‘ഗെവി ജംഗിള്‍ സഫാരി’യുമായി വനംവകുപ്പ്

യാത്ര പെരിയാര്‍ കടുവാ  സങ്കേതത്തിനുള്ളിലൂടെ

പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ ഗവിയിലേക്ക് കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന് പിന്നാലെ ടൂറിസം പരിപാടിയുമായി വനംവകുപ്പും രംഗത്ത്. 300 രൂപക്ക് ഗവി സന്ദര്‍ശിച്ച് മടങ്ങാനുള്ള ‘ഗവി ജംഗിള്‍ സഫാരി’ പരിപാടിക്ക് വെള്ളിയാഴ്ച തുടക്കമാകും.
പെരിയാര്‍ വനമേഖലയിലെ വള്ളക്കടവ് ചെക്പോസ്റ്റ് മുതല്‍ ഗവി വരെയുള്ള 28 കിലോമീറ്റര്‍ വനംവകുപ്പിന്റെ പ്രത്യേക വാഹനത്തില്‍ സഞ്ചരിക്കാനും വന്യജീവികളെ കാണുന്നതിനുമാണ് പുതിയ പരിപാടി തയാറാക്കിയിട്ടുള്ളത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗവി ജംഗിള്‍ സഫാരി രാവിലെ 6.30, 10.30, ഉച്ചകഴിഞ്ഞ് 2.30 എന്നീ സമയങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്.

സാധാരണക്കാരായ വിനോദ സഞ്ചാരികള്‍ക്ക് ആളൊന്നിന് 25 രൂപ പ്രവേശന നിരക്കും 275 രൂപ ജംഗിള്‍ സഫാരി നിരക്കും നല്‍കിയാല്‍ വള്ളക്കടവ് ചെക്പോസ്റ്റില്‍ നിന്ന് ഗവിയിലേക്ക് യാത്ര പുറപ്പെടാം. ഗവി യാത്രക്കായി 32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ് 13 ലക്ഷം രൂപ ചെലവിട്ടാണ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ ഒരു ബസാണുള്ളത്. ഇതിന്റെ എണ്ണം കൂട്ടും. ഇപ്പോള്‍ ഗവി വരെയുള്ള ജംഗിള്‍ സഫാരി കൊച്ചുപമ്പ വരെ നീട്ടാനാണ് അധികൃതരുടെ തീരുമാനം.

ഗവിയിലേക്കുള്ള കെ.എഫ്.ഡി.സിയുടെ ടൂറിസം പരിപാടികള്‍ക്ക് പുറമേയാണ് വനംവകുപ്പിന്റെ പദ്ധതി. നിലവില്‍ കെ.എഫ്.ഡി.സി പദ്ധതി പ്രകാരം ആയിരം രൂപയുടെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാത്രമാണ് ഗവി സന്ദര്‍ശിക്കാനും ബോട്ടിങ്, ട്രക്കിങ് പരിപാടികളില്‍ പങ്കെടുക്കാനും കഴിയുക. സാധാരണക്കാരായ സന്ദര്‍കര്‍ക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.