ധൈര്യമുണ്ടെങ്കിൽ വായിക്കാം ഇൗ പ്രേതകഥ

മരിച്ചവർ പ്രേതങ്ങളായി വന്ന് മനുഷ്യനെ ഉപദ്രവിക്കുന്നതും അവർ വായുവിലങ്ങനെ അലഞ്ഞു നടക്കുന്നതും കഥകളിൽ വായിച്ചും സിനിമകളിൽ കണ്ടും നമുക്ക് പരിചയമുണ്ട്. ഇങ്ങനെയുള്ള കെട്ടുകഥകൾ വായിച്ച് പല രാത്രികളിലും നമ്മൾ പേടിച്ചിരുന്നിട്ടുമുണ്ടാവും. എന്നാൽ, അങ്ങനെ മരിച്ചവർ തിരിച്ചുവരുമോ എന്ന് ഭയന്ന് അവരുടെ ശവശരീരം വെട്ടിനുറുക്കി അടക്കം ചെയ്തിരുന്ന ഒരു നാടുണ്ട്. ഇംഗ്ലണ്ടിലെ യോക്ക്ഷെയറിനടുത്തുള്ള വാറം പേഴ്സിൽ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ നിഗൂഢ സത്യം പുറത്തുവന്നത്. വാറം പേഴ്സിയിലിപ്പോൾ മനുഷ്യരൊന്നും ജീവിച്ചിരിപ്പില്ല. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള അവിടെ നശിച്ചുതുടങ്ങിയ കെട്ടിടങ്ങൾ മാത്രമാണുള്ളത്. മധ്യകാലഘട്ടത്തിൽ കൃഷിയും കച്ചവടവുമായി ഏറെ സജീവമായിരുന്ന ഇടമായിരുന്നു പേഴ്സി. കാലക്രമേണ കൃഷി ചുരുങ്ങുകയും, കാലത്തിനനുസരിച്ച് ഭൂ ഉടമകൾ മാറുകയും ചെയ്തതോടെ പേഴ്സി ഏറക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലായി.

ഹിസ്​റ്റോറിക് ഇംഗ്ലണ്ട് വിഭാഗവും സതാംപ്ടൺ സർവകലാശാലയും ചേർന്ന് പേഴ്സിയിൽ ഗവേഷണം ആരംഭിച്ചതോടെ അവിടത്തെ പല നിഗൂഢ സത്യങ്ങളും പുറത്തുവന്നു. അവിടങ്ങളിലെ കുഴിമാടം പരിശോധിച്ചപ്പോൾ കണ്ടത് മുറിവേറ്റ എല്ലിൻ കഷണങ്ങളായിരുന്നു. അതും ആയുധങ്ങളാൽ സംഭവിച്ച മുറിവുകൾ. കത്തിയും കോടാലിയുമെല്ലാം ഉപയോഗിച്ച് കീറിമുറിച്ച് പല കഷണങ്ങളാക്കി അടക്കം ചെയ്ത ശരീരങ്ങളാണ് അവയെന്ന് വിദഗ്ധ പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.


പതിനൊന്ന് - പതിനാല് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നവരുടേതായിരുന്നു ആ എല്ലുകൾ. മനുഷ്യമാംസം കഴിക്കുന്നവരായിരുന്നു അവിടെ ജീവിച്ചിരുന്നത് എന്നായിരുന്നു ഗവേഷകർ ആദ്യം കരുതിയത്. അനുവാദം കൂടാതെ പേഴ്സിയിലേക്ക് കടന്നുവന്നവരുടെ ശരീരഭാഗങ്ങളാണ് അവയെന്ന് പിന്നീട് കരുതി. എന്നാൽ, ഈ രണ്ടു നിഗമനങ്ങളും തെറ്റായിരുന്നു എന്ന് ഗവേഷകർ പിന്നീട് നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. കാരണം സാധാരണഗതിയിൽ മനുഷ്യമാംസം കഴിക്കുന്നവർ പ്രധാന പേശികളോട് ചേർന്ന എല്ലുകളിലാണ് വെട്ടുക. എന്നാൽ, പേഴ്സിയിൽനിന്നും ലഭിച്ച ശരീരഭാഗങ്ങളിൽ പ്രധാന പേശികളിലെ എല്ലുകളിൽ വെട്ടുകളില്ലായിരുന്നു.

പേഴ്സിയിലെ മനുഷ്യർ വല്ലാതെ പേടിയുള്ളവരായിരുന്നു എന്ന് പിന്നീട് ഗവേഷകർ കണ്ടെത്തി. മരിച്ചുപോകുന്ന മനുഷ്യർ പ്രേതങ്ങളായും ദുരാത്മാക്കളായും വന്ന് അവരെ ഉപദ്രവിക്കുമെന്ന് പേഴ്സി നിവാസികൾ ഭയപ്പെട്ടു. ജീവിച്ചിരുന്നപ്പോൾ ആഭിചാര ക്രിയകളും ദുഷ്പ്രവൃത്തികളും ചെയ്തിരുന്നവർ മരിച്ചുകഴിഞ്ഞാൽ പ്രേതങ്ങളായി വരുമെന്ന വിശ്വാസം ഇവിടത്തെ ജനങ്ങൾക്കുണ്ടായിരുന്നു. മാത്രമല്ല , ആഗ്രഹം സഫലമാകാതെ മരിച്ചവർ ആഗ്രഹപൂർത്തീകരണത്തിനായി ഉയിർത്തെഴുന്നേൽക്കുമെന്നും അവർ വിശ്വസിച്ചു. അതിനാലാണ് ഇത്തരം മനുഷ്യരുടെ ശവശരീരങ്ങൾ വീട്ടിനുറുക്കി അടക്കം ചെയ്തതെന്ന് ഗവേഷകർ പറയുന്നു. കൃഷിയും മറ്റ്​ ഉപജീവനമാർഗങ്ങളും സജീവമായ ആ കാലത്ത് മനുഷ്യർ അന്ധവിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന്​ ഗവേഷകർ വിലയിരുത്തുന്നു. എങ്കിലും ഈയൊരു ജനവിഭാഗത്തിനു മാത്രം എങ്ങനെ ഇങ്ങനെയൊരു പേടി വന്നു എന്ന ചോദ്യം ഇന്നും ബാക്കിയാണ്.

Tags:    
News Summary - wharram percy the haunted village real facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.