ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങി

തൊടുപുഴ: ഓണക്കാല സഞ്ചാരികളെ വരവേല്‍ക്കാന്‍ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഒരുങ്ങി. ഓണനാളുകള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ പത്തുദിവസത്തോളം അവധി വരുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ ആദ്യം മുതല്‍ തേക്കടി ഒഴികെ മിക്ക കേന്ദ്രങ്ങളിലും സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഓണമാകുന്നതോടെ തേക്കടിയിലും സഞ്ചാരികള്‍ നിറയും. തിരക്ക് മുന്‍കൂട്ടി കണ്ട് പ്രധാന കേന്ദ്രങ്ങളിലെല്ലാം വിപുലമായ ഒരുക്കം നടത്തിയിട്ടുണ്ടെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ചെയര്‍മാന്‍ കെ.വി. ഫ്രാന്‍സിസ് പറഞ്ഞു.
മൂന്നാറിലത്തെുന്ന സഞ്ചാരികള്‍ക്ക് മൂന്ന് മണിക്കൂര്‍ മുതല്‍ ഒരാഴ്ചവരെ ട്രക്കിങ്ങിനുള്ള സൗകര്യമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. മുതിരപ്പുഴയാറില്‍ ബോട്ടിങ് സൗകര്യമുണ്ട്. പഴയ മൂന്നാറില്‍ അടുത്തിടെ തുറന്ന ടൂറിസം പാര്‍ക്കില്‍ ഓണം വാരാഘോഷത്തിന്‍െറ ഭാഗമായി ഈമാസം 12 മുതല്‍ 18 വരെ കലാ-സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ചിന്നാര്‍ ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങള്‍ വാഹനത്തില്‍ ചുറ്റിക്കാണുന്നതിന് മൂന്നാറില്‍നിന്ന് നാല് സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൗണിലെ ട്രാഫിക് പ്രശ്നം പരിഹരിക്കാനും സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കണ്ടത്തൊനും ദേവികുളം സബ് കലക്ടര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിവരികയാണ്. 
മൂന്നാറിലെ ഹോട്ടലുകള്‍, കോട്ടേജുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ മുറികള്‍ പൂര്‍ണമായും മുന്‍കൂട്ടി ബുക്ചെയ്തു. സഞ്ചാരികള്‍ക്കായി മൂന്നാറിലെ ഹോട്ടലുടമകളും ഹെറിറ്റേജ് ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി ഓണപ്പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഈമാസം പത്തിന് തയാറാക്കുന്ന 101 അത്തപ്പൂക്കളങ്ങളാണ് പ്രധാന ആകര്‍ഷണം. മാട്ടുപ്പെട്ടിയില്‍ ഹൈഡല്‍ ടൂറിസം വകുപ്പിന്‍െറ പാര്‍ക്കും ജലാശയത്തില്‍ ബോട്ടിങ് സൗകര്യവുമുണ്ട്.
ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികളെ പ്രതീക്ഷിക്കുന്ന വാഗമണ്ണില്‍ ഡി.ടി.പി.സിയുടെ മോട്ടല്‍ ആരാം ഞായറാഴ്ച പ്രവര്‍ത്തനം തുടങ്ങി. ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. 
രാമക്കല്‍മേട്ടില്‍ നവീകരണ ജോലി പുരോഗമിക്കുകയാണ്. വെളിച്ചത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശക സമയം വൈകീട്ട് ആറര വരെയായിരുന്നത് ഏഴുവരെയാക്കി. ഇവിടെയും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നേര്യമംഗലം-മൂന്നാര്‍ റോഡില്‍ വാളറ വെള്ളച്ചാട്ടത്തിന് സമീപം അടഞ്ഞുകിടന്ന ഡി.ടി.പി.സിയുടെ വഴിയോര വിശ്രമകേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. പത്തുപേര്‍ക്ക് താമസസൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചുറ്റും ഗ്ളാസ് സ്ഥാപിച്ച ഇവിടുത്തെ റസ്റ്റാറന്‍റിലിരുന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ സമീപത്തെ കാഴ്ചകള്‍ ആസ്വദിക്കാം. ക്യാമ്പ് ഫയറിനും സൗകര്യം ഒരുക്കും. ചീയപ്പാറ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപത്തെല്ലാം മലയാളം, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളില്‍ അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചതായും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.