ജനങ്ങൾക്കുവേണ്ടി

ജനാധിപത്യം എന്നാൽ സഹിഷ്ണുതയാണ്. നമ്മെ അനുകൂലിക്കുന്നവരോടു മാത്രമല്ല, നമ്മളോട് വി​യോജിക്കുന്നവരോടുമുള്ള സഹിഷ്ണുത -ജവഹർലാൽ നെഹ്റു
ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആദ്യം ജനങ്ങളിൽ ഏകത്വബോധവും ആത്മബഹുമാനവും സ്വാതന്ത്ര്യബോധവുമുണ്ടാകണം -മഹാത്മാ ഗാന്ധി
നിങ്ങൾ ഒരു ഓട്ടമത്സരത്തിൽ പ​ങ്കെടുത്ത് ജയിച്ചുകഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്നുമാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്നോർക്കുന്നതാണ് ജനാധിപത്യം. ഒറ്റക്ക് ഓടിയാൽ ആരും ജയിക്കില്ല -മഹാത്മാ ഗാന്ധി
വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട ​കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും -ഡോ. ബി.ആർ. അംബേദ്കർ

‘ജനങ്ങൾ ജനങ്ങൾക്കു​വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണകൂടം’ -ജനാധിപത്യത്തെക്കുറിച്ച് എബ്രഹാം ലിങ്കൺ നിർവചിച്ചതിങ്ങനെ. രാജഭരണവും സാ​മ്രാജ്യത്വവും ഏകാധിപത്യവും ഉയർത്തിയ ഒ​​ട്ടേറെ വെല്ലുവിളികൾ തരണംചെയ്താണ് ജനാധിപത്യത്തിന്റെ വളർച്ച. പൊതുനന്മയാണ് ജനാധിപത്യത്തിന്റെ ആത്യന്തിക ലക്ഷ്യം. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ജനാധിപത്യസംവിധാനം നിലനിൽക്കുന്നതിന്റെ അടിസ്ഥാന രേഖയാകട്ടെ ഭരണഘടനയും. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയെക്കുറിച്ച് ഭരണഘടനയുടെ ആമുഖം വിളംബരംചെയ്യുന്നു. ഇതുതന്നെയാണ് ജനാധിപത്യ സംവിധാനത്തിന്റെ ലക്ഷ്യവും.

യുദ്ധവും പലായനവും ഭീകരതയും അധിനിവേശങ്ങളും വെല്ലുവിളികൾ ഉയർത്തുമ്പോൾ ജനാധിപത്യത്തെക്കുറിച്ച് ഉറക്കെ സംസാരിക്കേണ്ടിവരും. ജനാധിപത്യത്തിന്റെ അർഥവും പ്രാധാന്യവും പൊതുജനങ്ങളിലെത്തിക്കുക, ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ എല്ലാ വർഷവും സെപ്റ്റംബർ 15 അന്തർദേശീയ ജനാധിപത്യദിനമായി ആചരിക്കുന്നു.

ജനാധിപത്യദിനം

‘വരുംതലമുറയെ ശാക്തീകരിക്കുക’ എന്നതാണ് ഈ വർഷത്തെ ജനാധിപത്യദിനത്തിന്റെ പ്രമേയം. 2007ൽ ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തിലാണ് സെപ്റ്റംബർ 15 എല്ലാ വർഷവും ജനാധിപത്യദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2008 മുതൽ ഈ ദിനം ഔദ്യോഗികമായി ആചരിക്കാൻ തുടങ്ങി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും സർക്കാറുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ യഥാർഥ അവസ്ഥ ഈ ദിനത്തിൽ അ​വലോകനം ചെയ്യുകയും ചെയ്യുന്നു.

ഡെമോക്രസി

ഗ്രീക് ഭാഷയിലെ ഡെമോസ് (Demos), ‘ക്രാട്ടോസ്’ (Kratos) എന്നീ പദങ്ങളിൽനിന്ന് ജനാധിപത്യം (Democracy) എന്ന വാക്ക് ഉത്ഭവിച്ചു. ഡെമോസ് എന്നാൽ ജനങ്ങളെന്നും ക്രാട്ടോസ് എന്നാൽ അധികാരം എന്നുമാണ് അർഥം. ജനങ്ങളുടെ അധികാരം എന്ന് ജനാധിപത്യം എന്ന വാക്കുകൊണ്ട് അർഥമാക്കുന്നു.

പരോക്ഷവും പ്രത്യക്ഷവും

ജനാധിപത്യത്തെ പ്രത്യക്ഷ ജനാധിപത്യം, പരോക്ഷ ജനാധിപത്യം എന്നിങ്ങനെ രണ്ടായി തിരിക്കാം. ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കുള്ളതിനെ പ്രത്യക്ഷ ജനാധിപത്യമെന്നും ജനങ്ങൾ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് ജനപ്രതിനിധികളിലൂടെ ഭരണം നടത്തുന്നതിനെ പരോക്ഷ ജനാധിപത്യമെന്നും പറയുന്നു.

ജനാധിപത്യ സൂചിക

ഓരോ രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെ അവസ്ഥ അവലോകനം ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനും ജനാധിപത്യ സൂചിക ഉപയോഗിക്കുന്നു. അറുപതോളം സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുക. അടിസ്ഥാന ജനാധിപത്യ സ്ഥാപനങ്ങളുടെ വിശാലത, ബഹുസ്വരത, അഭിപ്രായ സ്വാതന്ത്ര്യം, ഭരണത്തിന്റെ വിവിധ വശങ്ങൾ, ജനാധിപത്യത്തിന്റെ മാനദണ്ഡം, ​തെ​രഞ്ഞെടുപ്പ് സംവിധാനത്തിലെ സൂക്ഷ്മത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ജനാധിപത്യ സൂചിക നിർണയിക്കുന്നത്. ഇക്കണോമിസ്റ്റ് ഡെമോക്രസി ഇൻഡക്സ്, ​ഫ്രീഡം ഇൻ ദ വേൾഡ്, ഗ്ലോബൽ സ്റ്റേ​റ്റ് ഓഫ് ഡെമോക്രസി ഇൻഡക്സ് തുടങ്ങിയവയാണ് പ്രമുഖ ജനാധിപത്യ സൂചികകൾ. 2022ലെ ഇക്കണോമിസ്റ്റ് ഇന്റലിജൻസിന്റെ ഡെമോക്രസി ഇൻഡക്സ് പ്രകാരം ജനാധിപത്യ സൂചികയിൽ നോർവേക്കാണ് ഒന്നാം സ്ഥാനം. 46ാം സ്ഥാനമാണ് ഇന്ത്യക്ക്.

ജനാധിപത്യം ഇന്ത്യയിൽ

‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ തുടക്കം. 1950 ജനുവരി 26ന് ഭരണഘടന നിലവിൽവരുമ്പോൾ അതി​ന്റെ ആമുഖത്തിൽ ഇന്ത്യയെ ‘പരമാധികാര ജനാധിപത്യ റിപ്പബ്ലിക്’ എന്ന് പ്രഖ്യാപിച്ചു. പിന്നീട് 1977 ജനുവരി മൂന്നിന് പ്രാബല്യത്തിൽവന്ന ഭേദഗതിയിൽ ഇന്ത്യയെ ‘പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി’ തീരുമാനിച്ചു. നിയമനിർമാണസഭ, ഭരണനിർവഹണ വിഭാഗം, നീതിന്യായം എന്നിവയെ ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായി കണക്കാക്കുന്നു. നാലാമത്തെ തൂണായി മാധ്യമങ്ങളെയും വിശേഷിപ്പിക്കുന്നു. ഇവയിൽ ഏതെങ്കിലും ഒന്ന് തകർന്നാൽ ഇന്ത്യൻ ജനാധിപത്യംതന്നെ തകർച്ചയിലാകുമെന്ന് ഭരണഘടനാ ശിൽപികൾ തന്നെ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - International Day of Democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.