'ചാപ്ലിൻ നടത്തം' മത്സരത്തിൽ തോറ്റ് ചാപ്ലിൻ

സിനിമാലോകം ചാർളി ചാപ്ലിന്റെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലമേറെ കഴിഞ്ഞിട്ടും ചാപ്ലിൻ സിനിമകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു മടുപ്പും കൂടാതെ, വളരെ ആഹ്ലാദത്തോടെ കണ്ടിരിക്കുന്നവയാണ് ചാപ്ലിൻ സിനിമകൾ. ശബ്ദ സംഭാഷണങ്ങൾപോലുമില്ലാതെ ലോക സിനിമാപ്രേമികളെ ചാപ്ലിൻ പൊട്ടിച്ചിരിപ്പിച്ചു, പലപ്പോഴും സ്വയം ചിരിച്ചുകൊണ്ട് കണ്ണ് നനയിച്ചു. 75 വർഷത്തോളം സിനിമാലോകത്ത് ചാർളി ചാപ്ലിൻ മറ്റൊരു എതിരാളിയുമില്ലാതെ നിലനിന്നു.

കൊച്ചു കുട്ടുകാരോട് ചോദിച്ചാൽപോലും പറഞ്ഞുതരും ചാർളി ചാപ്ലിന്റെ വേഷത്തെക്കുറിച്ച്. മുറിമീശയും കൈയിലൊരു വാക്കിങ് സ്റ്റിക്കും വട്ടത്തൊപ്പിയും കോട്ടുമണിഞ്ഞ് നടക്കുമ്പോൾതന്നെ കാണുന്നവർ പൊട്ടിച്ചിരിക്കും എന്നതാണ് സത്യം. പറഞ്ഞുവരുന്നത് ഒരു മത്സരത്തിന്റെ കഥയാണ്. ഇന്നും പലരും ശരിയാണോ എന്ന് സംശയിക്കുന്ന, 'ചാർളി ചാപ്ലിൻ' മത്സരത്തിൽ ചാപ്ലിൻ തോറ്റുപോയ കഥ. 1920കളിലാണ് സംഭവം. ആ സമയത്ത് ചാപ്ലിൻ ലോകത്തെ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. അഭിനയംകൊണ്ടും വേഷവിധാനംകൊണ്ടും ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്ന പ്രതിഭ. അന്ന് ലോകത്ത് പലയിടങ്ങളിലും നടക്കുന്ന ആഘോഷ പരിപാടികളിലെ ഒരു പ്രധാന ഐറ്റം ചാർളി ചാപ്ലിന്റെ പേരിലായിരുന്നു. ചാർളി ചാപ്ലിന്റെ രൂപവും നടത്തവുമെല്ലാം അഭിനയിച്ചുകാണിക്കുന്ന മത്സരങ്ങൾ.

അമേരിക്കയിലെ ഒരു നഗരത്തിൽ നടന്ന മേളക്കിടെ അങ്ങനെ മത്സരം നടന്നു. മത്സരം മറ്റൊന്നുമല്ല, ചാർളി ചാപ്ലിന്റെ നടത്തം അഭിനയിച്ച് കാണിക്കണം. ചാർളി ചാപ്ലിൻ നടത്തം വളരെ പ്രസിദ്ധമായ സമയമായിരുന്നു അത്. ഏറ്റവും കൃത്യമായി ചാപ്ലിൻ നടത്തം ചെയ്യുന്നവർക്ക് സമ്മാനം ലഭിക്കും.

അവിചാരിതമായി മേള സന്ദർശിക്കാനെത്തിയതായിരുന്നു ചാർളി ചാപ്ലിൻ. മത്സരം നടക്കുന്ന വിവരമറിഞ്ഞ് കൗതുകത്തോടെ അദ്ദേഹവും സംഭവസ്ഥലത്തെത്തി. മീശയും തൊപ്പിയുമൊന്നുമില്ലാതെ ചാർളി ചാപ്ലിനെ കണ്ടുപിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അന്ന്. അങ്ങനെ ചാർളി ചാപ്ലിനും ഈ മത്സരത്തിൽ പ​ങ്കെടുക്കാൻ പേരുനൽകി. മറ്റൊരു പേരിലായിരുന്നു രജിസ്റ്റർ ചെയ്തത്. മത്സരം തുടങ്ങി. നൂറുകണക്കിന് കുട്ടികളും യുവാക്കളും ചാപ്ലിൻ നടത്ത മത്സരത്തിൽ പ​ങ്കെടുക്കാൻ എത്തിയിരുന്നു. ഓരോരുത്തരുടെയും ഊഴം ഒന്നൊന്നായി കഴിഞ്ഞു.

മത്സരിക്കാൻ മിക്കവരും എത്തിയത് ചാർളി ചാപ്ലിന്റെ വേഷമണിഞ്ഞുകൊണ്ടായിരുന്നു, ചാപ്ലിൻ തന്റെ മീശയും തൊപ്പിയും ഇല്ലാതെയും. ചാപ്ലിനും അങ്ങനെ 'ചാപ്ലിൻ നടത്തം' നടന്നുകാണിച്ചു. ഒടുവിൽ റിസൾട്ട് വന്നു, ചാപ്ലിന് കിട്ടിയത് 20ാം സ്ഥാനം!. 'ദ ​സ്ട്രെയിറ്റ്സ് ടൈംസ്' എന്ന പത്രത്തിലായിരുന്നു ഈ മത്സരകഥ അച്ചടിച്ചുവന്നത്. പിന്നീട് പലരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. പക്ഷേ, പലരും വർഷവും ചാർളി ചാപ്ലിന് കിട്ടിയ സ്ഥാനവുമെല്ലാം ചെറുതായി മാറ്റി എന്നു മാത്രം. ഇത് ശരിക്കും സത്യംതന്നെയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും നിരവധിയാണ്. എന്തുതന്നെയായാലും ചാപ്ലിൻ നടത്തമത്സരത്തിൽ തോറ്റുപോയ യഥാർഥ ചാർളി ചാപ്ലിന്റെ കഥ ഇന്നും ഒരു കൗതുകമായിത്തന്നെ അവശേഷിക്കുന്നു.

Tags:    
News Summary - Charlie Chaplin lose a Charlie Chaplin look alike contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.