550 വർഷം പഴക്കമുള്ള പ്രകൃതിദത്ത ഹവായ് കടൽകമാനം തകർന്നു; പതിച്ചത് പസഫിക് സമുദ്രത്തിൽ

ഹവായ്: അഞ്ച് നൂറ്റാണ്ടിലേറെ കാലം ഹവായ് ദ്വീപിന്റെ തീരത്തെ പ്രകൃതിദൃശ്യങ്ങളുടെ ഭാഗമായിരുന്ന പ്രശസ്തമായ ഹോലെയ് സീ ആർച്ച് തകർന്ന് പസഫിക് സമുദ്രത്തിൽ പതിച്ചു. ഹവായിയിലെ ബിഗ് ഐലൻഡിലുള്ള ഹവായ് വോൾക്കാനോസ് നാഷനൽ പാർക്കിലെ ഏകദേശം 90 അടി ഉയരമുള്ള ബസാൾട്ട് ശിലാരൂപമാണ് ഇല്ലാതായത്. സെപ്റ്റംബർ 23നും 27നും ഇടയിലാണ് ആർച്ച് തകർന്നത്. ഈ കടൽ കമാനം ശാസ്ത്രജ്ഞരെയും സ​ന്ദർശകരെയും ഒരുപോലെ ആകർഷിച്ചിരുന്നു.

ഏകദേശം 550 വർഷം പഴക്കമുള്ള ലാവാ പ്രവാഹത്തിൽ നിന്നാണ് ഹോലെയ് സീ ആർച്ച് രൂപപ്പെട്ടത്. ലാവ കടലിലെത്തി തണുത്ത് പാറയായി മാറിയതിന് പിന്നാലെ വർഷങ്ങളോളം തിരമാലകളും കാറ്റും പാറയെ ക്രമേണ തുരന്നാണ് ആർച്ച് രൂപപ്പെട്ടത്. തെക്കൻ ഹവായ് തീരത്ത് ഇത്തരം കടൽകമാനങ്ങൾ രൂപപ്പെടുന്നത് സാധാരണമാണ്. ആദ്യം കടൽഗുഹകൾ രൂപപ്പെടുകയും പിന്നീട് തിരമാലകൾ തുടർച്ചയായി അടിക്കുന്നതിലൂടെ അവ വലിയ ദ്വാരങ്ങളായി മാറി കടൽകമാനത്തിന്റെ രൂപത്തിലാകുകയും ചെയ്യുന്നു. എന്നാൽ ഇത്തരം കടൽകമാനങ്ങൾ സ്ഥിരമായ ഭൂഗർഭ രൂപങ്ങളല്ലെന്ന് യു.എസ് നാഷനൽ പാർക്ക് സർവീസ് വ്യക്തമാക്കി. പാറയുടെ ശേഷിക്കുന്ന ഭാഗവും കാലക്രമേണ ക്ഷയിച്ച് ദുർബലമാകുമ്പോൾ കമാനം തകർന്ന് പാറക്കൂമ്പാരമാകും.


ഹോലെയ് സീ ആർച്ചിനെ 2018ലെ കിലൗയ അഗ്നിപർവത സ്ഫോടനത്തിനിടെ ഉണ്ടായ ഭൂചലനങ്ങളും അഗ്നിപർവതത്തിന്റെ കൊടുമുടിയിലുണ്ടായ തകർച്ചയും ബാധിച്ചിരുന്നു. പിന്നീട് പാറകളിൽ വിള്ളലുകളും മറ്റ് ലക്ഷണങ്ങളും കണ്ടെത്തി. ഇതിനെ തുടർന്ന് 2020 ജനുവരിയിൽ ഈ കേന്ദ്രം അടച്ചു. തീരത്തുനിന്ന് കൂടുതൽ അകലെയുള്ള സുരക്ഷിതമായ പുതിയ വ്യൂ പോയിന്റ് തുറന്നു.

2022 ജൂലൈയിൽ ശക്തമായ തിരമാലകളിൽ ആർച്ചിന്റെ ഒരു ഭാഗത്തെ വലിയ പാറക്കഷണം അടർന്നുവീണിരുന്നു. തുടർന്ന് ഏത് സമയത്തും മുന്നറിയിപ്പില്ലാതെ ആർച്ച് തകർന്നേക്കാമെന്ന് നാഷനൽ പാർക്ക് സർവീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സെപ്റ്റംബർ 23ന് ഹോലെയ് സീ ആർച്ച് നിലനിന്നിരുന്നതായി നാഷനൽ പാർക്ക് സർവീസ് പറയുന്നു. തുടർന്ന് ട്രോപ്പിക്കൽ സ്റ്റോം നോളോ ഹവായ് ദ്വീപിന് സമീപം കടന്നുപോയ സമയത്ത് പാർക്കിന്റെ വലിയൊരു ഭാഗം താൽക്കാലികമായി അടച്ചിരുന്നു. സെപ്റ്റംബർ 27ന് രാത്രിയോടെ ആർച്ച് തകർന്നതായി അധികൃതർ സ്ഥിരീകരിച്ചു.

കുത്തനെ നിൽക്കുന്ന പാറചെരിവുകൾ ഏത് സമയത്തും കടലിലേക്ക് തകർന്നുവീഴാനുള്ള സാധ്യതയുള്ളതിനാൽ സന്ദർശകർ അടച്ചിട്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്നും അധികൃതർ നിർദേശിച്ചു. തകർന്ന സ്ഥലത്തിന് സമീപം ആളുകൾ പ്രവേശിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്.

Tags:    
News Summary - 550 Year Old Hawaii Sea Arch Collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.