ശബരിമലയിലെ യുവതീ പ്രവേശന വാദം സജീവ ചർച്ചാവിഷയമാണ്. ഹിന്ദു സമുദായ പരിഷ്‌കരണ ശ്രമങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചവർ ജീവിച്ച കേരളക്കരയാണ് ക്ഷേത്രസംസ്‌കാരത്തിന്റെ പേരില്‍ സങ്കുചിതത്വത്തിന്റെയും മതവാദങ്ങളുടെയും വേദികയാകുന്നത്. കേരളത്തില്‍ നടാടെ നടന്ന സ്ത്രീവിലക്കും അത് എടുത്തുകളയാന്‍ പണ്ഡിതര്‍ പുറപ്പെടുവിച്ച ആചാര്യമതവും സമൂഹത്തിന്റെ ഉള്‍ക്കണ്ണ് തുറപ്പിക്കേണ്ടതാെണന്ന് ലേഖകൻ.
ശരണാഗത സംഘങ്ങളായി വന്ന് ഭൂമി വെട്ടിപ്പിടിക്കുകയും അവയെ ദേവസ്വവും ബ്രഹ്മസ്വവുമാക്കി തരംതിരിക്കുകയും ജന്മിമാരെന്ന് സ്വയം അഭിധാനപ്പെടുകയും ചെയ്ത വിഭാഗമാണ് മലയാള ബ്രാഹ്മണര്‍. കേരളത്തിലേക്കുള്ള കുടിയേറ്റത്തിനുശേഷം (Brahmin settelment) ക്ഷേത്രകേന്ദ്രിതമായ ജീവിതം നയിച്ചിരുന്ന ബ്രാഹ്മണസംഘങ്ങള്‍ പ്രധാനമായും രണ്ടു മതക്കാരായിരുന്നു -ശൈവരും വൈഷ്ണവരും. ആരാധനയില്‍ മൂര്‍ത്തീഭേദമുണ്ടായിരുന്നെങ്കിലും അവര്‍ പൊതുവായി ബ്രാഹ്മണമതക്കാരെന്നാണ് അറിയപ്പെട്ടത്. സംഘടിതമായ ഈ ബ്രാഹ്മണമതമാണ് പില്‍ക്കാലത്ത് മലയാളക്കരയില്‍ ശങ്കരാചാര്യര്‍ രചിച്ചു എന്ന് വിശ്വസിച്ചിരുന്ന ‘ശാങ്കരസ്മൃതി’യെ ആധാരമാക്കി അയിത്തം നടപ്പാക്കിയത്. വിരാട് പുരുഷന്റെ മുഖത്തുനിന്നു ജനിച്ചതുകൊണ്ട് തങ്ങള്‍ ഉത്തമരെന്ന് വിശ്വസിച്ചവരായിരുന്നു ഈ ബ്രാഹ്മണസംഘങ്ങള്‍.
എങ്കില്‍പ്പോലും അവര്‍ക്കിടയിലും ജാതിഭേദവും ശ്രേണീകൃതമായ വലുപ്പച്ചെറുപ്പവുമുണ്ടായിരുന്നു. ബ്രാഹ്മണ കുടിയേറ്റത്തിനുശേഷം നടപ്പായ ക്ഷേത്രാരാധനയുടെ ആരംഭദശയില്‍ കേരളത്തില്‍ ശിവക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് തന്ത്രശാസ്ത്രപണ്ഡിതനായ കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാടിന്റെ അഭിപ്രായം. അതായത്, കേരളത്തിലേക്ക് കുടിയേറിയ ബ്രാഹ്മണരുടെ ആദ്യ സംഘം ശൈവ ബ്രാഹ്മണരായിരുന്നു എന്നര്‍ഥം. അവര്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രങ്ങളുടെ ഗര്‍ഭഗൃഹത്തിലാകട്ടെ, തങ്ങളുടെ കുടിയേറ്റത്തിനുമുമ്പ് കേരളത്തിലുണ്ടായിരുന്ന ശ്രമണമത പാരമ്പര്യത്തിന്റെയും ആരാധനയുടെയും ‘അഹൈന്ദവ’മായ തെളിവുകള്‍ അവശേഷിച്ചിരുന്നു എന്നതാണ് വസ്തുത.
പാരമ്പര്യത്തിന്റെ വേരുകള്‍
ഐകകണ്‌ഠ്യേന പണ്ഡിതര്‍ സമ്മതിക്കുന്ന ഒരു കാര്യം, ജൈനരും ബൗദ്ധരും കേരളത്തിലെ വിദ്യാഭ്യാസത്തിനും വൈദ്യശാഖക്കും ആരാധനാപദ്ധതികള്‍ക്കും അനിഷേധ്യമായ സംഭാവനകള്‍ നല്‍കി എന്നതാണ്. വൈദ്യവൃത്തിയില്‍ കേരളത്തില്‍ ആദ്യകാലം മുതലേ സജീവമായിരുന്ന ഒരു ജാതിയാണ് പില്‍ക്കാലത്ത് ‘അവര്‍ണര്‍’ എന്ന് മുദ്രകുത്തപ്പെട്ട ഈഴവ സമുദായം. അവരാകട്ടെ ജൈന-ബൗദ്ധമതാനുയായികളുമായിരുന്നു എന്നാണ് നിഗമനം. വൈദ്യം, ജ്യോതിഷം, സംസ്‌കൃതം ഇവയില്‍ പാണ്ഡിത്യം നേടിയ നിരവധി ഈഴവ കുടുംബങ്ങളെ കേരളത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ, ഒരു തീണ്ടല്‍ ജാതിയായിരുന്നിട്ടും, കാണാമായിരുന്നെന്നത് ആശ്ചര്യമായിരിക്കുന്നു എന്നാണ് പി. ഭാസ്‌കരനുണ്ണിയുടെ അഭിപ്രായം.
നമ്പൂതിരിമാരുടെ പ്രഭാവകാലഘട്ടങ്ങള്‍ക്കുമുമ്പ് ഇവിടെ ജൈന-ബൗദ്ധ മതങ്ങള്‍ക്ക് പ്രചാരവും വിശ്വാസവും ആദരവും ലഭിച്ചിരുന്നുവെന്നുള്ളതിന് തെളിവുകളുണ്ട്. അവരുടെ ആരാധനാലയങ്ങളോ വിഹാരങ്ങളോ ഓരോ വിദ്യാപീഠങ്ങള്‍കൂടി ഉള്‍ക്കൊണ്ടവയായിരുന്നു. ബുദ്ധമതവും വൈദ്യശാസ്ത്രവും തമ്മിലുള്ള ബന്ധം പരക്കെ അറിവുള്ളതാണ്. ബ്രാഹ്മണപ്രഭാവവും മീമാംസാമതവും ഉച്ചനിലയെ പ്രാപിച്ചതോടെ, ജൈന-ബൗദ്ധ മതങ്ങള്‍ ക്ഷയിക്കുകയും അവരുടെ വിഹാരങ്ങളോടും ആദര്‍ശസംഹിതകളോടും കൂറുപുലര്‍ത്തിവന്ന സമുദായങ്ങളെ കിഴിഞ്ഞ ജാതിക്കാരായി ഗണിക്കുകയും ചെയ്തിരിക്കാം എന്നും ഭാസ്‌കരനുണ്ണി നിരീക്ഷിക്കുന്നു.
നമ്മുടെ ഭാഷാപിതാവ്(?) എഴുത്തച്ഛന്റെ പ്രഖ്യാത കൃതിയായി കരുതപ്പെടുന്ന ‘അധ്യാത്മരാമായണം’ വായിച്ച് മനസ്സിലാക്കാന്‍ ഒരു സംസ്‌കൃത നിഘണ്ടുവിന്റെ സഹായം കൂടിയേ കഴിയൂ. അതായത്, സംസ്‌കൃത ഭാഷയുടെ അതിപ്രസരമാണ് ആ ഗ്രന്ഥത്തിന്റെ ദുര്‍ഗ്രഹത. സംസ്‌കൃതജടിലമായ മലയാള ഭാഷയെക്കുറിച്ച് പറയുമ്പോള്‍, മറ്റൊരു ആലോചനക്കുകൂടി അത് വകനല്‍കുന്നുണ്ട്. ആളുകള്‍ പൊതുവെ ധരിച്ചിരിക്കുന്നത് കേരളത്തിലെ സംസ്‌കൃതഭാഷാ പാരമ്പര്യം ബ്രാഹ്മണരുടെ സംഭാവനയാണെന്നാണ്. ഈ സന്ദര്‍ഭത്തില്‍, ഇവിടെ കുടിയേറ്റക്കാരായി വന്ന ബ്രാഹ്മണരുടെ ഭാഷ എന്തായിരുന്നു എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അമ്പരപ്പിക്കുന്നതും ദുരൂഹവുമായ വസ്തുത, ഇന്നേവരെ ഗവേഷകര്‍ക്കു മനസ്സിലാകാത്ത വസ്തുതയും ഇതുതന്നെയാണ്.
എന്തായിരുന്നു കുടിയേറിവന്ന ബ്രാഹ്മണരുടെ ഭാഷ എന്നത്. കേരളത്തില്‍ സംസ്‌കൃതപഠനം രൂപപ്പെട്ടുവന്നത് ബ്രാഹ്മണ നിരപേക്ഷമായ ഒരു പാരമ്പര്യത്തിലാണെന്ന് ഭാഷാപണ്ഡിതനും കവിയുമായ എന്‍.വി. കൃഷ്ണവാരിയര്‍ പറയുന്നു. അദ്ദേഹം അഭിപ്രായപ്പെട്ട ബ്രാഹ്മണനിരപേക്ഷമായ ജനത കേരളത്തിലെ ഈഴവരായിരുന്നു എന്ന് നാമറിയണം. എന്നുമാത്രമല്ല, സംസ്‌കൃതപഠനത്തിന്റെ പ്രഥമ പാഠപുസ്തകമായിരുന്ന ‘വലിയ സിദ്ധരൂപം’ ബൗദ്ധകൃതിയായ ‘രൂപാവതാരം’ എന്ന വ്യാകരണകൃതിയെ അവലംബിച്ചാണെന്നും സംസ്‌കൃതത്തിലെ മറ്റൊരു ഗ്രന്ഥമായ ‘അമരകോശം’ ഒരു ബൗദ്ധന്റെ കൃതിയായതുകൊണ്ട് കേരള ഹിന്ദുക്കള്‍ ഏകാദശി ദിവസം അതു പഠിക്കാറില്ലെന്നും കൃഷ്ണവാരിയര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ജൈനരുടെ ഉപവാസവ്രതങ്ങള്‍ ഹിന്ദുമതത്തില്‍ കടന്നുകൂടിയതിന്റെ ഫലമായിട്ടാണ് ഏകാദശിവ്രതം കേരളത്തില്‍ പ്രചരിച്ചതെന്ന് ഡോ. കെ. സുഗതനും അഭിപ്രായപ്പെടുന്നു. കേരളത്തിലെ ആയുര്‍വേദ ചികിത്സയുടെ പ്രാമാണികഗ്രന്ഥമായ ‘അഷ്ടാംഗഹൃദയം’ രചിച്ചതും ബൗദ്ധപണ്ഡിതനായ വാഗ്ഭടനാണ്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പാരമ്പര്യത്തിന്റെ നാരായവേരുകള്‍ ചെന്നെത്തുന്നത് തികച്ചും അഹൈന്ദവമായ അടിത്തറയിലാണെന്ന് നിസ്സംശയം പറയാം.
ക്ഷേത്രവും മതപാരമ്പര്യവും
‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്നതാണ് കേരളീയ ക്ഷേത്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്. കേരളത്തിന്റെ ആരാധനാ പാരമ്പര്യത്തിന്റെ ചരിത്രം ചികഞ്ഞുനോക്കിയാല്‍ ആ ബോര്‍ഡിലെ വാക്കുകള്‍ നമ്മെ നോക്കി പരിഹസിക്കുന്നത് കാണാനാകും. മലയാളക്കരയിലെ ആരാധനാപാരമ്പര്യം നാമിന്ന് കാണുന്നപോലെ ഹൈന്ദവമായിരുന്നോ എന്ന് ചിന്തിച്ചാല്‍, അല്ല എന്നാണ് ഉത്തരം. തികച്ചും അഹൈന്ദവമായ ഒരു പദ്ധതിയില്‍നിന്നാണ് ഇന്നു കാണുന്ന ക്ഷേത്രസംസ്‌കാരം വികസിച്ചുവന്നത്. അതാകട്ടെ, ഈ നാട്ടിലുണ്ടായിരുന്നതും ‘ശ്രമണന്മാര്‍’ എന്നറിയപ്പെട്ട ജൈന-ബൗദ്ധ മതങ്ങളുടെ സ്വാധീനതയിലാണെന്നും കാണാം.
ശ്രമണമതം കേരളത്തില്‍നിന്ന് തിരോഭവിച്ചുവെങ്കിലും അതിന്റെ ശാശ്വതമുദ്രകള്‍ കേരളീയ സമൂഹത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ശ്രീബുദ്ധനെ ഹിന്ദു അവതാരമാക്കി, ബുദ്ധമതത്തെ അതിന്റെ ദാര്‍ശനികമായ ഉത്സവങ്ങളോടും ആരാധനാക്രമങ്ങളോടുംകൂടി ഹിന്ദുമതം ഉള്‍ക്കൊള്ളുകയാണ് ചെയ്തതെന്ന് ഡോ. കെ. സുഗതന്‍ സമര്‍ഥിക്കുന്നു. വിഷ്ണുവും സുബ്രഹ്മണ്യനും ശാസ്താവുമെല്ലാം ഹൈന്ദവീകരിച്ച ബൗദ്ധവിഗ്രഹങ്ങളാണെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ടിട്ടുള്ള ദേവീ-ദേവ വിഗ്രഹങ്ങള്‍, ഉത്സവങ്ങള്‍, ആറാട്ടുകള്‍ എന്നിവയെല്ലാം ബുദ്ധമതത്തില്‍നിന്ന് സ്വീകരിച്ചവയാണ്.
ആനമേലെഴുന്നള്ളിപ്പ്, കെട്ടുകാഴ്ച, രഥോത്സവങ്ങള്‍ എന്നിവ ബുദ്ധമതക്കാര്‍ നടപ്പാക്കിയതാണ്. ചില ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന കുത്തിയോട്ടം, താലപ്പൊലി, അന്നംകെട്ട് എന്നിവയും പുണ്യദിനങ്ങളില്‍ സസ്യാഹാരം, മഞ്ഞമുണ്ടുടുക്കല്‍ മുതലായവയും ബൗദ്ധാചാരങ്ങളുടെ അവശിഷ്ടങ്ങളാണ്. ഹിന്ദുക്ഷേത്രങ്ങളുടെ മുന്നിലുള്ള അരയാല്‍ത്തറ ബുദ്ധമതത്തിന്റെ സ്മാരകമാണ്. ഇവയില്‍ ചിലതിന് ജൈനമതത്തിന്റെയും സ്വാധീനമുണ്ടെന്നാണ് ഡോ. സുഗതന്റെ വെളിപ്പെടുത്തല്‍.
ഓണവുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രധാന വൈഷ്ണവ കേന്ദ്രമായ തൃക്കാക്കര ക്ഷേത്രം ഒരു കാലത്ത് ജൈനക്ഷേത്രമായിരുന്നു എന്ന തിരിച്ചറിവ് നമ്മുടെ നാടിന്റെ സംസ്‌കാരം ഏതുവിധം മാറിമറിഞ്ഞു എന്നതിനെ ഉദാഹരിക്കുന്നു. കഴകക്കാരന്‍ ഈഴവനായതിനാല്‍ തന്ത്രികുടുംബങ്ങള്‍ പ്രതിഷേധിക്കുന്ന, പൂജമുടക്കാന്‍ ശ്രമിക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, ജൈനദേവാലയമായിരുന്നെന്ന് എത്രപേര്‍ക്കറിയാം? അവിടെ ആദ്യം ആരാധിച്ചിരുന്നത് ജൈനമുനിയായ ബാഹുബലിയുടെ സഹോദരന്‍ ഭരതേശ്വരനെയാെണന്ന് പി.ജി. രാജേന്ദ്രനും ജൈന ദിഗംബരനായ ഭരതേശ്വരനെയാണ് അവിടെ പ്രതിഷ്ഠിച്ചിരുന്നതെന്ന് എ. ശ്രീധര മേനോനും അഭിപ്രായപ്പെടുന്നു. കാലക്രമേണ, ജൈനദേവാലയം ശിവക്ഷേത്രമായി പരിവര്‍ത്തിക്കപ്പെട്ടു.
അതിനുശേഷം വന്ന വൈഷ്ണവ ബ്രാഹ്മണര്‍ ഇന്നു കാണുന്ന ഭരത (വിഷ്ണു) സങ്കൽപത്തിലേക്ക് മാറ്റുകയും ചെയ്തു. ശ്രീധര മേനോന്റെ അഭിപ്രായത്തില്‍, ഇന്ന് ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടുള്ള പെരുമ്പാവൂരിലെ ‘കല്ലില്‍ക്ഷേത്രം’ ആദ്യകാലത്ത് ജൈന ദേവാലയവും തൃശൂരിലെ പ്രസിദ്ധമായ ‘വടക്കുന്നാഥക്ഷേത്രം’ ബുദ്ധവിഹാരവുമായിരുന്നു. ശാസ്താവ് അഥവാ അയ്യപ്പന്‍ ബുദ്ധന്റെ ഹൈന്ദവരൂപമാണെന്നുള്ള അഭിപ്രായത്തെ മിക്ക ചരിത്രകാരന്മാരും പിന്തുണക്കുന്നുണ്ട്. കേരളത്തില്‍ പരക്കെ പ്രചാരത്തിലുള്ള നാഗാരാധന, ഹിന്ദുക്ഷേത്രങ്ങളോട് ബന്ധപ്പെട്ട ഉത്സവങ്ങള്‍, എഴുന്നള്ളിപ്പുകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയ പലതും ബുദ്ധമതത്തെ അനുകരിച്ച് രൂപപ്പെട്ടവയാണെന്നും ശ്രീധര മേനോന്‍ സ്ഥാപിക്കുന്നു. ചുരുക്കത്തില്‍, കേരളത്തില്‍ നാമിന്ന് കാണുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആചാരപദ്ധതികളെല്ലാം അഹൈന്ദവവും ജൈന-ബൗദ്ധ മതാചാരങ്ങളുടെ സ്വാംശീകരണവുമാണെന്നു കാണാം.
കാൽപനികതയുടെ ഐതിഹ്യമാലകള്‍
ഇത്രയും കാര്യങ്ങള്‍ മേൽ സൂചിപ്പിച്ചത്, കേരളത്തില്‍ അടുത്ത കാലത്തായി ഉയര്‍ന്നുവന്നിട്ടുള്ള ആക്രാമിക ഹിന്ദുത്വ അജണ്ടയുടെ ‘ഹൈന്ദവ മേല്‍വിലാസം’ എത്രമാത്രം അപഹാസ്യമാണെന്ന് ചൂണ്ടിക്കാണിക്കാനാണ്. ആചാരത്തിന്റെയും സംസ്‌കാരത്തിന്റെയും ‘അനാദികാല’ ഗീര്‍വാണങ്ങളും തറവാടിത്ത ഘോഷണവും മറ്റേതൊക്കെയോ അടിപ്പടവുകളിലാണ് വിശ്രമം കൊള്ളുന്നതെന്ന് സൂചിപ്പിക്കാന്‍ കൂടിയാണ്. കേരളത്തില്‍ കുടിയേറിയ ബ്രാഹ്മണ സംഘങ്ങള്‍ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായി തങ്ങളുടെ കൊടിക്കൂറ നാട്ടിയപ്പോള്‍, ഗ്രാമങ്ങള്‍ തമ്മിലും ശൈവ-വൈഷ്ണവ മതസ്പര്‍ധയുടെ പേരിലും കൂറുമത്സരങ്ങളുടലെടുത്തു. ഗ്രാമങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍, ശത്രു ഗ്രാമത്തിന്റെ പ്രധാനകേന്ദ്രമായ ഗ്രാമക്ഷേത്രം നശിപ്പിക്കുക എന്നതായിരുന്നു ആക്രമണതന്ത്രം.
ഇതിന്റെ വ്യക്തമായ തെളിവുകളായി, പ്രധാനപ്പെട്ട രണ്ട് ഗ്രാമങ്ങള്‍ -ശുകപുരവും പന്നിയൂരും -നമ്മുടെ മുന്നിലുണ്ട്. ശുകപുരം ശൈവബ്രാഹ്മണരുടെയും പന്നിയൂര് വൈഷ്ണവരുടെയും കേന്ദ്രമായിരുന്നു. ഈയടുത്ത കാലംവരെ പന്നിയൂരമ്പലപ്പറമ്പില്‍, തകര്‍ന്നുകിടക്കുന്ന നിരവധി ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നു. ബ്രാഹ്മണരുടെ കുടിപ്പകയുടെ ഭാഗമായി തകര്‍ക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങളായിരുന്നു അത്. പഴയകാല കുടിപ്പകയെയും വിധ്വംസനങ്ങളെയും മറച്ചുപിടിക്കാനെന്നോണം ഇക്കാലത്ത് പന്നിയൂരില്‍ സമർഥമായ ഒരു ഐതിഹ്യം കെട്ടിച്ചമച്ചിട്ടുണ്ട്. അതാകട്ടെ, മഹാശിൽപിയായ പെരുന്തച്ചനുമായി ബന്ധപ്പെട്ടതാണ്. പന്നിയൂരമ്പലം നിര്‍മിക്കാന്‍ നിയുക്തനായത് പെരുന്തച്ചനായിരുന്നെന്നാണ് കഥ.
ക്ഷേത്രം ഒരുഭാഗം പടുത്തുയര്‍ത്തി മറ്റേഭാഗം പണിയുമ്പോള്‍ ആദ്യം ഉയര്‍ത്തിയ ഭാഗം തകരും. അവിടെ ശരിയാക്കുമ്പോള്‍ അടുത്തഭാഗം തകരും. ഇപ്രകാരം കെട്ടുകയും തകരുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, തച്ചനും മടുത്തു. അദ്ദേഹം തന്റെ മുഴക്കോലും ഉളിയും ശ്രീകോവിലിന്റെ ചുമരില്‍ കയറ്റിവെച്ച് ‘പന്നിയൂരമ്പലം പണിമുടിയില്ല’ എന്ന് ശപിച്ച് സ്ഥലംവിട്ടത്രെ. അക്രമത്തെയും തകര്‍ച്ചയെയും കാൽപനികവത്കരിച്ച ഐതിഹ്യമാലകളാണ് കേരളചരിത്രം എന്നപേരില്‍ കൊണ്ടാടപ്പെടുന്നത്. ബാക്കിയുള്ളതെല്ലാം ടിപ്പു സുല്‍ത്താന്റെ തലയിലും വെച്ചുകൊടുത്ത് തടിതപ്പി രക്ഷപ്പെടുകയും ചെയ്യും.
ആരാധനയുടെ നൃശംസതകള്‍
മഹാകവി വള്ളത്തോള്‍ ‘കൊച്ചുസീത’ എന്ന കാവ്യത്തില്‍ ഇപ്രകാരമെഴുതി:
‘‘ദേവാര്‍ച്ചനത്തിനായ് ലോകം സമര്‍പ്പിച്ച
പൂവുകളാകുന്ന തേവിടിസ്ത്രീകളെ
മൂര്‍ധ്‌നാ വഹിക്കുന്നു വൈദികന്‍ കൂടിയും
ക്ഷേത്രപ്രസാദത്തെയെന്നപോലാദരാല്‍’’
ഒരുകാലത്ത് കേരളീയ ക്ഷേത്രങ്ങളില്‍ നിലനിന്ന ദേവദാസി സമ്പ്രദായത്തിന്റെ വാങ്മയചിത്രമാണ് വള്ളത്തോള്‍ വരച്ചുകാട്ടിയത്. ഈ കവിതയുടെ പിറവിക്ക് കാരണമായത് കുട്ടികൃഷ്ണമാരാരുമാണ്. 1931ലാണ് ദേവദാസി സമ്പ്രദായം വിളംബരംമൂലം മലയാളക്കരയില്‍ നിര്‍ത്തലാക്കിയത്. ഊരാണ്മക്കാരും കാരായ്മക്കാരും വിലസി നടന്നിരുന്ന ക്ഷേത്രങ്ങള്‍ വിവരണാതീതമായ നൃശംസതകളുടെ കേളീരംഗവുമായിരുന്നു എന്നോര്‍ക്കണം. ഇത്തരം സമൂഹവിരുദ്ധതക്ക് ചാര്‍ത്തിക്കൊടുത്ത ഒറ്റവാക്കായിരുന്നു ആചാരം എന്നത്. ആചാരത്തിന്റെ പേരുപറഞ്ഞ് വിമര്‍ശകരുടെ വായടപ്പിക്കുന്ന പഴയകാല സനാതന ഹിന്ദു പാരമ്പര്യം ഇന്നും ശങ്കാരഹിതമന്യേ ശുദ്ധിവാദികള്‍ എടുത്തുപയോഗിക്കുന്ന ആയുധമാണ്. ക്ഷേത്രസംസ്‌കാരത്തിന്റെ പ്രാരംഭം മുതല്‍, ഇത്തരം ആചാരങ്ങള്‍ക്ക് അടിസ്ഥാനമായി സങ്കൽപിച്ചുവന്നത് ശ്രുതികളെയും സ്മൃതികളെയും തന്ത്രാഗമങ്ങളെയുമാണ് എന്നതാണ് രസകരമായ വസ്തുത.
ശുദ്ധാശുദ്ധങ്ങളുടെ മുഴക്കോലുകളില്‍ അളന്നെടുത്തത്, സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതമായിരുന്നു. എന്നാല്‍, തിരുവിതാംകൂറിലെ ഈഴവ പ്രമാണിയും അക്കാലത്തൊരു കാറിന്റെ ഉടമസ്ഥനുമായിരുന്ന ആലുംമൂട്ടില്‍ ചാന്നാര്‍ക്കും അയിത്തത്തെ അതിജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. അയിത്തവും ക്ഷേത്രവിലക്കും ക്ഷേത്രവിരോധവും തീണ്ടല്‍പ്പലകകളുമായി എണ്ണിയാലൊടുങ്ങാത്ത ആചാരനിഷ്ഠുരതകളുടെ സനാതന ഫാക്ടറിയില്‍ ഉരുവംകൊണ്ട കേളികേട്ട കേരള സംസ്‌കാരം നടുങ്ങിപ്പോകുന്നത്, ‘ഞങ്ങള്‍ക്കും സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ ഒന്ന്’ എന്ന നാരായണഗുരു ശിഷ്യനായ സി.വി. കുഞ്ഞുരാമന്റെ പ്രഖ്യാപനത്തോടെയാണ്.
തിരുവിതാംകൂറിലെ ഈഴവരൊന്നടങ്കം ക്രിസ്തുമതം സ്വീകരിക്കുമെന്ന കുഞ്ഞുരാമന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഹിന്ദുരാജ്യമായ തിരുവിതാംകൂറിന്റെ സചിവോത്തമനായ രാമസ്വാമി അയ്യരുടെ തലയില്‍ ഇടിമിന്നലേറ്റത്. പിന്നീട് നാം കാണുന്നത്, രാമസ്വാമി അയ്യര്‍ എഴുതി തയാറാക്കി, ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ തുല്യം ചാര്‍ത്തിയ ‘ക്ഷേത്രപ്രവേശന വിളംബര’മാണ്. 1936 നവംബര്‍ 12ാം തീയതി പുറത്തുവന്ന ക്ഷേത്രപ്രവേശന വിളംബരത്തോടെയാണ് അന്നുവരെ കേരളക്കരയില്‍ നടന്നുവന്നിരുന്ന സമുദായ-നവോത്ഥാന പരിശ്രമങ്ങളുടെ ഗളഛേദം നടന്നത്. പരിഷ്‌കരണവാദികള്‍ ഒരുവേള വഴിയറിയാതെ ദിശതെറ്റി പിരിഞ്ഞുപോയി. ക്ഷേത്രപ്രവേശന വിളംബരം ഒരർഥത്തില്‍, പരിഷ്‌കരണശ്രമങ്ങളുടെ വന്ധ്യംകരണമായിരുന്നു. അതുതന്നെയായിരുന്നു ആചന്ദ്രതാരം തിരുവിതാംകൂര്‍ ഭരിക്കാമെന്ന് ചിന്തിച്ച ബുദ്ധിരാക്ഷസനായ രാമസ്വാമി അയ്യരുടെ ലക്ഷ്യവും എന്നു കരുതേണ്ടിയിരിക്കുന്നു.
എങ്കിലും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ കാതലായ വശം നാം കാണാതെ പോകരുത്. ഏതൊക്കെ സങ്കുചിത താൽപര്യത്തിന്റെ പുറത്തായാലും ഈ വിളംബരം പുറപ്പെടുവിച്ചത് അന്നത്തെ ഭരണകൂടത്തിന്റെ ഉറച്ച തീരുമാനത്തിന്റെ പുറത്തായിരുന്നു. വൈക്കം ശിവക്ഷേത്രത്തിന്റെ ഉടമസ്ഥനായ ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പ്യാതിരിയുടെ സുഹൃത്തായിരുന്നെങ്കിലും, പൊതുവെ ഉൽപതിഷ്ണുവും ക്ഷേത്രപ്രവേശന അന്വേഷണ കമ്മറ്റി മെംബറുമായിരുന്ന പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മപോലും അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം നല്‍കരുത് എന്ന അഭിപ്രായക്കാരനായിരുന്നു. ആചാര്യസമൂഹവും സനാതന പണ്ഡിത വിഭാഗവും ഒരുപോലെ എതിര്‍ത്തിട്ടും ഭരണകൂടം അതിനു വഴങ്ങാതെ ക്ഷേത്രപ്രവേശന ഉത്തരവ് പുറപ്പെടുവിച്ചു. ഹിന്ദു സമുദായത്തിലെ പരിഷ്‌കരണ ശ്രമങ്ങളുടെ നിയന്താതാക്കളായി തീരുമാനമെടുക്കാന്‍ ആചാര്യസമൂഹത്തിന്റെ സമ്മതം ആവശ്യമില്ലെന്ന ഒരു പുനര്‍വായനയും ഈ വിളംബരത്തിനു പിന്നിലുണ്ട്.
കേരളത്തിലെ ക്ഷേത്രസങ്കേതവുമായി ബന്ധപ്പെട്ട് ഒരു കാലത്തും വിവാദങ്ങളൊഴിഞ്ഞു നിന്നിട്ടില്ല. ഇന്നും അഭംഗുരം അത് തുടരുന്നു. സുപ്രീംകോടതിയില്‍നിന്നു വരുന്ന വാര്‍ത്തകളില്‍ നമുക്കത് വ്യക്തമാണ്. പ്രസിദ്ധവും പ്രമാദവുമായ വൈക്കം സത്യഗ്രഹമാണ് കേരളത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറ്റവും കാലം നീണ്ടുനിന്ന സമരപോരാട്ടം. വൈക്കം സത്യഗ്രഹത്തിന്റെ വിജയസാർഥകതയെ ചൊല്ലിയുള്ള സംശയം ഇന്നും നിലനില്‍ക്കുന്നുണ്ട്. സനാതന ഹിന്ദുക്കളുടെ പിടിവള്ളിയായ ‘ശാങ്കരസ്മൃതി’യുടെ പൊളിച്ചെഴുത്താണ് വൈക്കം സത്യഗ്രഹത്തിന്റെ സാർഥകതയെന്ന് ഈ ലേഖകന് അഭിപ്രായമുണ്ട്.
പിന്നീട് ആഗമാനന്ദസ്വാമി എന്നപേരില്‍ അറിയപ്പെട്ട അധ്യാപകനായ കൃഷ്ണന്‍ നമ്പ്യാതിരിയായിരുന്നു, ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ‘ശാങ്കരസ്മൃതി’ പരിശോധിച്ച് അത് ശങ്കരാചാര്യരുടെ കൃതിയല്ല എന്ന് സമർഥിച്ചത്. അതോടെ, യഥാർഥത്തില്‍ അത്രയുംകാലം തങ്ങള്‍ അഭിമാനിച്ച് കൊണ്ടുനടന്ന സനാതന ഹിന്ദുവംശ മഹിമയുടെ മൂട്ടില്‍ തീകൊടുത്ത് ജാതിവെറിയെ കൃഷ്ണന്‍ നമ്പ്യാതിരി നശിപ്പിക്കുകയായിരുന്നു. അതിന്റെ ഒരു പ്രതിഫലനമായി വേണം ക്ഷേത്രപ്രവേശന വിളംബരത്തില്‍ സനാതനികള്‍ മൗനംപാലിച്ചതിനെ വിലയിരുത്താനും.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രവും ആദ്യത്തെ സ്ത്രീവിലക്കും
രാഷ്ട്രീയ താൽപര്യങ്ങളില്‍പെട്ട് ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പാളിച്ച വന്ന ഒരു ആശയമാണ് ശബരിമല യുവതീപ്രവേശന വിഷയം. വലതുപക്ഷത്തിന്റെയും തീവ്രവലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും ഗര്‍ഹണീയമായ രാഷ്ട്രീയ ഇടപെടലുകളില്‍ അതിന്റെ സത്തയും സാരാംശവും ചോദ്യംചെയ്യപ്പെട്ടു. എന്നാല്‍, ശബരിമല ജനസഹസ്രങ്ങളുടെ സന്നിധിയാകുന്നതിനും മുന്നേ, കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ സ്ത്രീ വിഭാഗത്തിനുതന്നെ വിലക്കുണ്ടായിരുന്നു. ഒരു പക്ഷേ, കേരളത്തിലാദ്യം സ്ത്രീവിലക്ക് ഏര്‍പ്പെടുത്തിയ ആ ക്ഷേത്രം തിരുവല്ല ശ്രീവല്ലഭക്ഷേത്രമായിരുന്നു.
നാം നേരത്തേ സൂചിപ്പിച്ച പ്രകാരം, നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്ത 32 ഗ്രാമങ്ങളില്‍ പ്രധാനപ്പെട്ടൊരു ഗ്രാമമാണ് തിരുവല്ല. ഇവിടെനിന്നു കണ്ടുകിട്ടിയ ചെമ്പോലകള്‍ ചരിത്രത്തിലെ അമൂല്യനിധികളായി കണക്കാക്കുന്നു. തിരുവല്ല ചെപ്പേടുകള്‍ എന്നറിയപ്പെടുന്ന ഇവയെ ഇളംകുളം കുഞ്ഞന്‍പിള്ള വിശേഷിപ്പിച്ചത്, ‘ഭാഷയിലെ ആദ്യത്തെ ഗദ്യഗ്രന്ഥം’ എന്നാണ്. ചെപ്പേടുകളില്‍നിന്നും ലഭിച്ച വിവരമനുസരിച്ച് ഈ പ്രദേശവും പഴയ ജൈനകേന്ദ്രമായിരുന്നു എന്ന് ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ സന്ദേഹിക്കുന്നു. ഇവിടെയുണ്ടായിരുന്ന പ്രശസ്തമായ വിദ്യാശാലയും അയ്യപ്പന്‍കോവിലും വൈശ്യദേവവും മറ്റും പ്രതിഷ്ഠകളില്‍പെടുന്നതും ഈ വാദത്തെ സാധൂകരിക്കുന്നുണ്ട്. എന്നുമാത്രമല്ല, പ്രശസ്ത കവിയായ വിഷ്ണുനാരായണന്‍ നമ്പൂതിരി തിരുവല്ല ക്ഷേത്രത്തില്‍ രണ്ടു വര്‍ഷം പുറപ്പെടാ ശാന്തിയായി പൂജാകര്‍മം നിര്‍വഹിച്ചിരുന്നു.
അദ്ദേഹവുമായുള്ള സംഭാഷണത്തില്‍നിന്ന് മനസ്സിലാകുന്നത്, അനവധി ആരാധനാമൂര്‍ത്തികളെ പ്രതിഷ്ഠിച്ചിട്ടുള്ള ഈ മഹാവിഷ്ണുക്ഷേത്രം ആദ്യകാലത്ത് ജൈനസങ്കേതവും മഹാപാഠശാലയുമായിരുന്നു എന്നും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ എഴുതുന്നു. എന്നാല്‍, ശ്രീവല്ലഭ മഹാക്ഷേത്ര ചരിത്രം എഴുതിയ പി. ഉണ്ണികൃഷ്ണൻ നായര്‍, മറ്റൊരു നിഗമനം മുന്നോട്ടുവെക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ചില ബുദ്ധവിഗ്രഹങ്ങളുടെ മുഖവുമായി ശ്രീവല്ലഭ ബിംബത്തിന് വളരെയേറെ സാദൃശ്യമുണ്ട് എന്നതാണത്. വിഗ്രഹത്തിന്റെ തോളോളമെത്തുന്ന നീണ്ട ചെവി ഇതിനു മതിയായ തെളിവാണെന്നും ഉണ്ണികൃഷ്ണൻ നായര്‍ അഭിപ്രായപ്പെടുന്നു.
ഈ ലേഖനത്തിന്റെ പ്രാരംഭത്തില്‍ സൂചിപ്പിച്ചപോലെ ഹിന്ദുക്ഷേത്രത്തിന്റെ അടിപ്പടവുകളില്‍ കാണുന്ന അഹൈന്ദവത ഇവിടെയും വെളിപ്പെടുന്നു എന്ന് സാരം. ജൈന സംസ്‌കാരത്തിന്റെ അസ്തമയത്തിനുശേഷം ഈ പ്രദേശം ശൈവബ്രാഹ്മണരുടെ അധിവാസകേന്ദ്രമായിരുന്നു എന്ന് ഇവിടെയുള്ള തുകലന്റെ ഐതിഹ്യം വെളിവാക്കുന്നു. ശൈവാരാധനക്കാരനായ തുകലനെ കൊന്നത് വൈഷ്ണവനായ ഒരു ബ്രഹ്മചാരിയാണെന്നും ഐതിഹ്യം പറയുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ടത്, പിൽക്കാലത്ത് വൈഷ്ണവ കേന്ദ്രമായി മാറിയ തിരുവല്ലയില്‍ ശക്തമായ രീതിയില്‍ ശൈവ-വൈഷ്ണവ സംഘട്ടനം നടന്നിരുന്നു എന്ന വസ്തുതയാണ്.
മോഹിതനായ ദേവനും അംഗഭംഗവും
ലഭ്യമായ രേഖകള്‍ പ്രകാരം ശ്രീവല്ലഭ ക്ഷേത്രത്തിലായിരിക്കണം കേരളത്തില്‍ ആദ്യമായി സ്ത്രീവിലക്ക് നിലവിലുണ്ടായിരുന്നത്. ഇവിടെ നാലമ്പലത്തില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായി ഒരു ഐതിഹ്യകഥയും പ്രചാരത്തിലുണ്ടായിരുന്നു. ഒരിക്കല്‍ ഒരു സ്ത്രീ, സര്‍വാംഗവിഭൂഷിതനായ ശ്രീവല്ലഭനെ കണ്ട് മോഹിച്ചുപോയത്രെ. തുടര്‍ന്ന്, പ്രതിഷ്ഠക്ക് എന്തോ അംഗവൈകല്യം സംഭവിക്കുകയും, അന്നു മുതല്‍ക്ക് ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍പ്പോലും തിരുവാതിര, വിഷു ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നെന്ന് തിരുവല്ല ഗ്രന്ഥവരി ഉദ്ധരിച്ച് പി. ഉണ്ണികൃഷ്ണൻ നായര്‍ എഴുതുന്നു. ഈ ദിവസങ്ങളിലെ ദര്‍ശനത്തിനുശേഷം പുണ്യാഹം നടത്തിയതിനുശേഷമേ, മറ്റ് പൂജകളിലേക്ക് കടന്നിരുന്നുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.
സ്ത്രീവിലക്കിന്റെ ഇര
തിരുവല്ല സ്ത്രീവിലക്കിന്റെ ഇരയായി ചരിത്രത്തില്‍ ഒരു സ്ത്രീയെയും നമുക്കു കാണാം. തിരുവല്ല ക്ഷേത്രത്തിനു സമീപത്തുള്ള ‘കണ്ണഞ്ചിറ വെളത്തെടത്തെ ഒരുത്തി’യാണത്. എന്തുകൊണ്ടോ, തിരുവല്ല ഗ്രന്ഥവരിയില്‍ ആ ഒരുത്തിയുടെ പേരു വെളിപ്പെടുത്തുന്നില്ല. 1841 നവംബര്‍ നാല് വ്യാഴാഴ്ചയാണ് വിലക്കറിയാതെ ‘ആ ഒരുത്തി’ നാലമ്പലത്തിനകത്ത് കയറി ശ്രീവല്ലഭനെ തൊഴുന്നത്. അക്ഷന്തവ്യമായ ഈ അപരാധം പിടിക്കപ്പെടുകയും ആ സ്ത്രീയില്‍നിന്ന് പിഴ ഈടാക്കാന്‍ ശിക്ഷവിധിക്കുകയും ചെയ്തു ക്ഷേത്രാധികാരികള്‍. ഈ സംഭവത്തെക്കുറിച്ച് തിരുവല്ല ഗ്രന്ഥവരിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
‘‘മതിലകത്തെ പുണ്ണിയാഹം. 1016-ാമാണ്ട് തുലാമാസം 22നു വ്യാഴാഴ്ചയും (1841 നവംബര്‍ നാല് വ്യാഴാഴ്ച) ദെശമിയും പൂരൂരുട്ടാതിയും കൂടിയ ദിവസം തിരുവല്ലാമതിലകത്തു ഉച്ചപ്പൂജ കഴിഞ്ഞ ശിവെലിക്കു മാതൃക്കല്ലുങ്കല്‍ തൂവിത്തുടങ്ങിയപ്പോള്‍ കണ്ണഞ്ചിറ വെളത്തെടത്തെ ഒരുത്തി മതിലകത്തു കെറിവന്ന നാലമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ കൂടെ തൊഴുതുനിക്കുംമ്പോള്‍ ആളുകള്‍ കണ്ടുപിടിച്ചിറക്കി. കൊയിമ്മയിങ്കല്‍ ഏള്‍പ്പിച്ച പിന്നെത്തതില്‍ ഞങ്ങളുടെ ഇല്ലങ്ങളില്‍ ആളുവന്ന ബൊധിപ്പിച്ചാറെ ഞങ്ങള്‍ മതിലകത്തു ചെന്ന കുളിച്ച അകത്തുചെന്ന പതിനൊന്ന കലിയന്‍ മെടിച്ച ഒര പശുദ്ദാനവും ചൈയ്ത എഴരകലി മെടിച്ച പതിവുപ്രകാരം തിരുവല്ല വാഴപ്പന്ന പുണ്ണ്യാഹവും കഴിച്ച ശിവെലി മുതലായതും കഴികെണമെന്നും പറഞ്ഞ പൊരികയും ചൈയ്ത ശുഭം.’’
ലിപിയില്‍ ചന്ദ്രക്കല (മീത്തല്‍) നടപ്പില്‍ വന്നിട്ടില്ലാത്ത ഒരു കാലത്തെക്കുറിക്കുന്നതാണ് മേല്‍ക്കൊടുത്ത ഗ്രന്ഥവരിയിലെ ഭാഷ. കൊല്ലവര്‍ഷം 1016ാമാണ്ട് (1841ല്‍), തുലാമാസം 22 വ്യാഴാഴ്ച (നവംബര്‍ 4 വ്യാഴം) ദശമിയും പൂരുരുട്ടാതിയും ചേര്‍ന്നുവന്ന ആ ദിനത്തില്‍ തിരുവല്ലാ ക്ഷേത്രമതിലകത്ത് ഉച്ച പൂജ കഴിഞ്ഞശേഷം മാതൃക്കല്ലില്‍ ശീവേലി തൂവിത്തുടങ്ങിയ സമയത്ത് കണ്ണഞ്ചിറ വെളത്തെടത്തെ ഒരുത്തി മതിലകത്തു കയറി നാലമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍നിന്ന് തൊഴുതു നിന്നു. ഇത് കണ്ട് ആളുകള്‍ അവളെ നാലമ്പലത്തില്‍നിന്നു പിടിച്ചിറക്കി അധികാരിയെ (കോയ്മ) ഏൽപിച്ചു. പിന്നീട് അവളില്‍നിന്ന് പതിനൊന്ന് കലിയന്‍ (പഴയ കലിപ്പണം. 4 കലിയന്‍ ഒരു പണം) വസൂലാക്കി ഒരു പശുദാനവും, എഴരകലി വസൂലാക്കി തിരുവല്ല വാഴപ്പന് (ശ്രീവല്ലഭനെ ആദ്യകാലത്ത് തിരുവല്ല വാഴപ്പന്‍ എന്നും വിളിച്ചിരുന്നു) പുണ്യാഹവും കഴിച്ചു.
സ്ത്രീവിലക്കിന്റെ കാരണം
ആചാരങ്ങള്‍ അലംഘനീയമാകുന്നത്, അത് അപൗരുഷേയമായ ഒരു കൃത്യനിര്‍വഹണത്തിനായി ചമക്കപ്പെട്ടതാണ് എന്ന വിശ്വാസം നിലനില്‍ക്കുമ്പോഴാണ്. ആചാരങ്ങള്‍ക്ക് ബലവും അസ്തിത്വവും നല്‍കുന്നത് ഐതിഹ്യങ്ങളുമാണ്. പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണ് കേരളം എന്നുതുടങ്ങുന്നു നമ്മുടെ ഐതിഹ്യലോകം. ഒരുകാലത്ത് ഐതിഹ്യമാണ് ചരിത്രമെന്നുവരെ ധരിച്ചവരുണ്ടായിരുന്നു. നിളാനദീതീരത്ത് കുംഭമേളയെന്ന പേരില്‍ ഒരു ഐതിഹ്യ ഗോഷ്ടി നടന്നപ്പോഴാണ് കേരളത്തില്‍ പരശുരാമന്റെ പിതൃത്വം വീണ്ടും വാഴ്ത്തിപ്പാടാന്‍ തുടങ്ങിയത്. ഒരുപരിധിവരെ, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യെന്ന മുത്തശ്ശിക്കഥാ സമാഹാരം മലയാളിയുടെ ചരിത്രബോധത്തെ മറച്ചുപിടിക്കുന്ന ഗ്രഹണമായിത്തീര്‍ന്നു എന്നതാണ് വിരോധാഭാസം.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ സ്ത്രീവിലക്കിന് കാരണമായി നേരത്തേ നാം കണ്ട ഐതിഹ്യം, ദേവന്റെ സഹജഭാവത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ഒരു ദൗര്‍ബല്യത്തെയാണ് ഉന്നംവെച്ചത്. ഒരു സ്ത്രീ ദേവനെ ആത്മാര്‍ഥമായി മോഹിച്ചാല്‍ പ്രതിഷ്ഠക്ക് മാറ്റംവരുമെന്ന തരത്തിലായിരുന്നു ആ ഐതിഹ്യപ്രചാരണം. എന്നാല്‍, യഥാര്‍ഥത്തില്‍ ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്ത്രീവിലക്കിനു കാരണമായിത്തീര്‍ന്ന വസ്തുതയെന്തായിരുന്നു? ഈ ചോദ്യത്തിന് പി. ഉണ്ണികൃഷ്ണന്‍ നായരുടെ ഗ്രന്ഥം സമാധാനം പറയുന്നു:
‘‘പ്രാചീനകാലത്ത് ഇവിടെ (തിരുവല്ലക്ഷേത്രം) ദിവസേന ഒരു നേരത്തെ പൂജ സ്വാമിയാരായിരുന്നു നടത്തിയിരുന്നത്. സ്വാമിയാരന്മാര്‍ പൂജ നടത്തുന്ന ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. ഇവിടെ ശാന്തിക്കാരും കടുത്ത ബ്രഹ്മചര്യനിഷ്ഠ പാലിക്കണമെന്ന് നിയമം ഉണ്ടായിരുന്നു. അവരും സ്ത്രീകളെ ദര്‍ശിച്ചുകൂടാ. ഒരു കാലത്ത് സോപാനത്തിങ്കലും മണ്ഡപങ്ങളിലുമെല്ലാം പരശ്ശതം ബ്രഹ്മചാരികളും ബ്രാഹ്മണരും പെരുമാറിയിരുന്നതിനാല്‍ അവിടെ സ്ത്രീകള്‍ ൈസ്വരവിഹാരം ചെയ്യുന്നത് വിഹിതമല്ലെന്ന് തോന്നിയിട്ടാവണം സ്ത്രീകള്‍ക്ക് ഈ വിലക്ക് കൽപിച്ചിരുന്നത്!’’
ഒരുകാലത്ത് വൈഷ്ണവ ബ്രാഹ്മണരുടെ ഓത്തമ്പലമായിരുന്നു തിരുവല്ല ക്ഷേത്രം. അവിടെ വേദപാഠശാലയും വേദമോതലും പതിവായിരുന്നു. അത്തരം അമ്പലങ്ങളിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. അതിന്റെ കാരണം ലളിതമായി പറഞ്ഞാല്‍, മനുഷ്യന്റെ വാസനാവികൃതി തന്നെ. വൈരാഗിയായ ശിവന്റെ മനസ്സില്‍ പ്രണയത്തിന്റെ വിത്തുപാകാന്‍ കാമദേവന്റെ മലരമ്പിനു സാധിച്ചു എന്ന കാളിദാസ കാവ്യോക്തി ഉദാഹരണമായി നമുക്കു മുന്നിലുണ്ട്. കേരളത്തില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ പ്രതിധ്വനിച്ച പ്രയോഗമാണ് നൈഷ്ഠികബ്രഹ്മചാരി എന്നത്. യഥാര്‍ഥത്തില്‍ അതൊരു യോഗമാര്‍ഗപദ്ധതിയാണ്. അഷ്ടവിധമൈഥുനത്തെ ത്യജിക്കുക എന്നതാണത്. എന്നാല്‍, ത്യജിക്കേണ്ടതായ എട്ട് മാര്‍ഗങ്ങളിലൊന്ന് സ്ത്രീദര്‍ശനമാണെന്നും നാം തിരിച്ചറിയണം! ഇത്തരം മനുഷ്യനിര്‍മിത ഉപായങ്ങളെ നടപ്പാക്കാന്‍ പുരോഹിത സമൂഹം സമാധാനം കണ്ടെത്തിയത്, പ്രതിഷ്ഠയെ -ദേവനെ- ഈ വാദത്തിലേക്ക് വലിച്ചിഴച്ച് പങ്കാളിയാക്കുക എന്നതാണ്. അതാണ് തിരുവല്ലയിലും നാം കണ്ടത്. വര്‍ത്തമാനകാലത്ത് കണ്ടുകൊണ്ടിരിക്കുന്നതും.
സ്ത്രീവിലക്ക് എടുത്തുകളഞ്ഞ ആചാര്യമതം
1936 നവംബര്‍ 12ന് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം, അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം പാടില്ല എന്ന ആചാര്യമതത്തിന് വിരുദ്ധമായിരുന്നു. എന്നാല്‍, ക്ഷേത്രപ്രവേശന വിളംബരം നടന്ന് 24 വര്‍ഷത്തിനുശേഷം, 1960നു ശേഷം തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ സ്ത്രീവിലക്ക് എടുത്തുകളഞ്ഞുകൊണ്ട് ഒരു ആചാര്യമതം പുറപ്പെടുവിക്കുകയുണ്ടായി.
അതാകട്ടെ, ഏതെങ്കിലും പ്രക്ഷോഭത്തിന്റെയോ അധികാരി വര്‍ഗത്തിന്റെ ഇടപെടലുകൊണ്ടോ ആയിരുന്നില്ല. കേരളചരിത്രത്തില്‍ ഈ സംഭവം അധികമാരും അറിഞ്ഞിരുന്നോ എന്നും സംശയമാണ്. ആധുനിക കാലത്ത് ആചാരത്തിന്റെ പേരില്‍ തെരുവുയുദ്ധവും നാമജപവും നടത്തുന്ന യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിക്കേണ്ട പ്രസ്താവനയാണ് തിരുവല്ല ക്ഷേത്രത്തിലെ ആചാര്യമതം. സ്ത്രീവിലക്ക് നടപ്പില്‍ വന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം പുറത്തുവന്ന ആചാര്യാഭിപ്രായം, തറയില്‍ കുഴിക്കാട്ട് രേഖയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
‘‘ഏതു കാലത്തും ക്ഷേത്രനിര്‍മാണത്തിന്റെയും ദേവാരാധനാക്രമങ്ങളുടെയും പ്രധാനമായ ഉദ്ദേശം കൂടുതല്‍ കൂടുതല്‍ ജനതയെ ആസ്തികത്വത്തിലേക്കും ഈശ്വരാരാധനയിലേക്കും ആകര്‍ഷിക്കുകയാണ്. ഏതു കാരണത്തിലായാലും ഒരു പ്രത്യേകവിഭാഗത്തില്‍പ്പെട്ടവരെ മാത്രം ഒഴിച്ചുനിര്‍ത്തുന്നതുകൊണ്ട് മേല്‍പ്പറഞ്ഞ പ്രയോജനങ്ങള്‍ ഉണ്ടാകുന്നുമില്ല. പ്രത്യേകിച്ചും അടിസ്ഥാനം ക്ഷേത്രസങ്കേതങ്ങള്‍ വേദാധ്യായനങ്ങളോ സന്ന്യാസിമാരുടെ വേദാന്തചിന്തകളോ മാത്രമായിട്ടല്ലാതെ ആര്‍ഭാടങ്ങളായ ആഘോഷങ്ങളും വികാരോത്തേജകങ്ങളായ വിവിധ വിഷയങ്ങളെയും അത്രത്തോളം പരിവര്‍ജിക്കുന്നുമില്ല. ആകയാല്‍ തല്‍ക്കാലം പ്രസക്തങ്ങളല്ലാത്തതും ഒഴിച്ചുകൂടാന്‍ വയ്യാത്തവയും ആയ ഭക്തജനങ്ങളായ സ്ത്രീജനങ്ങളുടെ നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനത്തെ അനുവദിക്കുന്നതുകൊണ്ട് ശാസ്ത്രവിരോധത്തിനോ ദേവചൈതന്യഹാനിക്കോ ഇടവരുന്നതല്ല.’’
1960ലുണ്ടായ ഈ ആചാര്യമതത്തിന്റെ അന്തസ്സത്തയെ ഇന്നത്തെ ആചാരധുരന്ധരന്മാരുടെ ചെയ്തികളുമായി തട്ടിച്ചുനോക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നാം. ഈ ആചാര്യമതത്തിനുശേഷം തിരുവല്ലയിലെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ യഥേഷ്ടം കയറിച്ചെല്ലുകയും ദര്‍ശനം നടത്തുകയും ചെയ്തു. അത് ഇന്നും തുടര്‍ന്നുവരുന്നു. ഈ ആചാര്യമതം പുറപ്പെടുവിച്ച കാലമായപ്പോഴേക്കും കണ്ണഞ്ചേരി വെളത്തെടത്തെ ആ ഒരുത്തി പണമടച്ച് പ്രായശ്ചിത്തം ചെയ്തിട്ട് 120 വര്‍ഷം കഴിഞ്ഞിരുന്നു. സ്ത്രീവിലക്ക് എടുത്തുകളഞ്ഞതിനുശേഷം പരശ്ശതം സ്ത്രീകള്‍ അഭിമാനപൂരിതരായി ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് ഭയലേശമന്യേ കയറിപ്പോകുമ്പോള്‍ പ്രായശ്ചിത്തം ചെയ്യേണ്ടിവന്ന ‘ആ ഒരുത്തി’യുടെ ആത്മാവ് ഉള്‍പ്പുളകംകൊണ്ടിരിക്കണം.
എങ്കിലും ഈ ലേഖനം മറ്റൊരു കാര്യം സൂചിപ്പിക്കാതെ അവസാനിപ്പിക്കാന്‍ പറ്റില്ല. സ്ത്രീവിലക്ക് എടുത്തുകളഞ്ഞ് 37 വര്‍ഷത്തിനുശേഷം തിരുവല്ല ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ക്ഷേത്ര പുരോഹിതര്‍ വിലക്കേര്‍പ്പെടുത്തി. പൂജാരി കടല്‍ കടന്നുപോയി എന്നായിരുന്നു അദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. ലണ്ടനില്‍ നടന്ന ഒരു സെമിനാറില്‍ വേദങ്ങളെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കാന്‍ പോയതായിരുന്നു കവി. അന്ന് 58 വയസ്സുണ്ടായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ പുരോഹിതരുടെ വിലക്ക് നടപ്പായില്ല. എങ്കിലും തന്ത്രിയുടെ ചില പുണ്യാഹപ്രവൃത്തികള്‍ക്ക് അദ്ദേഹത്തിന് വശംവദനാകേണ്ടി വന്നു.
കാലത്തിന്റെ പ്രയാണവേഗത്തില്‍ സങ്കുചിതത്വത്തിന്റെ രാജപാതകള്‍ നിര്‍മിക്കപ്പെടും എന്നതുതന്നെയാണ് പുതിയ കാലം നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നത്.
==========================
അവലംബം:
പി. ഉണ്ണികൃഷ്ണന്‍ നായര്‍, ശ്രീവല്ലഭ മഹാക്ഷേത്ര ചരിത്രം
ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, കേരളചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍
ഹാഷിം രാജന്‍, സി.വി. കുഞ്ഞുരാമന്‍ -ജീവിതം, കാലം, നവോത്ഥാനം
ഡോ. വി. രാജീവ്, ആര്യാധിനിവേശവും നമ്പൂതിരി സംസ്‌കാരവും
പി.ജി. രാജേന്ദ്രന്‍, ക്ഷേത്രവിജ്ഞാനകോശം
കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാട്, ക്ഷേത്രാചാരങ്ങളും വ്രതാനുഷ്ഠാനങ്ങളും
എ. ശ്രീധര മേനോന്‍, കേരളചരിത്രം
ഡോ. കെ. സുഗതന്‍, ബുദ്ധനും നാണു ഗുരുവും
പി. ഭാസ്‌കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.