മലയാളികൾക്ക് പ്രിയങ്കരമായ മികച്ച ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ‘സിന്ധു’, ‘രാസലീല’ എന്നീ സിനിമകളെക്കുറിച്ചും സിനിമയുടെ പിന്നണിയെക്കുറിച്ചുമാണ് ഇത്തവണ സംഗീതയാത്രയിൽ എഴുതുന്നത്. മികച്ച ഗാനങ്ങളുള്ള സിനിമകളായിരുന്നു ‘സിന്ധു’വും ‘രാസലീല’യും. ശശികുമാർ സംവിധാനം ചെയ്ത ‘സിന്ധു’ ഒരു കുടുംബകഥയായിരുന്നു. ‘‘ചെട്ടികുളങ്ങര ഭരണിനാളിൽ’’, ‘‘തേടിത്തേടി ഞാനലഞ്ഞു’’, ‘‘ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും’’ തുടങ്ങിയ പാട്ടുകൾ സൂപ്പർഹിറ്റുകളായി. സൂര്യാ പിക്ചേഴ്സിനു വേണ്ടി ആർ. സോമനാഥ് നിർമിച്ച ‘സിന്ധു’വിൽ പ്രേംനസീർ നായകനും മധു ഉപനായകനുമായി, സിന്ധു എന്ന നായിക കഥാപാത്രത്തെ ലക്ഷ്മി അവതരിപ്പിച്ചു....
മലയാളികൾക്ക് പ്രിയങ്കരമായ മികച്ച ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ‘സിന്ധു’, ‘രാസലീല’ എന്നീ സിനിമകളെക്കുറിച്ചും സിനിമയുടെ പിന്നണിയെക്കുറിച്ചുമാണ് ഇത്തവണ സംഗീതയാത്രയിൽ എഴുതുന്നത്.
മികച്ച ഗാനങ്ങളുള്ള സിനിമകളായിരുന്നു ‘സിന്ധു’വും ‘രാസലീല’യും. ശശികുമാർ സംവിധാനം ചെയ്ത ‘സിന്ധു’ ഒരു കുടുംബകഥയായിരുന്നു. ‘‘ചെട്ടികുളങ്ങര ഭരണിനാളിൽ’’, ‘‘തേടിത്തേടി ഞാനലഞ്ഞു’’, ‘‘ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും’’ തുടങ്ങിയ പാട്ടുകൾ സൂപ്പർഹിറ്റുകളായി. സൂര്യാ പിക്ചേഴ്സിനു വേണ്ടി ആർ. സോമനാഥ് നിർമിച്ച ‘സിന്ധു’വിൽ പ്രേംനസീർ നായകനും മധു ഉപനായകനുമായി, സിന്ധു എന്ന നായിക കഥാപാത്രത്തെ ലക്ഷ്മി അവതരിപ്പിച്ചു. വിധുബാല ഉപനായികയായി. കവിയൂർ പൊന്നമ്മ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ശ്രീലത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നു. തമിഴ് സാഹിത്യകാരനായ എ.എസ്. പ്രകാശം എഴുതിയ കഥക്ക് ശ്രീകുമാരൻ തമ്പിയാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. ശ്രീകുമാരൻ തമ്പി-അർജുനൻ കൂട്ടുകെട്ട് പാട്ടുകളൊരുക്കി. യേശുദാസ് പാടിയ ‘‘തേടിത്തേടി ഞാനലഞ്ഞു...’’ എന്നു തുടങ്ങുന്ന ഗാനം വളരെ പ്രശസ്‌തമാണ്. ‘‘തേടിത്തേടി ഞാനലഞ്ഞു/ പാടിപ്പാടി ഞാൻ തിരഞ്ഞു/ ഞാൻ പാടിയ സ്വരമാകെ/ ചൂടാത്ത പൂവുകളായ്/ ഹൃദയം തേടുമാശകളായ്...’’ എന്ന് പല്ലവി. പല്ലവിയിലെ ആശയം ആദ്യചരണത്തിൽ കൂടുതൽ വികസ്വരമാകുന്നു.
‘‘എവിടെ നീയെവിടെ, നിന്റെ മനസ്സാം/ നിത്യമലർക്കാവെവിടെ..?/ എൻ ഗാനം കേട്ടാലുണരും/ നിൻ രാഗക്കിളിയെവിടെ/ എൻ സ്വരത്തിലലിയാൻ കേഴും/ നിൻ ശ്രുതി തൻ തുടിയെവിടെ.../ എവിടെ... നിൻ ശ്രുതി തൻ തുടിയെവിടെ/ എവിടെ... എവിടെ...’’ ഈ പാട്ട് ചിത്രത്തിൽ വാണിജയറാമിന്റെ ശബ്ദത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്.
യേശുദാസ് പാടിയ ‘‘ചെട്ടികുളങ്ങര ഭരണിനാളിൽ’’ എന്നു തുടങ്ങുന്ന ഗാനവും ഏറെ പ്രസിദ്ധി നേടിയിട്ടുണ്ട്. ‘‘ചെട്ടികുളങ്ങര ഭരണിനാളിൽ/ ഉത്സവം കണ്ടു നടക്കുമ്പോൾ/ കുപ്പിവളക്കടയ്ക്കുള്ളിൽ/ ചിപ്പിവളക്കുലയ്ക്കിടയിൽ/ ഞാൻ കണ്ടൊരു/ പുഷ്‌പമിഴിയുടെ തേരോട്ടം...തേരോട്ടം.’’
ഗാനത്തിന്റെ ആദ്യചരണത്തിൽ സിന്ധു എന്ന കഥാപാത്രത്തിന്റെ സ്വഭാവം വിശദീകരിക്കപ്പെടുന്നു.
‘‘കണ്ടാൽ അവളൊരു തണ്ടുകാരി/ മിണ്ടിയാൽ തല്ലുന്ന കോപക്കാരി/ ഓമൽക്കുളിർമാറിൽ സ്വർണവും/ ഉള്ളത്തിൽ ഗർവവും ചൂടുന്ന സ്വത്തുകാരി... അവളെന്റെ മൂളിപ്പാട്ടേറ്റുപാടി/ അതുകേട്ടു ഞാനും മറന്നു പാടി/ പ്രണയത്തിൻ മുന്തിരിത്തോപ്പൊരു നാൾ കൊണ്ടു/ കരമൊഴിവായ് പതിച്ചുകിട്ടി.’’
ചടുലമായി തുടങ്ങുന്ന ഈ ഗാനം രണ്ടാം ചരണത്തിൽ ഗൗരവസ്വഭാവം കൈവരിക്കുന്നു. അതിൽ ശോകഛായ പടരുന്നു. പി. സുശീല പാടിയതാണ് ചിത്രത്തിലെ മറ്റൊരു ഗാനം. ഇത് ദുഃഖം നിറഞ്ഞ ഒരു താരാട്ടാണ്.
‘‘ജീവനിൽ ദുഃഖത്തിൻ ആറാട്ട്/ താമരക്കണ്ണന് താരാട്ട്/ ചുടുനെടുവീർപ്പിൻ തുയിൽപ്പാട്ട്’’ –പണ്ട് ദേവകി പാടിയ താരാട്ട്...’’ എന്നു തുടങ്ങുന്ന പാട്ടിന്റെ ആദ്യചരണം ഇങ്ങനെ: ‘‘അച്ഛൻ അയോധ്യയിൽ/ അമ്മ ദുഃഖാഗ്നിയിൽ/ മക്കൾ വളർന്നു വനാന്തരത്തിൽ/ ചെയ്യാത്ത തെറ്റിന്റെ ശരശയ്യയിൽ വീണു/ വൈദേഹി പാടിയ താരാട്ട് -അമ്മ/ വൈദേഹി പാടിയ താരാട്ട്...’’
ജയചന്ദ്രനും പി. സുശീലയും പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും/ സിന്ദൂരമണിപുഷ്പം നീ’’
എന്നു ഗായകൻ പാടുമ്പോൾ ഗായിക പാടുന്ന വരികൾ ഇങ്ങനെ: ‘‘പ്രേമോത്സവത്തിന്റെ കതിർമാല ചൊരിയും/ ധ്യാനത്തിൻ ഗാനോദയം -നീ/ എന്നാത്മ ജ്ഞാനോദയം...’’
യേശുദാസും വാണി ജയറാമും പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ/ എന്റെ സ്വപ്നം പൊൻവിളക്കായ് നിൻ നയനത്തിൽ/ ഞാൻ പാടാൻ കൊതിക്കും പാട്ടു നീ പാടി/ ഞാൻ പറയാൻ കൊതിക്കും കഥകൾ നീ ചൊല്ലി.’’
1975 നവംബർ 28ന് പുറത്തു വന്ന ‘സിന്ധു’ വൻ വിജയമായി. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അമ്പതു ദിവസം പൂർത്തിയാക്കി.
എൻ. ശങ്കരൻ നായരുടെ സംവിധാനത്തിൽ കാർമൽ ജോണി ആർ.ജെ.ഡി ഫിലിംസിന്റെ പേരിൽ നിർമിച്ച ‘രാസലീല’യും സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമയാണ്. സലിൽ ചൗധരി നൽകിയ ഈണങ്ങളിൽ വയലാർ എഴുതിയ മിക്കവാറും എല്ലാ ഗാനങ്ങളും ജനപ്രീതി നേടി. കമൽഹാസൻ ആയിരുന്നു ‘രാസലീല’യിലെ നായകൻ. ജയസുധ നായികയും. എം.ജി. സോമൻ, രാജശ്രീ, കനകദുർഗ, ശങ്കരാടി, ബഹദൂർ, തമിഴ് നടി മണിമാല തുടങ്ങിയവരും ‘രാസലീല’യിൽ അഭിനയിച്ചു. തമിഴ് സാഹിത്യകാരനായ ശക്തിയുടെ കഥക്ക് സംവിധായകൻ എൻ. ശങ്കരൻ നായർതന്നെ തിരക്കഥയും സംഭാഷണവും രചിച്ചു.
നാല് ഗാനങ്ങളാണ് ‘രാസലീല’യിൽ ഉണ്ടായിരുന്നത്. യേശുദാസ് പാടിയ
‘‘മനയ്ക്കലെ തത്തേ...’’ എന്നു തുടങ്ങുന്ന പാട്ടാണ് ഏറ്റവും പ്രശസ്‌തം.
‘‘മനയ്ക്കലെ തത്തേ മറക്കുട തത്തേ/ ഹേ -ഇന്നല്ലേ മംഗലാതിര രാത്രി/ ആടണം പോൽ പാടണം പോൽ/ പാതിരാപ്പൂവിനു ഗന്ധർവൻ കാട്ടിൽ പോകണം പോൽ...’’
പാട്ടിലെ ആദ്യചരണം ഇങ്ങനെ: ‘‘പൊന്നാറ്റിൽ പാടിത്തുടിച്ചു കുളിച്ചോ നീ/ എലക്കുറിയേഴും ചാലിച്ചണിഞ്ഞോ/ ചന്ദനക്കൊടിയെടുത്തോ/ ശംഖുഞൊറി തറ്റുടുത്തോ/ ശ്രീദേവിയെ തൊഴുതോ/ ഇളനീരും തേൻപഴവും നേദിച്ചോ..?’’
യേശുദാസും വാണി ജയറാമും സംഘവും പാടിയ ‘‘ആയില്യം പാടത്തെ പെണ്ണേ...’’ എന്ന ഗാനവും ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടു.
‘‘ഓ... ആയില്യംപാടത്തെ പെണ്ണേ.../ അണിയറ മണിയറ കിരുകിരെ തുറന്നാട്ടെ/ ആരു കൊയ്യും ആരു കൊയ്യും/ ആരു ചൂടും ആരു ചൂടും/ വയൽപ്പൂ... ഈ വയൽപ്പൂ...’’ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘കിളിയേ കിളികിളിയേ നീലാഞ്ജന പൈങ്കിളിയേ/ ഈ കറുകവയൽ കുളിരുകൊയ്യാൻ നീ കൂടെ വാ.../ ആലി ചെറുപീലി അരത്താലി പൂ ചൂടി ആടുമിളം കതിരു നുള്ളാൻ നീ കൂടെ വാ...’’
ജയചന്ദ്രൻ ആലപിച്ച ‘‘നിശാസുരഭികൾ...’’ എന്ന് തുടങ്ങുന്ന ഗാനവും വ്യത്യസ്തത പുലർത്തി.
വയലാർ,മങ്കൊമ്പ് ഗോപാലകൃഷ്ണൻ,ആർ.കെ. ശേഖർ,അർജുനൻ മാസ്റ്റർ,ശ്രീകുമാരൻ തമ്പി
‘‘നിശാസുരഭികൾ വസന്തസേനകൾ/ നടനമാടാൻ വരികയോ -രതി/ നടനമാടാൻ വരികയോ.../ എന്നെ വിളിച്ചുണർത്താൻ പ്രിയദർശിനി നീ/ വികാരവതിയായ് വരികയോ.../ വീണ്ടും വരികയോ..?’’
പാട്ടിലെ ആദ്യചരണം ഇങ്ങനെ: ‘‘മദാലസയാമിനി/ ഒരു രാസലീലാലോലയെപ്പോലെ/ വരുമ്പോൾ വെണ്ണിലാവിൻ/ യമുന ലജ്ജയിൽ മുങ്ങിയോ...’’
പി. സുശീല പാടിയ ‘‘നീയും വിധവയോ...’’ എന്നാരംഭിക്കുന്ന പാട്ടും മികച്ചതായി. ‘‘നീയും വിധവയോ നിലാവേ/ ഇനി സീമന്തക്കുറികൾ/ സിന്ദൂരക്കൊടികൾ/ നിന്റെ നീലക്കുറുനിരകൾ ചൂടുകില്ലയോ..?/ നീയും വിധവയോ... നിലാവേ.../ ആകാശക്കുടക്കീഴെ നീ തപസ്സിരിക്കുകയോ/ ഏകാന്തശൂന്യതയിൽ ഒരു മൂകവിഷാദം പോലെ/ ഭസ്മക്കുറിയണിയും ദുഃഖക്കതിർ പോലെ/ നീയും വിധവയോ നിലാവേ...’’
‘രാസലീല’യിലെ നാല് പാട്ടുകളും ജനപ്രീതി നേടി. 1975 ഡിസംബർ 12ന് തിയറ്ററുകളിൽ എത്തിയ ‘രാസലീല’ പ്രദർശനവിജയം നേടിയതിന് അതിലെ പാട്ടുകളുടെ മേന്മയും കാരണമായി.
‘പ്രിയേ, നിനക്കുവേണ്ടി’ എന്ന മലയാള ചിത്രം നിർമിച്ചത് തെലുഗു സിനിമകളുടെ നിർമാതാവായ വി. പ്രഭാകർ റാവുവാണ് (മോഡേൺ ആർട്ട് മൂവീസ്). തെലുഗു സിനിമാരംഗത്ത് പ്രശസ്തനായ സംവിധായകൻ മല്ലികാർജുൻ റാവു ഈ ചിത്രം സംവിധാനംചെയ്തു. നിർമാതാവിന്റെയും സംവിധായകന്റെയും പേരുകൾ കണ്ട് ചിത്രം ഒരു മൊഴിമാറ്റ സിനിമയാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട് (മല്ലികാർജുനറാവു 1974ൽ ‘പട്ടാഭിഷേകം’ എന്ന മലയാള സിനിമ സംവിധാനം ചെയ്തിട്ടുണ്ട്).
കെ.എസ്. ഗോപാലകൃഷ്ണനും ധനപാലനും ചേർന്നെഴുതിയ കഥക്ക് എം.ആർ. ജോസഫ് തിരക്കഥയും സംഭാഷണവും തയാറാക്കി.
ജയഭാരതി, വിൻെസന്റ്, സുധീർ, സുകുമാരൻ, കെ.പി.എ.സി. ലളിത, ജോസ്പ്രകാശ്, പ്രേമ, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ചു. വയലാറും മങ്കൊമ്പ് ഗോപാലകൃഷ്ണനും ഭരണിക്കാവ് ശിവകുമാറും പാട്ടുകളെഴുതി. ആർ.കെ. ശേഖർ സംഗീതസംവിധായകനായി. ചിത്രത്തിലെ അഞ്ചു പാട്ടുകളിൽ രണ്ടെണ്ണം വയലാറും രണ്ടെണ്ണം മങ്കൊമ്പും ഒരു പാട്ട് ഭരണിക്കാവും എഴുതി. യേശുദാസും ബി. വസന്തയും പാടിയ ‘‘കടാക്ഷമുന...’’ എന്നു തുടങ്ങുന്ന ഗാനവും യേശുദാസ് തനിച്ചുപാടിയ ‘‘സ്വപ്നാടനം’’ എന്നു തുടങ്ങുന്ന ഗാനവുമാണ് വയലാർ രചിച്ചത്.
‘‘കടാക്ഷമുനകൊണ്ടു കാമുകഹൃദയം/ കവർന്നെടുക്കും സ്ത്രീസൗന്ദര്യമേ/ കവിൾത്തടത്തിൽ കുളിരളകങ്ങൾ/ കുറിച്ചതേതൊരു കാവ്യം -കാമകാവ്യം.’’
വരികൾ ഇങ്ങനെ തുടരുന്നു: ‘‘കുലച്ച വില്ലിലെ മൃദുഞാൺ ചരടിൽ/ തൊടുത്തു നിർത്തിയ പൂവമ്പോ/ നിറഞ്ഞ മാറിലെ വേരുകളുള്ളൊരു/ വിരിഞ്ഞ പുഞ്ചിരിയോ/ കാമുകനാക്കി എന്നെ നിൻ പ്രിയകാമുകനാക്കി.’’
വയലാർ രചിച്ച രണ്ടാമത്തെ ഗാനത്തിന്റെ പല്ലവിയിങ്ങനെ. ഈ ഗാനം യേശുദാസാണ് പാടിയത്. ‘‘സ്വപ്നാടനം എനിക്ക് ജീവിതം/ സ്വർഗങ്ങൾ എന്‍റെ നിശാസദനങ്ങൾ/ പ്രാണേശ്വരീ ഇഷ്ട പ്രാണേശ്വരീ/ നിന്റെ നാണങ്ങൾ വള കിലുക്കും സൗധങ്ങൾ.’’ പ്രഥമചരണം ഇങ്ങനെ: ‘‘പിച്ചളക്കുമിള പൊട്ടിയ വാതിലുകൾ/ പകുതി തുറന്നു മെല്ലെ പകുതി തുറന്നു/ ഒരു നഗ്ന ബന്ധശിൽപം പോലെ/ നിലാവ് നിന്നു -പൂനിലാവു നിന്നു.’’
വാണിജയറാം ആലപിച്ച ‘‘ഞാൻ നിറഞ്ഞ മധുപാത്രം’’ എന്ന പാട്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി. ‘‘ഞാൻ നിറഞ്ഞ മധുപാത്രം/ തേൻ തുളുമ്പും മൃദുഗാത്രം/ കാമന്റെ മാറിലെ കല ചൂടി/ കാമമുണർത്തും രതിപോലെ’’ എന്നു പല്ലവി.
‘‘കയറൂരിയ കാളകളേ കന്യകമാരേ...’’ എന്നു തുടങ്ങുന്ന ഒരു ആക്ഷേപഗാനവും ഈ ചിത്രത്തിലുണ്ട്. ഇതും മങ്കൊമ്പിന്റെ രചനയാണ്. ജയചന്ദ്രനും സംഘവുമാണ് ഈ ഗാനം പാടിയത്.
‘‘കയറൂരിയ കാളകളേ, കന്യകമാരേ/ കവലയിലെ യക്ഷികളേ, ഹിപ്പികളേ/ മൂളിശൃംഗാരികളേ ഹോയ് ഹോയ്/ മൂളിയലങ്കാരികളേ ഹോയ് ഹോയ്/ കണ്ണടിച്ചു മെയ്യുരുമ്മി നിന്നിടാൻ മിനക്കെടാതെ/ വന്ന പോലെ തന്നെ നിങ്ങൾ പോ പോ...’’ എന്നിങ്ങനെ സ്ത്രീകളെ ആക്ഷേപിച്ചു പുരുഷന്മാർ പാടുന്ന ഗാനം. പി. സുശീല പാടിയ ‘‘മാറിടം ഈറൻ തുകിൽകൊണ്ടു മൂടിയ...’’ എന്നാരംഭിക്കുന്ന ഗാനമാണ് ഭരണിക്കാവ് ശിവകുമാർ എഴുതിയത്.
‘‘മാറിടമീറൻ തുകിൽകൊണ്ടു മൂടിയ/ മാദക ജനുവരി രാത്രീ/ മാതളംപൊടിയിൽ പുഞ്ചിരി വിരിയിച്ച/ മന്മഥ പഞ്ചമീ രാത്രി/ രതിരാത്രി പ്രിയരാത്രി/ രാഗസുരഭിലരാത്രി...’’ എന്നിങ്ങനെ പോകുന്നു ഈ ഗാനം.
‘പ്രിയേ, നിനക്കുവേണ്ടി...’ എന്ന ചിത്രം വിജയിച്ചില്ല. ഗാനങ്ങളും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. 1975 ഡിസംബർ 12നാണ് ഈ ചിത്രവും പുറത്തുവന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.