വയനാട് ലോക സഞ്ചാരികളുടെ കണ്‍മുന്നില്‍

ലോകസഞ്ചാരികളുടെ കണ്ണുകള്‍ ഇനി വയനാട്ടിലേക്ക് തിരിയും. ലോകത്തെ ചെലവു കുറഞ്ഞ 10 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചതോടെ വിവിധ രാജ്യങ്ങളില്‍നിന്ന് സഞ്ചാരികള്‍ വയനാട്ടിലേക്കൊഴുകുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും പ്രമുഖ ഹോട്ടല്‍ സെര്‍ച് എന്‍ജിനായ ട്രിവാഗോയുടെ ബെസ്റ്റ് വാല്യൂ ഡെസ്റ്റിനേഷന്‍ ഇന്‍ഡക്സ് 2016ല്‍ ഒമ്പതാം സ്ഥാനത്താണ് വയനാട്. കുറഞ്ഞനിരക്കില്‍ മികച്ചരീതിയിലുള്ള താമസം ലഭ്യമാവുന്നതിനെ ആശ്രയിച്ചാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്.

വമ്പന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പുളപ്പില്‍ അവഗണിക്കപ്പെട്ടുപോവുന്ന മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോക ശ്രദ്ധയിലത്തെിക്കാനാണ് ബെസ്റ്റ് വാല്യൂ ഇന്‍ഡക്സെന്ന് വക്താവ് ഡെനിസ് ബാര്‍ട്ലെറ്റ് പറയുന്നു. സ്വാഭാവികമായും ലോകപ്രശസ്തമായ വന്‍നഗരങ്ങള്‍ ഈ ലിസ്റ്റിലുള്‍പ്പെടില്ല. ചൈനയിലെ ഫെങ്ഹുയാങ്ങും ബോസ്നിയയിലെ മോസ്റ്റാറും ബള്‍ഗേറിയന്‍ ടൂറിസ്റ്റ് കേന്ദ്രമായ വെലികോ തര്‍നോവോയുമാണ് യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളില്‍. കുറഞ്ഞ നിരക്കിനൊപ്പം റേറ്റിങ്ങും സന്ദര്‍ശകരെഴുതുന്ന റിവ്യൂകളുമൊക്കെ കണക്കിലെടുത്താണ് ഇന്‍ഡക്സ് തയാറാക്കുന്നത്. ലോകത്തുടനീളമുള്ള വിനോദ സഞ്ചാരികളില്‍ പലരും ഈ ഇന്‍ഡക്സ് അടിസ്ഥാനമാക്കി യാത്ര ചിട്ടപ്പെടുത്തുന്നതിനാല്‍ ലിസ്റ്റില്‍ ഇടംകിട്ടിയത് വയനാടിന്‍െറ ടൂറിസം രംഗത്ത് പുത്തനുണര്‍വ് പകരുമെന്നാണ് പ്രതീക്ഷ.

200ലധികം ബുക്കിങ് സൈറ്റുകളില്‍നിന്നുള്ള 7.3 ലക്ഷം ഹോട്ടലുകളുടെ നിരക്ക് താരതമ്യം ചെയ്താണ് ട്രിവാഗോ ബെസ്റ്റ് വാല്യൂ ഡെസ്റ്റിനേഷന്‍ ഇന്‍ഡക്സ് തയാറാക്കുന്നത്. സെര്‍ബിയന്‍ ടൂറിസ്റ്റ് കേന്ദ്രമായ നൊവിസാദ് നാലും ചൈനയിലെ പിങ്യാവോ അഞ്ചും സ്ഥാനത്താണ്. സിബിയു (റുമേനിയ), സുസ്ദാല്‍ (റഷ്യ), പെക്സ് (ഹംഗറി)  എന്നിവ ആറുമുതല്‍ എട്ടുവരെ സ്ഥാനങ്ങളിലും ചൈനയിലെ ദാലി പത്താം സ്ഥാനത്തുമാണ്. എന്നാല്‍, ദക്ഷിണേന്ത്യയില്‍തന്നെ മെട്രോനഗരങ്ങളേക്കാള്‍ കൂടുതല്‍ വാടകയീടാക്കുന്നതായി ആരോപണമുള്ള വയനാട്ടില്‍ കുറഞ്ഞ നിരക്കെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. ഒരുദിവസം ശരാശരി വാടക 47 പൗണ്ട് എന്നത് 4700 രൂപയോളം വരും. 28 പൗണ്ടാണ് ഫെങ്ഹുയാങ്ങില്‍ ഒരുദിവസത്തെ ശരാശരി വാടകയായി ട്രിവാഗോ കണക്കുകൂട്ടുന്നത്. ഫെങ്ഹുയാങ്ങിന് 98.01 ഇന്‍ഡക്സ് പോയന്‍റും വയനാടിന് 96.36 ഇന്‍ഡക്സ് പോയന്‍റുമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.