തിരുനാവായയുടെ ടൂറിസം സ്വപ്നം പൂര്‍ണമായും പൂവണിഞ്ഞില്ല

തിരുനാവായ: സഞ്ചാരികളെ മാടിവിളിക്കുന്ന നിളയും നിളയോരത്തെ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്ന പ്രഖ്യാപനം പൂര്‍ണമായും നടന്നില്ല. നിള ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാമാങ്ക സ്മാരകങ്ങളുടെ നവീകരണം, നാവാമുകുന്ദ ക്ഷേത്രത്തിലെ ബലികടവ് വിപുലീകരണം, കുറ്റിപ്പുറം-കൊടക്കല്‍ റോഡ് റബറൈസ്ഡ് ചെയ്യല്‍ എന്നിവയാണ് മുഖ്യമായും നടന്നത്.
തിരുനാവായയിലെയും പരിസരങ്ങളിലെയും പ്രമുഖ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തി പഴനി, മഥുര ക്ഷേത്രങ്ങളിലേതുപോലെ ടെമ്പിള്‍ സിറ്റി സ്ഥാപനം, പുഴയോര ഭിത്തി കെട്ടല്‍, പുഴയില്‍ ബോട്ടു സര്‍വീസ്, നിളയിലെ പുല്‍ക്കാടുകള്‍ നീക്കി വൃത്തിയാക്കല്‍, തിരുനാവായ ചെന്താമരയില്‍ കുന്നമ്പുറം മഖാം-കൂത്തുകല്ല് സംരക്ഷണം എന്നിവയെല്ലാം കടലാസിലൊതുങ്ങി.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനത്തിനെത്തുന്ന തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും പരിസരത്തെ വൈരങ്കോട്, തൃപ്രങ്ങോട്, ഹനുമാന്‍ കാവ്, ഗരുഡന്‍കാവ്, ചന്ദനക്കാവ് ക്ഷേത്രങ്ങളിലും ദിനംപ്രതി ആയിരങ്ങളാണ് ദര്‍ശനത്തിനെത്തുന്നത്. മാമാങ്ക സ്മാരകങ്ങളായ ചങ്ങമ്പള്ളി കളരി, നിലപാടുതറ, മരുത്തറ, മണിക്കിണര്‍, പഴുക്കാ മണ്ഡപം എന്നിവയൊക്കെ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച് ഡി.ടി.പി.സിക്കു കൈമാറിയെങ്കിലും മേല്‍നോട്ടത്തിന് ഓര്‍ഗനൈസറെ നിയമിച്ചതല്ലാതെ ദൈനംദിന ശുചീകരണത്തിന് മറ്റു വിനോദ കേന്ദ്രങ്ങളിലേതുപോലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഏര്‍പ്പാടാക്കിയില്ല. ആറര പതിറ്റാണ്ടായി സര്‍വോദയ മേള നടക്കുന്ന ഇവിടെ ഗാന്ധിയന്‍-സര്‍വോദയ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സൗകര്യാര്‍ഥം അനുവദിച്ച തവനൂര്‍-തിരുനാവായ ഭാരതപ്പുഴ പാലത്തിന്‍െറ പണിയും തുടങ്ങിയിട്ടില്ല. തിരുനാവായയിലെയും പരിസരങ്ങളിലെയും ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കണ്ടക്ഡ് ടൂര്‍ ഒരുക്കുമെന്ന് ഡി.ടി.പി.സി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.

റീ എക്കൗയുടെ കീഴിലെ ‘നിളാവ്’ പുഴയോര പഠന കേന്ദ്രമാണ് ഇപ്പോള്‍ ഇത് നടത്തുന്നത്. ഈ സാഹചര്യത്തില്‍ തിരുനാവായയുടെ സമഗ്ര ടൂറിസം വികസനത്തിനായി ഡി.ടി.പി.സിയും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സത്വര ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യം ശക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.