വാൽനക്ഷത്രങ്ങൾക്ക് ശരിക്കും വാലുണ്ടോ?

വാൽനക്ഷത്രങ്ങളെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ലല്ലോ. അതിനെ ചുറ്റിപ്പറ്റി പല കഥകളും വായിച്ചിട്ടും കേട്ടിട്ടുമുണ്ടാകും. ശരിക്കും എന്താണ് വാൽനക്ഷത്രങ്ങൾ എന്ന് എത്രപേർക്കറിയാം? തിളങ്ങുന്ന തലയും നീണ്ടവാലുമായി മാനത്ത് അപൂർവമായി എത്തുന്ന, ഓടിപ്പോവുന്നവരാണ് വാൽനക്ഷത്രങ്ങൾ. നിങ്ങൾ ചിത്രങ്ങളിലെങ്കിലും അത് കണ്ടുകാണും. വളരെ മനോഹരമാണ് വാൽനക്ഷത്രം ഓടിപ്പോകുന്ന ആ കാഴ്ച. നമ്മൾ കുഞ്ഞായാണ് കാണുന്നതെങ്കിലും വാൽനക്ഷത്രങ്ങളുടെ തലക്ക് രണ്ടോ മൂന്നോ ചിലപ്പോൾ പത്തോ ഇരുപതോ കിലോമീറ്റർ വലുപ്പമുണ്ടാകാം എന്നാണ് ശാസ്ത്രനിരീക്ഷകർ പറയുന്നത്. വാലിന് എണ്ണിത്തിട്ടപ്പെടുത്താനാകാത്തത്ര കിലോമീറ്റർ വരെ നീളമുണ്ടാകുമ​ത്രെ. വാൽനക്ഷത്രത്തിന്റെ തലയുടെ 70 ശതമാനത്തോളം ഹിമവും ബാക്കി പൊടിയും പാറക്കല്ലുകളുമാണ് അടങ്ങിയിരിക്കുന്നത്.

വാൽനക്ഷത്രങ്ങൾ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കും. സൂര്യനിൽനിന്ന് ദൂരെയായിരിക്കുമ്പോൾ വാൽനക്ഷത്രങ്ങൾക്ക് വാലുണ്ടാവില്ല. സൂര്യന്റെ അടുത്താകുമ്പോൾ സൗരവാതമേറ്റ് ഹിമം ബാഷ്പമാവുകയും ധൂളികൾ വേർപെടുകയും ചെയ്യും. സൗരവാതം അവയെ പിന്നിലേക്കു തള്ളിനീക്കും. ഇതിൽ സൂര്യപ്രകാശം തട്ടി തിളങ്ങുന്നതാണ് നമ്മൾ വാൽ ആയി കാണുന്നത്. വാൽ എപ്പോഴും സൂര്യ​ന്റെ എതിർദിശയിലായിരിക്കും. സൂര്യനോടടുക്കുന്തോറും വാലിന്റെ നീളം കൂടും, അകലുമ്പോൾ കുറയും.

നെപ്ട്യൂണിന്​ അപ്പുറത്തുള്ള പ്ലൂട്ടോ ഉൾപ്പെടുന്ന 'കുയ്പ്പർ ബെൽറ്റ്' മേഖല, സൂര്യനിൽനിന്ന്​ 45,000 കോടി കിലോമീറ്റർ മുതൽ എട്ടു ലക്ഷം കോടി കിലോ മീറ്റർ വരെ ദൂരത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഊർട്ട് ക്ലൗഡ് മേഖല എന്നിവിടങ്ങളിൽനിന്നാണ് വാൽനക്ഷത്രങ്ങൾ വരുന്നത്. ഈ രണ്ടു മേഖലകളിലും എന്തെങ്കിലും വിസ്ഫോടനങ്ങളുണ്ടാകുമ്പോൾ പഥം തെറ്റി സൗരയൂഥത്തിലേക്കു വരുന്ന ഹിമപിണ്ഡങ്ങളാണ് വാൽനക്ഷത്രങ്ങളായി പരിണമിക്കുന്നത്. 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ഹാലിയുടെ വാൽനക്ഷത്രത്തെക്കുറിച്ച് കൂട്ടുകാർ കേട്ടുകാണും. 1910ലും 1986ലും പ്രത്യക്ഷപ്പെട്ട ഇത് ഇനി 2061ൽ വീണ്ടുമെത്തും.

Tags:    
News Summary - Why do comets have tails?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.