കോട്ടയം: വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ഗ്രാമീണമേഖലയില്‍ ‘ഓല’മടയല്‍ സജീവമായി. കുമരകത്തെ റിസോര്‍ട്ടുകളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ശീതീകരിച്ച മുറികളെക്കാള്‍ ഇഷ്ടം പ്രകൃതിഭംഗിയില്‍ തീര്‍ത്ത ഓലപ്പുരകളില്‍ താമസിക്കാനാണ്. കഴിഞ്ഞവര്‍ഷം നവംബര്‍ അവസാനം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ കുമരകത്തേക്കുള്ള വിദേശ-ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. കഴിഞ്ഞ സീസണില്‍ മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറിയ യു.എസ്.എ, ജര്‍മനി, ബ്രിട്ടന്‍, കാനഡ രാജ്യങ്ങളിലെ വിനോദ സഞ്ചാരികളുടെ അന്വേഷണത്തില്‍ ഓലയില്‍ തീര്‍ത്ത മുറികള്‍ ആവശ്യപ്പെടുകയായിരുന്നു.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചില റിസോര്‍ട്ടുകള്‍ പ്രകൃതിക്ക് ഇണങ്ങിയവിധം ഓലയില്‍ തീര്‍ത്ത മുറികള്‍ നിര്‍മിച്ചു. ഇതോടെ, ചില റിസോര്‍ട്ടുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് അനുഭവപ്പെട്ടു. പലതിന്‍െറയും മേല്‍ക്കൂരയാണ് ഏറെ ആകര്‍ഷണം. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മറ്റു റിസോര്‍ട്ടുകള്‍ കായലോരത്ത് ഓലയില്‍ തീര്‍ത്ത മുറികള്‍ ഉയര്‍ത്തി. കനത്തമഴയില്‍ കുതിര്‍ന്ന ഓലകള്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് മടഞ്ഞഓല കിട്ടാത്ത സ്ഥിതിയാണ്.
തുടര്‍ന്ന് കുമരകം, തണ്ണീര്‍മുക്കം, വൈക്കം, തലയാഴം, ടി.വി പുരം, വെച്ചൂര്‍, തോട്ടകം, ഉല്ലല, കൊതവറ തുടങ്ങിയ പ്രദേശങ്ങളില്‍ ഓലമടഞ്ഞ് കാശുവാരുന്നതിന് സ്ത്രീകളടക്കമുള്ളവര്‍ മുന്നിട്ടിറങ്ങി. ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും നാളുകളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തൊഴില്‍ വ്യാപിക്കാമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണര്‍. മുന്‍കാലങ്ങളില്‍ ഓല മടഞ്ഞ വീടുകളായിരുന്നു ഗ്രാമീണ മേഖലകളില്‍ അധികവും. പിന്നീട് ഓല ഓടിനും കോണ്‍ക്രീറ്റിനും വഴി മാറുകയായിരുന്നു. കുമരകത്തെ പ്രകൃതിഭംഗി ആസ്വദിക്കാനും പക്ഷി നിരീക്ഷണം നടത്താനും ഒരുവര്‍ഷം ഏകദേശം 50,000ത്തോളം ടൂറിസ്റ്റുകളാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.