ഇരവികുളം ദേശീയോദ്യാനം തുറന്നു

ഇത്തവണ പിറന്നത് 52 വരയാടിന്‍ കുട്ടികള്‍

മൂന്നാര്‍: പശ്ചിമഘട്ടത്തിന്റെ നെറുകയിലുള്ള രാജമല ഇരവികുളം ദേശീയോദ്യാനം 11ന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. നാലിന് തുറക്കാനാണ് അധികൃതര്‍ പദ്ധതിയിട്ടിരുന്നതെങ്കിലും ആടുകളുടെ പ്രജനനകാലം വൈകുന്നതിനാലാണ് ദിവസം മാറ്റാന്‍ കാരണമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഇപ്പോഴത്തെ കണക്കനുസരിച്ച് 52 വരയാടിന്‍ കുട്ടികളാണ് പിറന്നത്. ഈമാസം 22 മുതല്‍ 28 വരെ നടക്കുന്ന കണക്കെടുപ്പിലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.

കഴിഞ്ഞവര്‍ഷം വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞ് നടത്തിയ കണക്കെടുപ്പില്‍ 950 കുഞ്ഞുങ്ങള്‍ പിറന്നിരുന്നു. ഇത്തവണ ഇതിലധികം കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. മലനിരകള്‍ ഏറെയുള്ള മേഖലയായതിനാല്‍ ശരാശരി കണക്കുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്നത്. ഫെബ്രുവരി പകുതിയോടെയാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. വീണ്ടും 11ന് തുറക്കുന്നതോടെ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

സമുദ്രനിരപ്പില്‍നിന്ന് 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ്. 'ഹാബിറ്റ് ടോഗസ് ഹൈലോക്രിയസ്' എന്ന് ശാസ്ത്രനാമമുള്ള വരയാടുകളെ കൂട്ടമായി കാണുന്ന ലോകത്തിലെ ഏകസ്ഥലമാണ് രാജമല. വരയാടുകള്‍ അതിവേഗം വംശഭീഷണി നേരിടുകയാണ്. പ്രതികൂല കാലാവസ്ഥയെയും ആക്രമണങ്ങളെയും അതിജീവിക്കാന്‍ കഴിയാത്ത വരയാടുകള്‍ക്ക് അതീവസംരക്ഷണമാണ് വനംവകുപ്പ് നല്‍കുന്നത്. 95 ച.കി.മീ. ചുറ്റളവുള്ള ഇരവികുളത്ത് പുലികളും ജനവാസ കേന്ദ്രങ്ങളില്‍ നിന്നുമെത്തുന്ന തെരുവു നായകളുമാണ് പ്രധാന വെല്ലുവിളി.

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ വരയാടിന്‍ കുഞ്ഞുങ്ങളെ കാണാതെ മടങ്ങാറില്ല. മൂന്നാറില്‍നിന്ന് 13 കി.മീ. അകലെയാണ് രാജമല. മനംമയക്കുന്ന പ്രകൃതി ഭംഗിക്കും ആകര്‍ഷക കാലാവസ്ഥക്കൊപ്പം ഇനി മൂന്നാറിലത്തെുന്ന സഞ്ചാരികള്‍ക്ക് വരയാടിന്‍ കുട്ടികള്‍ പുത്തന്‍ അനുഭവമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.