ഷാർജ സഫാരിയിലെ പുതിയ അതിഥികളായ ഇരട്ട മോതിരവാലൻ കുരങ്ങ്
ഷാർജ: എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ഷാർജ സഫാരിയുടെ അഞ്ചാം സീസസണിന് തുടക്കമായി. ഞായറാഴ്ച മുതലാണ് സഫാരിയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. ആഫ്രിക്കക്ക് പുറത്തെ ഏറ്റവും വലിയ സഫാരിയായ ഇവിടെ പുതിയ സീസൺ ആരംഭത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് മൃഗങ്ങളുടെ ജനനവിവരം പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ സവന്ന ഇനത്തിൽപെട്ട ആനക്കുട്ടിയും ഇരട്ട മോതിരവാലൻ കുരങ്ങുമാണ് സഫാരിയിലെ പുതിയ അതിഥികൾ.
ഷാർജയിലെ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് സഫാരിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പുതിയ ആനക്കുട്ടിയെയും അമ്മ ആനയെയും ജനനം മുതൽ വെറ്ററിനറി, പോഷകാഹാര വിഭാഗം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ആഫ്രിക്കൻ സവന്ന ആനയുടെ അതിജീവനത്തിന് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ പ്രധാനമാണ്. മഡഗാസ്കറിൽനിന്നുള്ള മോതിരവാലൻ കുരങ്ങ് ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. ഇരട്ടകളുടെ ജനനം അപൂർവമായ ഒരു സംഭവമാണെന്നും സഫാരി വിശേഷിപ്പിച്ചു.
ഈ വർഷം രണ്ടാം പാദത്തിൽ ഷാർജ സഫാരിയിൽ 184 പക്ഷികളുടെയും സസ്തനികളുടെയും ജനനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിറാഫുകൾ, സിംഹങ്ങൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, അപൂർവ പക്ഷികൾ എന്നിവയുൾപ്പെടെ 151 ഇനം ജീവികൾ നിലവിൽ പാർക്കിൽ വസിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെയാണ് സഫാരിയിൽ സന്ദർശകർക്ക് പ്രവേശനം. ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.