ചൂളമടിച്ചു വിളിക്കും ഗ്രാമം

ഭാഷയേക്കാളുപരി ഈണങ്ങളെ ചേർത്തുപിടി​ച്ചൊരു ഗ്രാമം, അതാണ് മേഘാലയയിലെ കോങ്തോങ് എന്ന വിസിലിങ് വില്ലേജ്. വാക്കുകൾ കൂട്ടിചേർത്തല്ല ഇവരുടെ സംസാരം, പകരം ഓരോ ഈണങ്ങളായിരിക്കും. ഇവിടത്തെ ​ഗ്രാമവാസികളുടെ വിളിപ്പേരുകൾപോലും ഓരോ ഈണത്തിലായിരിക്കും.

മേഘാലയയിലെ പർവതപ്രദേശങ്ങളായ സോഹ്റക്കും പൈനുർസ്ലക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കോങ്തോങ്. തലസ്ഥാനമായ ഷില്ലോങ്ങിൽനിന്നും 60 കിലോമീറ്റർ അകലെ ഈസ്റ്റ് ഖാസി ഹിൽ ജില്ലയിലാണ് ഈ ഗ്രാമം. മനോഹരമായ കാഴ്ചകളാലും പച്ചപ്പിനാലും സമൃദ്ധമാണ് ഇവിടം.

എഴുന്നൂറോളം പേർ ജീവിക്കുന്ന കോങ്തോങ് ഗ്രാമത്തിന്റെ സംസാരഭാഷ ഖാസി ആണെങ്കിലും പരസ്പരം സംസാരിക്കാനും കലഹിക്കാനും ചൂളംവിളികളെ കൂട്ടുപിടിക്കുന്നവരാണ് ഈ ഗ്രാമത്തിലുള്ളവർ. ഇവിടെ ഒരു കുഞ്ഞ് ജനിക്കുമ്പോൾ മാതാവ് ഒരു ഈണമോ, പാട്ടോ തയാറാക്കും. അമ്മയുടെ ഹൃദയത്തിൽ നിന്നും വരുന്നതാണ് ഈ ഈണമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. പ്രകൃതിയിലുള്ള ശബ്ദങ്ങളാണ് പേരിടുന്നതിനായി അവർ തെരഞ്ഞെടുക്കുന്നത്. അത് ചിലപ്പോൾ നദി ഒഴുകുന്ന ശബ്ദമാവാം, കടലിന്റെ ഇരമ്പലാവാം അതുമല്ലെങ്കിൽ കാറ്റ് മൂളുന്നതുമാവാം. ഒരാൾക്കുള്ള ഈണം അയാളുടേതു മാത്രമാണ്. അതുപോലെയൊരു ഈണം മറ്റൊരാക്കുണ്ടാവില്ല. ഓരോ വ്യക്തിക്കും രണ്ടു പേരുകളുണ്ടായിരിക്കും. സാധാരണ പേരും മറ്റൊന്ന് ഒരു ഈണവും. ജനിക്കുന്ന സമയത്ത് നീളമുള്ള ഒരു ഈണം കുഞ്ഞിന് നൽകും. അവ ചുരുക്കി ചെറിയ ഒരു ഈണമുണ്ടാക്കി വീടുകളിൽ വിളിക്കുകയും ചെയ്യും.

ഓരോരുത്തരുടെയും പേരുചോദിച്ചാൽ അവർ പാട്ട് മൂളാൻ തുടങ്ങും. ജിംഗ്രവെയ് ലോബെ എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഗോത്രസ്ത്രീയുടെ സംഗീതം എന്നാണ് ആ വാക്കിനർഥം. കാടുകൾക്കുള്ളിൽ കാലികളെ മേയ്ച്ചും കൃഷി ചെയ്തും ജീവിക്കുന്ന കോങ്തോങ് മനുഷ്യർ ഇങ്ങനെയൊരു പേരുനൽകാൻ കാരണം അവിടത്തെ ഭൂപ്രകൃതിയാണ്. കൃഷിഭൂമികളിൽ പേരുവിളിച്ചാൽ കേൾക്കാത്തതിനാലാണ് ഓരോരുത്തരുടെയും പേരുകൾ പാട്ടിന്റെ രൂപത്തിലാക്കിയത്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ഈ ഇടം ഇക്കോ ടൂറിസത്തിനു പേരു കേട്ടതാണ്.

Tags:    
News Summary - Meghalayas whistling village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.