ദുബൈ എക്സ്പോ സിറ്റി
ദുബൈ: രാജ്യത്ത് പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെ പിന്തുണക്കുന്നതിനായി ‘ഗ്രീൻ ലൈസൻസ്’പദ്ധതി പ്രഖ്യാപിച്ചു. ദുബൈ എക്സ്പോ സിറ്റിയിൽ രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഇന്നൊവേഷൻ ഡിസ്ട്രിക്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ സിറ്റി ദുബൈ സി.ഇ.ഒയുമായ റീം അൽ ഹാഷിമിയാണ് പ്രഖ്യാപനം നടത്തിയത്.
ഹരിതവത്കരണത്തിലേക്കുള്ള യു.എ.ഇയുടെ യാത്രയിൽ നാഴികക്കല്ലാണ് പുതിയ പദ്ധതിയെന്നും സാമ്പത്തിക അവസരങ്ങളും പാരിസ്ഥിതിക ഉത്തരവാദിത്തവും എങ്ങനെ ഒരുമിച്ച് വളരുമെന്നതിന്റെ പ്രതീകമാണിതെന്നും മന്ത്രി പറഞ്ഞു. ചെറു വ്യവസായങ്ങൾ, നഗരകൃഷി സംരംഭങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയാണ് ഗ്രീൻ ഇന്നൊവേഷൻ ഡിസ്ട്രിക്ടിൽ അനുവദിക്കുക.
ലോകത്തുടനീളമുള്ള സുസ്ഥിര സംരംഭങ്ങളെ ആകർഷിക്കാനും നൂതന ആശയങ്ങളെ പിന്തുണക്കുന്നതിനുമായി രൂപകൽപന ചെയ്ത ഓൺസൈറ്റ് ഗ്രീൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫിസ് ഉൾപ്പെടെ, പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളും ഇവിടെ ലഭ്യമാക്കും. സുസ്ഥിര ആശയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, നൂതന ആശയങ്ങൾ, ഗവേഷണം എന്നിവയിൽ ആഗോള കേന്ദ്രമായി മാറുകയെന്ന എക്സ്പോ സിറ്റിയുടെ വിശാല കാഴ്ചപ്പാടിന്റെ ഭാഗമാണ് പുതിയ പദ്ധതി. പരിസ്ഥിതി മലിനീകരണമില്ലാത്ത ഭാവി കെട്ടിപ്പടുക്കുകയെന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾ ശക്തിപ്പെടുത്തുന്നതാണ് ഗ്രീൻ ലൈസൻസ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക, ടൂറിസം മന്ത്രാലയവും എക്സ്പോ സിറ്റി ദുബൈയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഗ്രീൻ ഇന്നൊവേഷൻ ഡിസ്ട്രിക്ട് പദ്ധതി. പരിസ്ഥിതി സൗഹൃദമായ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായുള്ള സ്റ്റാർട്ടപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവക്കായി പ്രത്യേക സൗകര്യം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.