ഭൂമിയും ആകാശവും നക്ഷത്രങ്ങളും ​തിളങ്ങിനിൽക്കുന്ന ഒരു ചന്ദ്രനും. രാത്രിയെക്കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്കെത്തുന്നത് ഇതായിരിക്കും... രാവിലെ എത്തുന്ന സൂര്യനും രാത്രിയിലെത്തുന്ന ചന്ദ്രനും. എന്നാൽ, ശരിക്കും ഇങ്ങനെത്തന്നെയാണോ? ആകാശത്തിനുമപ്പുറം എന്താണെന്ന് അറിയാനുള്ള കൗതുകം പണ്ടുമുതലേ മനുഷ്യനുണ്ടായിരുന്നു; പ്രത്യേകിച്ച് ചന്ദ്രനിൽ. ആ കൗതുകം ചെന്ന് അവസാനിച്ചതാകട്ടെ ചന്ദ്രന്റെ മണ്ണിലും...

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ഓർമക്കായാണ് അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിക്കുന്നത്. 1969 ജൂലൈ 20ന് (ഇന്ത്യൻ സമയം അനുസരിച്ച് ജൂലൈ 21) അമേരിക്കക്കാരായ നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. ‘മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യരാശിക്ക് ഒരു കുതിച്ചുചാട്ടം’ എന്നായിരുന്നു നീൽ ആംസ്ട്രോങ്ങിന്റെ വാക്കുകൾ. എഡ്വിന്‍ ആല്‍ഡ്രിനാണ് ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി. സഹയാത്രികനായ മൈക്കല്‍ കോളിന്‍സ് അവരുടെ ഈഗ്ള്‍ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. അപ്പോളോ 11 എന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായായിരുന്നു യാത്ര. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി ജനങ്ങളെ ഓർമിപ്പിക്കാനും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനും എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നു.

ലൂണ 3 പകർത്തിയ ചിത്രം

കാണാത്ത മുഖം

ഭൂമിയെ ചുറ്റുമ്പോൾത​െന്ന സ്വന്തം അച്ചുതണ്ടിലും ചന്ദ്രൻ തിരിയുന്നുണ്ട്. അതിനാൽ ഭൂമിയിൽനിന്ന് നോക്കിയാൽ എപ്പോഴും ച​ന്ദ്രന്റെ ഒരു വശമേ കാണാൻ സാധിക്കൂ. 1959ൽ ബഹിരാകാശ വാഹനമായ ലൂണ-3 ആണ് ചന്ദ്രന്റെ മറ്റൊരു മുഖം ആദ്യമായി കണ്ടത്.

തണുപ്പുള്ള പ്രദേശം

സൗരയൂഥത്തിലെ ഏറ്റവും തണുപ്പു​ള്ള പ്രദേശം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുള്ള വിള്ളലുകളിലായിരിക്കും എന്നാണ് ഗവേഷകർ പറയുന്നത്. ഇവിടത്തെ താപനില -238 ഡിഗ്രി സെൽഷ്യസിൽ കൂടില്ലത്രേ...

സൂപ്പർ മൂൺ

സൂപ്പർ മൂൺ

വർഷത്തിലൊരിക്കൽ ചന്ദ്രനെ സാധാരണ കാണുന്നതിനേക്കാൾ 14 ശതമാനം അധികവലുപ്പത്തിൽ കാണാനാകും. ഇതാണ് സൂപ്പർ മൂൺ. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോഴാണ് ഇങ്ങനെ കാണുക.

ചന്ദ്രനും ചാട്ടവും

ഭൂമിയിൽ ചാടുന്നതിന്റെ ആറിരട്ടി ഉയരത്തിൽ ചന്ദ്രനിൽ ചാടാനാകും. ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ ആറിലൊന്നേ ചന്ദ്രനുള്ളൂവെന്നതാണ് അതിന് കാരണം. അതായത് ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ വെറും 10 കിലോഗ്രാം ഭാരം മാത്രമേ ഉണ്ടാകൂ.

പൂർണചന്ദ്രൻ

എല്ലാ മാസവും ഒരു തവണയെങ്കിലും പൂർണചന്ദ്രനെ കാണാം. എന്നാൽ ഒരുതവണ പോലും പൂർണചന്ദ്രനെ കാണാതിരുന്ന ഒരു മാസവും ഉണ്ടായിട്ടുണ്ട്. 1886 ഫെബ്രുവരി. ആ വർഷം ജനുവരിയിലും മാർച്ചിലും രണ്ട് തവണ പൂർണ ചന്ദ്രൻ ഉദിച്ചതായിരുന്നു അതിന് കാരണം.


മായാത്ത പാട്

അന്തരീക്ഷം ഇല്ലാത്ത ചന്ദ്രനിൽ കാറ്റും മഴയുമൊന്നുമില്ല. അതിനാൽത്തന്നെ അവിടെ ഇറങ്ങിയ സഞ്ചാരികളുടെ കാൽപാടുകളും മറ്റും മാഞ്ഞുപോകാൻ ബുദ്ധിമുട്ടാണ്. ഉൽക്കകളുമായി കൂട്ടിയിടിച്ച് പ്രതലത്തിന്റെ മണ്ണ് തെന്നിമാറുമ്പോഴാണ് ഇത് മാറുക.

പത്തുശതമാനം പോലുമില്ല

സൗരയൂഥത്തിലെ അറിയപ്പെടുന്ന ഛിന്ന ഗ്രഹങ്ങളെല്ലാം (Asteroids) വാരിക്കൂട്ടിയെടുത്ത് തൂക്കിനോക്കിയാൽ നമ്മുടെ ചന്ദ്രന്റെ ആകെ ഭാരത്തിന്റെ 10 ശതമാനംപോലും വരില്ല.

പൊടിയാണ്, വെറും പൊടി

ചന്ദ്രനിലെന്താണെന്ന് അറിയാനുള്ള മനുഷ്യന്റെ ആകാംക്ഷക്ക് ഇന്നും കുറവില്ല. ജൂലൈ 21ന് രാവിലെ രണ്ടു മണി 54 മിനിറ്റിന് നീൽ ആംസ്ട്രോങ് ലൂണാർ മൊഡ്യൂളിന്റെ ഏണിയിൽക്കൂടി ചന്ദ്രനിലേക്ക് ഇറങ്ങാൻ തുടങ്ങി. ഏണിയുടെ ഏറ്റവും താഴത്തെ പടിയിൽനിന്നുകൊണ്ട് ആംസ്ട്രോങ് പറഞ്ഞു: ‘ഉപരിതലത്തിൽ പൊടിയാണ്. പൊടി’.

സാ​ങ്കേതിക വശങ്ങൾ

ചന്ദ്രൻ ഭൂമിക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. അതേസമയംതന്നെ ചന്ദ്രനും ഭൂമിയും സൂര്യനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അനന്തമായ ശൂന്യതയിൽ ‘ദിശ’ ഇല്ലാത്ത അവസ്ഥയിൽ ചന്ദ്രനു നേരെ അല്ലെങ്കിൽ ഭൂമിക്കുനേരെ സഞ്ചരിക്കുക എന്നുപറഞ്ഞാൽ അർഥമില്ല.

മൂൺ വില്ലേജ്

ചാന്ദ്രഗ്രാമം പദ്ധതി

യൂറോപ്യൻ സ്​പേസ് ഏജൻസിയുടെ സ്വപ്നപദ്ധതികളിലൊന്നാണ് ‘മൂൺ വില്ലേജ്’ എന്ന ചാന്ദ്രഗ്രാമം പദ്ധതി. അതായത് വ്യത്യസ്ത ലക്ഷ്യങ്ങളുമായി ചന്ദ്രനിലെത്തുന്നവരെല്ലാം ഒന്നിച്ച് ഒരു സമൂഹമായി കഴിയുന്നു. അതിൽ ശാസ്ത്രജ്ഞരും വിനോദസഞ്ചാരികളും ഗവേഷകരുമുണ്ടാകാം. സ്പേസ് 4.0 എന്നു പേരിട്ടിരിക്കുന്ന ഒരു ബൃഹദ്പദ്ധതിയുടെ ഭാഗമാണ് ‘മൂൺ വില്ലേജ്’. 

ചാന്ദ്ര ഉടമ്പടി (The Moon Treaty)

ബഹിരാകാശത്തുനിന്നും ഗ്രഹങ്ങളിൽനിന്നും ശേഖരിക്കുന്ന വസ്തുക്കളേതായാലും അത് എല്ലാ രാജ്യങ്ങൾക്കുമായി പങ്കുവെക്കണമെന്ന് ഉടമ്പടിയിൽ പറയുന്നു. ചന്ദ്രനും ഇതരഗ്രഹങ്ങളും ഉൾപ്പെടെയുള്ള സൗരയൂഥ ഇടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതാണ് ചാന്ദ്ര ഉടമ്പടി (1979).

റഷ്യയുടെ ലൂണ -25

പന്ത്രണ്ട് ബഹിരാകാശ സഞ്ചാരികളെ, കോസ്മോനട്ടുകളെ ഒരുമിച്ച് ചന്ദ്രനിലേക്ക് അയക്കുന്നതാണ് ഈ പദ്ധതി. 2029ഓടെ ചന്ദ്രനിൽ ഒരു സ്ഥിരം താമസയിടം നിർമിക്കാനും റഷ്യ പദ്ധതിയിടുന്നു. ഇതിലേക്കുള്ള ആദ്യപടി എന്നനിലയിൽ 2024ൽ ഒരു ചാന്ദ്രപേടകം റഷ്യ വിക്ഷേപിക്കും. ച​ന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന തരത്തിലാണ് ലൂണ -25ന്റെ രൂപകൽപന. റഷ്യയുടെ സ്​പേസ് ഏജൻസിയായ റോസ്കോസ്മോസും (Roscosmos) അതിന്റെ സാ​ങ്കേതിക വിഭാഗമായ എനർജിയയും ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.

എന്തു​കൊണ്ട് ചന്ദ്രൻ

ചന്ദ്രനിലെ അളവറ്റ ധാതുനിക്ഷേപമാണ് ചന്ദ്രനെ ശാസ്ത്രലോകം കൈവിടാത്തതിന്റെ കാരണം. ടൈറ്റാനിയം, പ്ലാറ്റിനം എന്നിവ ചന്ദ്രനിൽ വേണ്ടുവോളമുണ്ട്. എന്നാൽ ഇവയെ ഭൂമി​യിലെത്തിക്കുക എന്നത് വളരെ ചെലവേറിയതാണ്. എന്നാൽ, ചെലവിന്റെ പരിമിതി ബാധകമല്ലാ​ത്ത ഒന്നുണ്ട് ച​ന്ദ്രനിൽ; അതാണ് ഹീലിയത്തിന്റെ ഐസോടോപ്പായ ഹീലിയം-3. ന്യൂക്ലിയർ ഫ്യൂഷനിലൂടെ ഊർജ്ജം ഉൽപാദിപ്പിക്കാനുള്ള വിലമതിക്കാനാകാത്ത ഇന്ധന സ്രോതസ്സാണിത്.


ചന്ദ്രയാൻ-1

ഇന്ത്യയുടെ അഭിമാന ചാ​ന്ദ്രദൗത്യമാണ് ചന്ദ്രയാൻ. ഐ.എസ്.ആർ.ഒയുടെ ​ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ചന്ദ്രയാൻ. 2008 ഒക്ടോബർ 22നായിരുന്നു ചന്ദ്രയാൻ 1 വിക്ഷേപണം. 2008 നവംബർ എട്ടിന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി. നവംബർ 14ന് ഓർബിറ്ററും ഇംപാക്റ്ററും വേർപെട്ടു. ഇംപാക്റ്റർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കി. ചന്ദ്രോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിൽനിന്ന് ചന്ദ്രനെ വലംവെച്ചുകൊണ്ട് ഓർബിറ്റർ നിരീക്ഷണം ആരംഭിച്ചു. ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുകയായിരുന്നു ചന്ദ്രയാൻ 1 ദൗത്യം. 2009 സെപ്റ്റംബർ 24ന്, ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനേക്കാളേറെ ജലമുണ്ടെന്ന കണ്ടെത്തൽ ചന്ദ്രയാൻ നടത്തി. 95 ശതമാനം ലക്ഷ്യങ്ങളും ​ചന്ദ്രയാൻ 1 നിറവേറ്റിയിരുന്നു.


ചന്ദ്രയാൻ -2

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ച​ന്ദ്രയാൻ -2. ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ച് കൂടുതൽ പഠിക്കുക എന്നതായിരുന്നു ചന്ദ്രയാൻ -2ന്റെ ലക്ഷ്യം. 2019 ജൂലൈ 22നാണ് ചന്ദ്രയാൻ -2ന്റെ വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണ ധ്രുവമാണ് ചന്ദ്രയാൻ -2 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. . 2019 സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ രണ്ട് കിലോമീറ്റർ അടുത്തുവരെയെത്തിയ ചന്ദ്രയാൻ -2 മുമ്പ് നിശ്ചയിച്ച പാതയിൽനിന്ന് തെന്നിമാറി. ഇതേത്തുടർന്ന് വിക്രം ലാൻഡറിൽനിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയുംചെയ്തു.


ചന്ദ്രയാൻ -3

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ്​ സെന്ററിൽനിന്ന് ചന്ദ്രനെ ലക്ഷ്യമാക്കി ചന്ദ്രയാൻ -3ന്റെ വിക്ഷേപണം 2023 ജൂലൈ 14ന് ഉച്ച 2:35ന് നടന്നു. ആഗസ്റ്റ് 23ഓടെ ചന്ദ്രയാൻ 3ന് ദക്ഷിണധ്രുവ മേഖലയിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. എൽ.വി.എം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്-3) റോക്കറ്റാണ് ചന്ദ്രയാൻ-3 വിക്ഷേപിക്കാൻ ഉപയോഗിച്ചത്. ഇതുവരെ കാര്യമായ പര്യവേക്ഷണങ്ങൾ ഒന്നും നടന്നിട്ടില്ലാത്ത, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് ഏതാണ്ട് അടുത്തുള്ള ഒരു പ്രദേശത്താണ് ചന്ദ്രയാൻ -3 ഇറങ്ങുന്നത്. ചന്ദ്രനിലിറങ്ങുന്ന ലാൻഡർ, ചന്ദ്രന്റെ മണ്ണിൽ ഉരുണ്ടുനടന്ന് പരീക്ഷണങ്ങൾ നടത്തുന്ന റോവർ എന്നിവ ചേർന്നതാണ് ചന്ദ്രയാൻ-3. ബഹിരാകാശത്തുവെച്ച് റോക്കറ്റിൽനിന്ന് വേർപെട്ടശേഷം ലാൻഡറിനെ ചന്ദ്രനിലെത്തിക്കാൻ അതിനോട് ചേർന്ന് ഒരു െപ്രാപ്പല്ലെന്റ് മൊഡ്യൂളുമുണ്ട്. 600 കോടി രൂപയാണ് ചന്ദ്രയാൻ -3ന്റെ മൊത്തം ചെലവ്.

തയാറാക്കിയത്: അസ് ന ഇളയിടത്ത്, അനിത എസ്

Tags:    
News Summary - International Moon Day neil armstrong landed on moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.