പോയന്റ് നീമോ... ബഹിരാകാശ പേടകങ്ങൾ ഇവിടെയുറങ്ങുന്നു

ന്യൂസിലൻഡിന്റെ കിഴക്കൻ തീരത്തുനിന്ന് 2500 മൈലുകൾക്കപ്പുറം പസഫിക് സമുദ്രത്തിൽ അധികമാരും കടന്നുചെല്ലാത്ത ഒരിടമുണ്ട് -പോയന്റ് നീമോ. ഇവിടെയാണ് കൃത്രിമ ഉപഗ്രഹങ്ങളും കാലാവധി പൂർത്തിയാക്കിയ ബഹിരാകാശ പേടകങ്ങളുമെല്ലാം ഉറങ്ങിക്കിടക്കുന്നത്.

നിരവധി രാജ്യങ്ങൾ ഇന്ന് ബഹിരാകാശ ഗവേഷണരംഗത്ത് പുത്തൻ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെയെല്ലാം ഭാഗമായി ഒരുപാട് കൃത്രിമ ഉപഗ്രഹങ്ങളും മറ്റും ബഹിരാകാശത്തേക്ക് അയക്കുന്നുമുണ്ട്. ഇങ്ങനെ അയക്കുന്ന ഉപഗ്രഹങ്ങളുടെയും പേടകങ്ങളുടെയുമെല്ലാം കാലാവധി കഴിഞ്ഞാൽ പിന്നീട് എന്തു സംഭവിക്കും?

ഈ ചോദ്യത്തിന് രണ്ട് ഉത്തരങ്ങളുണ്ട്. ഇങ്ങനെ കാലാവധി കഴിഞ്ഞവയെ ബഹിരാകാശത്തുവെച്ചുതന്നെ തകർത്തുകളയുക എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് അവയെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുക എന്നതും. ഇതിൽ ആദ്യ​ത്തെ സാധ്യത പരിശോധിച്ചുനോക്കിയാൽ അതിൽ ഒരുപാട് അപകടസാധ്യതകൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ബഹിരാകാശത്തുവെച്ച് തകർക്കപ്പെടുന്ന ഇത്തരം കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ ബഹിരാകാശത്ത് ഒഴുകിനടക്കും. ഇത് മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനും ബഹിരാകാശത്ത് മാലിന്യം നിറയാനും കാരണമാകും. ഈയൊരു തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കാലാവധി കഴിഞ്ഞ വസ്തുക്കളെ സമുദ്രത്തിലേക്ക് പതിപ്പിക്കുക എന്ന ഒരു ആശയത്തിലേക്ക് ശാസ്ത്രലോകം എത്തിയത്. അതിനായി അവർ കണ്ടെത്തിയത് പസഫിക് സമു​ദ്രത്തിൽ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനുമൊന്നും തീരെ സാധ്യതയില്ലാത്ത, അധികമാരും എത്തിച്ചേരാത്ത ‘പോയന്റ് നീമോ’ ആയിരുന്നു.


ശാസ്ത്രം എത്ര കൃത്യമെന്നുപറഞ്ഞാലും ചില ബഹിരാകാശ പേടകങ്ങളുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ മറ്റിടങ്ങളിലും വീണിട്ടുണ്ട്. കാലാവധി കഴിഞ്ഞ ബഹിരാകാശ വസ്തുക്കൾക്ക് തിരിച്ചിറങ്ങാനുള്ള സംവിധാനങ്ങൾകൂടി ഉണ്ടെങ്കിലേ അതിനെ കൃത്യമായി കണക്കാക്കപ്പെട്ട സ്ഥലത്ത് വീഴ്ത്താൻ കഴിയൂ. അങ്ങനെയല്ലെങ്കിൽ തിരികെയെത്തുന്ന വസ്തുവിന്റെ നിയന്ത്രണം ശാസ്ത്രജ്ഞർക്ക് നഷ്ടമാവും. 1979ൽ യു.എസിന്റെ സ്​പേസ് സ്റ്റേഷൻ ‘സ്കൈലാബി’ന്റെ അവശിഷ്ടങ്ങൾ നിയന്ത്രണമില്ലാതെ ആസ്ട്രേലിയയിലും മറ്റു പലയിടങ്ങളിലുമായി വീണത് ഇത്തരത്തിലാണ്.

കാലാവധി കഴിഞ്ഞ നൂറുകണക്കിന് ബഹിരാകാശ പേടകങ്ങളും ​കൃത്രിമോപഗ്രഹങ്ങളുമെല്ലാം ഇവിടെയുണ്ടെന്നാണ് വിവരം. ഇതിൽ റഷ്യയുടെ ‘മിർ’ സ്​പേസ് സ്റ്റേഷനും ഉൾപ്പെടും. കാലാവധി കഴിഞ്ഞ് ഭൂമിയിലേക്ക് പതിക്കുന്ന ഇത്തരം വസ്തുക്കളുടെ ഭൂരിഭാഗവും ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോൾതന്നെ കത്തിത്തീരുകയാണ് പതിവ്. എന്നാൽ, വലിയ വസ്തുക്കളാണെങ്കിൽ പലതും കത്തിത്തീരാതെ ഭൂമിയിലെത്തും. ‘മിർ’ സ്പേസ് സ്റ്റേഷന്റെ ഭാരം 143 ടൺ ആയിരുന്നു. പസഫിക് സമുദ്രത്തിൽ പതിച്ചത് അതിൽ 20 ടൺ മാത്രവും. നാസയുടെ നിയന്ത്രണത്തിലുള്ള സ്പേസ് സ്റ്റേഷന്റെ കാലാവധി 2030കളിൽ അവസാനിക്കുമെന്നാണ് നിലവിൽ ലഭ്യമാവുന്ന വിവരം. അങ്ങനെയെങ്കിൽ അതിനും ഉറങ്ങാനുള്ള ഇടമാകും പസഫിക് സമു​ദ്രത്തിലെ ഈ ശവപ്പറമ്പ്.

രണ്ടുരീതിയിലാണ് ഈ വിഷയത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഒരു കൃത്രിമോപഗ്രഹം ബഹിരാകാശത്തുവെച്ചുതന്നെ തകർത്തുകളയാൻ ചെലവ് കുറവാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. നേരെമറിച്ച് അത് ഭൂമിയിലേക്ക് തിരികെയെത്തിക്കണമെങ്കിൽ വൻ തുകതന്നെ ചെലവഴിക്കേണ്ടിവരും. എന്നാൽ, ബഹിരാകാശത്ത് ‘സ്​പേസ് ജങ്കു’കൾ (ബഹിരാകാശ മാലിന്യം) കൂടുതലായി ഭാവിയിൽ പല പരീക്ഷണങ്ങൾക്കും തടസ്സമാകുമെന്ന് കണ്ടാണ് ഒട്ടുമിക്ക ബഹിരാകാശ വസ്തക്കളുടെയും അവശിഷ്ടങ്ങൾ തിരികെ ഭൂമിയിലേക്കുതന്നെ എത്തിക്കാൻ വൻ പണം മുടക്കിത്തന്നെ ശാസ്ത്രലോകം തയാറാകുന്നത്.

Tags:    
News Summary - Point Nemo The Isolated Location on the Planet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.