എൺപതുകളിലും തൊണ്ണൂറുകളിലും പൂവച്ചൽ ഖാദറിന്റെ തൂലികയിൽനിന്ന് ഉതിർന്നുവന്നത് ഹിറ്റുകളുടെ പെരുമഴയായിരുന്നു. കഥാസന്ദർഭത്തിനനുസരിച്ച് വരികളെഴുതാൻ കഴിവുള്ള ഗാനരചയിതാവായി പൂവച്ചൽ മാറിയിരുന്നു. പൂവച്ചലിന്റെ പാട്ടുകളെയും എഴുത്ത് ജീവിതത്തെയും വേറിട്ടരീതിയിൽ വായിക്കുകയാണ് ലേഖകൻ -കഴിഞ്ഞ ലക്കം തുടർച്ച
‘ഉത്സവം’ എന്ന ചിത്രത്തിനുവേണ്ടി പൂവച്ചൽ ഖാദർ എഴുതിയ ഒരു വാക്കുപോലും മാറ്റാൻ അതിന്‍റെ സംഗീതം നിർവഹിച്ച എ.ടി. ഉമ്മറിന് തോന്നിയില്ല. അഥവാ, മാറ്റേണ്ടിവന്നില്ല എന്നതായിരുന്നു സത്യം.
പിന്നെ, ‘ഇതാ ഒരു ധിക്കാരി’യിലെ ‘‘എന്‍റെ ജന്മം നീയെടുത്തൂ നിന്‍റെ ജന്മം ഞാനെടുത്തൂ’’ എന്ന 1981 ചിത്രത്തിലൂടെ പൂവച്ചൽ-എ.ടി. ഉമ്മർ എന്ന ഈ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചു.
‘‘സ്വയംവരത്തിനു പന്തലൊരുക്കി’’, ‘‘എന്‍റെ ജന്മം നീയെടുത്തു’’, ‘‘മേഘങ്ങൾ താഴും കൂടാരമൊന്നിൽ’’, ‘‘അറിയാതെയറിയാതെയനുരാഗവീണയിൽ’’, ‘‘ഏകാന്തതയുടെ കടവിൽ’’, ‘‘ആഗ്രഹം ഒരേ ഒരാഗ്രഹം’’, ‘‘ഭൂപാളം പാടാത്ത ഗായകൻ ഞാൻ’’, ‘‘ഹൃദയ ശാരികേ ഉണരുക നീ’’, ‘‘ഓണത്തുമ്പിക്കൊരൂഞ്ഞാല്’’, ‘‘ഒന്നാനാം കുന്നിറങ്ങി വാ’’, ‘‘ഏകാന്തതയുടെ യാമങ്ങൾ’’, ‘‘ആയിരം പൂ വിടർന്നൂ’’, ‘‘എന്‍റെ മോഹവാടികയിൽ’’, ‘‘മൈലാഞ്ചിയണിയുന്ന മദനപ്പൂവേ’’, ‘‘മൂടൽമഞ്ഞിൻ ചാരുതയിൽ’’, ‘‘മോഹംപോലെ മേഘം മേഘം പോലെ ഓളം’’ തുടങ്ങി പൂവച്ചൽ ഖാദർ എഴുതി എ.ടി. ഉമ്മർ ഈണമിട്ട പാട്ടുകളെല്ലാം മനോഹരമായി മാറി.
ആദ്യം വരികളെഴുതി പിന്നെ ഈണമിടുന്ന രീതി മാറി, പതിയെപ്പതിയെ മലയാള സിനിമയും ഈണമിട്ടശേഷം വരികൾ എഴുതിപ്പിക്കുന്ന വഴിയിലേക്ക് പ്രവേശിക്കുന്ന കാലമായിരുന്നു.
തിരക്കുകൂടിയ സിനിമാലോകത്ത്, ഇത് കൃത്യമായും ഭംഗിയായും ചെയ്യുന്ന രണ്ട് കലാകാരൻമാരായിരുന്നു അന്നുണ്ടായിരുന്നത്. ഒന്ന് ബിച്ചു തിരുമലയും മറ്റൊന്ന് പൂവച്ചൽ ഖാദറും. ഈണത്തിനനുസരിച്ച് നിമിഷനേരത്തിൽ പാട്ടെഴുതുന്ന പൂവച്ചലിനോട്, ‘കവിതയോ പാട്ടോ പ്രിയമേറെ?’ എന്ന് ചോദിച്ചാൽ പറയും: ‘‘രണ്ടും ഇഷ്ടം. കൂടുതൽ സ്വാതന്ത്ര്യവും സ്വന്തം ഇഷ്ടവും പ്രയോഗിക്കാൻ കഴിയുന്നത് എന്നനിലക്ക്, മാനസിക സംതൃപ്തി കൂടുതൽ കവിതയെഴുത്തിലാണ്.’’
ഇതിനുമപ്പുറം, കവിതയെപ്പറ്റി കവിതപോലെ പൂവച്ചൽ പറയുന്നൊരു കാര്യമുണ്ട്. ‘‘ആദ്യ പ്രണയിനിയെ ഓർക്കുന്നപോലെയാണ് കവിത. കവിത എപ്പോഴും കൂടെയുണ്ട്. എത്ര ശ്രമിച്ചാലും അത് ഇല്ലാതാവില്ല.’’
ഓരോ വ്യക്തിക്കും അവരുടെ സ്കൂളിന്‍റെ സ്വഭാവംകൂടി കാണുമല്ലോ. ശ്യാം എന്ന സംഗീതസംവിധായകൻ സലിൽ ചൗധരിയുടെ അസോസിയറ്റ് ആയിരുന്നു. സലിൽ ചൗധരിയെപ്പോലെത്തന്നെ, ഈണമിട്ടശേഷം ഈണത്തിനനുസരിച്ച് പാട്ടെഴുതിപ്പിക്കുന്ന രീതിയായിരുന്നു ശ്യാമിനും. പൂവച്ചൽ ഖാദർ ഏറ്റവും അധികം പാട്ടുകൾ എഴുതിയത് ശ്യാമിന്‍റെയും എ.ടി. ഉമ്മറിന്‍റെയും ഈണങ്ങൾക്കായിരുന്നു.
‘‘ഒരു ചിരി കാണാൻ കൊതിയായി’’, ‘‘ഇതിലേ ഏകനായ്’’, ‘‘പോം പോം ഈ ജീപ്പിന്നു മദമിളകി’’, ‘‘പുന്നാരപ്പൂമണിമാരൻ അരികിലു വന്നപ്പൊ’’, ‘‘മാറത്തു മറുകുള്ള മന്ദാരപ്പൂവിന്‍റെ’’, ‘‘നാലു കാശും കൈയിൽ വെച്ച്’’, ‘‘വാസരം തുടങ്ങീ ഒരു ജീവിതം തുടങ്ങീ’’, ‘‘മാറിക്കോ മാറിക്കോ മാറിക്കോ ദൂരെ’’, ‘‘കാലങ്ങൾ മാറുന്നു’’, ‘‘എന്‍റെ വിണ്ണിൽ വിടരും നിലാവേ’’, ‘‘പൂമാനമേ ഒരു രാഗമേഘം താ...’’ തുടങ്ങീ ശ്വാമിന്‍റെ ഈണവും പൂവച്ചൽ ഖാദറിന്‍റെ വരികളും ചേർന്ന് എൺപതുകളിൽ ഹിറ്റുകളുടെ പെരുമഴയൊഴുകി.
വരാൻ പോകുന്ന കൂട്ടുകെട്ടുകളെ, കാലം നേരത്തേ പൂവച്ചൽ ഖാദറിന് പരിചയപ്പെടുത്താൻ കണ്ടെത്തിവെച്ച വഴികൾ നോക്കുന്നത് കൗതുകം നിറഞ്ഞതാണ്.
ജോലി കിട്ടി കോഴിക്കോടെത്തുന്നു. ആകാശവാണിയും ചന്ദ്രിക ആഴ്ചപ്പതിപ്പുമായി വളരെ അടുത്തബന്ധം. ആകാശവാണിയിൽ ലളിതഗാനങ്ങൾ ചെയ്ത് രാഘവൻ മാഷുമായി അടുപ്പം. ചന്ദ്രികയിൽ കവിതയെഴുതി കാനേഷ് പുനൂരുമായി അടുപ്പം. കാനേഷ് വഴി ഐ.വി. ശശിയുമായി സൗഹൃദം. കോഴിക്കോട്ടെ സായാഹ്നങ്ങളിൽ ഒത്തുകൂടുന്നവർ ‘അശ്വതി’ എന്ന പേരിൽ സിനിമാനിരൂപണമെഴുതുന്ന പത്മനാഭൻ, സലാം കാരശ്ശേരി, കാനേഷ് പുനൂർ, യു.കെ. കുമാരൻ, പുനൂർ, കെ. കരുണാകരൻ, എം.എൻ. കാരശ്ശേരി, അബ്ദുള്ള നന്മണ്ട...
ഇവരെല്ലാം ഖാദറിന് കലാജീവിതത്തിൽ താങ്ങും തണലുമായി. ഈ സംഘത്തിലെ സലാം കാരശ്ശേരി നവധാരാ പ്രൊഡക്ഷനിൽ ചെയ്യാൻവെച്ച സിനിമയിൽ പാട്ടെഴുതാൻ ഖാദറിനെ ഏൽപിക്കുന്നു. നവധാരയുമായുള്ള ഈ അടുപ്പത്തിൽ, അവരുടെ, ‘ചുഴി’ എന്ന അടുത്ത ചിത്രത്തിൽ ഖാദർ പാട്ടെഴുതുന്നു. 1973 ലായിരുന്നു ചുഴിയിലെ ഗാനങ്ങൾ പിറന്നത്. ഇതിലെ, ‘‘അക്കൽദാമയിൽ പാപം പേറിയ ചോരത്തുള്ളികൾ വീണു’’ എന്ന ഗാനം ഏറെ ചർച്ചചെയ്യപ്പെട്ടു. ‘‘ഒരു ചില്ലിക്കാശുമെനിക്കു വേണ്ടിയതില്ലല്ലോ’’ എന്ന ഗാനവും മലയാളികൾ പാടിനടന്നു. ചുഴിയിൽ സംഗീതസംവിധായകൻ എം.എസ്. ബാബുരാജ് ആയിരുന്നു. തുടർന്ന്, സലാം കാരശ്ശേരിയുടെ എല്ലാ ചിത്രത്തിലും പൂവച്ചൽ ഖാദറാണ് പാട്ടെഴുതിയത്. പൂവച്ചൽ ഖാദർ അറിയപ്പെട്ട് തുടങ്ങിയ കാലത്ത് രവീന്ദ്രൻ എന്ന കുളത്തൂപ്പുഴ രവി മദ്രാസിൽ ഡബിങ് ആർട്ടിസ്റ്റായും കോറസ് പാടിയും നടക്കുകയാണ്. സംഗീതസംവിധായകൻ ആയിട്ടില്ല എന്നുമാത്രമല്ല; ആവാനുള്ള സാധ്യതപോലും തെളിഞ്ഞിട്ടില്ല.
ഒരു ദിവസം പൂവച്ചൽ ഖാദറിനോട് കുളത്തൂപ്പുഴ രവി പറഞ്ഞു; ‘‘ഞാൻ ഒന്ന് വീട്ടിലേക്ക് വരാം. എന്‍റെ കയ്യിൽ കുറേ ട്യൂണുകളുണ്ട്. അതിനൊന്ന് വരികളെഴുതിത്തരണം.’’
അങ്ങനെ, കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രൻ പൂവച്ചലിന്‍റെ വീട്ടിലെത്തുന്നു. ഇരുവരും ചേർന്ന്, രസകരമായതും ഗംഭീരമായതുമായ പാട്ടുകൾ സൃഷ്ടിക്കുന്നു. രവീന്ദ്രൻ തന്‍റെ ആദ്യ സംഗീത സംവിധാനമായ ‘ചൂള’ എന്ന ചിത്രംചെയ്യുന്നതിനും മുമ്പുതന്നെ, പൂവച്ചൽ ഖാദറുമായി ചേർന്ന് മുപ്പതോളം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. ‘ചൂള’ എന്ന സിനിമ സ്വതന്ത്ര സംഗീതസംവിധാനത്തിന് ലഭിച്ചപ്പോൾ, രവീന്ദ്രൻ പൂവച്ചലിനെത്തന്നെ പാട്ടെഴുതാൻ വിളിച്ചു. തൊട്ടുവെച്ച സൗഹൃദങ്ങളെല്ലാം പൂവച്ചൽ ഖാദർ നിലനിർത്തിക്കൊണ്ടുപോയി എന്നതിന്‍റെ അടുത്ത തെളിവായി മാറുകയാണ് ഈ പൂവച്ചൽ-രവീന്ദ്രൻ കൂട്ടുകെട്ട്. ‘‘കിരാത ദാഹം ഒരു കിളിയുടെ ശവദാഹം’’ എന്ന തനിക്കേറെ ഇഷ്ടമുള്ള പാട്ട് അങ്ങനെ ‘ചൂള’ക്കായി പിറന്നു.
ഹിറ്റ് സംവിധായകൻ ശശികുമാറിനൊപ്പമുള്ള ഖാദറിന്‍റെ ആദ്യ പടമായിരുന്നു ചൂള. കഥാസന്ദർഭം ശശികുമാർ പാട്ടെഴുതാനായി പൂവച്ചലിന് പറഞ്ഞുകൊടുത്തു. സിറ്റ്വേഷൻ നിറയെ വേദനയാണ്. സിറ്റ്വേഷൻ പറഞ്ഞുകഴിഞ്ഞ് ശശികുമാർ പൂവച്ചലിനോട് ചോദിച്ചു.
‘‘കിട്ടിയില്ലേ?’’
‘‘ഉവ്വ്.’’
‘‘അപ്പൊ ശരി. ഇനി ഞാൻ ഈ പാട്ട് ഷൂട്ടിങ് സമയത്തേ കേൾക്കൂ.’’ ഖാദർ പാട്ടെഴുതി.
ഷൂട്ടിങ് സമയം വരെ ഈ പാട്ടുകേൾക്കാതിരുന്ന ശശികുമാറിന്, കേട്ടപ്പോൾ പാട്ടേറെ ഇഷ്ടമായി. ഈ പാട്ടുസീൻ ഷൂട്ടും കഴിഞ്ഞു. ഡയറക്ടർ ശശികുമാർ, ഇതിന്‍റെ ഗാനചിത്രീകരണം കഴിഞ്ഞ്, രവീന്ദ്രനോട് പറഞ്ഞു. ‘‘പൂവച്ചലിനെ കൂട്ടിവരൂ.’’
അവിടെവെച്ച് ശശികുമാർ, പൂവച്ചൽ ഖാദറിനോട് മനസ്സുതുറന്നു. ‘‘ആദ്യമായാണ് ഞാൻ ഷൂട്ടിനുമുമ്പ് പാട്ട് കേൾക്കാതെ പാട്ടുസീനിന്‍റെ ഷൂട്ടിങ് തീരുമാനിക്കുന്നത്. അന്ന് സിറ്റ്വേഷൻ പറഞ്ഞപ്പോൾ നിങ്ങടെ മുഖത്തു കണ്ട ഭാവമായിരുന്നു എന്‍റെ ഈ ധൈര്യത്തിന് അടിസ്ഥാനം. ഫോണിലൂടെയെങ്കിലും ഒരുവട്ടം കേട്ടിട്ടേ ഇതുവരെയും ഞാൻ പാട്ട് ഉറപ്പിച്ചിട്ടുള്ളൂ.’’
തുടർന്നു പറഞ്ഞ, അടുത്ത ഗാനരംഗത്തിനുവേണ്ടി എഴുതിയ പാട്ടാണ് ‘‘സിന്ധൂരസന്ധ്യക്ക് മൗനം’’ എന്ന ഗാനം. ഇളയരാജ രവീന്ദ്രനെ വിളിച്ചഭിനന്ദിച്ച, ‘‘താരകേ മിഴിയിതളിൽ കണ്ണീരുമായി’’ എന്ന ഗാനവും ‘ചൂള’ എന്ന ഈ ചിത്രത്തിലേതാണ്.
തുടർന്ന്, ശശികുമാറിന്‍റെ മിക്ക ചിത്രങ്ങളിലും പൂവച്ചൽ ഖാദർതന്നെ പാട്ടെഴുതി.
പൂവച്ചൽ ഖാദർ-രവീന്ദ്രൻ എന്ന ആ കൂട്ടുകെട്ടിന്‍റെ മധുരപ്രവാഹത്തിൽ ഉരുവാർന്ന ഹിറ്റ് ഗാനങ്ങൾക്ക് ഒരു കണക്കുമില്ല.
‘‘ഇനിയെന്‍റെ ഓമലിനായൊരു ഗീതം’’, ‘‘ഇടവാക്കായലിൽ കളിത്തോഴീ’’, ‘‘മലരും കിളിയും ഒരു കുടുംബം’’, ‘‘നാണമാകുന്നൂ മേനി നോവുന്നൂ’’, ‘‘തേങ്ങും ഹൃദയം നോവും ഇരുളിൽ’’, ‘‘രാജീവം വിടരും നിൻ മിഴികൾ’’, ‘‘ഋതുമതിയായ് തെളിമാനം’’, ‘‘രാവിൽ രാഗനിലാവിൽ’’, ‘‘മാനം പൊൻമാനം കതിർ ചൂടുന്നൂ’’, ‘‘കായലോളങ്ങൾ ചുംബിക്കും’’, ‘‘ചിരിയിൽ ഞാൻ കേട്ടു ഗീതം സംഗീതം’’, ‘‘ഒരു സ്വപ്നഹംസം തൂവൽ നീട്ടും’’, ‘‘കാറ്റോടും കന്നിപ്പാടം...’’
അങ്ങനെ, പറഞ്ഞാലും കേട്ടാലും കൊതിതീരാത്ത ഗാനങ്ങൾ!
കോഴിക്കോട്ടെ ജോലിക്കിടയിൽ വല്ലപ്പോഴും നാലോ അഞ്ചോ ദിവസത്തെ ലീവിന് തിരുവനന്തപുരത്തെത്തുന്ന പൂവച്ചൽ ഖാദർ ഒരിക്കൽ തിരുവനന്തപുരം ആകാശവാണിയിൽ എത്തുന്നു. 1973ലാണ്. ‘യുവസാഹിതി’യിൽ കവിത വായിക്കാനായിട്ടാണ് ആകാശവാണിയിൽ ചെന്നത്. പ്രോഗ്രാം എക്സിക്യൂട്ടിവ് അബ്ദുൽ അസീസ് പൂവച്ചലിന്‍റെ സുഹൃത്താണ്. അബ്ദുൽ അസീസ് അന്നുതന്നെ എം.ജി. രാധാകൃഷ്ണനെ ഖാദറിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു.
‘‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു’’ എന്ന പാട്ടും ‘‘നീയെന്‍റെ പ്രാർഥന കേട്ടു’’ എന്ന ഗാനവുമെല്ലാം ആകാശവാണിയിൽ സ്ഥിരമായി കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്ന സമയമായതുകൊണ്ട്, എം.ജി. രാധാകൃഷ്ണനും ഈ പരിചയപ്പെടൽ വളരെ ഹൃദ്യമായി. എം.ജി. രാധാകൃഷ്ണൻ ഖാദറിനോട് പരിചയപ്പെട്ടതും പറഞ്ഞു; ‘‘ഓണത്തിന്, ‘ക്ഷണിക്കപ്പെട്ട സദസ്സ്’ എന്ന പ്രോഗ്രാം വരുന്നുണ്ട്. ഒരു പാട്ടെഴുതിത്തന്നാൽ നമ്മൾക്ക് ആ പാട്ട് അവിടെ അവതരിപ്പിക്കാം.’’
രണ്ടു ദിവസം കഴിഞ്ഞ് പൂവച്ചൽ വീണ്ടും ആകാശവാണിയിൽ ചെന്നു. കൈയിൽ ഒരു പാട്ടുമുണ്ട്. ‘ക്ഷണിക്കപ്പെട്ട സദസ്സി’ൽ ആ പാട്ട്, തൃപ്പൂണിത്തുറ ഗിരിജാവർമ പാടി അവതരിപ്പിച്ചു. പിന്നീട് ഈ പാട്ടുതന്നെ സംഗീതപാഠത്തിൽ എം.ജി. രാധാകൃഷ്ണൻ പഠിപ്പിച്ചുകൊണ്ടും ജനങ്ങൾക്കായി ഒഴുകിവന്നു.
‘‘അന്നത്തെ കാലത്ത്, പത്ത് സിനിമയിൽ പാട്ടെഴുതിയാൽ കിട്ടുന്നതിലും പ്രശസ്തി കിട്ടുമായിരുന്നു ആകാശവാണിയിലെ ഈ സംഗീതപാഠത്തിൽ പാട്ട് വന്നാൽ’’ എന്ന് പൂവച്ചൽ ഖാദർതന്നെ പറഞ്ഞിട്ടുണ്ട്. ഈ പാട്ടാണ് ആ വർഷത്തെ യുവജനോത്സവവേദികളിൽ ഏറ്റവും കൂടുതൽ പേർ പാടിയ പാട്ടായ ‘‘രാമായണക്കിളി ശാരികപ്പൈങ്കിളി രാജീവനേത്രനെക്കണ്ടോ?’’ എന്ന ഗാനം.
അടുത്ത വർഷം ജയചന്ദ്രന്‍റെ ശബ്ദത്തിലായിരുന്നു പൂവച്ചലിന്റെ മറ്റൊരു ആകാശവാണിഗാനം വന്നത്. എം.ജി. രാധാകൃഷ്ണൻ ഈണമിട്ട ഈ ഗാനവും സംഗീതപാഠത്തിൽ പഠിപ്പിക്കപ്പെട്ടു.
കലാലയവേദികളെ കീഴടക്കിയ ഗാനമായ ‘‘ജയദേവ കവിയുടെ ഗീതികൾ കേട്ടെന്‍റെ രാധേ ഉറക്കമായോ’’ എന്ന ആ ഗാനവും ഓർക്കുന്നവർ ഇന്നുമേറെ. ആകാശവാണിയിലൂടെ ഗാനാസ്വാദകരെ തേടിയെത്തിയ ‘‘അനുരാഗലേഖനം മനതാരിലെഴുതിയ പ്രിയതമനെവിടേ തോഴീ?’’ എന്ന ഗാനവും ഏറെ പ്രസിദ്ധമായി. ഇതും എം.ജി. രാധാകൃഷ്ണന്‍റെ ഈണമായിരുന്നു. ‘‘ഓരോ കിനാവിന്‍റെ ചന്ദനക്കാവിലും ഓടിവരും മണിമാരൻ’’ എന്ന ഹിറ്റ് ഗാനവും ഇവരുടെ ലയത്തിൽ ജനങ്ങൾ കേട്ടാസ്വദിച്ചു. ‘‘രാധേ നിന്നെയുണർത്തുവാൻ ഞാനെൻ വേണുവിനോടും പറഞ്ഞല്ലോ’’, ‘‘പ്രിയമുള്ളവളേ’’, ‘‘മഴവില്ലിൻ മക്കൾക്ക് മണിമാല കോർക്കുന്ന മഴമുകിൽത്തേരുകൾ വന്നൂ’’ തുടങ്ങിയ പാട്ടുകളും കേരളം മുഴുവൻ ഏറ്റുപാടി.
‘‘രാമായണക്കിളി’’യും ‘‘ജയദേവകവി’’യും കേട്ട ഭരതൻ, ഇതേ കൂട്ടുകെട്ടിൽ തന്‍റെ ഒരു സിനിമയിൽ പാട്ടുകൾ പിറക്കണം എന്ന ആഗ്രഹം എം.ജി. രാധാകൃഷ്ണനോട് പറയുന്നു. അധികം താമസിയാതെ ഭരതന്‍റെ ഫോൺവിളി പൂവച്ചലിന് വരുന്നു. ഭരതൻ കേൾവിക്കാരനും പൂവച്ചൽ എഴുത്തുകാരനും എം.ജി. രാധാകൃഷ്ണൻ കമ്പോസറും നെടുമുടി വേണു തബലിസ്റ്റുമായി അങ്ങനെ പുതിയൊരു ഗാനം പിറവിയെടുക്കുകയായി. ഇങ്ങനെയാണ് ‘തകര’യിലെ പാട്ടുകൾ ഉണ്ടാകുന്നത്. തൊട്ടടുത്ത വർഷംതന്നെ ‘ചാമര’ത്തിന്‍റെ പാട്ടുകൾക്കായി ഇതേ ടീം വീണ്ടും ഒരുമിക്കുന്നു.
ഭരതൻ പറഞ്ഞ സിറ്റ്വേഷൻ ഇങ്ങനെയാണ്:
‘‘പ്രണയിനി തന്‍റെ മുറച്ചെറുക്കനെ കാത്തിരിക്കുകയാണ്. ഇവൾ കോളജ് ലക്ചറർ ആണ്. കൃഷിയുമൊക്കെയായി ഇരിക്കുന്ന മുറച്ചെറുക്കനെ ഓർത്ത് മുറപ്പെണ്ണ് പാടുന്ന പാട്ടാണ്. ഇവർക്കിടയിലെ അനുരാഗത്തിന്‍റെ ഒരംശം. ഷൂട്ടിങ് തൃപ്പൂണിത്തുറ ഭാഗങ്ങളിലായിരിക്കും. അപ്പൊ, പാടവും വെള്ളവുമൊക്കെ ഒന്ന് മനസ്സിൽ കണ്ടോളൂ.’’
ഇത്രയേ ഭരതൻ പറഞ്ഞുള്ളൂ. യഥാർഥ കലാകാരന് എല്ലാ സ്വാതന്ത്ര്യവും കൊടുക്കണം എന്നും; അപ്പോൾമാത്രമാണ് അസ്സൽ കല പിറവിയെടുക്കുക എന്നും ഭരതനറിയാം. നായികക്കുവേണ്ടി പാടേണ്ടത് എസ്. ജാനകിയാണ്.
ജാനകിക്ക് ഏറെ തിരക്കുള്ള സമയം. ഓടിനടന്ന്, ഇരുപത് മണിക്കൂറോളം പാട്ടുകൾ പാടുന്ന കാലം. രാത്രി ഒമ്പത് മണിക്ക് സ്റ്റുഡിയോയിൽ എത്താം എന്നാണ് ജാനകി അറിയിച്ചിരിക്കുന്നത്.
ഓടി വന്ന്, പെട്ടെന്ന് പാടി, ഓടിപ്പോകാം എന്നായിരുന്ന ജാനകിയുടെ മനസ്സിൽ. എന്നാൽ, വരിയും ഈണവും സിറ്റ്വേഷനും ഭാവവും എല്ലാം തിരിച്ചറിഞ്ഞതും ജാനകി ധർമസങ്കടത്തിലായി. ഇതങ്ങനെ വെറുതെ പാടിപ്പോകേണ്ടതായ പാട്ടല്ല എന്ന് ആ കലാകാരിക്കും തീരുമാനമായി. ജാനകി തിരക്കെല്ലാം മറന്ന്, പാട്ടിൽ മുഴുകി. എത്ര പാടിയിട്ടും മതിയാകാത്തപോലെ. വീണ്ടും വീണ്ടും പാടി. എം.ജി. രാധാകൃഷ്ണൻ ‘ഓക്കേ’ എന്ന് പറഞ്ഞിട്ടുപോലും; ഒന്നുകൂടി പാടാമെന്ന് പറഞ്ഞ് പാടി, ആ പാട്ടിനെ മനോഹരമായൊരു ചിത്രമാക്കി ജാനകി മാറ്റി. മികച്ച ഗായികക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ച, ‘‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നൂ’’ എന്ന ഗാനമായിരുന്നു അത്.
പൂവച്ചൽ ഖാദർതന്നെ പറയുന്നു:
‘‘ഒരേ സിറ്റ്വേഷൻ ഭരതനും ശശികുമാറും പറഞ്ഞാൽ, പുറത്തുവരുന്നത് രണ്ട് പാട്ടായിരിക്കും. ചിലർ സിറ്റ്വേഷൻ പറയും ചിലർ സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിക്കും. ചിലർ ലൊക്കേഷനേക്കുറിച്ച് പറയും. ഏതാണോ മനസ്സ് എടുക്കുന്നത് അതിൽനിന്നും തുടങ്ങും എഴുത്ത്. സിനിമയിലെ ഇൻട്രൊഡക്ഷൻ സീൻ പോലെത്തന്നെ ഗംഭീരമാവണം പല്ലവി. എന്നാലേ പാട്ട് ശ്രദ്ധിക്കപ്പെടൂ. പലപ്പോഴും മൂന്നോ നാലോ പാട്ടെഴുതി, അതിൽ പൂർണ തൃപ്തി വന്നതേ സംഗീതസംവിധായകന് കൊടുക്കാറുള്ളൂ.’’
ലൊക്കേഷനെപ്പറ്റി സംവിധായകർ സൂചിപ്പിച്ചപ്പോൾ എഴുതിയ ചില പാട്ടുകളാണ് ‘‘ചിത്തിരത്തോണിയിൽ അക്കരെ പോകാൻ’’ എന്ന പാട്ട്. കാരണം, ഷൂട്ട് ചിറയിൻകീഴിൽ ആയിരുന്നു. വയനാട്ടിലെ തിരുനെല്ലിയിലെ ലൊക്കേഷൻ പറഞ്ഞപ്പോൾ എഴുതിയതാണ്, ‘‘തിരുനെല്ലിക്കാട് ഒരു കന്നിപ്പെണ്ണ്/ വയനാടൻ കുന്നിലെ പെണ്ണ്’’ എന്ന ഗാനം.
‘കാറ്റു വിതച്ചവൻ’ എന്ന സിനിമയിലെ കഥാരംഗം പറഞ്ഞതിപ്രകാരമായിരുന്നു. ‘‘വിവാഹം കഴിഞ്ഞ്, മധുവിധുവും കഴിഞ്ഞ്, മടങ്ങിപ്പോകുന്ന വധൂവരൻമാരെ യാത്രയാക്കാൻ ബന്ധുക്കൾ വന്നിരിക്കുന്നു.’’
അങ്ങനെ എഴുതിയതാണ്,
‘‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞൂ/ മണിമുകിൽ തേരിലിറങ്ങീ’’ എന്ന പാട്ട്.
‘‘ഇതെഴുതുമ്പോൾ മനസ്സിലെ ദൃശ്യം എന്നത്, കുട്ടിക്കാലത്ത് വീട്ടിൽനിന്നും നോക്കിയാൽ കാണുന്ന, അഗസ്ത്യാർകൂട മലയിൽ മഴക്കാലത്ത് അപൂർവമായി പ്രത്യക്ഷപ്പെടുന്ന മഴവില്ലായിരുന്നു. വേർഡ്സ് വർത്ത് മഴവില്ലിനെക്കുറിച്ച് എഴുതിയതും ഓർമയിലുണ്ടായിരുന്നു.’’
ഗംഗൈ അമരന്‍റെ സംഗീതത്തിൽ പാട്ടെഴുതാൻ ഇരിക്കുകയാണ്. ആദ്യവരിയിങ്ങ് വരുന്നില്ല. ആശംസാഗാനമാണ് വേണ്ടത്. പെട്ടെന്നാണ്, ഒരാഴ്ചകഴിഞ്ഞ് നടക്കാൻ പോകുന്ന, കൃഷ്ണൻനായർ എന്ന സുഹൃത്തിന്‍റെ വിവാഹം ഓർമവന്നത്.
കല്യാണത്തിന് പോകേണ്ടതാണ്.
ആശംസ അറിയിക്കേണ്ടതാണ്.
ഇത്രയും ഓർത്തതും വരികൾ ഒഴുകിയെത്തി.
‘‘ആശംസകൾ നൂറുനൂറാശംസകൾ...’’
ഏതെല്ലാം ഭാവങ്ങൾക്ക് പാട്ടെഴുതിയാലും എഴുതാൻ ഏറ്റവും ഇഷ്ടമുള്ള ഭാവം ഏതെന്ന് ചോദിച്ചാൽ പൂവച്ചലിന് സംശയമേതുമില്ല. ‘അത് വിരഹംതന്നെ.’’ വെറുതെയാണോ ‘‘നാഥാ നീ വരും കാലൊച്ച കേൾക്കുവാനും’’ ‘‘മൗനമേ നിറയും മൗനമേ’’യും ഒക്കെ ഇത്രയേറെ മനോഹരമായത്!
കാലം പൂവച്ചൽ ഖാദറിനായി ഒരുക്കിയ രംഗങ്ങൾ മുഴുവനാക്കിയില്ല. പൂവച്ചൽ ഖാദറിന്‍റെ സുഹൃത്തും പത്രപ്രവർത്തകനുമായ രഘുനാഥ് നെട്ടൂർ, രഘുവിന്‍റെ സുഹൃത്തായ എൻ.വി. ഹരിദാസിനെ പൂവച്ചലിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു.
ഹരിദാസ് ഗായകനാണ്. എൻ.വി. ഹരിദാസിന്‍റെ ബന്ധുവാണ്, ‘കായലും കയറും’ എന്ന സിനിമയുടെ നിർമാതാവായ എം.എസ്. ശിവസ്വാമി. ശിവസ്വാമി, തമിഴിൽ കുറച്ച് സിനിമകൾ ചെയ്തിട്ടുള്ള ആളാണ്. അങ്ങനെയാണ് കെ.വി. മഹാദേവൻ ഈ പ്രോജക്ടിൽ എത്തുന്നത്. ഹരിദാസ് ഈ സിനിമയുടെ സംവിധായകനായ കെ.എസ്. ഗോപാലകൃഷ്ണനെ പൂവച്ചലിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. തുടർന്ന്, ‘കായലും കയറും’ എന്ന ചിത്രത്തിൽ പാട്ടെഴുതാൻ പൂവച്ചലിനെ തിരഞ്ഞെടുക്കുന്നു. ലൊക്കേഷൻ, പൂവച്ചലിന്‍റെ ഭാര്യ ആമിനയുടെ നാടായ ചിറയിൻകീഴ്.
സംഗീത സംവിധായകൻ തെന്നിന്ത്യയിലെ സംഗീതസാമ്രാജ്യത്തിലെ മുടിചൂടാമന്നനായ കെ.വി. മഹാദേവൻ! 1979ൽ ഇറങ്ങിയ ഈ സിനിമയിലെ അഞ്ച് പാട്ടുകൾ പൂവച്ചലിന്‍റെ രചനാലോകത്തിലെ വഴിഞ്ഞിരിവായി മാറി. ‘‘ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ’’, ‘‘ചിത്തിരത്തോണിയിലക്കരെപ്പോകാൻ’’ തുടങ്ങിയ പാട്ടുകൾ എക്കാലത്തെയും സൂപ്പർ ഹിറ്റ് പാട്ടുകളായി. ‘‘ശരറാന്തൽ തിരിതാണു’’ എന്ന പാട്ട് രാത്രിയും ‘‘ചിത്തിരത്തോണിയിൽ’’ എന്ന പാട്ട് പകലുമാണ് റെക്കോഡ് ചെയ്തത്. അഞ്ച് ദിവസമാണ് കെ.വി. മഹാദേവൻ റെക്കോഡിങ്ങിന് നൽകിയിരിക്കുന്ന ഡേറ്റ്. സംവിധായകൻ പറഞ്ഞ സിറ്റ്വേഷന് പറ്റിയ വരികൾ പൂവച്ചൽ എഴുതി. ‘‘രാവിൻ കൺമഷി വീണു കലങ്ങിയ’’ എന്നു തുടങ്ങുന്ന ഗാനം.
കെ.വി. മഹാദേവൻ ഈണവുമിട്ടു. എന്നാൽ, സംവിധായകൻ പറഞ്ഞു; ‘‘പാട്ട് നന്നായിട്ടുണ്ട്, എന്നാൽ, കുറച്ചുകൂടി ലളിതമായാൽ നന്ന് വരിയും ഈണവും.’’ കെ.വി. മഹാദേവൻ ഉടൻ അടുത്ത ഈണമിട്ടു. പൂവച്ചലിനും ഹരമായി. ഉടൻ വന്നു അടുത്ത വരികൾ! അതാണ്, ‘‘ശരറാന്തൽ തിരി താണു’’ എന്ന ഗാനം. പറയുംമുമ്പേ വരികൾ മാറ്റാനുള്ള ഈ അസാധ്യ കഴിവുകാരണം എൺപതുകളിലെ പ്രിയ ഗാനരചയിതാവായി പൂവച്ചൽ മാറി. അങ്ങനെ, നൽകിയ അഞ്ചിനു പകരം, വെറും മൂന്നു ദിവസംകൊണ്ട് ‘കായലും കയറും’ എന്ന ചിത്രത്തിലെ പാട്ടുകൾ റെക്കോഡ് ചെയ്തുകഴിഞ്ഞു. പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻനായർ ഒരിക്കൽ പറഞ്ഞത്രേ, പലതരം പെണ്ണുങ്ങളുടെ ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്, വരച്ചിട്ടുമുണ്ട്. എന്നാൽ, ‘‘ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണ്... അത് ഒരസാധ്യ ചിത്രമായിപ്പോയി!’’ എന്ന്.
‘‘രാമായണത്തിലെ ദുഃഖം’’, ‘‘കടക്കണ്ണിലൊരു കടൽകണ്ടൂ’’, ‘‘ഒരുകുടം കുളിരും ഒരുകുടം തേനും’’, ‘‘മുന്നാഴിമുത്തുമായ് മണ്ണിൽ വരുന്നൂ മുത്തേ നിന്നുടെ ജന്മദിനം’’, ‘‘കസ്തൂരിമാനിന്‍റെ തോഴി കനകക്കിനാവിന്‍റെ റാണി’’ തുടങ്ങി കെ.വി. മഹാദേവൻ-പൂവച്ചൽ സഖ്യത്തിൽ പിറന്ന പാട്ടുകളും ഏറെ ഹൃദ്യം. കെ.വി. മഹാദേവന്‍റെ കീബോർഡ് പ്ലയറായിരുന്ന കെ.ജെ. ജോയിയെ ഇവിടെവെച്ചാണ് ഖാദർ പരിചയപ്പെടുന്നത്. ഈ പരിചയപ്പെടലും പിന്നീടുവന്ന നല്ല പാട്ടുകൾക്ക്, കാലം തീർത്ത തിരക്കഥയായിരുന്നു.
‘‘താളങ്ങളിൽ നീ’’, ‘‘ലാവണ്യ ദേവതയല്ലേ നീയെന്‍റെ പൗർണമിയല്ലേ’’, ‘‘നീയെൻ ജീവനിൽ ഒരു രോമാഞ്ചമായ്’’, ‘‘അമൃതസരസ്സിലേ അരയന്നമേ’’, ‘‘നിയമങ്ങൾ ഒരുഭാഗം ബന്ധങ്ങൾ ഒരു ഭാഗം’’, ‘‘ഒരു ദിവ്യസംഗമം’’, ‘‘രാജപുഷ്‌പമേ ഋതുരാജപുഷ്പമേ’’, ‘‘പ്രേമവതി നിൻ വഴിയിൽ’’, ‘‘ഭൂമിയിൽ പൂമഴയായ്’’, ‘‘അനുരാഗ കലികേ വിടരൂ’’ തുടങ്ങി ഖാദറിന്‍റെ വരികൾക്ക് കെ.ജെ. ജോയ് ഈണമിട്ട പാട്ടുകളെല്ലാം ഹിറ്റുകളായി മാറി.
മലയാളത്തിലും തമിഴിലും ഇറങ്ങിയ ‘ലോറി’ എന്ന ഭരതൻ ചിത്രത്തിൽ, നടുക്ക് എം.എസ്. വിശ്വനാഥൻ ഇരിക്കുന്നു. വലതുവശത്ത് ഗാനരചയിതാവ് വാലി ഇരുന്ന് തമിഴിലും ഇടതുഭാഗത്ത് പൂവച്ചൽ ഖാദർ ഇരുന്ന് മലയാളത്തിലും പാട്ടുകൾ എഴുതുന്നു. എം.എസ്. വിശ്വനാഥൻ എന്ന അത്ഭുതപ്രതിഭയുടെ കൂടെയുള്ള യാത്ര പിന്നീട്, ‘മിനിമോൾ വത്തിക്കാനി’ലും ‘അറിയാത്ത ബന്ധങ്ങളും’, ‘പ്രിയംവദയ്ക്കൊരു പ്രണയഗീത’വും കടന്ന്, ‘അയ്യർ ദ ഗ്രേറ്റ്’ എന്ന ഭദ്രൻചിത്രം വരെ എത്തി.
ദൂരദർശനുവേണ്ടിയും എം.എസ്. വിശ്വനാഥനുമായി ചേർന്ന് പൂവച്ചൽ അഞ്ച് പാട്ടുകളൊരുക്കി.
ഇതിൽ മൂന്നെണ്ണം എം.എസ്.വി തന്നെ പാടുകയും ചെയ്തു. ‘‘നാഗസ്വരമേളംകൊണ്ട് കല്യാണം ഇത് നാണംകൊട്ടോർ നടത്തുന്ന കച്ചവടം’’ എന്ന ഗാനം അർഥംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘‘നിൻമിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചു’’, ‘‘ആയിരം ജന്മങ്ങൾ വേണമീ ഭൂമിതൻ സൗന്ദര്യം നുകരുവാൻ’’, ‘‘അറിഞ്ഞു നാം തമ്മിൽത്തമ്മിൽ’’, ‘‘ചലനം ചലനം ജ്വലനം’’ തുടങ്ങി എം. എസ്.വിയുടെ പൂവച്ചൽ ഖാദർ വരികളും മലയാളികൾക്കെന്നുമേറെ പ്രിയങ്കരം.
1978ൽ, കെ.ജി. ജോർജിന്‍റെ ‘ഇനി അവൾ ഉറങ്ങട്ടെ’ എന്ന ചിത്രത്തിൽ എം.കെ. അർജുനനുമായി ചേർന്നു. തൊട്ടടുത്ത വർഷംതന്നെ ഈ കൂട്ടുകെട്ടിൽനിന്നും ഹിറ്റ് ഗാനം പിറന്നു.
‘തുറമുഖം’ എന്ന ചിത്രത്തിലെ, ‘‘രാവിനിന്നൊരു പെണ്ണിന്‍റെ നാണം’’ എന്ന ഗാനം ഈ കൂട്ടുകെട്ടിന്‍റെ വരവറിയിച്ചു. ‘‘ഒരു പ്രേമലേഖനം എഴുതി മായ്ക്കും’’, ‘‘കായൽക്കരയിൽ തനിച്ചുവന്നതു കാണാൻ’’, ‘‘കളഹംസമില്ലാ കലമാനില്ലാ’’, ‘‘അമൃതകലയായ് നീ വിടരുന്നെൻ നഭസ്സിൽ’’ തുടങ്ങീ എം.കെ. അർജുനനും പൂവച്ചലിന്‍റെ വരികളെടുത്ത്, ഘനഗംഭീരമായ പാട്ടുകൾ തീർത്തു.
എല്ലാ പാട്ടുകളും ഹിറ്റായ ‘പ്രേമാഭിഷേക’ത്തിൽ ഗംഗൈ അമരനൊപ്പമാണ് പാട്ടുകളൊരുക്കിയത്. ‘‘നീലവാനച്ചോലയിൽ’’, ‘‘വാഴ്‌വേമായം’’, ‘‘ദേവീ നിൻ ചിരിയിൽ’’, ‘‘മഴക്കാല മേഘം ഒന്ന്’’, ‘‘ആശംസകൾ നൂറുനൂറാശംസകൾ’’, ‘‘എൻ മാനസം എന്നും നിന്‍റെ ആലയം’’ എന്നിങ്ങനെ, ഗംഗൈ അമരനും ഹിറ്റുകളുടെ വസന്തം തീർത്തു.
’81ൽ സ്വതന്ത്രസംഗീത സംവിധായകനായ ജോൺസന്‍റെ കൂടെ ’82ൽതന്നെ, ‘തുറന്ന ജയിൽ’ എന്ന ചിത്രത്തിൽ ഒരുമിച്ചു. തുടർന്ന്, ‘പാളങ്ങൾ’ എന്ന സിനിമ. ഒടുവിൽ, അന്നുമിന്നും ആസ്വാദകർ പാടിനിർത്താത്ത; ‘ദശരഥ’ത്തിലെ, ‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ’’ എന്ന പാട്ടുവരെ എത്രയെത്ര ഗാനങ്ങൾ!
‘‘ഏതോ ജന്മകൽപനയിൽ’’, ‘‘അരിമുല്ലക്കും ചിരിവന്നു’’, ‘‘സിന്ദൂരപ്പൂവിനു നാണം’’, ‘‘അനുരാഗിണീ ഇതാ എൻ’’, ‘‘രാഗിണീ രാഗരൂപിണീ...’’ എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനമാല ജോൺസനൊപ്പവും.
രഘുകുമാറിനും രാജാമണിക്കുമൊപ്പം ‘താളവട്ടം’ എന്ന ചിത്രത്തിനായി വാക്കെടുത്തൊരുക്കി.
രഘുകുമാറിന്‍റെ കൂടെ, ‘‘നിന്നെയെൻ സ്വന്തമാക്കും ഞാൻ, പിന്നെയീ നാണം മാറ്റും ഞാൻ’’, ‘‘മെല്ലെ നീ മെല്ലേ വരൂ’’, ‘‘മൃദുലേ ഇതാ ഒരു ഭാവഗീതമിതാ’’, ‘‘കണ്ണാ ഗുരുവായൂരപ്പാ എന്നേ നീയറിഞ്ഞൂ’’, ‘‘മാരിവില്ലിൻ ചിറകോടെ ഏകാകിയായ്’’, ‘‘സ്വരങ്ങളിൽ സഖീ’’ തുടങ്ങിയ ഗാനങ്ങൾ.
രാജാമണിക്കൊപ്പം, ‘‘ഈറൻ മേഘങ്ങൾ മാനം മൂടുന്നു’’, ‘‘താളങ്ങൾ മാറുന്നു ജീവനിൽ അറിയാതെ’’ തുടങ്ങിയ വ്യത്യസ്തവും വേഗമേറിയതുമായ പാട്ടുകൾ.
എത്ര തിരക്കിലിരുന്നും പൂവച്ചൽ പാട്ടെഴുതും. സിറ്റ്വേഷൻ മനസ്സിൽ കയറിയാൽ പിന്നെ മറ്റൊന്നും പ്രശ്നമല്ല.
എന്ത് ബഹളമുണ്ടായാലും മനസ്സ് ഏതു കയത്തിൽനിന്നും ശ്രദ്ധയോടെ വാക്കുകൾ പെറുക്കിയെടുത്തുവരും എന്നതാണ് പൂവച്ചലിനെ നേരിട്ടറിയുന്നവർ പറയുന്നത്. ‘‘പൂമാനമേ’’ എന്ന പാട്ട് തീവണ്ടിയിൽ ഇരുന്ന് പത്തു മിനിറ്റിൽ എഴുതിയതാണെന്നും കേട്ടിട്ടുണ്ട്.
കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി, ഭരതൻ, പത്മരാജൻ തുടങ്ങിയ അതുല്യപ്രതിഭകൾക്കൊപ്പമെല്ലാം പൂവച്ചലിന് പ്രവർത്തിക്കാനായി എന്നത് ഭാഗ്യമോ ദൈവാനുഗ്രഹമോ ആയി കാണാം. ‘‘ഇങ്ങനെയൊക്കെ വേണം’’ എന്ന കാലത്തിന്‍റെ തീരുമാനങ്ങൾ! ‘മാനവധർമം’ എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്റർക്കൊപ്പം പാട്ട് ചെയ്തു. ഈ ചിത്രത്തിലെ, ‘‘കല്യാണനാളിലെ സമ്മാനം എന്‍റെ കൺമണി നൽകിയ സൗഭാഗ്യം’’ എന്ന പാട്ടുകൂടാതെ, ‘‘പടച്ചോന്‍റെ സൃഷ്ടിയിൽ എല്ലാമൊന്നേ’’, ‘‘പൊന്നും കാടിന് കന്നിപ്പരുവം’’, ‘‘അരിമുല്ലപ്പൂവിൻ ചിരിയുള്ള പെണ്ണേ’’ തുടങ്ങീ ദേവരാജൻ മാഷും ഖാദറിനായി ഗാനശിൽപങ്ങൾ തീർത്തു.
രാഘവൻ മാഷുടെ, ‘‘അഹദോന്‍റെ തിരുനാമ’’വും ഇളയരാജയുടെ, ‘‘ഈ നീലിമതൻ ചാരുതയിൽ’’, ‘‘കിളിയേ കിളിയേ’’ എന്നീ പാട്ടുകളും എഴുതിയത് പൂവച്ചൽ ഖാദർ.
എം.ജി. രാധാകൃഷ്ണനും രാഘവൻ മാഷും ദേവരാജൻ മാഷുമൊക്കെ സാഹിത്യം നല്ലപോലെ ശ്രദ്ധിക്കുന്നവരാണ്. അവർക്കായി എഴുതുമ്പോൾ അത് വല്ലാത്തൊരു സുഖവുമാണ് എന്ന് പൂവച്ചൽ ഖാദർ ഓർക്കുന്നു.
പൂവച്ചൽ ഖാദർ എഴുതി, എം.ബി. ശ്രീനിവാസൻ ഒരുക്കിയ ഗംഭീര ഗാനങ്ങളാണ്,
‘‘താഴികക്കുടവുമായ് തിരകളിൽ മുങ്ങും’’, ‘‘നിത്യനായ മനുഷ്യനു വേണ്ടി വീഥിയൊരുക്കുക നാം’’, ‘‘പിറന്നാളില്ലാത്ത മാലാഖമാരേ’’ എന്നിവ.
‘NH 47’ എന്ന ചിത്രത്തിൽ, യേശുദാസ് പാടുന്ന; ‘‘അള്ളാ ജീവിതം അരുളുന്നൂ’’ എന്ന പാട്ടിൽ, സി.എ. അബൂബക്കറിനൊപ്പം പൂവച്ചൽ ഏതാനും വരികൾ പാടുകയും ചെയ്തിട്ടുണ്ട്.
ജീവിതത്തിൽ ഇദ്ദേഹം എത്ര നല്ല മനുഷ്യനായിരുന്നു എന്നറിയാൻ ഒരൊറ്റ കാര്യം മതി. തന്നെ താനാക്കിയ കോഴിക്കോട് വന്നാൽ; അത് ഒറ്റക്കായാലും സകുടുംബമായിട്ടായാലും ശരി; ഒരിക്കലും ഹോട്ടലിൽ താമസിച്ചിട്ടില്ല. താമസിക്കുകയുമില്ല. സുഹൃത്തുക്കളുടെ വീട്ടിലേ ഇദ്ദേഹം താമസിക്കാറുള്ളൂ. അതായത്, കണ്ടതും മിണ്ടിയതും കേട്ടതുമായ മനുഷ്യരെയെല്ലാം സുഹൃത്താക്കി മാറ്റിയ ഒരു കലാകാരൻ!
1970ന്‍റെ രണ്ടാം പകുതിയിൽ തുടങ്ങിയ പൂവച്ചൽ ഖാദറിന്‍റെ കലായാത്ര, 1980ന്‍റെ തുടക്കത്തിൽ ജൈത്രയാത്രയായി മാറുകയായിരുന്നു. തൊട്ടതെല്ലാം ഹിറ്റ് എന്ന മട്ടിൽ പാട്ടെഴുത്തിന്‍റെ ഉത്സവകാലം.
ഗാനരചനക്ക് ഫിലിം ക്രിട്ടിക്സ് അവാർഡും കേരള സംഗീതനാടക അക്കാദമി അവാർഡും പൂവച്ചലിന് ലഭിച്ചിട്ടുണ്ട്. മുന്നൂറ്റി അമ്പതിലധികം സിനിമകൾക്കുള്ള ഗാനങ്ങളും ഏറെ ലളിതഗാനങ്ങളും കുറേ നാടകഗാനങ്ങളും എഴുതി. കെ.വി. അബൂട്ടി എന്ന സംഗീത സംവിധായകനുവേണ്ടി മാപ്പിളപ്പാട്ടുകൾ എഴുതി. വി.എം. കുട്ടി മാഷ് നടത്തുന്ന ഗാനമേളാ ട്രൂപ്പിനുവേണ്ടിയും മാപ്പിളപ്പാട്ടുകൾ എഴുതി. എല്ലാമടക്കം ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ!
ഔദ്യോഗിക ജീവിതം ഇറിഗേഷൻ ഡിപ്പാർട്മെന്‍റിൽ നിന്നാണ് വിരമിച്ചത്.
‘‘ചിത്തിരത്തോണിയിൽ’’ എന്ന ഗാനസമാഹാരവും ‘കളിവീണ’ എന്ന കവിതാസമാഹാരവും ‘‘പാടുവാൻ പഠിക്കുവാൻ’’ എന്ന കുട്ടികളുടെ കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവസാനമായി സിനിമക്ക് പാട്ട് എഴുതിയത്, എം.ജി. രാധാകൃഷ്ണൻ സംഗീതമേകിയ, ‘ജഗപൊക’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു.
‘എവിടെനിന്നാണ് പാട്ടും പാട്ടിനുള്ള വാക്കുകളും വരുന്നത്?’ എന്ന ചോദ്യത്തിന്, പൂവച്ചൽ ഖാദർ മറുപടി നൽകിയത് ഇങ്ങനെയായിരുന്നു.
‘‘പലപ്പോഴും ഒരു ഈണം കേട്ടാൽ എനിക്ക് തോന്നാറുണ്ട് ഇതൊക്കെ എന്നെക്കൊണ്ട് എഴുതാൻ പറ്റുമോ എന്ന്. പിന്നെപ്പിന്നെ നമ്മൾ അതുതന്നെ ആലോചിച്ചിരിക്കുമ്പോൾ, എവിടെനിന്നോ വാക്കുകൾ ഒഴുകിയെത്തും. ആരോ സൈപ്ല ചെയ്യുന്നതാണത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മളുടെ ആർജിത സംസ്കാരവും നിരീക്ഷണങ്ങളും; പിന്നെ, നമ്മൾ നിൽക്കുന്ന സന്ദർഭവും പാട്ട് ആവശ്യപ്പെടുന്ന സാഹചര്യവും ആ മുഹൂർത്തം നമ്മൾക്ക് വിശദമാക്കിത്തന്ന വ്യക്തിയുടെ ചില വിശേഷങ്ങളും എല്ലാം കൂടിച്ചേർന്നാണ് ഓരോ പാട്ടും സംഭവിക്കാറ് എന്ന് എനിക്ക് തോന്നുന്നു.’’
‘‘പലരും കരുതുന്നപോലെ സിനിമ ഒരു മോശം ഫീൽഡാണ് എന്ന തോന്നൽ സ്വന്തം കുടുംബത്തിൽ ഉണ്ടായിരുന്നോ?’’
‘‘സിനിമയിൽ ചെന്നാൽ ജീവിതം നാശമാകും, ഇത് അത്ര നല്ല സ്ഥലമല്ല എന്നുതന്നെയാണ് എന്‍റെ വീട്ടുകാരും വിശ്വസിച്ചിരുന്നത്. എന്നാൽ, എന്നെ അതിലേറെ വിശ്വാസമുള്ളതുകൊണ്ടാകാം പാട്ടെഴുതുന്നതിൽനിന്ന് ഒരിക്കൽപ്പോലും ആരും എന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ല.’’
‘‘എൻജിനീയറിങ്ങും പാട്ടും തമ്മിലെന്തു ബന്ധം?’’ എന്ന് ചോദിച്ചാൽ പൂവച്ചൽ ഖാദർ ഇളംചിരിയോടെ പറയും.
‘‘രണ്ടും കലയാണ്. പല്ലവി, അനുപല്ലവി, ചരണം. ഇതുതന്നെയാണ് ഫൗണ്ടേഷൻ, ബേസ് മെന്‍റ്, സൂപ്പർ സ്ട്രെക്ചർ എന്നത്.
ആ ഒരു സ്ട്രെക്ചറിങ് മനസ്സിലുള്ളപ്പോൾ, എൻജിനീയർക്ക് പാട്ടുപണി എളുപ്പമാണ്. ട്യൂണിനനുസരിച്ച് പാട്ടെഴുതുമ്പോൾ നല്ല ക്ഷമ വേണം. ഈ ക്ഷമ, എൻജിനീയറിങ് പഠനകാലത്ത് പ്രോബ്ലംസ് സോൾവ് ചെയ്ത് സോൾവ് ചെയ്ത് മുന്നോട്ടുപോകുമ്പോൾ തനിയേ ഉണ്ടാകും. അവസാനം റിസൽട്ട് കിട്ടിയാൽ പൂർണ തൃപ്തിയും വരും; പാട്ടിലുമതെ.’’
‘‘സിനിമ എന്നത് ആഹ്ലാദമാണോ?’’ എന്ന് ചോദിച്ചാൽ ഇദ്ദേഹം ചിരി മാറ്റി, ശാന്തനായി പറയും. ‘‘അക്കാലത്ത് കോടമ്പാക്കം എന്നതാണ് സിനിമ. എല്ലാ പൂജക്കും എല്ലാവരും വരും. എല്ലാ പ്രിവ്യൂ ഷോക്കും എല്ലാവരുമെത്തും. ഗെറ്റ് ടുഗദർ ആണത്. വീടിന്‍റെ പാലുകാച്ചലും വെഞ്ചെരിക്കലും ഗണപതിഹോമവും പോലെ, ഏവരും ഭക്തിയോടെയും സ്നേഹത്തോടെയും ഒത്തുകൂടുന്ന സന്ദർഭങ്ങളായിരുന്നു അവ. സ്നേഹിക്കുന്നവരുടെ ഒത്തുചേരൽ.
‘പൂജയും സോങ് കമ്പോസിങ്ങും’ എന്നാണ് പറയാറ്. പൂജക്കുള്ള അത്രയും പവിത്രത പാട്ടിനും കൊടുത്തിരുന്നു പണ്ട് എന്നർഥം. പാട്ടുകൊണ്ട് മാത്രം പടത്തിന്‍റെ ഡിസ്ട്രിബ്യൂഷൻ നടക്കുമായിരുന്നു പണ്ട്. പിന്നെ, സുഖദുഃഖങ്ങൾ കലർന്നതാണ് സിനിമാജീവിതം. തിക്താനുഭവങ്ങൾകൂടി ചേർന്നതാണ് സിനിമ. അതിലെ ആഹ്ലാദവും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയാണ് ‘കോടമ്പാക്കം’ എന്നത്. അതിൽപെട്ട് എങ്ങുമെത്താതെ മണ്ണടിഞ്ഞ് പോയവരുമുണ്ട്. അപ്രതീക്ഷിതമായി ഉയർന്നുവന്നവരും ഉണ്ട്. ഈ രംഗത്ത് രക്ഷപ്പെടാൻ കഴിവും ഭാഗ്യവും ഒരുപോലെ വേണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’’
‘‘എന്തെങ്കിലും വിഷമങ്ങൾ ഗാനരംഗത്തെപ്പറ്റി?’’
‘‘കവിതയുടെ അംശം കുറഞ്ഞ സംവിധായകർ വന്നു. മനസ്സിലെ ആർദ്രത കുറഞ്ഞു. സ്വാഭാവികമായും, പാട്ടുകൾ എഴുതാനും കേൾക്കാനും അത്ര സുഖമില്ലാത്ത ഒന്നായി മാറി.’’
ഇത്രയും പാട്ടുകൾ എഴുതി, മലയാളിയെ രസിപ്പിച്ച ഇദ്ദേഹത്തോട്,
‘സിനിമയിൽ പാട്ട് ആവശ്യമാണോ?’ എന്ന് ചോദിച്ചാൽ ഇങ്ങനെയായിരിക്കും മറുപടി.
‘‘സിനിമ സ്വയം ഒരു കവിതയാണെങ്കിൽ; അതിൽ മറ്റൊരു ഗാനം ആവശ്യമില്ല. വിദേശ സിനിമകളൊക്കെ നോക്കൂ. അതിൽ നമ്മുടേതുപോലെ ഒരു പാട്ട് ഉണ്ടെങ്കിൽ, പ്രേക്ഷകർ പാട്ടിന്‍റെ സമയത്ത് ഇരിപ്പിടം വിട്ടിറങ്ങും എന്നുറപ്പാണ്. എന്നാൽ, ഇന്ത്യൻ സിനിമയുടെ സ്വഭാവം വേറെയാണ്. കമേഴ്സ്യൽ സിനിമക്ക് പാട്ടും ആക്ഷനും ഒക്കെ വേണം. മൊത്തത്തിലൊരു ഓളവും ഭംഗിയുമുണ്ടെങ്കിലേ കച്ചവടം നടക്കൂ.’’
2021 ജൂൺ 22ന് കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽവെച്ച് 72ാം വയസ്സിൽ പൂവച്ചൽ ഖാദർ, എഴുത്ത് തൽക്കാലത്തേക്ക് അവസാനിപ്പിച്ച് യാത്രയായി.
പൂർണ ഔദ്യോഗിക ബഹുമതികളോടെ, കാട്ടാക്കട ജുമാമസ്ജിദിലെ ഖബർസ്ഥാനിൽ സംസ്കാരം നടന്നു. ഒരുകാലത്ത്, ചലച്ചിത്രത്തെ കണ്ണുനിറച്ചും കണ്ട പ്രേക്ഷകർ ആ സിനിമതന്നെ മറന്നാലും, പഴയൊരു തലമുറ സിനിമയിലെ ആ പ്രത്യേക സിറ്റ്വേഷൻ മറന്നാലും, പുതുതലമുറ, ഇതൊരു കൃത്യമായ ദൃശ്യത്തിനുവേണ്ടി എഴുതിയതാണെന്ന വാസ്തവമേ മറന്നാലും; ജീവിതത്തിലെ ഏതേത് സന്ദർഭത്തിനും പറ്റുന്ന അനേകം പാട്ടുകളിലൂടെ പൂവച്ചൽ ഖാദർ നിത്യം ഓർക്കപ്പെടുന്നവനായി മാറുകയാണ് മലയാളികൾക്ക്. ഇതുതന്നെയാണ് കലാകാരനായി ജനിച്ചവന്‍റെ പുണ്യം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.