മൃതദേഹങ്ങൾ വഴികാട്ടുന്ന എവറസ്റ്റ്

ലകയറ്റം ഏതൊരു സഞ്ചാരിയും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെയാണ് സഞ്ചാരികളായ മിക്കവരും അവരുടെ സ്വപ്നം പറയുമ്പോൾ അതിൽ 'ഹിമാലയം' കയറിവരുന്നതും. പറഞ്ഞുവരുന്നത് വിചിത്രമായ ഒരു കഥയാണ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം എന്ന പദവി അലങ്കരിക്കുന്ന എവറസ്റ്റ് കൊടുമുടിയെക്കുറിച്ച്. എവറസ്റ്റ് കീഴടക്കാൻ കഴിയുക എന്നത് ഏതൊരു പർവതാ​രോഹകന്റെയും ജീവിതസ്വപ്നമായിരിക്കും.

എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗെയും കാണിച്ചുതന്ന വഴിയിലൂടെ നിരവധിപേർ ആ പർവതം കയറി അതിന്റെ നെറുകയിൽ ചവിട്ടി. എത്രയോ പേർ ആ സ്വപ്നം പാതിവഴിയിൽ അവസാനിപ്പിച്ച് ജീവനില്ലാത്ത വഴികാട്ടികളായി. എന്നും നമ്മുടെ മുന്നിൽ മനോഹര സ്വപ്നങ്ങൾ കാണിച്ച് നിലകൊള്ളുന്ന എവറസ്റ്റ് കൊടുമുടിക്ക് '​ലോകത്തിലെ ഏറ്റവും വലിയ തുറന്ന ശ്മശാനം' എന്ന പേരുകൂടിയുണ്ടെന്ന് അധികമാർക്കും അറിയാനിടയില്ല. ഹിലരിക്കുശേഷം 4000ത്തിലധികം പേർ എവറസ്റ്റിലേക്ക് നടന്നുകയറിയപ്പോൾ 200ൽ അധികം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തെന്ന് കണക്കുകൾ.

എവറസ്റ്റ് കയറുന്ന ആളുകൾക്ക് വഴികാട്ടികളാകുന്ന ചിലതുണ്ട് അവിടെ. നിങ്ങൾ പതിയെ നടന്നുകയറുമ്പോൾ, എന്നോ ഒരുസ്വപ്നം പൂർത്തീകരിക്കാൻ മലകയറിയ ചിലരുടെ ജീവനറ്റ ശരീരങ്ങൾ. ഇന്ന് മലകയറുന്നവരുടെ വഴികാട്ടികളായി നൂറുകണക്കിന് മൃതശരീരങ്ങളുണ്ട് ആ മലനിരകളിൽ. ഓക്സിജന്റെ അളവ് സമുദ്രനിരപ്പിൽ ഉള്ളതിന്റെ മൂന്നിലൊന്നു മാത്രം. നമ്മുടെ ഭാരം പത്തിരട്ടിയായി അനുഭവപ്പെടുന്ന ഇടം. ഭംഗികൾക്കപ്പുറം അങ്ങനെ പലതുമുണ്ട് എവറസ്റ്റിന് പറയാൻ. മലകയറ്റക്കാർ സാധാരണയായി എവറസ്റ്റിനു മുകളിൽ 48 മണിക്കൂറിൽ കൂടുതൽ നിൽക്കാറില്ല, അതിന് ശരീരം അനുവദിക്കുകയുമില്ല.

എവറസ്റ്റ് കയറ്റത്തി​ന്റെ സ്റ്റാൻഡേർഡ് പ്രോട്ടോകോൾ അനുസരിച്ച് മലകയറ്റത്തിനിടെ മരിക്കുന്നവരെ അവർ മരിച്ചിടത്തുതന്നെ ഉപേക്ഷിക്കണം. അതുകൊണ്ടുതന്നെ പല മൃതദേഹങ്ങളും മലയിടുക്കുകളിൽ ഇന്നും ഒരു കേടുമില്ലാതെ വഴികാട്ടികളായി നിൽക്കുന്നുമുണ്ട്. വഴികാട്ടി എന്നതിനപ്പുറം അവയെല്ലാം ഒരു മുന്നറിയിപ്പുകൂടിയാവുന്നു. 'ഗ്രീൻ ബൂട്ട്സ്' എന്നപേരിൽ പ്രശസ്തമായ ഒരു മൃതദേഹമുണ്ടായിരുന്നു അവിടെ. കൊടുമുടി കയറിയ എല്ലാ മലകയറ്റക്കാരും അതു കടന്നുപോയിട്ടുമുണ്ടാകും. അടുത്തിടെ നീക്കം ചെയ്യുന്നതുവരെ അത് ഓരോ പർവതാ​രോഹകർക്കും വഴികാട്ടിയായി. 2006ൽ മറ്റൊരു പർവതാരോഹകൻകൂടി 'ഗ്രീൻ ബൂട്ട്സിൽ' അംഗമായി. കൊടുമുടിയിലേക്കുള്ള വഴിയിൽ ഒരാൾ വിശ്രമിക്കുന്നപോലെയായിരുന്നു ആ മൃതദേഹം. യാത്രക്കിടെ ക്ഷീണമകറ്റാൻ വിശ്രമിച്ചയാൾ തണുത്തുറഞ്ഞു പോവുകയായിരുന്നിരിക്കണം. അയാളവിടെയിരിക്കുമ്പോഴും വിശ്രമവേളയിൽ ശല്യമാകണ്ട എന്നും കരുതി നിരവധി മലകയറ്റക്കാർ അതുവഴി കടന്നുപോയിട്ടുണ്ടാകും.

1999ൽ എവറസ്റ്റിൽനിന്ന് ഏറ്റവും പഴക്കം ചെന്ന ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. 'ജോർജ് മല്ലോറി' എന്നയാളുടേതായിരുന്നു അത്. 1924ൽ അദ്ദേഹം മരിച്ചെന്ന് കരുതുന്നു. ഒരുപക്ഷേ എവറസ്റ്റ് കീഴടക്കുന്ന ആദ്യ വ്യക്തിയാകാൻ മല്ലോറി ശ്രമിച്ചിട്ടുണ്ടാകാം. തന്റെ ലക്ഷ്യം പൂർത്തീകരിച്ച ശേഷമായിരുന്നോ മരണം എന്നും ആർക്കുമറിയില്ല. ഒരുപക്ഷേ 'എവറസ്റ്റ് കീഴടക്കിയ ആദ്യത്തെയാൾ' എന്ന റെക്കോഡിന്റെ ഉടമയായിരുന്നിരിക്കാം അത്.

Tags:    
News Summary - The Bodies Of Dead Climbers On Mount Everest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.