിന്നരുത്'' എന്ന ലഘുഗാനശിൽപവും സംഗീതസംവിധായകൻ എന്ന നിലയിൽ ദേവരാജനുള്ള അസാമാന്യപാടവം പുറത്തുകൊണ്ടു വന്നു. 'ഭാര്യ' എന്ന ചിത്രത്തിലൂടെ വയലാറും ജി. ദേവരാജനും ദീർഘകാലം നിലനിൽക്കുമെന്നുറപ്പുള്ള ഒരു കൂട്ടുകെട്ടിന്റെ തുടക്കം കുറിച്ചു. അടുത്ത വർഷത്തിൽ (1963) ചിത്രങ്ങളുടെ എണ്ണം പതിമൂന്നായി. മലയാള ചലച്ചിത്രസംഗീതത്തിൽ പുതിയ ഉണർവും ഉത്സാഹവും പ്രകടമായി. പി. ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ടും വയലാർ-ദേവരാജൻ കൂട്ടുകെട്ടും തികച്ചും ആരോഗ്യപരമായ മത്സരം തുടങ്ങിയതിന്റെ തെളിവുകൾ അവരുടെ പാട്ടുകൾ തന്നെയായിരുന്നു. യേശുദാസിന്റെ ശബ്ദത്തിനു കൂടുതൽ അംഗീകാരം ലഭിക്കാൻ ആരംഭിച്ചതും ഈ കാലത്താണ്. 'ഭാര്യ' എന്ന സിനിമയിലെ ''പെരിയാറേ... പെരിയാറേ...'' എന്ന ഏറ്റവും മികച്ച ഗാനം ജി. ദേവരാജൻ എന്തുകൊണ്ട് യേശുദാസിനു നൽകിയില്ല? കാരണം വ്യക്തം. ദേവരാജന്റെ അന്നത്തെ ഇഷ്ടഗായകൻ എ.എം. രാജ തന്നെയായിരുന്നു. രണ്ടാം സ്ഥാനം അദ്ദേഹം യേശുദാസിനു കൊടുത്തു. അതുകൊണ്ട് അദ്ദേഹത്തിന് ''പഞ്ചാരപ്പാലുമിട്ടായി'' എന്ന പാട്ടിലെ പ്രധാന പുരുഷശബ്ദം ആകാൻ അവസരം കിട്ടി. എം.എസ്. ബാബുരാജിന്റെ ഇഷ്ടഗായകൻ യേശുദാസിന്റെ തുടക്കകാലത്ത് കെ.പി. ഉദയഭാനു ആയിരുന്നു. ക്രമേണ പ്രധാന ഗാനങ്ങൾ യേശുദാസിലേക്ക് ഒഴുകാൻ തുടങ്ങുന്ന കാഴ്ച 1963, 1964 വർഷങ്ങളിൽ നമുക്ക് കാണാൻ കഴിയും. 1963ൽ ആദ്യം പുറത്തിറങ്ങിയ 'നിത്യകന്യക' എന്ന സിനിമക്കു വേണ്ടി വയലാറും ദേവരാജനും ചേർന്നൊരുക്കിയ എല്ലാ പാട്ടുകളും യുവഹൃദയങ്ങളെ ആകർഷിക്കുന്നവയായിരുന്നു. തൊട്ടുപിന്നാലെ വന്ന 'നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന ചിത്രത്തിൽ പി. ഭാസ്കരനും എം.എസ്. ബാബുരാജും സൃഷ്ടിച്ച പാട്ടുകളും ഒന്നിനൊന്നു മെച്ചം. ഈ രണ്ടു കൂട്ടുകെട്ടുകൾ നടത്തിയ സൃഷ്ടികൾ രണ്ടു സമാന്തര സംഗീതപ്രവാഹിനികളുമായി മുന്നോട്ടുപോയി. 'നിത്യകന്യക'യിലെ പാട്ടുകൾ യേശുദാസിനും മികച്ച രീതിയിൽ ആരാധകരെ നേടിക്കൊടുത്തു. യേശുദാസ് പാടിയ ''കണ്ണുനീർമുത്തുമായ് കാണാനെത്തിയ / കാതിരുകാണാക്കിളി ഞാൻ/എന്നോടിത്ര പരിഭവം തോന്നുവാൻ/ എന്തു പറഞ്ഞു ഞാൻ...'' എന്ന ഗാനം ആർക്കു മറക്കാൻ കഴിയും? യേശുദാസും പി. സുശീലയും ചേർന്നു പാടിയ ''എന്തെന്തു മോഹങ്ങളായിരുന്നു/ എത്ര കിനാവുകളായിരുന്നു / ഒരു മോഹമെങ്കിലും പൂത്തു തളിർത്തില്ല / ഒരു കതിരെങ്കിലും കൊയ്തില്ല'' എന്ന ഗാനവും ലളിതസുന്ദരവും ഹൃദയത്തെ തൊടുന്നതുമായിരുന്നു. പി. സുശീല പാടിയ ''തങ്കംകൊണ്ടൊരു കൊട്ടാരം'', യേശുദാസും സുശീലയും ചേർന്നു പാടിയ ''മറക്കുമോ എന്നെ മറക്കുമോ...'', യേശുദാസ് പാടിയ ''കൃഷ്ണാ ഗുരുവായൂരപ്പാ...'', പട്ടം സദൻ പാടിയ ''കൈയിൽ നിന്നെ കിട്ടിയാൽ...'' എന്നിവയായിരുന്നു 'നിത്യകന്യക'യിലെ മറ്റു ഗാനങ്ങൾ.

Full View

'നിത്യകന്യക'ക്കു ശേഷം തിയറ്ററുകളിൽ എത്തിയ 'നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന ചിത്രത്തിൽ പി. ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ട് ഒരുക്കിയ ഗാനങ്ങളും വളരെ ഉയർന്ന നിലവാരം പുലർത്തി. മലയാളികൾ നിറഞ്ഞമനസ്സോടെ എന്നും താലോലിക്കുന്ന ഗാനങ്ങൾ അടങ്ങുന്ന സിനിമയാണ് 'നിണമണിഞ്ഞ കാൽപ്പാടുകൾ'. ''മാമലകൾക്കപ്പുറത്ത് /മരതക പട്ടുടുത്ത് / മലയാളമെന്നൊരുനാടുണ്ട് -കൊച്ചു / മലയാളമെന്നൊരു നാടുണ്ട് / കാടും തൊടികളും കനകനിലാവത്ത് / കൈ കൊട്ടിക്കളിക്കുന്ന നാടുണ്ട്...'' എന്നത് ഏറ്റുപാടാത്ത ഏതു മലയാളിയുണ്ട്? പ്രവാസികളുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകമായി മാറിയ പാട്ടാണിത്. കെ.പി. ഉദയഭാനു പാടിയ അനുരാഗനാടകത്തിൻ / അന്ത്യമാം രംഗം തീർന്നു / അരങ്ങിതിൽ ആളൊഴിഞ്ഞു/ കാണികൾ വേർപിരിഞ്ഞു എന്ന ക്ലാസിക് ഗാനം ഈ സിനിമയിലുള്ളതാണ്.

പി. ലീല പാടിയ ''ഇനിയാരെ തിരയുന്നു/കുരുവിക്കുഞ്ഞേ /ഇരുളിന്റെ വിരിമാറിൽ/ഇണ പോയി മറഞ്ഞല്ലോ...'' എന്ന ശോകഗാനവും സംഗീതപ്രിയർ ഇന്നും ഓർമിക്കുന്നു.

പി.ബി. ശ്രീനിവാസും പി. ലീലയും പാടിയ ''പടിഞ്ഞാറേ മാനത്തുള്ള/പനിനീർചാമ്പയ്ക്ക /പഴുത്തുവല്ലോ മുഴുത്തുവല്ലോ / പറിച്ചുതിന്നാനെനിക്ക്/ ചിറകില്ലല്ലോ...''

എന്ന പ്രണയഗാനവും വളരെ പ്രശസ്തമാണ്. പട്ടാളക്കാരുടെ കഥ പറയുന്ന ഈ സിനിമയിൽ പടയാളികളെ അഭിസംബോധന ചെയ്തുകൊണ്ട് പി. ഭാസ്കരൻ എഴുതിയ ഒരു ദേശഭക്തിഗാനവുമുണ്ട്. ''ഭാരതമേദിനി പോറ്റിവളർത്തിയ /വീരന്മാരാം പടയാളികളേ / കർമഭൂവിനായ് കരവാളൂരിയ /ദേശഭക്തി തൻ അലയാഴികളേ/ നിങ്ങൾ തന്നപദാനം / അമ്മയ്ക്കിന്നഭിമാനം..!''

പി. ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ടും വയലാർ -ദേവരാജൻ കൂട്ടുകെട്ടും നിലവാരമേറിയ ഗാനങ്ങൾ തുടർച്ചയായി മലയാള ചലച്ചിത്രവേദിക്കു സമ്മാനിച്ചുകൊണ്ടിരുന്നു. മലയാള ചലച്ചിത്രഗാനചരിത്രത്തിലെ സുവർണ കാലഘട്ടത്തിന്റെ ശുഭസൂചകമായ തുടക്കം! 

Tags:    
News Summary - sreekumaran thampi sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.