വേഗം 13 കിലോമീറ്റർ; ഓവർ സ്പീഡിന് ഫൈൻ!

എ.ഐ കാമറകളെക്കുറിച്ചുള്ള ചർച്ചകളൊക്കെ അടങ്ങിവരുന്നേയുള്ളൂ. കാമറയെ പേടിച്ചിട്ടെങ്കിലും ആളുകൾ ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിച്ച് യാത്രചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വാഹനാപകട നിരക്ക് കുത്തനെ കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. വിവാദങ്ങൾ എന്തെങ്കിലുമാകട്ടെ, നമ്മളിപ്പോൾ പറഞ്ഞുവരുന്നത് മറ്റൊരു കഥയാണ്.

സംഭവം ഇംഗ്ലണ്ടിലാണ്. 1896 ജനുവരി 28ലെ ഒരു പകൽ. കെന്റിലെ പഡോക് വുഡ് തെരുവിലൂടെ ഒരു കാർ കുതിച്ചുപാഞ്ഞു. കാർ ഓടിച്ചിരുന്നത് വാൾട്ടർ അർനോൾഡ് എന്നയാൾ. റോഡരികിൽ ഡ്യൂട്ടിയിൽനിൽക്കുന്ന ഒരു പൊലീസുകാരൻ ഈ കാഴ്ച കണ്ടു. ഉടൻതന്നെ തന്റെ വാഹനമെടുത്ത് ആ കാറിന് പിന്നാലെ പാഞ്ഞു. ഏകദേശം പത്ത് മിനിറ്റ് പിന്തുടർന്നശേഷം പൊലീസുകാരൻ തന്റെ വാഹനം കാറിനു കുറുകെ നിർത്തി. വാഹനത്തിൽനിന്നിറങ്ങി ആ പൊലീസുകാരൻ പറഞ്ഞു; ‘‘താങ്കൾക്ക് ഓവർ സ്പീഡിന് പിഴയിട്ടിരിക്കുന്നു. കാർ അനുവദിച്ച വേഗപരിധിയേക്കാൾ നാലിരട്ടി സ്പീഡിൽ പോയിരിക്കുന്നു’’. ഇതുവരെ കേട്ടിട്ട് കൂട്ടുകാർക്ക് പ്രത്യേകിച്ച് അസ്വാഭാവികതയൊന്നും തോന്നിയിട്ടുണ്ടാവില്ല അല്ലേ? എന്നാൽ ഇനി പറയുന്നതുകൂടി കേൾക്കണം. ആ കാർ സഞ്ചരിച്ചിരുന്നത് മണിക്കൂറിൽ 13 കിലോമീറ്റർ വേഗത്തിലായിരുന്നു! പൊലീസുകാരൻ കാറിനെ ചേസ് ചെയ്ത് പിടികൂടിയത് തന്റെ സൈക്കിളിലും!

ഇപ്പോൾ അൽപം കൗതുകമൊക്കെ തോന്നുന്നുണ്ടാകും അല്ലേ? ലോകത്ത് രേഖപ്പെടുത്തിയ ആദ്യത്തെ ഓവർസ്പീഡ് ചാർജിങ് ആയിരുന്നു അത്. മൂന്നു കിലോമീറ്റർ ആയിരുന്നു അക്കാലത്തെ വേഗപരിധി. കാറുകളൊന്നും സജീവമല്ലാതിരുന്ന കാലംകൂടിയാണത്. മറ്റൊരു ചാർജ് കൂടി വാൾട്ടർ അർനോൾഡിനെതിരെ പൊലീസ് ചുമത്തി. അന്ന് കാർ ഓടിക്കണമെങ്കിൽ പല നിബന്ധനകളും പാലിക്കണമായിരുന്നു. അതിലൊന്ന്, കാർ ഓടിക്കുമ്പോൾ അതിനു മുന്നിലായി ഒരാൾ കാർ വരുന്നുണ്ടെന്ന മുന്നറിയിപ്പുമായി പോകണം. അതും അർനോൾഡ് പാലിച്ചിരുന്നില്ല. അങ്ങനെ ഈ നിയമലംഘനത്തിനും പിഴ വന്നു. വൈകാതെതന്നെ അർനോൾഡ് പിഴത്തുക അടച്ച് കേസിൽനിന്ന് മുക്തനായി. ആ വർഷംതന്നെ മറ്റൊന്നുകൂടി സംഭവിച്ചു. സ്പീഡ് ലിമിറ്റ് മൂന്നു കിലോമീറ്റർ എന്നുള്ളത് 22 കിലോമീറ്ററായി സർക്കാർ പുനർനിർണയിച്ചു.

രസകരമായ മറ്റൊന്നുകൂടിയുണ്ട്. വില്യം അർനോൾഡ് ആൻഡ് സൺസ് എന്ന കമ്പനി ഉടമയുടെ മക്കളിൽ ഒരാളായിരുന്നു ഈ അർനോൾഡ്. അത് പിന്നീട് 1896ൽ അർനോൾഡ് മോട്ടോർ ഗാരേജ് എന്ന കമ്പനിയായി മാറി. 1895ൽ ഇംഗ്ലണ്ടിൽ ബെൻസ് ഓട്ടോമൊബൈലുകൾ നിർമിക്കാനുള്ള ലൈസൻസ് അർനോൾഡിനുണ്ടായിരുന്നു. ഇങ്ങനെ നിർമിച്ച ഒരു വാഹനത്തിൽ വരുമ്പോഴാണ് അദ്ദേഹത്തിന് വേഗപരിധി ലംഘിച്ചതിന് ഫൈൻ കിട്ടിയതും.

Tags:    
News Summary - blazing on the streets at 13 kmph First car ever to get a speeding ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.