സമാധാനം പുലരട്ടെ

ജീവിതത്തിൽ സന്തോഷവും സമാധാനവും ആഗ്രഹിക്കാത്തവർ ആരാണുള്ളത്. വീടുകളിലും തൊഴിലിടങ്ങളിലും മാത്രമല്ല, ഈ ലോകത്തു തന്നെ സമാധാനത്തോടെ മുന്നേറാനായാൽ അതാണ്‌ ഏറ്റവും വലിയ നേട്ടം. യുദ്ധവും അക്രമവുമില്ലാത്ത സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കുന്നു.

ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 21 ലോകസമാധാന ദിനമായി ആചരിച്ചു വരുന്നു. 1981 മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.

സമാധാനദിനം

1981ൽ യു.എന്നിൽ അംഗമായിരുന്ന 193 രാജ്യങ്ങളും അംഗീകരിച്ച പ്രമേയമായിരുന്നു സമാധാനത്തിനു വേണ്ടി ഒരു ദിനം എന്നത്. പിന്നീട് 2001ൽ ജനറൽ അസംബ്ലിയിൽ എല്ലാ വർഷവും സെപ്റ്റംബർ 21 ലോക സമാധാനദിനമായി ആചരിക്കാൻ തീരുമാനിച്ചു. Actions for peace: Our ambition for the Global goals എന്നതാണ് 2023 വർഷത്തെ യു.എന്നിന്റെ ലോക സമാധാനദിനത്തിലെ മുദ്രാവാക്യം.

സമാധാന ബെൽ

ലോകസമാധാന ദിനാചരണത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് സെപ്റ്റംബർ 21ന് ഒരു സമാധാന ബെൽ മുഴങ്ങും. സമാധാനം നീണാൾ വാഴട്ടെ എന്ന് വശത്തിനുള്ളിൽ എഴുതിച്ചേർത്ത ആ ബെൽ എല്ലാ ഭൂഖണ്ഡങ്ങളിലെയും കുട്ടികൾ സമ്മാനിച്ച നാണയത്തുട്ടുകൾകൊണ്ട് നിർമിച്ചതാണ്.

വെള്ളരിപ്രാവ്

റോമൻ ഇതിഹാസത്തിലെ യുദ്ധദേവനാണ് മാർസ്. ഒരിക്കൽ അദ്ദേഹം യുദ്ധത്തിന് പുറപ്പെട്ടപ്പോൾ തന്റെ ലോഹത്തൊപ്പിക്കകത്ത് ഒരു വെള്ളപ്രാവ് കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്നത് കണ്ടു. കോപം കയറിയ മാർസ് പ്രാവിൻകൂട് പുറത്തേക്കെറിയാൻ ഒരുങ്ങി. മുട്ട വിരിഞ്ഞ് പ്രാവിൻ കുഞ്ഞുങ്ങൾ പറക്കാൻ പ്രായമാവുന്നതുവരെ അവയെ ഉപദ്രവിക്കരുതെന്നും അതുവരെ യുദ്ധം നീട്ടിവെക്കണമെന്നും ദേവതയായ അഫ്രോഡൈറ്റ് അപേക്ഷിച്ചു. മാർസ് അതംഗീകരിക്കുകയും ചെയ്തു. ഒരു വലിയ യുദ്ധം നീട്ടിവെക്കാൻ കാരണമായ പ്രാവ് അന്നുമുതൽ സമാധാനത്തിന്റെ അടയാളമായി മാറി.

സമാധാനസൂചിക

ലോകരാഷ്ട്രങ്ങളുടെയും പ്രദേശങ്ങളുടെയും സമാധാനത്തിന്റെ സ്ഥിതി അളക്കാനുള്ള ശ്രമമാണ് ലോകസമാധാന സൂചിക. ലോകരാജ്യങ്ങളിലെ സമാധാനത്തോത് വിലയിരുത്തുന്നത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് എന്ന ഏജൻസിയാണ്. രാജ്യത്തെ സാമൂഹിക സുരക്ഷയും ആഭ്യന്തരവും അന്തർദേശീയവുമായ സംഘർഷങ്ങൾ, സൈനികവത്കരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് സമാധാനസൂചികപ്പട്ടിക തയാറാക്കുന്നത്. 2023 ലെ സമാധാനസൂചിക പ്രകാരം ഐസ്‍ലൻഡാണ് ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യം. പട്ടികയിൽ 126ാം സ്ഥാനത്താണ് ഇന്ത്യ.

യുദ്ധവും സമാധാനവും

റഷ്യൻ എഴുത്തുകാരൻ ലിയോ ടോൾസ്റ്റോയ് 1865-69 കാലഘട്ടത്തിൽ രചിച്ച ചരിത്ര നോവലാണ് ‘യുദ്ധവും സമാധാനവും’. റഷ്യയുടെ നേരെയുണ്ടായ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ഈ കൃതി.

സൈന്യമില്ലാത്ത രാജ്യങ്ങൾ

രാജ്യത്തിന്റെ സുരക്ഷക്ക് സൈന്യങ്ങൾ വേണമെന്ന സങ്കൽപമില്ലാത്ത സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന രാഷ്ട്രങ്ങൾ ലോകത്തുണ്ട്. ഓരോ വർഷവും കോടിക്കണക്കിനു തുക പ്രതിരോധമേഖലയിലേക്ക് മാറ്റിവെക്കുന്ന രാജ്യങ്ങൾക്കിടയിൽ വ്യത്യസ്തമാവുകയാണ് ഈ രാജ്യങ്ങൾ. പടിഞ്ഞാറൻ യൂറോപ്പിലെ അൻഡോറ, മൊണാകോ, മധ്യ അമേരിക്കയിലെ കോസ്റ്ററീക, കരീബിയൻ സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ഡൊമനിക, ഗ്രാനെഡ, കരീബിയൻ രാഷ്ട്രമായ ഹെയ്തി, വടക്കൻ യൂറോപ്പിലെ ഐസ്‍ലൻഡ്, പസഫിക് മഹാസമുദ്രത്തിലെ കിരീബാസ്, പലാവു, ഇറ്റലിയുടെ ഉള്ളിലായി സ്ഥിതിചെയ്യുന്ന വത്തിക്കാൻ നഗരം തുടങ്ങിയവ അവയിൽ ചിലതാണ്.

യു.എൻ സമാധാനസേന

യുനൈറ്റഡ് നേഷൻസ് ട്രൂസ് സൂപ്പർവിഷൻ ഓർഗനൈസേഷൻ (UNTSO) -മിഡിൽ ഈസ്റ്റിലെ സമാധാന പരിപാലനത്തിനായി 1948 മേയ്‌ 29ന് സ്ഥാപിതമായ സംഘടനയാണ്. 1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനിടയിലെ വെടിനിർത്തൽ നിരീക്ഷിക്കുക, യുദ്ധവിരാമ ഉടമ്പടികളിലെ കക്ഷികളെ സഹായിക്കുക തുടങ്ങിയവയായിരുന്നു ഈ സംഘടനയുടെ പ്രധാനലക്ഷ്യം. എല്ലാ വർഷവും മാർച്ച്‌ 29ന് യു.എൻ സമാധാന ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ച, ഇപ്പോഴും സേവനമനുഷ്ഠിക്കുന്ന എല്ലാവരുടെയും പ്രവർത്തനങ്ങൾക്കും ധീരതക്കും യു.എൻ നന്ദി അർപ്പിക്കാറുണ്ട്.

Tags:    
News Summary - 21 September International Day of Peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.