എട്ടുവട്ടം തോറ്റ എബ്രഹാം ലിങ്കൺ

തോൽവികളിൽ ഭയക്കുന്നവരാണോ നിങ്ങൾ? ​പല തോൽവികളും വലിയൊരു വിജയത്തിന്റെ തുടക്കമാകുമെന്ന് പറയുന്നത് കൂട്ടുകാർ കേട്ടിട്ടില്ലേ? പിന്നെ എന്തിന് ഭയക്കണം! പരിശ്രമിച്ചുകൊണ്ടേയിരുന്നാൽ ഏത് തോൽവിയും മാറ്റിനിർത്തി വിജയത്തിലേക്ക് നടന്നുകയറാൻ സാധിക്കും എന്ന് പലരും തെളിയിച്ചിട്ടുണ്ട്. അത് മനസ്സിലാക്കാൻ കൂട്ടുകാർ ഒരാളുടെ കഥ അറിഞ്ഞാൽ മതി. ലോകം ഒന്നാകെ ബഹുമാനിക്കുന്ന എബ്രഹാം ലിങ്കൺ എന്ന മുൻ അമേരിക്കൻ പ്രസിഡന്റിന്റെ കഥ. ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ അമേരിക്കൻ പ്രസിഡന്റ് ആയി മാറിയ ആളല്ല എബ്രഹാം ലിങ്കൺ. ​

പലതവണ തോറ്റിട്ടും പിന്മാറാതെ തന്റെ ആഗ്രഹങ്ങളിൽ ഉറച്ചുനിന്ന് ഒടുവിൽ അമേരിക്കയുടെ തലപ്പത്തേക്ക് നടന്നടുക്കുകയായിരുന്നു അദ്ദേഹം. കൊടും ദാരിദ്ര്യത്തി​ലേക്കായിരുന്നു ലിങ്കൺ ജനിച്ചുവീണത്. ജീവിതത്തിലുടനീളം നേരിട്ടത് നിരവധി പരാജയങ്ങൾ. എട്ട് തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം പരാജയപ്പെട്ടു. രണ്ടു തവണ ബിസിനസ് തകർന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പലതവണ ജീവിതത്തിൽ വെല്ലുവിളിയായി. പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോൾപോലും അസുഖങ്ങൾമൂലം പലതവണ രാജിവെക്കേണ്ട അവസ്ഥവരെ വന്നു.

പക്ഷേ അദ്ദേഹം തന്റെ സ്വപ്നത്തിനും രാജ്യത്തിനുമൊപ്പം ഉറച്ചുനിന്നു. 1832ൽ സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചപ്പോഴായിരുന്നു ലിങ്കന്റെ ആദ്യ പരാജയം. 1834ൽ സംസ്ഥാന നിയമസഭയിലേക്ക് വീണ്ടും മത്സരിച്ച് ജയിച്ചെങ്കിലും 1838ൽ സംസ്ഥാന നിയമസഭയുടെ സ്പീക്കറാകാൻ മത്സരിച്ച് വീണ്ടും പരാജയപ്പെട്ടു. 1840ലും 1843ലും വീണ്ടും പരാജയം. അതിനിടെ 1846ൽ അമേരിക്കൻ കോൺഗ്രസിലേക്ക് മത്സരിച്ച് വിജയിച്ചു. 1848ൽ വീണ്ടും തോൽവി. 1854ൽ അമേരിക്കൻ ഐക്യനാടുകളിലെ സെനറ്റിലേക്ക് മത്സരിച്ച് വീണ്ടും തോറ്റു. 1856ൽ മറ്റൊരു പരാജയംകൂടി. 1858ൽ വീണ്ടും യു.എസ് സെനറ്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. ഒടുവിൽ 1860ൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായി എബ്രഹാം ലിങ്കണെത്തി. ആദ്യ തോൽവിയിൽ അദ്ദേഹം പിന്തിരിഞ്ഞിരുന്നെങ്കിൽ ലോകത്തിന് മികച്ച ഒരു ഭരണാധികാരിയെ നഷ്ടമാകുമായിരുന്നു. ‘തോൽവി’ എന്ന വാക്കിനെ ‘കഠിനാധ്വാനം’ എന്ന വാക്കു​കൊണ്ട് തിരുത്തി ലിങ്കൺ അന്ന്.

Tags:    
News Summary - Abraham Lincoln's Failures and Successes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.