പത്തനംതിട്ട: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ഗവി വിനോദസഞ്ചാര പാക്കേജ് ഈ മാസം ആരംഭിക്കും. പ്രകൃതിരമണീയമായ ഗവി വനമേഖലയുടെ സൗന്ദര്യം ആസ്വദിക്കാനും വന്യമൃഗങ്ങളെ നേരില്‍ കാണാനും അപൂര്‍വ സസ്യജാലങ്ങള്‍ അടുത്തറിയാനും ടൂര്‍ പാക്കേജ് വഴിയൊരുക്കും. കക്കാട്, ശബരിഗിരി പദ്ധതികളുടെ ഭാഗമായ മൂഴിയാര്‍, കക്കി, ആനത്തോട്, കൊച്ചുപമ്പ, വേലുത്തോട് ഡാമുകള്‍, ട്രക്കിങ്, വനഭംഗി ആസ്വദിക്കല്‍, പക്ഷിനിരീക്ഷണം, ബോട്ടിങ്, ഏലം-തേയിലത്തോട്ടം സന്ദര്‍ശനം എന്നിവ ടൂറിസം പാക്കേജിന്‍െറ പ്രധാന ആകര്‍ഷണങ്ങളാണ്. കലക്ടര്‍ എസ്.ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ജില്ലയിലെ നിര്‍മാണം നടക്കുന്ന ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഡി.ടി.പി.സിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ നിര്‍മാണം സെപ്റ്റംബര്‍ 30ന് പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കും. അടൂര്‍ പുതിയകാവിന്‍ചിറ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം ഒക്ടോബര്‍ 30ന് പൂര്‍ത്തീകരിക്കും. ജില്ലയിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി പത്തനംതിട്ടയുടെ ടൂറിസം ബ്രോഷര്‍ തയാറാക്കും. ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കും. മണിയാര്‍ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം, കവിയൂര്‍ പുഴയോരം ടൂറിസം പദ്ധതി, പന്തളം പൂഴിക്കാട് ചിറമുടി, തിരുവല്ല ഡി.ടി.പി.സി സത്രം എന്നിവിടങ്ങള്‍ക്ക് അനുയോജ്യമായ ടൂറിസം പദ്ധതികള്‍ തയാറാക്കി അനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിക്കും. ജില്ലയില്‍ രൂപവത്കരിച്ച ടൂറിസം ക്ളബിന്‍െറ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റില്‍ നടത്തും. നവംബറില്‍ ജില്ലാതല ക്യാമ്പ് സംഘടിപ്പിക്കും. കോന്നിയില്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ നടക്കുന്ന ഗജവിജ്ഞാനോത്സവത്തിന്‍െറ തയാറെടുപ്പും അടവി ഇക്കോ ടൂറിസം പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.