കണ്‍നിറയെ കുളിരുപകര്‍ന്ന് തുഷാരഗിരിയും അരിപ്പാറയും

കാനന കാഴ്ചകളും പാറക്കൂട്ടങ്ങളുടെ മനോഹാരിതയും സമ്പന്നമാക്കിയ തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടങ്ങള്‍ കണ്ട് വിനോദസഞ്ചാരികളുടെ മനംകുളിരുകയാണ്. വെള്ളരിമലയില്‍ നിന്ന് ഉദ്ഭവിച്ച് രണ്ട് അരുവികളായി തീര്‍ത്ത ചാലിപ്പുഴ വീണ്ടും മൂന്ന് പിണരുകളായി തീര്‍ന്നതാണ് തുഷാരഗിരി വെള്ളച്ചാട്ടങ്ങള്‍. മഞ്ഞണിഞ്ഞ മലയെന്ന സവിശേഷതയും തുഷാരഗിരിക്കുണ്ട്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളില്‍ പ്രകൃതി തീര്‍ത്ത ദൃശ്യചാരുതയാണ് ഇരു വെള്ളച്ചാട്ടങ്ങളും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

കോഴിക്കോട് നിന്നും രണ്ട് മണിക്കൂര്‍ സഞ്ചരിച്ചാല്‍ രണ്ടു വെള്ളച്ചാട്ടങ്ങളുടെയും അടുത്തത്തൊം. കേര, കവുങ്ങ്, എണ്ണപ്പന കൊക്കോതോപ്പുകള്‍ കൊണ്ട് സമ്പന്നമാക്കിയ മലയോരപ്പാതയിലൂടെയുള്ള സഞ്ചാരം വേറിട്ടൊരു അനുഭവമാകും. ഈരാറ്റ്മുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളും പാറ എന്നീ ഘട്ടങ്ങളില്‍ തുഷാരഗിരി സഞ്ചാരികള്‍ക്ക് വിസ്മയ വിരുന്നൊരുക്കുന്നു. ജില്ലാ ടൂറിസം വകുപ്പ് ഒരുക്കിയ പ്രത്യേക പാതയിലൂടെ ആദ്യഘട്ട ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാം. മുള- ഈറ്റക്കാടുകളുടെ ചാരുതയും, യാത്രക്ക് മറ്റൊരു കുളിര്‍മ്മയാവുന്നു. കാടിന്‍്റെ ഇരുണ്ട പച്ചപ്പ ആസ്വദിച്ച് ഞാവല്‍മരങ്ങളുടെ താലോടലുമേറ്റാണ് ആദ്യഘട്ടത്തിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടം തീര്‍ത്ത നീലപൊയ്കയില്‍ നീരാടിയും കല്ലുമ്മക്കാരി മല്‍സ്യങ്ങളെ തൊട്ട് കളിച്ചും അല്‍പം നേരം ചെലവഴിക്കാം. രണ്ടാംഘട്ടത്തില്‍ മഴവില്‍ച്ചാട്ടത്തിന്‍റെ ഭംഗി നുകരാം. 400 മീറ്ററുള്ള യാത്രയില്‍ വള്ളിപ്പടര്‍പ്പുകളിലെ വര്‍ണ്ണപ്പൂക്കള്‍ക്കൊപ്പം കുറ്റിക്കാടുകളിലെ ചില്ലകളിലിരുന്ന് വിവിധ തരം കളികളും കലപില കൂട്ടുന്നതും ആസ്വദിക്കാം. കുരുവിപക്ഷികളും കിന്നാരംപറഞ്ഞ് നൃത്തം ചവിട്ടുന്ന ചിത്രശലഭങ്ങളും മനസ്സിനെ ഹൃദ്യമാക്കും.
 

തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടത്തിലെ മനോഹാരിത കാണണമെങ്കില്‍ വീണ്ടും ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.  കാട്ടുചോലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെള്ളത്തിലൂടെ സഞ്ചരിച്ചും ഈറ്റക്കാടുകളുടെ മര്‍മ്മര സംഗീതവും കാട്ടുപൂക്കളുടെ സൗരഭ്യവും തുമ്പിതുള്ളുംപാറ വെള്ളച്ചാട്ട യാത്ര മനസ്സിനെ കോരിത്തരിപ്പിക്കും. മഴവില്ലിന്‍റെ വര്‍ണ്ണക്കാഴ്ചയില്‍ മനസ്സ് നിറയും. തണുപ്പ് വിട്ട് പിരിയാത്ത താഴ്ഭാഗത്തെ നീന്തല്‍കുളത്തില്‍ ആര്‍ത്തുല്ലസിച്ച് നീന്തിത്തുടിക്കാം.
 

വൈകുന്നേരം 4 മണിവരെയാണ് അധികൃതരുടെ അനുമതിയുള്ളത്. വന്യമൃഗങ്ങള്‍ വൈകുന്നേരങ്ങളില്‍ വന്നത്തൊനുള്ള സാധ്യത കണക്കിലെടുത്ത് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുണ്ട്. ഓടക്കാടുകളായതിനാല്‍ ആനകള്‍ തീറ്റ തേടിയത്തൊറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. നാല്, അഞ്ച്, ഘട്ടങ്ങളില്‍ വെള്ളച്ചാട്ടമുണ്ടെങ്കിലും യാത്ര വളരെ ദുര്‍ഘടമാണ്. വന്‍ കാട്ടുമരങ്ങളുടെ തണലിലൂടെ നിത്യഹരിതശോഭ വീണ്ടും ആസ്വദിച്ച് ചെങ്കുത്തായ കുന്നിറങ്ങി ആദ്യഘട്ട വെള്ളച്ചാട്ടത്തിലാണ് സഞ്ചാരികള്‍ അടുത്ത രണ്ട് മണിക്കൂര്‍ ചിലവഴിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ആയിരക്കണക്കിന്  സഞ്ചാരികളാണ് തുഷാരഗിരിയിലത്തെുന്നത്. വനംവകുപ്പിന്‍്റെ പന്ത്രണ്ട് ലൈഫ് ഗാര്‍ഡുകളുടെ സേവനവും ലഭ്യമാണ്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് വെള്ളച്ചാട്ടങ്ങള്‍ക്ക് കൂടുതല്‍ ഭംഗി. അല്ലാത്ത സീസണില്‍ ഒഴുക്കിന്‍റെ ശക്തി കുറയും എങ്കിലും സാഹസികതയുടെ മാറ്റ് ഒട്ടും കുറയുന്നില്ല. പ്ളാസ്റ്റിക് വസ്തുക്കള്‍, മദ്യപാനം എന്നിവക്ക് കടുത്ത വിലക്കുണ്ട്. പാറകള്‍ക്കിടയിലെ വഴുക്ക് പലപ്പോഴും അപകടം വിളിച്ച് വരുത്തുമെന്ന് ഈ മുന്നറിയിപ്പ് ബോര്‍ഡുകളിലുണ്ട്.  രാവിലെ 8.30 മുതല്‍ 5 മണി വരെയാണ് സന്ദര്‍ശകര്‍ക്കുള്ള സമയം. 6 മണിയോടെ മടങ്ങണം.  30 രൂപയാണ ടിക്കറ്റ് നിരക്ക്. കോഴിക്കോട്,കുന്നമംഗലം, താമരശ്ശേരി, കൂടത്തായി, കോടഞ്ചേരി, ചെമ്പ്ക്കടവ്, തുഷാരഗിരി- ഇതാണ് റൂട്ട് മാപ്പ്.  50 കിലോമീറ്റര്‍ ദൂരമാണ് തുഷാരഗിരിയിലേക്ക് എത്തുവാനുള്ള ദൂരം.
 


സാഹസിക വിനോദത്തിനും കുളിര്‍മ്മ തേടിയുമാണ് അരിപ്പാറ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ പ്രവാഹമാണ്. പതിമുന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അരിപ്പാറ വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തില്‍ കടന്ന് വന്നത്. പാറക്കെട്ടുകളുടെ ശില്‍പഭംഗിയും പച്ചപ്പിന്‍്റെ അഴകും ആര്‍ത്തട്ടഹസിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ രൗദ്രഭാവവും അരിപ്പാറയുടെ സവിശേഷത. ഇരുവഴിഞ്ഞിപ്പുഴയുടെ വിരിമാറിലൂടെ അരച്ചിറങ്ങിയും പതഞ്ഞൊഴുകുകയാണ് അരിപ്പാറ വെള്ളച്ചാട്ടം. പരന്ന പാറക്കൂട്ടങ്ങള്‍ക്കിടയിലെ മനോഹരമായ കുഴികള്‍ ആകര്‍ഷകമാണ്. പക്ഷെ, ശക്തമായ ഒഴുക്കില്‍ കുഴികള്‍ അപകടക്കെണിയാകും. വെള്ളച്ചാട്ടത്തിന്‍റെ പതനസ്ഥലം ആഴത്തിലുള്ള കുഴിയും അപകടമേഖലുമാണ്. ഇതെല്ലാം തിരിച്ചറിയാനുള്ള മുന്നറിയിപ്പ് ബോര്‍ഡും അരിപ്പാറ തീരത്തുണ്ട്. കല്ലുമ്മക്കാരി മല്‍സ്യക്കൂട്ടങ്ങളും മനത്തില്‍ മല്‍സ്യങ്ങളും അരിപ്പാറയുടെ വെള്ളച്ചാട്ടത്തിന്‍റെ താളത്തിനൊത്ത് ജീവിക്കുകയാണ്. അഞ്ച് കിലോ മുതല്‍ പത്ത് കിലോ തൂക്കമുള്ള മനഞ്ഞില്‍, ആരല്‍ തുടങ്ങിയ മല്‍സ്യങ്ങള്‍ മീന്‍പിടുത്തക്കാര്‍ക്ക് ലഭിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒൗഷധ ഗുണങ്ങളുള്ള മനഞ്ഞില്‍ മല്‍സ്യം അക്കാലത്തെ ആദിവാസികള്‍ പാറക്കെട്ടുകളിലെ മാളങ്ങളില്‍ കൊക്കകള്‍ ഘടിപ്പിച്ച് ചൂരല്‍വള്ളികള്‍ ഉപയോഗിച്ച് പിടികൂടുമായിരുന്നുവത്രെ! മല്‍സ്യങ്ങളുടെ ഉറപ്പുള്ള തോലുകള്‍ നീക്കം ചെയ്ത് ഉപ്പും മുളകും ചേര്‍ത്ത് മത്തനിലയില്‍ പൊതിഞ്ഞ് പാറപ്പുറത്ത് തീ കൂട്ടി ചുട്ടെടുത്ത് ഭക്ഷിച്ചിരുന്ന കാലമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.
 


അരിപ്പാറ വെള്ളച്ചാട്ടം കഴിഞ്ഞ് രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുണ്ടൂരില്‍ പുതുതായി സര്‍ക്കാര്‍ നിര്‍മ്മിച്ച മുണ്ടൂര്‍ ആര്‍ച്ച് പാലത്തിലത്തൊം. മുണ്ടൂര്‍ - തണ്ടപ്പന്‍ ചാലിനെ ബന്ധിപ്പിക്കുന്ന ആര്‍ച്ച് പാലം സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയാണ്. തൂണുകള്‍ അല്‍പം പോലുമില്ലാത്ത ആര്‍ച്ച് പാലത്തില്‍ നിന്നും ചക്കിപ്പാറ, വെള്ളരിമലകള്‍ ദൂരക്കാഴ്ചയാണ്. ഉരുള്‍പൊട്ടലില്‍ നിന്നും ഒഴുകിയത്തെുന്ന വന്‍ പാറക്കല്ലുകളുടെ ഭീഷണി ഒരിക്കലും ആര്‍ച്ചുപാലത്തെ ബാധിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പാലം ജനുവരിയോടെ നാടിന് സമര്‍പ്പിക്കുന്നതോടെ വയനാടിന്‍്റെ പ്രകൃതി സൗന്ദര്യവുമൊക്കെ മതിവോളം ആസ്വദിച്ച് മടങ്ങാം. കോഴിക്കോട് നിന്ന് 46 കിലോ മീറ്ററാണ് അരിപ്പാറ വെള്ളച്ചാട്ടലത്തൊനുള്ള ദൂരം. കുന്നമംഗലം തിരുവമ്പാടി, പുല്ലൂരാംപാറ, ആനക്കാംപൊയില്‍ വഴിയാണ് യാത്ര. രാവിലെ 9 മണി മുതല്‍ 5 മണി വരെയാണ് പ്രവേശന സമയം. ടിക്കറ്റ് നിരക്ക് 10 രൂപ. പാര്‍ക്കിംഗ് ചാര്‍ജ്ജ് 10-20-30 എന്നിങ്ങനെയാണ്. രണ്ട് ലൈഫ് ഗാര്‍ഡുകളുടെയും പോലീസിന്‍്റെയും സഹായവും ലഭിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT