ആദ്യ ആൻറിസെപ്റ്റിക് ശസ്ത്രക്രിയ (ചിത്രകാര​െൻറ ഭാവനയിൽ)

പനി പിടിച്ച സമയം ഡോക്ടറെ കാണാനും, രോഗിയായ ബന്ധുക്കളെ സന്ദർശിക്കാനും മറ്റുമായി ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയവരാവും നമ്മളെല്ലാം. എന്തു വൃത്തിയാണല്ലേ അവിടം. എപ്പോഴും തുടച്ചു വൃത്തിയാക്കി അണുമുക്തമാക്കിയ പരിസരം. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുമ്പ്​ ഇതൊന്നുമായിരുന്നില്ല മിക്ക ആശുപത്രികളുടെയും അവസ്ഥ. പരിസരമാകെ വൃത്തിഹീനമായിരുന്നു. ചെറിയ അസുഖവുമായി എത്തുന്ന രോഗികൾ വലിയ അസുഖവുമായിട്ടായിരിക്കും മടങ്ങുക. രോഗാണുക്കളെ കുറിച്ച് വലിയ അറിവില്ലാത്ത ഡോക്ടർമാർ പഴന്തുണി ഉപയോഗിച്ചായിരുന്നു മുറിവുകൾ കെട്ടിയിരുന്നത്. എന്നാൽ എല്ലുകളൊടിഞ്ഞും മുറിവേറ്റും ആശുപത്രിയിൽ വരുന്നവരുടെ കാര്യമായിരുന്നു ഏറെ കഷ്​ടം. മുറിവുണ്ടെങ്കിൽ ആ ഭാഗം ചുവന്നു പഴുക്കും. പഴുത്ത ഭാഗം മുറിച്ചുകളയുകയായിരുന്നു അന്ന് പതിവ്. എല്ല് പൊട്ടുന്നതിനോടനുബന്ധിച്ചുള്ള ഒരസുഖമാണിതെന്നാണ് അന്ന് ഡോക്ടർമാർ കരുതിയിരുന്നത്. എന്നാൽ, ജോസഫ് ലിസ്​റ്റർ എന്ന ഡോക്ടർ ഇതിൽനിന്നെല്ലാം ഏറെ വ്യത്യസ്തനായിരുന്നു.

ശരീരം ഇങ്ങനെ പഴുക്കുന്നത് മറ്റെന്തോ കാരണത്താലാണെന്ന് അദ്ദേഹത്തിന് തോന്നി. ആയിടെ ഫ്രഞ്ച് ജീവശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായ ലൂയി പാസ്​റ്ററുടെ ചില ലേഖനങ്ങളും എഴുത്തുകളും ലിസ്​റ്റർ വായിക്കാനിടയായി. വായുവിലുള്ള എന്തോ ഒരു വസ്തുവാണ് വീഞ്ഞിനെ പുളിപ്പിക്കുന്നത് എന്ന് പാസ്​റ്റർ ഒരു ലേഖനത്തിൽ വിശദീകരിച്ചിരുന്നു. മുറിവുകൾ പഴുക്കുന്നതും ഈ വസ്തു കാരണമാണെന്ന് ലിസ്​റ്ററിനു തോന്നി. ആയിടക്ക് ഒരാശുപത്രിയിൽ കാർബോളിക് ആസിഡ് പ്രയോഗിച്ചതി​െൻറ ഫലമായി അവിടത്തെ അഴുക്കുചാലിലെ ദുർഗന്ധം മാറുകയും ഈ അഴുക്കുജലം ഒഴുകിയെത്തിയിരുന്ന ജലാശയത്തിൽനിന്നും വെള്ളം കുടിച്ചിരുന്ന കന്നുകാലികൾക്ക് സ്ഥിരമായി കാണുന്ന അസുഖങ്ങൾ കുറഞ്ഞുവന്നതും അദ്ദേഹം അറിയാനിടയായി.

ഇവയെല്ലാം കേട്ടപ്പോൾ മുറിവുകൾ പഴുക്കാനിടയാക്കുന്ന എന്തോ ഒരു വസ്തു ഉണ്ടെന്നും വൃത്തിഹീനമായ ചുറ്റുപാടാണ് അതിനെ മുറിവിലെത്തിക്കുന്നതെന്നും കാർബോളിക് ആസിഡിന് അതിനെ തടയാനുള്ള ശക്തിയുണ്ടെന്നും ലിസ്​റ്റർ മനസ്സിലാക്കി. തുടർന്ന് ശസ്ത്രക്രിയ വാർഡിലെ ആളുകളോട് സോപ്പിട്ട് കൈ കഴുകാനും കാർബോളിക് ആസിഡ് ഉപയോഗിച്ച് ചുറ്റുപാടുകൾ വൃത്തിയാക്കാനും അദ്ദേഹം നിർദേശിച്ചു. കാർബോളിക് ആസിഡ് സ്പ്രേ ചെയ്യാനായി ഒരു യന്ത്രവും അദ്ദേഹം ഉണ്ടാക്കിയെടുത്തു. അങ്ങനെ 1865ൽ വൃത്തിയുള്ള സാഹചര്യത്തിൽ അദ്ദേഹം ആദ്യ ശസ്ത്രക്രിയ നടത്തി. ലോകത്തിലെ തന്നെ ആദ്യത്തെ ആൻറിസെപ്റ്റിക് ശസ്ത്രക്രിയയായിരുന്നു അത്. ഈയൊരു സംഭവത്തോടെ ആശുപത്രിയും പരിസരവും വൃത്തിയാവാൻ തുടങ്ങുകയും അതുമൂലം അസുഖങ്ങൾ ഭേദമാവാനും മരണനിരക്ക് കുറയാനും ഇടയായി.

Tags:    
News Summary - story of first antiseptic surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.