കടൽത്തീരത്ത് അപ്രത്യക്ഷനായ പ്രധാനമന്ത്രി!

നി പറയുന്നത് ഒരു നിഗൂഢമായ കഥയാണ്. കടൽത്തീരത്തു​വെച്ച് ഒരു പ്രധാനമന്ത്രിയെ കാണാതായ, പിന്നീടൊരിക്കലും തിരിച്ചുവരാതിരുന്ന കഥ. സംഭവം സത്യമാണ്. 1967 ഡിസംബർ 17ന് വിക്ടോറിയയിലെ ഷെവിയോട്ട് ബീച്ചിൽവെച്ചാണ് അന്നത്തെ ആസ്ട്രേലിയൻ പ്രധാനമന്ത്രി ഹരോൾഡ് ഹോൾട്ട് അപ്രത്യക്ഷനായത്.

ഉച്ചതിരിഞ്ഞുള്ള സമയം. ഹോൾട്ട് ഉൾപ്പെടെ അഞ്ചുപേരടങ്ങിയ ഒരു സംഘം വിക്ടോറിയയിലെ പോർട്ട്‌സീക്ക് സമീപമുള്ള ഷെവിയോട്ട് ബീച്ചിലെത്തി. ഹരോൾഡ് ഹോൾട്ട് നീന്താൻ ഏറെ ഇഷ്ടമുള്ളയാളായിരുന്നു. അദ്ദേഹം ബീച്ചിലെത്തി നീന്തൽ വസ്ത്രങ്ങളണിഞ്ഞ് നീന്താൻ തയാറെടുത്തു. മറ്റു നാലുപേരും ഒപ്പം ചേർന്നു. സാധാരണയിൽ കവിഞ്ഞ് തിരമാലകൾക്ക് ശക്തിയുള്ളതായി അവർ ഹോൾട്ടിന്റെ ശ്രദ്ധയിൽപ്പെടുത്തി. ''എനിക്ക് ഈ കടൽത്തീരം വളരെ നന്നായിത്തന്നെ അറിയാം'' എന്ന് ഹോൾട്ട് മറുപടി പറഞ്ഞു.

നീന്താനുള്ള ശ്രമത്തിൽനിന്ന് പിന്തിരിയാതെ അദ്ദേഹം തിരമാലകൾ ലക്ഷ്യമാക്കി നടന്നു. ഹോൾട്ട് വള​െര സമർഥമായിത്തന്നെ നീന്തിത്തുടങ്ങി, മറ്റുള്ളവർ പിറകിലും. നീന്തൽ തുടരുന്നതിനിടക്ക് ശക്തമായ അടിയൊഴുക്ക് ശ്രദ്ധയിൽപ്പെട്ട നാലുപേരും ഹോൾട്ടിന് നിർദേശം കൊടുത്തുകൊണ്ടിരുന്നു. തിരമാലകൾ ഉയർന്നുപൊങ്ങിയപ്പോൾ അവർ പതിയെ പിൻവാങ്ങാനൊരുങ്ങി. പക്ഷേ, ഹോൾട്ട് നിർത്താൻ ഒരുക്കമായിരുന്നില്ല.


വളരെ മികച്ചരീതിയിൽത​ന്നെ അദ്ദേഹം നീന്തിയകലുന്നത് അവർ കണ്ടു. കുറച്ചു നിമിഷങ്ങൾക്കുശേഷം കാഴ്ചയിൽനിന്ന് ഹരോൾഡ് ഹോൾട്ട് അപ്രത്യക്ഷനായത് അവരറിഞ്ഞു. അവർ നാലുപേരും പാറക്കെട്ടിൽ കയറി ഹോൾട്ടിനെ തിരഞ്ഞുകൊണ്ടിരുന്നു. ഒന്നും കണ്ടെത്താനാകാതെ അവർ പരിഭ്രാന്തരായി. മിനിറ്റുകൾക്കുള്ളിൽ മൂന്ന് സ്കൂബാ ഡൈവർമാർ വെള്ളത്തിലേക്ക് ചാടി തിരച്ചിൽ തുടങ്ങി. എന്നാൽ അവർക്കുപോലും നീന്താനാവാത്തത്ര അടിയൊഴുക്കായിരുന്നു അപ്പോൾ. കലങ്ങിയ വെള്ളവും ഒഴുക്കും അവരെ രക്ഷാപ്രവർത്തനത്തിൽനിന്ന് പിന്തിരിപ്പിച്ചു. പൊലീസും തിരച്ചിൽ-രക്ഷാസംഘങ്ങളും ബൈനോക്കുലേഴ്സിലൂടെ തിരച്ചിൽ തുടർന്നു.

ഒരു മണിക്കൂറിനുള്ളിൽ ഹെലികോപ്റ്ററുകൾ തിരച്ചിൽ തുടങ്ങി. മുങ്ങൽവിദഗ്ധർ കടലിലിറങ്ങി. ആസ്‌ട്രേലിയൻ സൈന്യവും നാവികസേനയും കോസ്റ്റ് ഗാർഡും മറൈൻ ബോർഡ് ഓഫ് വിക്ടോറിയയും എയർ ഡിപ്പാർട്മെന്റുമെല്ലാം തിരച്ചിൽ ഊർജിതമാക്കി. ലോകത്തിലെതന്നെ ഏറ്റവും വലിയ തിരച്ചിലായി അതിനെ കണക്കാക്കുന്നുണ്ട്. പക്ഷേ, ഹരോൾഡ് ഹോൾട്ടിനെ കണ്ടെത്തിയില്ല. രണ്ടു ദിവസത്തിനുശേഷം ഹോൾട്ട് മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്ക​പ്പെട്ടു. പിന്നാലെ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ പുറത്തുവരുകയും വിവാദങ്ങളുണ്ടാവുകയും ചെയ്തു. ഒരു രാജ്യത്തിന്റെ നേതാവ് എങ്ങനെയാണ് കടൽത്തീരത്ത് അപ്രത്യക്ഷനാകുന്നത്! മികച്ച നീന്തൽവിദഗ്ധനായ ഹോൾട്ട് മുങ്ങിമരിച്ചുവെന്ന് വിശ്വസിക്കാൻ വിസമ്മതിച്ചവരും ഏറെയായിരുന്നു. ഒരു തുമ്പും കണ്ടെത്താനാവാത്ത, ഒരവശേഷിപ്പുമില്ലാത്ത ഈ കേസ് ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായി ഇന്നും തുടരുന്നു.

Tags:    
News Summary - Harold Holt Prime Minister of Australia disappeared while swimming in the sea water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.