1983ലെ ക്രിക്കറ്റ് ലോക കിരീടം കപിൽ ദേവ് ഏറ്റുവാങ്ങുന്നു

ലോകം ജയിച്ച ഇന്ത്യ

ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായികദിനമായി ആചരിക്കുന്നത്. 1905 ആഗസ്റ്റ് 29ന് അലഹബാദിലാണ് ധ്യാൻ ജനിക്കുന്നത്. 1928, 32, 36 ഒളിമ്പിക്സുകളിൽ ഇന്ത്യയെ ഹോക്കി ജേതാക്കളാക്കി ഹാട്രിക് സ്വർണം നേടിക്കൊടുത്ത ഇദ്ദേഹത്തെ രാജ്യത്തെ കായിക ഇതിഹാസങ്ങളുടെ പട്ടികയിൽ ഒന്നാമത്തെ പേരുകാരനെന്നുതന്നെ വിശേഷിപ്പിക്കാം. 2012ലാണ് ധ്യാൻചന്ദിന്റെ ജന്മദിനം ദേശീയ കായികദിനമായി പ്രഖ്യാപിക്കുന്നത്. സ്വതന്ത്ര ഇന്ത്യക്ക് 75 വയസ്സ് തികഞ്ഞ വേളയിൽ മറ്റൊരു കായികദിനം കൂടി കടന്നുവന്നിരിക്കുകയാണ്. മുക്കാൽ നൂറ്റാണ്ടിലെ ഇന്ത്യൻ കായികരംഗം ലോകത്ത് അടയാളപ്പെടുത്തിയ ചില ചരിത്രനേട്ടങ്ങളിലൂടെ...

2021ലെ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീം

സുവർണ ഹോക്കി

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനിൽ അംഗത്വമെടുത്ത ആദ്യ യൂറോപ്യേതര സംഘം ഇന്ത്യയാണ്. സ്വാതന്ത്ര്യത്തിന് മുമ്പേ ഒളിമ്പിക് ഹോക്കിയിൽ ജൈത്രയാത്ര തുടങ്ങിയിരുന്നു. 1928ലായിരുന്നു ആദ്യ സ്വർണം. തുടർച്ചയായി ആറു തവണ ജേതാക്കളായി. ആകെ എട്ടു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവും നേടിയിട്ടുണ്ട് ഒളിമ്പിക്സിൽ. വർഷങ്ങളുടെ ഇടവേളക്കുശേഷം 2021ലെ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം. ഇന്ത്യൻ ഹോക്കി ടീമിന് പക്ഷേ, ലോക കിരീടം കിട്ടാക്കനിയായിരുന്നു. 1975ലാണ് ഇന്ത്യ ആദ്യമായും അവസാനമായും ലോക ജേതാക്കളായത്.

സുനിൽ ഛേത്രി

ഒളിമ്പിക്സോളം ഫുട്ബാൾ

ഒളിമ്പിക്സിൽ ഇന്ത്യ പന്തു തട്ടിയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ, പുതുതലമുറ അത്ഭുതംകൂറിയേക്കാം. ഒന്നും രണ്ടുമല്ല നാലു തവണ കളിച്ചിട്ടുണ്ട്. 1948ലായിരുന്നു തുടക്കം. ഒരു മത്സരം മാത്രം കളിച്ചു. ഫ്രാൻസിനെതിരെയായിരുന്നു അത്. ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരവുമായിരുന്നു. 1-2ന് തോറ്റു. 1952ലും ആദ്യ റൗണ്ടിൽ മടക്കം. 1956ൽ സെമി ഫൈനലിലെത്തി നാലാം സ്ഥാനക്കാരായാണ് തിരിച്ചുവന്നത്. 1960ൽ ആദ്യ റൗണ്ടിൽ തന്നെ അവസാനിച്ചു. ഒരു തവണ മാത്രമാണ് ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയത്. 1950ലെ ബ്രസീൽ ലോകകപ്പിൽ. പക്ഷേ, പ്രതികൂല സാഹചര്യങ്ങളാൽ ഇന്ത്യ പിന്മാറി. ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ സ്കോർ ചെയ്ത് അന്താരാഷ്ട്ര ഗോൾവേട്ടക്കാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും പിന്നിലുള്ള നിലവിലെ നായകൻ സുനിൽ ഛേത്രി, രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന നേടുന്ന ആദ്യ ഫുട്ബാളറായി.

അഭിനവ് ബിന്ദ്ര

ആദ്യ വ്യക്തിഗത മെഡലുകൾ

1952 ഹെൽസിങ്കി ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കലം നേടിയ കെ.ഡി. ജാദവ്, ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി. 2008 ബെയ്ജിങ് ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര ജേതാവായി. ഒളിമ്പിക്സിൽ ആദ്യ വ്യക്തിഗത സ്വർണം നേടിയ ഇന്ത്യക്കാരൻ അഭിനവാണ്. 2021ലെ ടോക്യോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ചാമ്പ്യനായി. ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് നീരജാണ്.

നീരജ് ചോപ്ര

2003 പാരിസ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് ലോങ്ജംപിൽ അഞ്ജു ബോബി ജോർജ് വെങ്കലം നേടി. ലോക ചാമ്പ്യൻഷിപ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റാണ്. 2022 ഓറിഗോൺ ലോക അത് ലറ്റിക് ചാമ്പ്യൻസ് ജാവലിൻ ത്രോ‍യിൽ നീരജ് വെള്ളിയും സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ് സുവർണനേട്ടം സ്വപ്നമായി തുടരുകയാണ്. 1958ലെ കോമൺവെൽത്ത് ഗെയിംസ് 440 യാർഡിൽ മിൽഖ സിങ് ഒന്നാമതെത്തി. കോമൺവെൽത്ത് സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരനാണ് പിൽക്കാലത്ത് 0.1 സെക്കൻഡ് വ്യത്യാസത്തിൽ ഒളിമ്പിക് മെഡൽ കൈവിട്ട മിൽഖ.

2022ൽ തോമസ് കപ്പ് ബാഡ്മിൻറൺ സ്വർണം നേടിയ പുരുഷ ടീം

ബാഡല്ല ബാഡ്മിന്റൺ

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി 1980ൽ മാറി പ്രകാശ് പദുക്കോൺ. 1981ൽ ലോക കിരീടം സ്വന്തമാക്കി സമാനമായ മറ്റൊരു ചരിത്രവും അദ്ദേഹം കുറിച്ചു. 2019ൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി. സിന്ധു.

പി.വി. സിന്ധു


സൈന നെഹ് വാൾ

ഒളിമ്പിക്സിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയതും സിന്ധു തന്നെ. 2016ലെ റയോ ​െഡ ജനീറോ ഒളിമ്പിക്സ് വനിത സിംഗ്ൾസ് വെള്ളിയും 2021ൽ ടോക്യോയിൽ വെങ്കലവും. ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടിയത് പക്ഷേ, സൈന നെഹ് വാളാണ്. 2012ൽ ലണ്ടനിൽ വനിത സിംഗ്ൾസ് വെങ്കലം. 2022ൽ പുരുഷ ടീമിലൂടെ തോമസ് കപ്പ് ബാഡ്മിൻറൺ സ്വർണം ആദ്യമായി ഇന്ത്യക്ക് ലഭിച്ചു.

ക്രിക്കറ്റിലെ ലോക കിരീടങ്ങൾ

1983ലാണ് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോക കിരീടം നേടുന്നത്. വെസ്റ്റിൻഡീസിനെ തോൽപിച്ചത്, കപിൽ ദേവിന്റെ നേതൃത്വത്തിലാണ് ചരിത്രം പിറന്നത്. പിന്നീട് 20 വർഷത്തിന് ശേഷം സൗരവ് ഗാംഗുലിയുടെ ടീം 2003ൽ ഫൈനലിലെത്തിയെങ്കിലും ആസ്ട്രേലിയയോട് തോറ്റു.

2007​െല ക്രിക്കറ്റ് ട്വന്റി20 ലോകകിരീടവുമായി എം.എസ്. ധോണിയും സംഘവും

2007ൽ പാകിസ്താനെ തോൽപിച്ച് എം.എസ്. ധോണി നയിച്ച ഇന്ത്യക്ക് ആദ്യ ട്വന്റി20 ലോകകിരീടം. നീണ്ട ഇടവേള കടന്ന് 2011ൽ ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് ജേതാക്കളായി. ധോണിയും സംഘവും തോൽപിച്ചത് ശ്രീലങ്കയെ.

വിശ്വനാഥൻ ആനന്ദ്

ചെസിലെ ആനന്ദം

ഇന്ത്യയുടെ പ്രഥമ ചെസ് ഗ്രാൻഡ്മാസ്റ്ററായത് വിശ്വനാഥൻ ആനന്ദാണ്. 1988ലാണ് തമിഴ്നാട്ടുകാരനായ ആനന്ദ് ഗ്രാൻഡ് മാസ്റ്ററാവുന്നത്. 1956ലെ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ആദ്യമായി പങ്കെടുത്തു. ഇന്ത്യയുടെ ഏക ലോക ചാമ്പ്യൻ ആനന്ദാണ്. 2000ത്തിലാണ് ഇദ്ദേഹം ലോക കിരീടം ആദ്യമായി ഇന്ത്യയിലെത്തിക്കുന്നത്. 2000 മുതൽ 2002 വരെയും 2007 മുതൽ '13 വരെയും നേട്ടം തുടർന്നു. ഇതാദ്യമായി ഇന്ത്യ ചെസ് ഒളിമ്പ്യാഡിനും വേദിയായി. 2022 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചെന്നൈയിലായിരുന്നു ഒളിമ്പ്യാഡ്. ഇന്ത്യയുടെ പുരുഷ, വനിത ടീമുകൾ വെങ്കലം നേടി.

Tags:    
News Summary - National Sports Day August 29 india sports records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.