'കാടിന്‍റെ സംഗീതത്തിന്‍റെ അത്രയൊന്നും വരില്ല നിങ്ങളുടെ പീറ ഡി.ജെ'

കോടമഞ്ഞിന്‍റെ കുളിര്​ ​തേടിയുള്ള യാത്രയിലാണ്​ ഓരോ മലയാളികളും. പുറംനാടുകളിലേക്ക്​ കൂടുതൽ യാത്രകൾ സാധ്യമല്ലാത്തതിനാൽ കേരളത്തിലെ വിവിധ സ്​ഥലങ്ങളാണ്​ മിക്കവരും തേടിപ്പോകുന്നത്​. അതിലെ പ്രിയപ്പെട്ട ഇടങ്ങൾ വയനാടും മൂന്നാറും വട്ടവടയുമെല്ലാം തന്നെ. ഇവിടങ്ങളിലെ ടെന്‍റ്​ ക്യാമ്പുകളാണ്​ ന്യൂജനറേഷനെ കൂടുതൽ ആകർഷിപ്പിക്കുന്നത്​.

പലതും കാടിനോടും കാട്ടരുവിയോടുമെല്ലാം ചേർന്നാണ്​ നിൽക്കുന്നത്​. നഗരജീവിതത്തിന്‍റെ ബഹളങ്ങളില്ലാത്ത ഇത്തരം ക്യാമ്പുകൾ നൽകുന്ന ഉൻമേഷം ചില്ലറയല്ല. എന്നാൽ, ഇതിനിടയിൽ നടക്കുന്ന മോശം പ്രവണതകൾക്കെതിരെ സഞ്ചാരികൾ തന്നെ വിമർശനവുമായി എത്തിയിരിക്കുന്നു.

കേരളത്തിൽനിന്ന്​ ഭൂട്ടാനിലേക്ക്​ കാറിൽ നടത്തിയ അവിസ്​മരണീയ യാത്ര - റോഡ്​ ടു ഭൂട്ടാൻ: ഭാഗം അഞ്ച്​

പല ക്യാമ്പുകളിലും നടക്കുന്ന ഡി.ജെ പാർട്ടികളിലെ ഉച്ചത്തിലുള്ള ശബ്​ദ കോലാഹലങ്ങൾ നാട്ടുകാരെയും പ്രകൃതിയെയുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടിക്കുന്നതാണ്​. കാട്ടിലെ ജീവികളുടെ ആവാസവ്യവസ്​ഥക്ക്​ കോട്ടം വരുത്തുന്ന ഡി.ജെകൾ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെടുകയാണ്​ സഞ്ചാരിയും ഫോ​ട്ടോഗ്രാഫറുമായ അഹ്​മദ്​ ഒമർ ഹാറൂൺ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്​ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

ഇൻസ്റ്റാഗ്രാം പോസ്റ്റിന്‍റെ പൂർണരൂപം:

നഗര ജീവിതത്തിൽ നമ്മളെ പൊറുതിമുട്ടിക്കുന്ന ശബ്​ദകോലാഹളങ്ങളിൽനിന്ന് കുറച്ച് ദിവസം അകലം പാലിച്ച് ശാന്തിയും സമാധാനവും തേടിയാണ് പലരും കാടിനോട്‌ ചേർന്ന ക്യാമ്പിംഗ് സൈറ്റുകളിലേക്ക് യാത്ര തിരിക്കുന്നത്. നല്ല ഇളം തണുപ്പും ചൂട് കട്ടനും നിലാവത്ത് പുഞ്ചിരിച്ച് നിൽക്കുന്ന ചന്ദ്രനും പക്ഷികളുടെ പാട്ടും അരുവിയോരത്ത് കാലടിച്ചിരുന്നുള്ള സൊറ പറച്ചിലും വെള്ളച്ചാട്ടത്തിലുള്ള കുളിയും ഒക്കെ എന്ത് രസമുള്ള കാര്യമാണ്, അല്ലെ. ഈ ഒരു ആസ്വാദനത്തിൽ ഒന്നും തന്നെ അവിടത്തെ അന്തേവാസികളായ ജീവികൾക്ക് ഒരു ബുദ്ധിമുട്ടും ഏൽക്കില്ല എന്ന് നമ്മൾ ഉറപ്പ് വരുത്തണം എന്ന് മാത്രം.


ഈ ഒരു എഴുത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല. ഈ അടുത്ത് ചില പ്രോപ്പർട്ടിയിൽ വെച്ച് നടന്ന ഡി.ജെ പരിപാടിയാണ്. ഇതുപോലെയുള്ള പ്രവർത്തനം നമ്മൾ ഒരിക്കലും പ്രോത്സാഹിപ്പിച്ച്‌ കൂടാ. കാരണം അവിടെ വസിക്കുന്ന ചെവിയുള്ള ഏതൊരു ജീവിക്കും അത് ദോഷം വരുത്തും. കാലാകാലങ്ങളായി നിലനിന്ന് പോരുന്ന സന്തുലിത ആവാസ വ്യവസ്ഥയാണ് കാടിലേത്. അവരുടേതായ താളത്തിൽ ഭാവത്തിൽ കോലത്തിൽ സസുന്ദരം മനോഹരമായി ജീവിച്ച് പോരുന്നവരാണ് അതിലെ ഓരോ കണ്ണിയും.


നമ്മുടെ ആവശ്യങ്ങൾക്കായി അവരുടെ തട്ടകത്തിലേക്ക് കയറിച്ചെല്ലുമ്പോൾ ഒരു തരത്തിലും അവരുടെ ജീവിതം അലോസരപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നമ്മുടെ ഭാഗത്ത് നിന്നും വരുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ഡി.ജെയും ബാൻഡ് മേളങ്ങൾ പോലുള്ള പരിപാടികൾ ഉൽപ്പാദിപ്പിക്കുന്ന ശബ്ദം പക്ഷികൾ പോലുള്ള ജീവികളിൽ അവരുടെ പ്രത്യുൽപ്പാദന ശേഷി കുറക്കുന്നു എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.


അത് കൂടാതെ ചെറുതും വലുതുമായ മറ്റ്‌ ജീവികളെയും ഇത്‌ സാരമായി ബാധിക്കുന്നു എന്നുള്ളതാണ് ഖേദകരം. അതുകൊണ്ട് ഇതുപോലുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഇതിനെതിരെ ധൈര്യത്തോടെ പ്രതികരിക്കാൻ നമ്മൾ തയാറാവണം. കാരണം ഇവരുടെയെല്ലാം സാന്നിധ്യമാണ് കാടിനെ കാടാക്കി മാറ്റിയതും നമ്മെ കാട്ടിലേക്ക് അകർഷിച്ചതും എന്ന കാര്യം ഒരിക്കലും മറക്കരുത്. സൂർത്തുക്കളെ, കാടിന്‍റെ സംഗീതത്തിന്‍റെ അത്ര ഒന്നും വരില്ല ഒരു പീറ ഡി.ജെയും.

Tags:    
News Summary - ‘The music of the forest is not so much your DJ’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT